Wednesday 02 August 2023 12:53 PM IST

‘സെക്കൻഡ് ഇയറിനു പഠിക്കുന്ന ചിപ്പി അന്നു സിനിമയിലെ സ്റ്റാർ, എന്നിട്ടും അവളെന്നെ റാഗ് ചെയ്തു’: ‘ലൗലീസിന്റെ’ വിശേഷങ്ങൾ

Roopa Thayabji

Sub Editor

lovelies-of-tvm

ചിത്രത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയേ... എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാളസിനിമാ വസന്തങ്ങൾ ഒന്നിച്ചു ചിരിച്ചു നിൽക്കുകയല്ലേ. ഇവർക്കൊപ്പം ചിരിച്ചും പ്രണയിച്ചും കണ്ണീർ പൊഴിച്ചും സിനിമയെ ഇഷ്ടപ്പെട്ടവരാണു മലയാളികൾ. ചിലർ പിന്നീടു സിനിമ വിട്ടു മറഞ്ഞുപോയി. മറ്റു ചിലർ സിനിമയെ കുടുംബം തന്നെയാക്കി.

തിരുവനന്തപുരംകാരായ ഈ കൂട്ടുകാരികളെ സൗഹൃദച്ചരടിൽ ചേർത്തുനിർത്താൻ മുൻകൈ എടുത്തതു മേനകയാണ്, ‘ലൗലീസ് ഓഫ് ട്രിവാൻഡ്രം’ എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെ. മേനക, ജലജ, അംബിക, കാർത്തിക, സോന നായർ, ശ്രീലക്ഷ്മി, വിന്ദുജ മേനോൻ, ചിപ്പി, മഞ്ജു പിള്ള, പ്രവീണ, വനിത കൃഷ്ണചന്ദ്രൻ, സുചിത്ര, ആനി എന്നിവരാണു കൂട്ടിലുള്ളത്. ഈ കൂട്ടുകാർ ഒത്തുകൂടിയപ്പോഴുള്ള വിശേഷങ്ങൾ കേട്ടാലോ?

കൊച്ചുകൊച്ചു സന്തോഷങ്ങൾ

മേനക: സുഹാസിനിയുടെയും ലിസിയുടെയും നേതൃത്വത്തിലുള്ള ചെന്നൈയിലെ 80സ് ഗ്രൂപ്പ് തുടങ്ങിയിട്ടു 12 വർഷം കഴിഞ്ഞു. തമിഴും മലയാളവും തെലുങ്കുമൊക്കെ കടന്നു ഹിന്ദി വരെയെത്തി അത്. മുംബൈയിൽ പൂനം ധില്ലന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ഒത്തുചേരൽ.

പിന്നെ, ചെന്നൈയിൽ അടുത്തുള്ളവരൊക്കെ ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്നിച്ചു സിനിമയ്ക്കും ഭക്ഷണം ക ഴിക്കാനുമൊക്കെ കൂടും. അതുപോലെ നമുക്കും കൂടിയാലോ എന്ന് ആദ്യം ചോദിച്ചതു ചിപ്പിയോടാണ്.

ചിപ്പി: മേനക ചേച്ചിയുമായി മിക്കപ്പോഴും ഫോണിൽ സംസാരിക്കും. പക്ഷേ, പരസ്പരം കാണുന്നതു വല്ല കല്യാണത്തിനോ വിശേഷങ്ങൾക്കോ ആണ്. തിരുവനന്തപുരത്തു നിന്നുള്ള പത്തുപേരെ കിട്ടിയാൽ ഗ്രൂപ്പ് തുടങ്ങാമെന്നങ്ങു തീരുമാനിച്ചു.

മേനക: ചെന്നൈയിൽ ഷീലാമ്മയുടെ നേതൃത്വത്തിൽ ഗോൾഡൻ ഗേൾസ് എന്നൊരു ഗ്രൂപ്പുമുണ്ട്. ശാരദ ചേച്ചി, വിധുബാല, ഉഷാകുമാരി, എംജിആർ ലത, വൈജയന്തിമാല, കെ.ആർ. വിജയ, ജയമാലിനി, സച്ചുമ്മ (കുമാരി സച്ചു), ജെമിനി ഗണേശൻ സാറിന്റെ മകൾ കമല അക്ക, പഴയ നടി രാജശ്രീ (ഗ്രേസി), അംബിക തുടങ്ങിയവരൊക്കെയുള്ള ആ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ ഞാനാണ്. നാലു വർഷം മുൻപ് ആദ്യത്തെ ഒത്തുകൂടൽ നടന്നതു ഷീലാമ്മയുടെ വീട്ടിലാണ്. പിന്നെ, ഉഷാകുമാരി ചേച്ചിയുടെ വീട്ടിലും ആന്ധ്ര ക്ലബ്ബിലുമൊക്കെ ഗോൾഡൻ ഡേൾസ് കൂടി.

ഒരിക്കൽ സച്ചുമ്മ വിളിച്ചു, ‘‘നാളെ എല്ലാവരും കൂടുന്നുണ്ടു കേട്ടാ. വൈജയന്തിമാല, കെ.ആർ. വിജയ, ജയമാലിനി ഒക്കെ വരും.’’ കേട്ടപാടേ ഞാനുമുണ്ട് എന്നു പറഞ്ഞു ബാഗ് പാക്ക് ചെയ്തു. അവരുടെ കൂടെയിരിക്കുമ്പോൾ കിട്ടുന്ന സന്തോഷമുണ്ടല്ലോ, അതു പറഞ്ഞറിയിക്കാനാകില്ല.

കാർത്തിക: ഈ കഥകളൊക്കെ പറഞ്ഞാണു മേനക വിളിച്ചത്. എപ്പോഴും വരാനാകുമെന്ന് ഉറപ്പൊന്നുമില്ലെങ്കിലും ഫുൾ സപ്പോർട്ട് കൊടുത്തു. അങ്ങനെ ‘ലൗലീസ് ഓഫ് ട്രിവാന്‍‍ഡ്രം’ പിറന്നു.

ഒന്നിച്ചിരുന്നു തമ്മിൽ ചിരിച്ച്

മഞ്ജു പിള്ള: ഒരു ദിവസം പപ്പി ചേച്ചി (മേനക) വിളിക്കുന്നു. ഗ്രൂപ്പ് തുടങ്ങിയാലോ എന്നാണു ചോദ്യം. സിനിമയിലായാലും അല്ലെങ്കിലും ഹെക്ടിക് ആയി ജോലി ചെയ്യുന്നവരാണു നമ്മളെല്ലാം. ഒന്നിച്ചു കുറച്ചുനേരം സംസാരിച്ചിരുന്നാൽ മതി ആ ഭാരമൊക്കെ നീങ്ങി മനസ്സ് ഫ്രഷ് ആകാൻ. ഒത്തുകൂടൽ പ്ലാൻ ചെയ്തപ്പോൾ അതായിരുന്നു സന്തോഷം. പപ്പി ചേച്ചിയാണ് ഗ്രൂപ്പിന്റെ അഡ്മിൻ.

അംബിക: പണ്ടൊക്കെ ഷൂട്ടിങ് നടക്കുമ്പോൾ എല്ലാവരും ഒന്നിച്ചാണ് ഇരിക്കുക. ഇടവേളകളിൽ വലിയ സംസാരവും ചിരിയുമൊക്കെയാകും. സ്റ്റുഡിയോയിലാണ് ഷൂട്ടിങ്ങെങ്കിൽ അടുത്ത ഫ്ലോറിൽ കൂട്ടുകാരാരെങ്കിലുമുണ്ടോ എന്നന്വേഷിക്കും. അവിടെ ചെന്നു വർത്തമാനം പറയും. ആ സൗഹൃദക്കാലമൊക്കെ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്.

കല്യാണത്തിലെ പ്ലാനിങ്

ജലജ: സിനിമക്കാരുടെ വിവാഹത്തിനൊക്കെ ഇവരെ കാണാനാകുമെന്ന ആവേശത്തിലാണു പോകുക. ചെല്ലുമ്പോൾ ആരെയെങ്കിലുമൊക്കെ മിസ്സാകും. ഗ്രൂപ്പ് തുടങ്ങിയതോടെ ഇതൊക്കെ പ്ലാൻ ചെയ്യാൻ തുടങ്ങി. ഇന്ദ്രൻസേട്ടന്റെ മകന്റെ കല്യാണത്തിന് എല്ലാവരും ഒന്നിച്ചു.

മേനക: കിരീടം ഉണ്ണിയുടെ മകന്റെ വിവാഹത്തിന് ഇതുപോലെ എല്ലാവരും കൂടി ഫോട്ടോ എടുക്കാൻ നേരം സുരേഷേട്ടൻ ഇടയിൽ കയറി. അന്നു കുറേ കളിയാക്കിയെങ്കിലും വളരെ പ്രിയപ്പെട്ട ചിത്രമാണത്.

മഞ്ജു: പാചകമോ, ബുട്ടീക്കോ എന്നു വേണ്ട ഏതു സംശയവും ഗ്രൂപ്പിൽ ചോദിച്ചാൽ നിമിഷങ്ങൾക്കകം ഉത്തരം റെഡി. ഗ്രൂപ്പ് എന്നു പറയുന്നതിനെക്കാൾ എപ്പോഴും കാണുന്ന, സംസാരിക്കുന്ന ഫ്രണ്ട്സ് സർക്കിൾ എന്നു വേണം വിളിക്കാൻ. അത്ര പ്രിയപ്പെട്ടവരാണ് എല്ലാം. ഗ്രൂപ്പിലായതോടെ എന്നും പരസ്പരം കാണുന്ന ഫീലാണ്.

സോന നായർ: സുചിത്രയുടെയും വിന്ദുജയുടെയും വീടു തിരുവനന്തപുരത്താണെങ്കിലും രണ്ടുപേരും വിദേശത്താണ്. അംബിക ചേച്ചിയും, പ്രവീണയും വനിത ചേച്ചിയും തമിഴ് സീരിയലിന്റെ ഷൂട്ടിങ്ങിനായി മിക്കവാറും ചെന്നൈയിലാണ്. സ്ഥിരമായി ഞങ്ങൾ ആറോ ഏഴോ പേരേ ഉള്ളൂ.

പ്രവീണ നാട്ടിലുള്ള സമയത്തു കൂടാൻ പ്ലാൻ ചെയ്തെങ്കിലും നടന്നില്ല. പിന്നീട് ആലോചിച്ച ദിവസമാണ് ഇന്നസെന്റ് ചേട്ടൻ മരിച്ചത്.

lovlies-of-tvm ചിപ്പി, സോന നായർ, വിന്ദുജ മേനോൻ, ശ്രീലക്ഷ്മി, മഞ്ജു പിള്ള (നിൽക്കുന്നവർ), ജലജ, മേനക, അംബിക, കാർത്തിക (ഇരിക്കുന്നവർ)

വർഷങ്ങൾ പോയതറിയാതെ

മഞ്ജു പിള്ള: മാർ ഇവാനിയോസിൽ പ്രീഡിഗ്രിക്കു ചെല്ലുമ്പോഴേ ഞാൻ സിനിമയിലൊക്കെ അഭിനയിച്ചിരുന്നു. സെക്കൻഡ് ഇയറിനു പഠിക്കുന്ന ചിപ്പി അന്നു സിനിമയിലെ സ്റ്റാറും. എന്നിട്ടും അവളെന്നെ റാഗ് ചെയ്തു.

ചിപ്പി: അയ്യോ ഞാനല്ല, കൂട്ടുകാർ റാഗ് ചെയ്തപ്പോൾ കൂടെ നിന്നതേയുള്ളൂ. പറയുന്നതു കേട്ടാൽ തോന്നും വലിയ റാഗിങ്ങാണെന്ന്. പാട്ടു പാടിച്ചതിനാണ് ഈ പറയുന്നത്. അന്നു മുതൽ തുടങ്ങിയ സൗഹൃദമാണു ഞങ്ങൾ.

മഞ്ജു പിള്ള: ഞാനും ശ്രീലക്ഷ്മിയുമായി വർഷങ്ങളുടെ അടുപ്പമുണ്ട്. മണിക്കുട്ടി എന്നാണ് അവളെ വിളിക്കുന്നത്. ഞാനും മണിക്കുട്ടിയും രശ്മി ബോബനും എപ്പോഴും കാണുമായിരുന്നു. രശ്മി കൊച്ചിയിലേക്കു താമസം മാറി. അല്ലെങ്കിൽ അവളും ഈ ഗ്രൂപ്പിൽ വന്നേനെ.

ശ്രീലക്ഷ്മി: മഞ്ജുവുമായി 28 വർഷത്തിലേറെയുള്ള സൗഹൃദമുണ്ട്. ദൂരദർശനിൽ ശ്യാമപ്രസാദ് സർ സംവിധാനം ചെയ്ത ‘മരണം ദുർബലം’ എന്ന സീരിയലിൽ ഞങ്ങൾ ഒ ന്നിച്ച് അഭിനയിച്ചു. അന്നു തുടങ്ങിയ ബന്ധമാണ്. സിനിമയിൽ ഇല്ലാതിരുന്ന സമയത്തും ദുബായിൽ വരുമ്പോഴെല്ലാം മഞ്ജു എന്റെ വീട്ടിൽ വരുമായിരുന്നു.

വിന്ദുജ മേനോൻ: ഞാനും ശ്രീലക്ഷ്മിയും യൂത്ത് ഫെസ്റ്റിവലിലെ പഴയ എതിരാളികളാ. മോഹിനിയാട്ടത്തിൽ മത്സരിക്കാൻ വിമെൻസ് കോളജിൽ നിന്നു ചെല്ലുമ്പോൾ ഒാൾ സെയിന്റ്സിൽ നിന്നു മണിക്കുട്ടി വരും. പിന്നെ, ഞങ്ങൾ സിനിമയിലെത്തി. കോവിഡിനു മുൻപു മണിക്കുട്ടി മലേഷ്യയിൽ വന്നപ്പോൾ വീട്ടിൽ വന്നിരുന്നു.

ശ്രീലക്ഷ്മി: കാർത്തിക ചേച്ചിയെ കുഞ്ഞുന്നാൾ മുതലേ അറിയാം. റിഗാറ്റ ഗിരിജാ ചന്ദ്രൻ ടീച്ചറിന്റെയടുത്താണു ഞ ങ്ങൾ രണ്ടും ഡാൻസ് പഠിച്ചത്. േചച്ചി സിനിമയിൽ തിളങ്ങിയപ്പോൾ ഞങ്ങൾക്കൊക്കെ വലിയ ആരാധനയായിരുന്നു. വഴുതക്കാട്ടെ എന്റെ വീടിനടുത്തായിരുന്നു ചേച്ചിയുടെയും വീട്. വിവാഹശേഷം ദുബായിലേക്കു പോയതോടെ കാണാനുള്ള അവസരം ഇല്ലാതായി. പക്ഷേ, ഇപ്പോൾ ഗ്രൂപ്പിലൂടെ എല്ലാവരെയും വളരെ അടുത്തു കിട്ടും.

lovelies-of-tvm-2

തമാശ @ ഗ്രൂപ്പ്

മേനക: അങ്ങനെയിരിക്കെ അംബിക കുറച്ചുദിവസം നാട്ടിലുണ്ടാകുമെന്നു കേട്ട് അടുത്ത ഒത്തുകൂടൽ പ്ലാൻ ചെയ്തു. അമ്മയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു വിന്ദുജയും നാട്ടിൽ വന്നിരുന്നു. കാർത്തികയും മഞ്ജുവും വരാമെന്നേറ്റു. ഇത്തവണ ഒൻപതു പേരും ഒത്തുകൂടി.

അംബിക: പഴയ കാര്യങ്ങൾ മാത്രമല്ല, പുതിയ രസങ്ങളും കുറേയുണ്ട്. മേനകയുടെ അമ്മ വലിയ സീരിയൽ ഫാനാണ്. ഒരു സീരിയലിൽ നായകൻ രാഹുലിന്റെ കല്യാണം കഴിഞ്ഞു. അമ്മയ്ക്ക് അവനോടു സംസാരിക്കണമെന്നു നിർബന്ധം. തപ്പിപ്പിടിച്ചു നമ്പർ സംഘടിപ്പിച്ചു.

‘മേനകയാണ്, ഒരു ഉപകാരം ചെയ്യണം’ എന്നൊക്കെ പറഞ്ഞു രാഹുലിനോടു കാര്യങ്ങൾ വിശദീകരിച്ചിട്ടാണ് അമ്മയ്ക്കു ഫോൺ കൊടുത്തത്. കിട്ടിയ പാടേ അമ്മ അ നുഗ്രഹിച്ചു, ‘യുവാ, നീ കല്യാണം പണ്ണീട്ടയാ കണ്ണാ, നന്നായി ഇരി...’ സീരിയലിലെ പേരാണു യുവ.

മേനക: ചിപ്പിയെ വർഷങ്ങളായി അമ്മയ്ക്ക് അറിയാമെങ്കിലും സീരിയലിലെ മല്ലിക എന്ന പേരാണു വിളിക്കുന്നത്.

വിന്ദുജ മേനോൻ: ഞാനും ചിപ്പിയും നിർമല ഭവൻ സ്കൂളിലെ ക്ലാസ്മേറ്റ്സും ബെഞ്ച് മേറ്റ്സും ആണ്. ദിവ്യ എന്ന ചിപ്പിയുടെ അന്നത്തെ പേരേ എനിക്ക് ഇപ്പോഴും വരൂ.

‘പവിത്രം’ സിനിമ കഴിഞ്ഞ സമയം. ചെന്നൈയ്ക്കു പോകാനായി വിമാനത്താവളത്തിൽ നിന്ന എന്റെ കയ്യിൽ ഒരു പൊതി തന്നിട്ട് ഒരാൾ പറഞ്ഞു, ‘ഞാൻ ആക്ട്രസ് അംബിക. ഈ പാക്കറ്റ് ചെന്നൈയിൽ എത്തിക്കാമോ?’ അന്നത്തെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. പുതിയ ആളുകളോട് അംബിക ചേച്ചിയും മേനക ചേച്ചിയും ജലജ ചേച്ചിയുമൊക്കെ ഇടപെടുന്നതു കണ്ടാണു ഞങ്ങൾ വളർന്നത്. ആ കരുതലിനും സ്നേഹത്തിനും ഇന്നും മാറ്റമില്ല. ഞങ്ങളേക്കാൾ പോസിറ്റീവ് എനർജി അവർക്കാണ്.

ശ്രീലക്ഷ്മി: ആറു വർഷം മുൻപു മല്ലിക ചേച്ചിയുടെ (അംബികയുടെ സഹോദരി) മകന്റെ വിവാഹം കോവളത്തു നടന്നു. അന്നാണ് അംബിക ചേച്ചിയെയും രാധചേച്ചിയെയും അവസാനം കണ്ടത്.

സോന നായർ: പ്രവീണയും വനിത ചേച്ചിയും രണ്ടു തവണയും മിസ്സ് ആയി. സുചിത്ര അമേരിക്കയിൽ നിന്നു വരുന്നതു നോക്കിയിരിക്കുകയാ ഞങ്ങൾ. ഓരോ വട്ടം കണ്ടു പിരിയുമ്പോഴും അടുത്ത ചോദ്യം വരും, ഇനി എപ്പോഴാ...

അംബിക: നമുക്കും ഡ്രസ്സ് കോഡ് ഒക്കെ വേണം... അപ്പോഴല്ലേ കുറച്ചുകൂടി വൈബ് വരൂ...

മേനക: നമ്മൾ പിച്ചവച്ചു തുടങ്ങിയിട്ടല്ലേ ഉള്ളൂ. LOT എന്നല്ലേ നമ്മുടെ പേരിന്റെ ചുരുക്കം, Lots of കാര്യങ്ങൾ ചെയ്യാനുണ്ടെന്നർഥം. അതെല്ലാം തൽക്കാലം സസ്പെൻസ്...

രൂപാ ദയാബ്ജി