Tuesday 12 December 2023 09:33 AM IST : By ഷഹ്‌ല കുഞ്ഞുമുഹമ്മദ്

‘അവനുവേണ്ടി ജീവിക്കാൻ തയാറാണെങ്കിൽ അവനെ നിനക്കു തിരിച്ചുകിട്ടും’; മകനെക്കുറിച്ച് ഡോക്ടർ പറഞ്ഞതു മനസ് തൊട്ടു, നദീറയുടെ പോരാട്ടത്തിന്റെ കഥ

natheera

ഡോക്ടറും എൻജിനീയറുമായില്ലെങ്കിലും തന്റെ കുഞ്ഞ് സ്വയം പര്യാപ്തതയോടെ ജീവിക്കാൻ കഴിവു നേടണം... ആ ആഗ്രഹവുമായാണ് പൊന്നാനിക്കാരി എ.വി. നദീറ എന്ന വീട്ടമ്മ വർഷങ്ങൾക്കു മുൻപു തൃശൂരിലേക്ക് താമസം മാറിയത്. അവനുവേണ്ടിയുള്ള പോരാട്ടമാണ് നദീറയെ തൃശൂർ സിറ്റി സെന്ററിലെ ഗാർനെറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമയാക്കിയതും. പൊന്നാനിയിലെ പേരുകേട്ട സംരംഭകന്റെ മകളാണ് നദീറ. സ്വന്തം താൽപര്യത്തിന് ഒരു വിവാഹം തിരഞ്ഞെടുത്തതോടെ ജീവിതത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി; വീടുമായുള്ള ബന്ധം നഷ്ടപ്പെടാനും. കുറേക്കാലം ഒരു സാധാരണ വീട്ടമ്മയുടെ ലോകത്ത് ഒതുങ്ങി ജീവിച്ചു.

രണ്ടാമത്തെ മകന്റെ ജനനമാണു നദീറയെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോയത്. അവന് മൈൽഡ് ഡിസ്‌ലെക്സിയ പോലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. സംസാരിക്കാനും വൈകി. അന്നു സമീപിച്ച ഡോക്ടർ ‘നിന്റെ മകൻ ഒരിക്കലും ഒരു ‍ഡോക്ടറോ എൻജിനീയറോ ആകില്ല. അവനുവേണ്ടി ജീവിക്കാൻ നീ തയാറാണെങ്കിൽ അവനെ നിനക്കു തിരിച്ചുകിട്ടും’ എന്നു പറഞ്ഞതു നദീറയുടെ മനസ്സിനെ തൊട്ടു. അവനുവേണ്ടി ജീവിക്കണമെന്നു തോന്നി. ആ ശ്രമത്തിനു ഭർത്താവിന്റെ പോലും പിന്തുണയുണ്ടായില്ല, സഹായത്തിനാരുമില്ല. 

കുട്ടിയുടെ വിദ്യാഭ്യാസം വഴിമുട്ടുന്നതായി തോന്നിയപ്പോൾ തൃശൂരിലെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സഹായിക്കുന്ന ആർഡി സെന്റർ നടത്തുന്ന വി.വി. ജോസഫിനെ സമീപിച്ചു. ഭർത്താവിനോടൊപ്പം ട്രിച്ചിയിൽ കഴിഞ്ഞിരുന്ന നദീറ തൃശൂരിലേക്ക് താമസം മാറിയാൽ സഹായിക്കാൻ കഴിഞ്ഞേക്കുമെന്നായി അദ്ദേഹം. പങ്കാളി പോലും സഹായത്തിനില്ലാതെ... മൂന്നു കുട്ടികളെയും കൊണ്ടു കടലിലേക്ക് എടുത്തുചാടുന്നതു പോലെയായിരുന്നു അത്. അങ്ങനെ തൃശൂരിൽ‌ താമസമായി.  

പിണക്കം നടിച്ചെങ്കിലും പിതാവ് പലതവണ സാമ്പത്തികമായി സഹായിച്ചു. പക്ഷേ കുഞ്ഞിനൊപ്പമുള്ള ഓട്ടത്തിനിടയിൽ അത് ഒന്നിനും തികയാത്ത സ്ഥിതിയായി. നദീറയുടെ വസ്ത്രങ്ങളോടുള്ള താൽപര്യം മനസ്സിലാക്കിയ ജോസഫ് തന്നെയാണ് വസ്ത്രമേഖലയിലേക്കു കടക്കാൻ നിർദേശിച്ചത്. 50,000 രൂപ നൽകി അനിയൻ സഹായിച്ചു. അതുവച്ചു വസ്ത്രങ്ങൾ വാങ്ങി വിറ്റു. പിന്നീടതൊരു ചെറിയ കടയിലേക്കു മാറി. 14 വർഷം മുൻപ് സിറ്റിസെന്ററിലേക്കും. പിതാവ് നൽകിയ പിന്തുണയാണ് തന്നെ വളർത്തിയതെന്നു നദീറ പറയുന്നു.

വീർപ്പുമുട്ടൽ സഹിക്കാതെയായപ്പോൾ വിവാഹബന്ധം ഒഴിയേണ്ടി വന്നു. നദീറയുടെ സ്ഥാപനത്തിൽ ജോലിക്കെത്തിയ ബംഗാളി പയ്യനാണ് വസ്ത്ര ഡിസൈനിങ്ങിന്റെ സാധ്യതകൾ പഠിപ്പിച്ചത്. സാധാരണക്കാരനു കൂടി പ്രയോജനപ്രദമാകുന്ന ഒരു വസ്ത്ര ഡിസൈനിങ് സ്ഥാപനത്തിലേക്ക് അതുവഴി വളർന്നു. കോവിഡടക്കം പല പ്രതിസന്ധികളെയും നേരിടണ്ടി വന്നിട്ടുണ്ട്. പക്ഷേ, മുന്നിൽ വലിയ ലക്ഷ്യങ്ങളാണല്ലോ. തോറ്റില്ല. ഇന്നു മക്കളെ ഒരു കരയ്ക്കടുപ്പിക്കാൻ സാധിച്ച, മകന്റെ കുറവുകളെ പൊരുതി തോൽപിച്ച ഒരമ്മയുടെ കരുത്തുണ്ട് ഈ നാൽപ്പത്തിയാറുകാരിയുടെ വാക്കുകളിൽ.

More news..

Tags:
  • Spotlight
  • Motivational Story
  • Inspirational Story