Tuesday 27 February 2024 11:05 AM IST : By സ്വന്തം ലേഖകൻ

‘മാനസികസമ്മര്‍ദ്ദം അതിജീവിക്കാനാകുന്നില്ല; ഇങ്ങനെ ജീവിച്ചിട്ട് കാര്യമില്ല’; സഹോദരിക്ക് പതിനേഴുകാരിയുടെ വാട്സാപ്പ് സന്ദേശം

edavannappara-police-report.jpg.image.845.440

മലപ്പുറം എടവണ്ണപ്പാറ ചാലിയാറില്‍ മൃതദേഹം കണ്ടെത്തിയ 17 വയസുകാരിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. എന്നാല്‍ മാനസിക ധൈര്യമുളള പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായി സഹോദരി പറഞ്ഞു. കാണാതാവുന്ന തിങ്കളാഴ്ച വൈകിട്ട് 5.52ന് പെണ്‍കുട്ടി സഹോദരിക്ക് വാട്സാപ് സന്ദേശം അയച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. 

മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവുന്നില്ലെന്നും ഇങ്ങനെ ജീവിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു സന്ദേശം. വൈകിട്ട് ആറിന് 17 വയസുകാരി വീട്ടില്‍ നിന്ന് പുറത്തിറങ്ങി ചാലിയാറിന്‍റെ തീരത്തെത്തി. ഈ സമയം വീട്ടില്‍ ഇല്ലാതിരുന്ന സഹോദരി മറ്റു കുടുംബാംഗങ്ങളെ വിവരം അറിയിച്ചു.

നടന്നുപോവുന്നത് കണ്ടുവെന്ന് അയല്‍ക്കാര്‍ പറഞ്ഞെങ്കിലും പുഴയോരത്ത് കണ്ടെത്താനായില്ല. രണ്ടു മണിക്കൂറിന് ശേഷം പുഴയില്‍ ഇതേ ഭാഗത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും അത്മഹത്യ എന്നാണ് കണ്ടെത്തലെന്ന് പൊലീസ് പറയുന്നു. 

എന്നാല്‍ പഠനത്തിനൊപ്പം മറ്റുളളവരെപ്പോലും ആത്മഹത്യക്കെതിരെ ബോധവല്‍ക്കരിക്കുന്ന പെണ്‍കുട്ടി സ്വയം മരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സഹോദരി പറഞ്ഞു. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ് പൊലീസ്. കരാട്ടെ പരിശീലന കേന്ദ്രത്തില്‍ പഠിച്ച കൂടുതല്‍ പേരുടെ മൊഴിയെടുക്കുന്നുണ്ട്. 

Tags:
  • Spotlight