Monday 14 November 2022 05:12 PM IST : By സ്വന്തം ലേഖകൻ

കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടന്ന് 11 വയസ്സുകാരി; അസാധ്യമെന്നു തോന്നുന്ന ദൗത്യം ലയ താണ്ടിയത് ഒരു മണിക്കൂർ 50 മിനിറ്റ് കൊണ്ട്!

swimm5435vhjju

കൈകൾ ബന്ധിച്ച് കായൽ നീന്തിക്കടന്ന് 11 വയസ്സുകാരി ലയ ബി. നായർ. ചേർത്തല താലൂക്കിലെ തവണക്കടവിൽ നിന്നു വൈക്കത്തെ കായലോര ബീച്ചിന്റെ തീരത്തേക്കാണ് ലയ നീന്തിയത്. അസാധ്യമെന്ന് പലരും കരുതുന്ന ഈ ദൗത്യം നിസ്സാരമായി ലയ നീന്തിക്കടന്നപ്പോൾ കായലോരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ഹർഷാരവത്തോടെ എതിരേറ്റു. ഗിന്നസ് ബുക്കിൽ ഇടം നേടുകയാണ് ഈ പെൺകുട്ടിയുടെ ലക്ഷ്യം.

വേമ്പനാട്ട് കായലിനു കുറുകെ നാലര കിലോമീറ്ററോളം ദൈർഘ്യം ഒരു മണിക്കൂർ 50 മിനിറ്റ് കൊണ്ടാണ് നീന്തിക്കയറിയത്. ആദ്യമായാണ് 11 വയസ്സുള്ള പെൺകുട്ടി ഇത്രയും ദൂരം കൈകൾ ബന്ധിച്ച് കായൽ നീന്തി ചരിത്രത്താളിൽ ഇടം നേടുന്നത്. നീന്തൽ താരവും പരിശീലകനുമായ പിതാവ് ബിജു തങ്കപ്പനും കുട്ടിയോടൊപ്പം നീന്തി. 

വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ തന്റെ വലിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് ലയ. വാരപ്പെട്ടി പഞ്ചായത്ത് കുളത്തിലും മൂവാറ്റുപുഴയാറ്റിലും പിതാവിനൊപ്പം നീന്തിയാണ് പരിശീലനം നടത്തിയത്. വാരപ്പെട്ടി പഞ്ചായത്തംഗവും അധ്യാപികയുമായ അമ്മ സി.ശ്രീകല എല്ലാ പിന്തുണയും നൽകുന്നു. 

കോതമംഗലം സെന്റ് ആഗ്‌നസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ലയയുടെ നീന്തൽ പ്രകടനം കാണാൻ സഹപാഠികളും അധ്യാപകരും ഉൾപ്പെടെ കായലോര ബീച്ചിൽ എത്തിയിരുന്നു. തോമസ് ചാഴികാടൻ എംപി, കോതമംഗലം എംഎൽഎ ആന്റണി ജോൺ, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി എന്നിവർ ലയ ബി. നായരെ സ്വീകരിച്ചു.

Tags:
  • Spotlight