Thursday 17 August 2023 02:48 PM IST

‘ഞങ്ങൾ ഒഴുക്കിയ കണ്ണുനീരുണ്ടായിരുന്നെങ്കിൽ ഒരു തടാകം തന്നെ ഉണ്ടാക്കാമായിരുന്നു...’; മറിയാമ്മ ഉമ്മൻ

V R Jyothish

Chief Sub Editor

mariamma-oommen-interview-oommen-chandy-cover മറിയാമ്മ ഉമ്മൻ, ഫോട്ടോ: വിഘ്നേഷ് വി. മനോരമ; ഉമ്മൻ ചാണ്ടി (ഫയൽ)

‘‘2013 മുതൽ ഇങ്ങോട്ട് ഞങ്ങൾ ഒഴുക്കിയ കണ്ണുനീരുണ്ടായിരുന്നെങ്കിൽ ഒരു തടാകം തന്നെ ഉണ്ടാക്കാമായിരുന്നു. അത്രയ്ക്കു സഹിച്ചു. അതുപക്ഷേ ആരും അറിഞ്ഞില്ല. ആരും അറിയരുതെന്ന് കുഞ്ഞിന് നിർബന്ധമുണ്ടായിരുന്നു. അക്കാലത്ത് പല രാത്രികളിലും കുഞ്ഞ് ഉറങ്ങിയിരുന്നില്ല.’’ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ പഖഞ്ഞു.

‘‘പാടത്ത് ഗോതമ്പു ചെടിയോടൊപ്പം കള കൂടി വളരും. വിളയേത് കളയേത് എന്നു നമുക്ക് തിരിച്ചറിയാൻ പറ്റില്ല. കതിരണിയുമ്പോഴാണ് അറിയുന്നത് വിളയെക്കാൾ കൂടുതൽ കളയായിരുന്നു എന്ന്. പിന്നീട് ഒന്നും ചെയ്യാൻ പറ്റില്ല. നമ്മൾ കള കൊയ്യേണ്ടി വരും. ആ കളകളുടെ പാപഭാരം നമ്മൾ ചുമക്കേണ്ടി വരും. പലരും ഞങ്ങളോടു നല്ലതല്ലാതെ പെരുമാറി. ജീവിതത്തിലെ കുറേ നല്ലകാലങ്ങൾ ഇല്ലാതാക്കി. ഞങ്ങൾക്ക് ആരോടും പകയില്ല. വെറുപ്പില്ല എല്ലാവരോടും ഒരു അപേക്ഷ മാത്രം പ്രാർഥനയിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തുക.

ഒരിക്കൽ ഞാൻ കുഞ്ഞിനോടു ചോദിച്ചു. അടുത്തുവരുന്നവരെയെല്ലാം കുഞ്ഞ് പല രീതിയിൽ സഹായിക്കുന്നു. ഇതുകൊണ്ട് കുഞ്ഞിന് എന്താണു ഗുണം. കുഞ്ഞ് എന്നെ കുറച്ചുനേരം നോക്കിയിരുന്നു. എന്നിട്ടു പറഞ്ഞു. ഒരാളെ നമ്മൾ സഹായിച്ചിട്ട് അയാളുടെ കണ്ണുകളിലേക്കു നോക്കണം. അപ്പോൾ ആ കണ്ണിനൊരു തിളക്കമുണ്ടാവും. ആ തിളക്കം കാണാൻ വേണ്ടിയാണ് ഞാൻ മറ്റുള്ളവരെ സഹായിക്കുന്നത്.

ഞാൻ ബാവയോട് നീതി പുലർത്തിയോ?’

mariamma-oommen-interview-oommen-chandy മറിയാമ്മയും ഉമ്മൻ ചാണ്ടിയും, ഫോട്ടോ: ജൂഡിൻ ബർണാഡ്

ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. കുഞ്ഞ് എന്നെ ഇഷ്ടപ്പെട്ടിട്ടാണോ കല്യാണം കഴിച്ചത് അതോ വാക്കു പാലിക്കാൻ വേണ്ടി വിവാഹം കഴിച്ചതാണോ എന്ന് ഒരിക്കലും മറുപടി പറഞ്ഞിട്ടില്ല. ചിരിക്കുക മാത്രം ചെയ്യും. ആശുപത്രിയിൽ വച്ച് അദ്ദേഹത്തിന് ശബ്ദം പൂർണമായും ഇല്ലാതാകുന്നതിനു മുമ്പ് എന്നോടൊരു ചോദ്യം ചോദിച്ചു;

‘ഞാൻ ബാവയോട് നീതി പുലർത്തിയോ?’

എന്തു പറയണമെന്ന് അറിയാതെ കുറച്ചു നേരം ഞാൻ മിണ്ടാതിരുന്നു. പിന്നെ ആ കൈകൾ കൂട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു; ‘ഈ ലോകത്ത് ഏറ്റവും ഭാഗ്യമുള്ള ഭാര്യയാണു ഞാൻ. ഉമ്മൻ ചാണ്ടിയുടെ ഭാര്യ എന്നതിലുപരി ഒരു നീതിയും എനിക്കു വേണ്ട.’ ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിയില്ല. കാരണം ആ കണ്ണുകൾ നിറഞ്ഞുകാണുന്നത് എനിക്കൊരിക്കലും ഇഷ്ടമായിരുന്നില്ല.’’ മറിയാമ്മ ഉമ്മൻ പറഞ്ഞു.

(അഭിമുഖത്തിന്റെ പൂർണ രൂപം ഓഗസ്റ്റ് രണ്ടാം ലക്കം വനിതയിൽ)