Saturday 10 March 2018 03:36 PM IST

‘മറക്കാനാവില്ല ആ ദിവസത്തെ വേദനകള്‍...’ മന്ത്രി എ.കെ. ശശീന്ദ്രന്റെ ഭാര്യ ആദ്യമായി ഉള്ളു തുറന്ന്...

Roopa Thayabji

Sub Editor

anitha
ഫോട്ടോ: ബേസിൽ പൗലോ

ആശങ്കകളുടെ കാർമേഘങ്ങളൊഴിഞ്ഞ പുലരി. ഔദ്യോഗിക വസതി ലഭിച്ചിട്ടില്ലാത്തതിനാൽ എംഎൽഎ ഹോസ്റ്റലിലെ ചന്ദ്രഗിരി ബ്ലോക്കിൽ 303ാം നമ്പർ മുറിയിൽ തന്നെയാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുള്ളത്. തലേ ദിവസത്തെ സത്യപ്രതിജ്ഞാ ചടങ്ങിനായി കണ്ണൂരിൽ നിന്നെത്തിയ ഭാര്യ അനിത കൃഷ്ണനും മകൻ വരുണും ചില ബന്ധുക്കളും ക്ഷേത്രദർശനത്തിനുപോയിരിക്കുന്നു. പാർട്ടി പ്രവർത്തകരോടും സ്റ്റാഫിനോടും എന്തൊക്കെയോ നിർദേശങ്ങൾ നൽകി, ഉച്ചയ്ക്ക് തിരിച്ചെത്താമെന്നു പറഞ്ഞ് നിയസഭയിലെ ബജറ്റ് അവതരണത്തിൽ പങ്കെടുക്കാനായി മന്ത്രി ഇറങ്ങി.


മടങ്ങിയെത്തിയതോെട, മേശപ്പുറത്ത് എടുത്തുവച്ച മരുന്നുകൾ ചൂണ്ടിക്കാട്ടി അനിത പരിഭവിച്ചു, ‘ഇന്നും  മരുന്നു കഴിക്കാൻ മറന്നു. അദ്ദേഹത്തിനു ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞതാണ്. ഗാൾബ്ലാഡർ റിമൂവ് ചെയ്തതുമാണ്. മറ്റുചില ആരോഗ്യപ്രശ്നങ്ങളുമുണ്ട്. പല തരം മരുന്നുകൾ മുടങ്ങാതെ കഴിക്കണം. കൂടെ നിന്നില്ലെങ്കിൽ എല്ലാം മറക്കും.’
വിവാദവും രാജിയും കേസുമൊക്കെയായി കടന്നുപോയ പത്തുമാസത്തെ നോവ് അനിതയ്ക്ക് ചിന്തിക്കാനാകില്ല. ‘‘ആ സംഭവത്തോടെ രാഷ്ട്രീയം കുടുംബത്തിലേക്ക് കയറിവന്നു. അന്നുവരെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോൾ എല്ലാം ശുഭമായി, സന്തോഷം.’’ എ.കെ. ശശീന്ദ്രന്റെ ഭാര്യ അനിത ആദ്യമായി ഒരു മാധ്യമത്തോടു താനനുഭവിച്ച വേദനകള്‍ തുറന്നു പറയുകയാണ്.


‘‘ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോൾ ചിലരെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കും. മറ്റു ചിലർ എല്ലാമുപേക്ഷിച്ച് മൗനത്തിന്റെ കൂട്ടിലൊതുങ്ങും. ഇതൊന്നുമല്ലാത്തവരെ സമൂഹം അകറ്റിനിർത്തും.  ഈ സംഭവം അദ്ദേഹത്തെ എങ്ങനെ ബാധിക്കും എന്നതായിരുന്നു എന്നെ ഭയപ്പെടുത്തിയിരുന്നത്. അപ്പോഴെല്ലാം കരുത്തായത് ദൈവവിശ്വാസവും പ്രാർഥനയുമാണ്. തളരാതെ അദ്ദേഹത്തിനു താങ്ങാകാൻ ക ഴിഞ്ഞത് ബ്രിട്ടിഷ് ചിട്ടയിൽ ഞങ്ങളെ വളർത്തിയ പപ്പയുടെ അനുഗ്രഹമാകാം.

സിംഗപ്പൂരിലെ ബാല്യം


കണ്ണൂർ കൂത്തുപറമ്പിലാണ് എന്റെ തറവാട്. പപ്പ എം.എൻ. കൃഷ്ണന് സിംഗപ്പൂരിൽ ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റിലായിരുന്നു ജോലി. അഞ്ചുവർഷം കൂടുമ്പോൾ ക്രിസ്മസിനാണ് പ പ്പയ്ക്കു ലീവ് കിട്ടുക. ഒരുതവണ നാട്ടിൽ വന്നപ്പോൾ എന്നെയും  ചേച്ചിയെയും  ഇവിടെയുള്ള  സ്കൂളിൽ ചേർത്തു. അമ്മയുടെ അച്ഛന്റെ തറവാടു വക സ്കൂളായതിനാൽ ഏഴു വയസ്സുള്ള എന്നെ നേരേ മൂന്നാംക്ലാസിലാണ് ചേർത്തത്. സ്കൂളിലെ കലാപരിപാടികളിലൊക്കെ ഞാന്‍ സജീവമായിരുന്നു. ഫാൻസി ഡ്രസ് മത്സരത്തിൽ മീൻകാരിയായി പങ്കെടുത്തത് വലിയ തമാശയാണ്. വൈകിട്ടാണ് മത്സരം, രാവിലെ തന്നെ മീൻ വാങ്ങി തരണമെന്നു പപ്പയോടു പറഞ്ഞിരുന്നു. പക്ഷെ, അന്ന് എവിടെയും മീൻ കിട്ടാനില്ല. ഉച്ചയായതോടെ ഞാൻ കരച്ചിൽ തുടങ്ങി. അവസാനം പപ്പ ചന്തയിൽ നിന്ന് ഉണക്കമീൻ വാങ്ങി കൊണ്ടുവന്നു. തലയിൽ വച്ച ചരുവത്തിൽ നിന്ന് ഉണക്കമീൻ വാരിയെടുത്ത് ജഡ്ജസിനോടു വിലപേശിയെങ്കിലും രണ്ടാംസ്ഥാനമേ കിട്ടിയുള്ളൂ.


അറിയാത്ത രാഷ്ട്രീയവഴി


പപ്പയും അമ്മയും വിദേശത്തായിരുന്നതു കൊണ്ട് ബ്രിട്ടിഷുകാരുടെ ഭരണവും രാഷ്ട്രീയവുമൊക്കെയേ അവർക്ക് അറിയൂ. അന്നത്തെ കഥകൾ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരിക്കൽ എസ്റ്റേറ്റിലെ കുറച്ചു പണം കാണാതെ പോയി. പുലർച്ചെ തന്നെ വേട്ടനായയും റൈഫിളുമൊക്കെയായി വീട്ടിൽ തിരച്ചിലിന് ആളെത്തി. പിന്നീട് എവിടെ നിന്നോ ആ പണം തിരികെ കിട്ടി. ആ നിയമത്തിൽ ജീവിച്ചവർക്ക് നാട്ടിലെ കള്ളത്തരങ്ങളൊന്നും  പെട്ടെന്നു മനസ്സിലാകില്ല. കുറച്ചുകാലം മുമ്പാണ് പപ്പ മരിച്ചത്, അമ്മ അനിയത്തിക്കൊപ്പമാണ്.    
ക്ലാസ് ലീഡറായിരുന്നെങ്കിലും എനിക്കു രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പ്രീഡിഗ്രിയും ഡിഗ്രിയും ഹോംസയൻസാണു പഠിച്ചത്. പിന്നെ, മംഗലാപുരത്തു ഗവൺമെന്റ് കോളജിൽ നിന്നു ബിഎഡ്. അക്കാലത്തേ അധ്യാപകരെ വിവാഹം ചെയ്യാൻ എനിക്ക് ഇഷ്ടമില്ലായിരുന്നു.  പക്ഷേ, ആ സമയത്ത് വരുന്നതെല്ലാം അധ്യാപകരുടെ വിവാഹാലോചനകളും.  ശശിയേട്ടന്റെ ഒരു ബന്ധു വിവാഹം  കഴിച്ചിരിക്കുന്നത് ഞങ്ങളുടെ ഒരു ബന്ധുവിനെയാണ്. അവർ വഴിയാണ് ഈ ആലോചന വന്നത്. അന്നു ശശിയേട്ടൻ എംഎൽഎ ആണ്.

anitha3
വരുൺ, അനിത, മന്ത്രി എ.കെ. ശശീന്ദ്രൻ


ജീവിതം പുതുവഴിയിൽ


പ്രൈമറി ടീച്ചറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു ക ല്യാണം, 1981 ജൂലൈ 19 ന് കണ്ണൂരിലെ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ വച്ച്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നു അത്. ലീവെടുക്കാൻ പ്രയാസമായതിനാൽ തിരുവനന്തപുരത്തു നിന്ന് തലേദിവസം  അദ്ദേഹം വിമാനമാർഗം കോഴിക്കോട് വന്നു.  കല്യാണം  കഴിഞ്ഞ് സൽകാരം  നടക്കും  മുമ്പേ തിരുവനന്തപുരത്തേക്കു മടങ്ങി. അന്നു മന്ത്രിയായിരുന്ന എ.സി. ഷണ്മുഖദാസിന്റെ ഔദ്യോഗിക വസതിയിലാണു ഞങ്ങൾ താമസിച്ചത്. അക്കാലത്തു നിയമസഭ കാണാൻ പോയിട്ടുമുണ്ട്. പാർട്ടി വലതുപക്ഷത്തിനൊപ്പമായിരുന്നു. അധികകാലം കഴിയും മുമ്പേ മുന്നണി വിട്ട് ഇടതുപക്ഷത്തേക്ക് പോയി. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു.


കണ്ണൂരിലെ ചൊവ്വയിലാണ് അദ്ദേഹത്തിന്റെ തറവാട്. മിക്കവാറും അദ്ദേഹം വീട്ടിലുണ്ടാകില്ല. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ അദ്ദേഹം വന്നിട്ടു ഭക്ഷണം കഴിക്കാനായി ഞാ ൻ കാത്തിരിക്കും. ഒരു ദിവസം ശശിയേട്ടന്റെ സഹോദരി പറഞ്ഞു, ‘കാത്തിരുന്നിട്ടൊന്നും കാര്യമില്ല. രാഷ്ട്രീയക്കാരനല്ലേ, എപ്പോഴെങ്കിലുമേ വരൂ. നിനക്കു വിശക്കുമ്പോൾ കഴിക്കുന്നതാണ് നല്ലത്.’


ആയിടെ  പിഎസ്‌സി പരീക്ഷയെഴുതി ഹൈസ്കൂൾ ടീച്ചറായി. പുഴാതി സ്കൂളിൽ ബയോളജി ടീച്ചറായി നിയമനം. കണ്ണൂർ ഓർക്കാട്ടേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രിൻസിപ്പലായി 2011ൽ റിട്ടയർ ചെയ്തു.


അച്ഛന്റെ തിരക്കിൽ


കൂത്തുപറമ്പിലെ ഞങ്ങളുടെ വീടിനു മുന്നിലൂടെ പോകുന്ന റോഡാണ് രണ്ടു മണ്ഡലങ്ങളുടെ അതിര്. ഞങ്ങൾ കൂത്തുപറമ്പ് മണ്ഡലത്തിലായിരുന്നു. റോഡിനപ്പുറത്ത് പെരിങ്ങളം മണ്ഡലവും. വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ സമയത്ത് മേഴ്സി രവി ചോദിച്ചു, പ്രണയവിവാഹമാണോ എന്ന്. അയൽ മണ്ഡലത്തിലെ എംഎൽഎ ആണ് ശശിയേട്ടൻ എന്ന് അറിയുന്നതു പോലും അന്നാണ്. രാഷ്ട്രീയത്തെ കുറിച്ച് അത്ര ചെറുതായിരുന്നു എന്റെ അറിവ്.


അടുത്ത വർഷം ഡിസംബറിലാണ് മോനുണ്ടായത്. പ്രസവത്തിനു വേണ്ടി എന്നെ ആശുപത്രിയിലാക്കിയപ്പോഴൊക്കെ ശശിയേട്ടൻ കൂടെയുണ്ടായിരുന്നു. പക്ഷേ, പ്രസവിച്ചു എന്നറിഞ്ഞയുടനെ എന്തോ കാര്യത്തിനായി പോകേണ്ടിവന്നു. പിറ്റേദിവസം വന്നിട്ടാണ് മോനെ കാണുന്നതു പോലും.


കുട്ടിക്കാലത്തൊന്നും അവന് അച്ഛനെ അടുത്ത് കിട്ടിയിട്ടേയില്ല. പക്ഷേ, വരുമ്പോഴെല്ലാം ബാഗ് നിറയെ കളിപ്പാട്ടങ്ങളുമായാണ് അദ്ദേഹം വരിക. വീട്ടിൽ അതിഥികൾ വരുമ്പോൾ കളിപ്പാട്ട ഫോണെടുത്ത് വരുൺ വിളിക്കും, ‘ഡാഡീ, ദാ ഇവരൊക്കെ വന്നിട്ടുണ്ട് കേട്ടോ. വേഗം വരൂ...’ എന്ന്. ഫോൺ കട്ട് ചെയ്തിട്ട് വന്നവരോടു പറയും, ‘ഡാഡി ഇപ്പോൾ വരും.’
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക് പാസായ വ രുണ്‍ ഇപ്പോൾ കൊച്ചി ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ പ്രോജക്ട് മാനേജറാണ്. അച്ഛന്റെ വകുപ്പുമായി വരുണിനുള്ള ബന്ധം വാഹനങ്ങളോടുള്ള ക്രേസ് മാത്രം.കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ചു ജയിച്ചു വന്നതും പിണറായി വിജയൻ സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായതും. ഒരു വർഷം പിന്നിടും മുമ്പേ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

anitha2


ഒട്ടും പ്രതീക്ഷിക്കാത്ത ആ പകല്‍


2017 മാർച്ച് മാസത്തിലെ ഏതോ ഒരു ദിവസം. അന്നു ഞാൻ തിരുവനന്തപുരത്ത് മന്ത്രിമന്ദിരമായ ‘കാവേരി’യിലാണ്. ഔദ്യോഗികമായ ആവശ്യത്തിനായി അദ്ദേഹം കോഴിക്കോട്ടേക്ക് പോയിരിക്കുന്നു. വരുൺ ജോലിസംബന്ധമായി കൊച്ചിയിലും. രാവിലെയാണ് ടെലിവിഷനിൽ ആ വാർത്ത വരുന്നത്. ഗതാഗതി മന്ത്രി ഒരു സ്ത്രീയോട് അശ്ലീല സംഭാഷണത്തിലേർപ്പെട്ടു എന്ന്. വലിയ ഷോക്ക് ആയി എനിക്ക്. കുറച്ചുസമയം കഴിഞ്ഞ് വരുൺ ഫോണിൽ വിളിച്ചു. ശശിയേട്ടനോടു സംസാരിച്ച ശേഷമാണ് വിളിച്ചത്. ഇതൊന്നും  കാര്യമാക്കേണ്ടെന്നും ടിവി കാണരുതെന്നും അവൻ എന്നോടു പ്രത്യേകം പറഞ്ഞു.


പിന്നീട് അതുസംബന്ധിച്ച ഒരു വാർത്തയും ഞാൻ കേട്ടിട്ടില്ല. അദ്ദേഹവും എന്നെ ഫോണിൽ വിളിച്ച് സംസാരിച്ചു. പിറ്റേ ദിവസം രാവിലെ കോഴിക്കോട് നിന്നു വരുന്നതു വരെ വല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ. അദ്ദേഹം തളർന്നു പോകുമോ എന്നായിരുന്നു പേടി. സംഭവങ്ങളെക്കുറിച്ചു പിന്നീടു പലരും പറഞ്ഞു. മന്ത്രിയുടേത് എന്ന പേരിലാണ് ചാനല്‍ ആ ടെലിഫോൺ സംഭാഷണം പുറത്തുവിട്ടത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ശേഷം അദ്ദേഹം രാജിവച്ചു. മന്ത്രിസ്ഥാനത്തെക്കാൾ പ്രാധാന്യം രാഷ്ട്രീയ ധാർമികതയ്ക്ക് നൽകിയതു കൊണ്ടായിരുന്നു ആ തീരുമാനം. രാജി തന്റെ കുറ്റസമ്മതമല്ലെന്നും അദ്ദേഹം അന്നു പ്രത്യേകം പറഞ്ഞിരുന്നു.  37 വർഷമായി ആരോപണങ്ങളൊന്നും  കേൾക്കാത്ത രാഷ്ട്രീയജീവിതമാണ് അദ്ദേഹത്തിന്റേത്. വഴിവിട്ട് ആരെയും സഹായിച്ചതായി കേട്ടിട്ടില്ല, അഴിമതി നടത്തിയിട്ടുമില്ല. രാഷ്ട്രീയത്തിൽ ശത്രുക്കളുണ്ടോ എന്ന് അറിയില്ല. ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാത്തതിന്റെ പരിഭവം പലർക്കും ഉണ്ടാകാം. അതിൽ കൂടുതലൊന്നും പറയാനറിയില്ല.

വിശ്വാസമാണ് വിജയം


രാജിവച്ചെങ്കിലും കേസിനെ തുടർന്ന് അദ്ദേഹവും സമ്മർദത്തിലായിരുന്നു. പക്ഷെ, ടെൻഷനോ വിഷമമോ ഒന്നും ഞങ്ങളെ അറിയിച്ചില്ല. ഞങ്ങൾക്കു മുഖം നൽകാതെ നടന്നിട്ടുമില്ല. പക്ഷേ, ആ സമയത്ത് അദ്ദേഹം തിരക്കുകളിൽ കൂടുതൽ മുഴുകി എന്നു തോന്നിയിട്ടുണ്ട്. ഒരു ദിവസം മോൻ വിളിച്ചുപറഞ്ഞു, ‘അമ്മ എപ്പോഴും ഡാഡിയുടെ കൂടെ നിൽക്കണം. ഡാ ഡി അത് ആഗ്രഹിക്കുന്നുണ്ടാകും.’


വിഷമിപ്പിക്കേണ്ട എന്നുകരുതി ഞങ്ങളാരും ഒന്നും ചോദിച്ചിട്ടില്ല. ബന്ധുക്കളോ പരിചയക്കാരോ ഈ നിമിഷം വരെ ഒരു കുത്തുവാക്കും പറഞ്ഞിട്ടുമില്ല. ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനുമാണ് എല്ലാവരും കൂടെ നിന്നത്. കുടുംബവും ബന്ധുക്കളും നൽകിയ പിന്തുണയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ഒരാഴ്ചയ്ക്കു ശേഷമാണ് പലര്‍ ചേര്‍ന്നൊരുക്കിയ ഒരു െകണിയായിരുന്നു അത് എന്നൊക്കെ അറിഞ്ഞത്. ആശ്വാസമറിയിച്ച് വിളിച്ചവരെല്ലാം അദ്ദേഹത്തിനു ധൈര്യം നൽകി കൂ ടെ നിൽക്കണമെന്നാണ് എന്നോടു പറഞ്ഞത്.


നീതിപീഠം സത്യം തിരിച്ചറിയും എന്നു ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. ആെരങ്കിലും എന്തെങ്കിലും പറഞ്ഞാലുടന്‍ ച ര്‍ച്ച നടത്തി െചളി വാരിയെറിയാനാണ് പലരും ശ്രമിക്കുന്നത്. തെറ്റു െചയ്തു എന്നു േകാടതി വിധിച്ചു കഴിഞ്ഞ് എന്തും  ഇവര്‍ പറയട്ടെ. അതുവരെ ഇക്കൂട്ടരുെട വിചാരണ ഒന്നു നിര്‍ത്തിക്കൂടെ? ഒരു ഭാര്യയുേടയും അമ്മയുേടയും വേദനയോടെയാണു ഞാന്‍ ചോദിക്കുന്നത്.


ഇപ്പോഴും ചിലർ അദ്ദേഹത്തിനു നേരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. കുറ്റക്കാരനല്ല എന്ന് ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നില്ല എന്നുവരെ ചോദിക്കുന്നു. അദ്ദേഹത്തിനു പറയാനുള്ളതെല്ലാം കോടതിയെ ബോധിപ്പിച്ചതാണ്. നീതിപീഠത്തിനു അത് സത്യമാണെന്ന് ബോധ്യപ്പെട്ടതുമാണ്. അതുകൊണ്ടാണല്ലോ  അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. എന്നിട്ടും ചിലരൊക്കെ ഇപ്പോഴും അദ്ദേഹത്തെ വേട്ടയാടുമ്പോൾ ഉള്ളിൽ വലിയ വേദന തോന്നും. അകമേ കടലിരമ്പുമ്പോഴും പുറമേ ശാന്തനായിരിക്കുന്ന അദ്ദേഹത്തെ എനിക്കല്ലേ അറിയൂ.


സന്തോഷവും ആശ്വാസവുമാണ് ഇപ്പോൾ. പക്ഷേ, ഇനിയും തിരിച്ചടികളുണ്ടാകുമെന്നു പേടിയുണ്ട്, അതല്ലേ രാഷ്ട്രീയം. വിവാദങ്ങളുണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ മാത്രം മേഖലയായിരുന്നു രാഷ്ട്രീയപ്രവർത്തനം. വരുണിനു പഠിത്തവും എനിക്കു ജോലിയും പോലെ തന്നെ അദ്ദേഹത്തിന്റെ മാത്രം കാര്യം. പക്ഷെ, ഈ സംഭവത്തോടെ രാഷ്ട്രീയം കുടുംബത്തിലേക്കു കയറിവന്നു. ഇതാണ് രാഷ്ട്രീയമെന്ന് ഞാനും പഠിച്ചു...