Wednesday 25 September 2019 11:26 AM IST

‘കർഷകനാണെന്ന് അഭിമാനത്തോടെ ജനങ്ങൾ പറയുന്ന കാലം വരും’; സ്വപ്നങ്ങൾ പങ്കുവച്ച് കൃഷിമന്ത്രി!

Ammu Joas

Sub Editor

_REE8628 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മഴ പെയ്യുമ്പോൾ മനസ്സിൽ അറിയാതെ പ്രളയത്തിന്റെ ഒാർമകൾ ഇരമ്പും. ഒരു വർഷം പിന്നിടാറാകുമ്പോഴും ആ ദുരിത ചിത്രങ്ങൾ മാഞ്ഞിട്ടില്ല. ജീവനും വീടും നഷ്ടപ്പെട്ടവരുടെ നിലവിളികൾ, ആറ്റുനോറ്റുണ്ടാക്കിയ സമ്പാദ്യമെല്ലാം ഒരു ദിവസം കൊണ്ട് ഒലിച്ചു പോകുന്നത് കണ്ട് വിറങ്ങലിച്ചു നിന്നവർ. ഓണവിളവിന് ഒരുങ്ങി നിന്ന വിളകളെല്ലാം മുക്കിയ ജലമാരി. പക്ഷേ, സങ്കടങ്ങളിൽ തളർന്നിരിക്കുകയല്ല ഉയിർത്തെഴുന്നേൽക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് അവർക്കൊപ്പം ഒരാളുണ്ടായിരുന്നു. നമ്മുടെ കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ. പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കാർഷിക സ്വപ്നങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം.

കാർഷികമേഖല നേരിട്ട തിരിച്ചടിയെ എങ്ങനെ അതിജീവിക്കാം?

കർഷകരെ ദുരിതക്കയത്തിലാക്കുന്ന നടപടികൾ എന്തുതന്നെ ആയാലും അംഗീകരിക്കാൻ കഴിയില്ല. ഈയിടെ നടന്ന കർഷക ആത്മഹത്യകളിൽ ബാങ്കുകളുടെ ഇടപെടൽ ഒട്ടും തൃപ്തികരമായിരുന്നില്ല. 1000 കോടിയും അതിലേറെയും ബാങ്കിനെ പറ്റിച്ച് രക്ഷപ്പെട്ടു നടക്കുന്നവരെ പിടിക്കാതെ ജീവിക്കാനായി ചെറിയ തുക ലോണെടുത്ത് തിരിച്ചടവു മുടങ്ങി കടത്തിലായവരെ ദ്രോഹിക്കുന്നത് ശരിയാണോ? ഈ സാഹചര്യത്തിൽ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുകയാണ്. കൃഷി മാത്രം ഉപജീവനമായി കൊണ്ടു പോകുന്ന കർഷകരുടെ കാര്യത്തിൽ കാർഷികേതര ലോണുകളിലും ഇളവു വേണം. ഇതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. ഇടുക്കിയിലെയും വയനാട്ടിലെയും കർഷകർ 2018 വരെ എടുത്ത രണ്ടു ലക്ഷം രൂപ വരെയുള്ള ലോണുകൾ കടാശ്വാസ കമ്മിഷന്റെ കീഴിലാക്കി. മറ്റു ജില്ലകളിലെ 2014 വരെയുള്ള ലോണുകൾക്കും ഇതു ബാധകമാണ്.

കാർഷിക മേഖലയിലെ സമൃദ്ധിയാണ് പുരോഗതിയുടെ അടിസ്ഥാനം. അ തിനുവേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നതും. പുതിയ തലമുറ കൃഷിയെ മറന്നു പോയി എന്നു പറയുന്നില്ല. അതിനുള്ള അവസരം അവർക്കില്ലെന്നേ പറയാനാകൂ. അവർക്കു വേണ്ട സാഹചര്യവും പിന്തുണയും സർക്കാർ ഉറപ്പാക്കും.

ഭരണത്തിലേറുമ്പോൾ ജനങ്ങളുടെ ജീവിതചര്യയുടെ ഭാഗമായി കൃഷി മാറണം  എന്നതായിരുന്നു മനസ്സിലെ അജണ്ട. അത് ഏറക്കുറെ സാധിച്ചുവെന്നാണ് വിശ്വാസം. ‘എന്റെ വീട്ടിലേക്കു വേണ്ട അത്യാവശ്യം പച്ചക്കറികൾ ഞാനും കൃഷി ചെയ്യുന്നു’ എന്ന് അഭിമാനത്തോടെ ആളുകൾ പറയാൻ തുടങ്ങി. സമൂഹത്തിന്റെ എല്ലാ നിലയിലുമുള്ളവർ കൃഷിയെ സ്നേഹിക്കുന്നു. ഈ മാറ്റത്തിന് വനിതയുടെ ‘ഓണം ചാലഞ്ച്’ പോലുള്ള പരിപാടികളും കാരണമാണ്.

പ്രളയത്തിൽ നിന്നു കാർഷിക മേഖല എത്രത്തോളം കരകയറി?

പ്രളയം കാർഷിക മേഖലയെ സാരമായി തന്നെ ബാധിച്ചു. കൃഷിയിറക്കി വിളവ് കൊയ്യാനിരുന്നവർക്ക് ആകുലതകളും അരക്ഷിതത്വവും മാത്രമായിരുന്നു ബാക്കി. എന്നാൽ പ്രളയത്തിന്റെ ഒന്നാം വാർഷികം അടുക്കുമ്പോൾ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. വിത്തുകളും നടീൽ വസ്തുക്കളും നൽകിയതു കൂടാതെ മോട്ടോർ ഷെഡുകൾ നന്നാക്കാനും മട കെട്ടാനുമൊക്കെ സഹായം നൽകി. മൂന്നു കൊല്ലത്തേക്ക് കൃഷി സാധ്യമല്ലെന്നു കരുതിയ നെൽപ്പാടങ്ങളിൽ നിന്ന് 40% അധിക വിളവ് ഇക്കൊല്ലം കൊയ്യാനായി. ഇതെല്ലാം സാധ്യമായത് അടിയന്തര ഇടപെടലുകള്‍ കൊണ്ടാണ്. 260 കോടി രൂപയുടെ ധനസഹായവും ഇതിനോടകം നൽകിക്കഴിഞ്ഞു. ഇനിയും ബാക്കിയുണ്ട്. കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്നു ലഭിക്കുന്നത് തുച്ഛമായ സഹായമാണ്. ഒരു തെങ്ങ് നശിച്ചാൽ 100 രൂപയാണ് നഷ്ടപരിഹാരം, ഒരു ഹെക്ടർ നെൽകൃഷിക്ക് 13,500 രൂപയാണ് ലഭിക്കുക. ഒരു വാഴ നശിച്ചാലോ, കിട്ടുക അഞ്ചര രൂപയും. ഇതൊന്നും കർഷകന്റെ നഷ്ടം നികത്താൻ മതിയാകില്ല. സ്പെഷൽ പാക്കേജ് നൽകിയാൽ മാത്രമേ ദീർഘകാല പദ്ധതികൾ നടപ്പാക്കാനാകൂ. ലോകബാങ്കിന്റെ സഹായം  കൂടി എത്തുന്നതോടെ സ്ഥിതി ഇനിയും മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

മൂല്യവർധിത ഉൽപന്നങ്ങൾ അധികമായി ഉൽപാദിപ്പിക്കാനും വിറ്റഴിക്കാനും നമുക്ക് കഴിയണം. കർഷകർക്ക് ഇടനിലക്കാരില്ലാതെ വിപണിയിൽ കാർഷിക വിളകൾ എത്തിക്കാൻ കഴിഞ്ഞാൽ കൂടുതൽ ലാഭം നേടാനാകും. ഓരോ നാമ്പും ഒരു പ്രതീക്ഷയാണ്. പ്രളയത്തെ അതിജീവിച്ച അതേ കരുത്തോടെ കാർഷിക മേഖലയും തിരിച്ചുവരും.

മാധ്യമങ്ങളിൽ തുറന്നടിച്ചു സംസാരിക്കാറുണ്ട് ?

ജനങ്ങളോട് തുറന്ന് സംസാരിക്കാൻ വേണ്ടിയല്ലേ മാധ്യമങ്ങൾ. വസ്തുതകൾ മറച്ചു വയ്ക്കാതെ സംസാരിക്കുന്നവരാകണം  ജനപ്രതിനിധികൾ എന്നാണ് എന്റെ പാർട്ടിയും നേതാക്കളും പഠിപ്പിച്ചിട്ടുള്ളത്.

മുത്തച്ഛൻ വി.കെ ശങ്കരൻകുട്ടിയുടെ കൈ പിടിച്ച് അന്തിക്കാട്ടെ മേയ്ദിന റാലിക്കു പോയനാൾ മുതലുള്ള ഓർമകൾ മനസ്സിലുണ്ട്. പിന്നീട് പാർട്ടി പ്രവർത്തനം തുടങ്ങിയ കാലത്ത് തൃശൂരിലെ പാർട്ടി നേതാക്കളായ സഖാവ് കെ. പി പ്രഭാകരൻ, വി.വി. രാഘവൻ, വി.കെ. രാജൻ, സി. അച്യുതമേനോൻ, ഇ. ഗോപാലകൃഷ്ണ മേനോൻ എന്നീ നേതാക്കൾ പറഞ്ഞു തന്നതും ശരിയായ കാര്യങ്ങൾക്കു വേണ്ടി നട്ടെല്ലു നിവർത്തി  നിന്നു സംസാരിക്കണമെന്നാണ്. എന്റെ നാട്ടുകാർക്കറിയാം വി. എസ്. സുനിൽകുമാർ എന്താണെന്നും എന്തായിരുന്നെന്നും.

_REE8662

പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയത് വിവാദമായല്ലോ?

തൃശൂർ പൂരം ആനയ്ക്കും മേളത്തിനും കുടമാറ്റത്തിനുമപ്പുറം ഹൃദയത്തിൽ വേരുകളുള്ള ഒരു വികാരമാണ്. പൂരവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളെല്ലാം ആ വികാരത്തിൽ നിന്നാണ് ഉണ്ടായത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വിലക്കേർപ്പെടുത്തുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സോഷ്യൽ മീഡിയയിലെ പോർവിളി, സേവ് രാമൻ കാംപെയ്ൻ.

ആനയ്ക്കു വിലക്കേർപ്പെടുത്തിയതിനും പിന്നീട് മാനദണ്ഡങ്ങളോടെ അതു പിൻവലിച്ചതിനും പിന്നിൽ ഒരേയൊരു കാരണമേയുള്ളൂ; സുരക്ഷ. പൂരം ഭംഗിയായി നടക്കണമെന്നേ ഏത് തൃശൂർക്കാരനും ആഗ്രഹിക്കൂ. സുരക്ഷാവീഴ്ചകളൊന്നുമുണ്ടാകാതെ പൂരം സമാപിച്ചപ്പോൾ ഇലഞ്ഞിത്തറ മേളം കേൾക്കും പോലൊരു സന്തോഷമായിരുന്നു മനസ്സിൽ.

കൃഷി മന്ത്രിയുടെ ഇനിയുള്ള സ്വപ്നം?

രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് ഞാനാകെ സമ്പാദിച്ചത് ജനസമ്മതിയാണ്. കേരളത്തിന്റെ കാർഷിക വളർച്ച രാഷ്ട്രീയത്തിനപ്പുറമുള്ള മനസ്സിന്റെ നേട്ടമായാണ് കരുതുന്നത്. നമ്മുടെ മൂലധനം പ്രകൃതിയാണ്. അതു തിരിച്ചു പിടിക്കാനുള്ള മാർഗം കൃഷിയും. ഡോക്ടർ, എൻജിനീയർ എന്നൊക്കെ പറയുന്ന പോലെ ഞാനൊരു കർഷകനാണെന്നു ജനങ്ങൾ അഭിമാനത്തോടെ പറയുന്ന കാലം ദൂരെയല്ല.

തിരക്കിനിടയിൽ കുടുംബത്തിനൊപ്പം

ഷൊർണൂർകാരി രേഖയാണ് ഭാര്യ. അഡ്വക്കറ്റായിരുന്നു. ഇപ്പോൾ എന്റെ ‘ഹോം മിനിസ്റ്ററാ’യി സേവനം അനുഷ്ഠിക്കുന്നു. മകൻ നിരഞ്ജൻ കൃഷ്ണ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയാണ്. എഐഎസ്ഫിന്റെ സജീവ പ്രവ ർത്തകനും.   

ഞങ്ങൾ മൂന്നു പേരു മാത്രമല്ല കേട്ടോ, എന്റേതൊരു കൂട്ടുകുടുംബമാണ്. അച്ഛൻ സുബ്രഹ്മണ്യൻ എന്റെ 20-ാം വയസ്സിൽ മരിച്ചു. ചേട്ടനും നേരത്തേ തന്നെ മരിച്ചു. ചേട്ടന്റെ  കുടുംബം ഞങ്ങൾക്കൊപ്പമാണുള്ളത്. ഒപ്പം അനിയനും കുടുംബവും ഉണ്ട്. അമ്മ പ്രേമാവതി അന്തിക്കാട്ടെ ഞങ്ങളുടെ വീട്ടിൽ മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം സന്തോഷത്തോടെ ഇരിക്കുന്നു.

എത്ര തിരക്കായായാലും കുടുംബത്തിനായി സമയം മാറ്റി വയ്ക്കാറുണ്ട്. ഏറ്റവും സന്തോഷം നൽകുന്ന സമയമാണത്. ഞങ്ങൾ മൂന്നു പേർ മാത്രമായി അധികമെങ്ങും പോകാറില്ല. സിനിമയ്ക്കു പോകുകയാണെങ്കിൽ കൂടി എല്ലാവരും ഒന്നിച്ചേ പോകൂ.  

കുടുംബത്തിൽ ഇനിയും അംഗങ്ങൾ ഉണ്ട്. പ്രൈവറ്റ് സെക്രട്ടറിയായ മനോജ് ബാല്യകാല സുഹൃത്താണ്. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായ പ്രദീപ് കുമാർ പാർട്ടിയിൽ എന്റെ ജൂനിയറാണ്. ജയചന്ദ്രനും ഞാനും ഒരേ സമരത്തെ തുടർന്ന് ഒന്നിച്ച് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. അങ്ങനെ വലിയൊരു സൗഹൃദസംഘമാണ് എന്റെ കുടുംബം.

അഭിമുഖം കഴിഞ്ഞ് ഫോട്ടോയെടുക്കാൻ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ‘ഫോട്ടോയിൽ കുറച്ച് പച്ചക്കറി കൂടി ഉണ്ടായാൽ കൊള്ളാമല്ലേ’ എന്നു ചോദിച്ച് മന്ത്രിമന്ദിരത്തിന്റെ പിന്നിലെ പച്ചക്കറിത്തോട്ടത്തിലേക്ക് ക്ഷണിച്ചു. ‘ഫോട്ടോഷൂട്ടിനുള്ള ‘ഒരു മുറം പച്ചക്കറി എന്റെ തോട്ടത്തിൽ നിന്നുതന്നെയാകട്ടെ.’ മന്ത്രി പറഞ്ഞു. പാവയ്ക്കയും ചീരയും വഴുതനയും പറിച്ചെടുത്ത് മുറം നിറച്ചു. ഫോട്ടോഷൂട്ട് കഴിഞ്ഞതും തനി നാട്ടിൻപുറത്തുകാരനായി ഊണു കഴിക്കാൻ ക്ഷണിച്ചു. ‘‘ഇവിടെ വിളഞ്ഞ പച്ചക്കറി കൊണ്ട് ഉണ്ടാക്കിയതാണ് കറികളെല്ലാം. ഈ സ്വാദ് എല്ലാ മലയാളികളുടെ വീട്ടിലും ഉണ്ടാകണം എന്നാണ് എന്റെ സ്വപ്നം.’’

Tags:
  • Spotlight
  • Vanitha Exclusive