Thursday 21 December 2023 12:00 PM IST : By ബിജു പുളിക്കൻ

വസ്ത്രങ്ങൾ സൗജന്യമായി വേണോ, ക്ലോത്ത് ബാങ്കിലേക്കു വരൂ..; ഒന്നര വർഷത്തിനുള്ളിൽ 17,500 ജോഡി വസ്ത്രങ്ങൾ നൽകി മേരി!

kottayam-meri-sojan

വസ്ത്രങ്ങൾ സൗജന്യമായി വേണോ, ക്ലോത്ത് ബാങ്കിലേക്കു വരൂ. ഒന്നര വർഷത്തിനുള്ളിൽ 17,500 ജോഡി വസ്ത്രങ്ങൾ കുടുംബങ്ങൾക്കു സൗജന്യമായി നൽകി വീട്ടമ്മ. തലയോലപ്പറമ്പ് പുല്ലാപ്പള്ളിൽ മേരി സോജൻ തലയോലപ്പറമ്പ് പള്ളിക്കവലയിൽ ആരംഭിച്ച ഐസിഎം ക്ലോത്ത് ബാങ്ക് വഴിയാണ് സൗജന്യ വസ്ത്രവിതരണം. ഭർത്താവ് സോജൻ ജോസ് നടത്തുന്ന ഐസിഎം കംപ്യൂട്ടർ സെന്ററിനോടു ചേർന്ന് ഒന്നര വർഷം മുൻപാണ് മേരി സ്ഥാപനം തുടങ്ങിയത്. 

ഉപയോഗിച്ചതും കേടുവരാത്തതുമായ വസ്ത്രങ്ങൾ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും എൻസിസി, എൻഎസ്എസ് വിദ്യാർഥികൾ വഴിയാണു ശേഖരിക്കുന്നത്. ക്ലോത്ത് ബാങ്കിലെ ജോലിക്കാരും ഐസിഎമ്മിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് കഴുകിത്തേച്ച് സാനിറ്റൈസ് ചെയ്ത് കവറുകളിലാക്കി വയ്ക്കും. 

ഉപയോഗശൂന്യമായ വസ്ത്രങ്ങൾ കൊണ്ട് തലയണ, ചവിട്ടി എന്നിവ നിർമിച്ച് സൗജന്യമായി നൽകും. ഒരു കുടുംബത്തിലേക്ക് 10 ജോഡി വസ്ത്രങ്ങൾ വരെ നൽകും. അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും എത്തിക്കുന്നുമുണ്ട്. പല ദിവസങ്ങളിലും 35 പേർ വരെ വസ്ത്രങ്ങൾക്കായി ഇവിടെയെത്തുന്നു. വീട്ടിലെ ആഘോഷങ്ങളുടെ ഭാഗമായി പല കുടുംബങ്ങളും പുതുവസ്ത്രങ്ങൾ വാങ്ങുമ്പോൾ ഒരു ജോഡി അധികം വാങ്ങി ക്ലോത്ത് ബാങ്കിനു നൽകുന്നുമുണ്ട്.

Tags:
  • Spotlight
  • Motivational Story