Wednesday 04 January 2023 11:55 AM IST : By സ്വന്തം ലേഖകൻ

കാണുന്നവർക്ക് 'പിരാന്ത്' എന്ന് തോന്നുന്ന, അനുഭവിക്കുന്ന ആൾക്ക് മാത്രം മനസ്സിലാവുന്ന ചില ആഹ്ലാദങ്ങളുണ്ട്; ശലഭങ്ങളുടെ കൂട്ടുകാരി, ശ്രദ്ധേയമായി കുറിപ്പ്

haseeba4567

"സ്വന്തം കഴിവുകളോ താത്പര്യങ്ങളോ വാസനകളോ തിരിച്ചറിയാതെ അതല്ലെങ്കിൽ അതിന്റെയൊക്കെ പിറകെ പോകുന്നത് നേരം കളയലാണെന്ന് ചിന്തിച്ച് യന്ത്രം പോലെ ജീവിച്ചു മരിച്ചുപോകുന്ന എത്ര മനുഷ്യരാണ്. കാണുന്നവർക്ക് 'പിരാന്ത്' എന്ന് തോന്നുന്ന, അനുഭവിക്കുന്ന ആൾക്ക് മാത്രം മനസ്സിലാവുന്ന ചില ആഹ്ലാദങ്ങളുണ്ട്. എല്ലാറ്റിലും ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി ജീവിക്കുന്നവർക്ക് മനസ്സിലാവാത്തത്. 'ഹോബി' എന്ന് നാം ലാഘവത്തോടെ പറയുമെങ്കിലും ആ ഇഷ്ടങ്ങൾക്ക് പിറകെ സഞ്ചരിക്കുന്ന ഒരാൾ അനുഭവിക്കുന്ന ആത്മനിർവൃതിയും സ്വയം മതിപ്പും നാം ഊഹിക്കുന്നതിനും അപ്പുറമാണ്. ജീവിതത്തിലുടനീളം അത് നൽകുന്ന ഉത്സാഹവും ഊർജ്ജസ്വലതയും ചെറുതല്ല."- നജീബ്‌ മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

നജീബ്‌ മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

ശലഭങ്ങളുടെ കൂട്ടുകാരി

ജോലി, വീട്, കുടുംബം എന്ന കെട്ടിമറിച്ചിലിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങൾക്കും സമയം കണ്ടെത്താനാവാത്തവരാണ് ഏറെപ്പേരും. അങ്ങനെയുള്ള മനുഷ്യരാണ് ജീവിതത്തിൽ എന്തെങ്കിലും സങ്കടങ്ങളോ വേദനയോ നിരാശയോ ഉണ്ടാവുമ്പോൾ ഒന്ന് മനസ്സുമാറാൻ പോലും മറ്റൊന്നും ചെയ്യാനില്ലാതെ ഉരുകി തീർന്നുപോകുന്നത്. 

സ്വന്തം കഴിവുകളോ താത്പര്യങ്ങളോ വാസനകളോ തിരിച്ചറിയാതെ അതല്ലെങ്കിൽ അതിന്റെയൊക്കെ പിറകെ പോകുന്നത് നേരം കളയലാണെന്ന് ചിന്തിച്ച് യന്ത്രം പോലെ ജീവിച്ചു മരിച്ചുപോകുന്ന എത്ര മനുഷ്യരാണ്. ചിലപ്പോൾ ആരോഗ്യം നഷ്ടപ്പെട്ട് മറ്റുള്ളവർക്ക് പ്രയോജനമില്ലാതെയായി അവഗണിക്കപ്പെട്ടു തുടങ്ങുമ്പോഴാണ് പലരും അവനവനെ/ അവളവളെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതും ഖേദിക്കുന്നതും.

കാണുന്നവർക്ക് 'പിരാന്ത്' എന്ന് തോന്നുന്ന, അനുഭവിക്കുന്ന ആൾക്ക് മാത്രം മനസ്സിലാവുന്ന ചില ആഹ്ലാദങ്ങളുണ്ട്. എല്ലാറ്റിലും ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി ജീവിക്കുന്നവർക്ക് മനസ്സിലാവാത്തത്. 'ഹോബി' എന്ന് നാം ലാഘവത്തോടെ പറയുമെങ്കിലും ആ ഇഷ്ടങ്ങൾക്ക് പിറകെ സഞ്ചരിക്കുന്ന ഒരാൾ അനുഭവിക്കുന്ന ആത്മനിർവൃതിയും സ്വയം മതിപ്പും നാം ഊഹിക്കുന്നതിനും അപ്പുറമാണ്. ജീവിതത്തിലുടനീളം അത് നൽകുന്ന ഉത്സാഹവും ഊർജ്ജസ്വലതയും ചെറുതല്ല.

ഇത്രയും മുഖവുരയായി പറയാൻ കാരണം എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുടെ കൗതുകകരമായ ഒരു ഹോബിയെ കുറിച്ച് അറിഞ്ഞപ്പോഴാണ്. പട്ടാമ്പിക്കടുത്ത് കൊപ്പത്തുള്ള സുഹൃത്ത് ഷറഫുവിന്റെയും ( Sharafu Kizhakkethil ) അനുജൻ ഫാഇസിന്റെയും ( Faiz Kizhekkethil )വീട്ടിൽ പലവട്ടം പോയിട്ടുണ്ടെങ്കിലും,  കുടുംബസമേതം യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഫാഇസിന്റെ പ്രിയതമ ഹസീബയുടെ ശലഭപ്രേമത്തെ കുറിച്ച് അറിയുന്നത് ഈയിടെ സുഹൃത്ത് Raees Hidaya  പറഞ്ഞപ്പോഴാണ്. 

രണ്ടു കുട്ടികളുടെ ഉമ്മയായ ഹസീബ ശലഭങ്ങളുടെ പിറകെ കൂടുന്നത് 2019 മുതലാണ്. വീട്ടിൽ വിരുന്നുവന്ന ബുദ്ധമയൂരി എന്ന സുന്ദരിപ്പൂമ്പാറ്റയെ കണ്ട കൗതുകത്തിലാണ് ശലഭങ്ങളെ കാര്യമായി നിരീക്ഷിച്ചു തുടങ്ങുന്നത്. തൊടിയിലും മുറ്റത്തും നിത്യം കാണുന്ന പേരറിയാത്ത എത്രയോ പൂമ്പാറ്റകൾ. വ്യത്യസ്തമായ വർണ്ണങ്ങളിലും ഡിസൈനിലും വലിപ്പത്തിലുമുള്ള ശലഭങ്ങളുടെ ഫോട്ടോ പകർത്തുകയായിരുന്നു ആദ്യവിനോദം. ഗൂഗിളിൽ സെർച്ചു ചെയ്ത് ഈ ശലഭങ്ങളുടെ പേരും വിവരങ്ങളും കണ്ടുപിടിച്ചു. 

നിരന്തരമായി  നിരീക്ഷിച്ചപ്പോഴാണ് ഇലകൾക്കടിയിലാണ് ശലഭങ്ങൾ മുട്ടയിടുന്നത് എന്ന് മനസ്സിലാക്കിയത്. മുട്ടയിടാൻ വരുന്ന ശലഭത്തെ പറക്കലിന്റെ രീതി കൊണ്ട് തിരിച്ചറിയാമെന്നും, ഓരോ ശലഭങ്ങളും വ്യത്യസ്തമായ ചെടികളുടെ ഇലകൾ മുട്ടയിടാൻ വേണ്ടി തിരഞ്ഞെടുക്കുന്നത് മുട്ട വിരിഞ്ഞു വരുന്ന പുഴുക്കളുടെ ഇഷ്ടഭക്ഷണമായ ഇലകൾ തേടിയാണെന്നും പിന്നീട് പഠിച്ചു. 

മുട്ട വിരിഞ്ഞു പുഴുവാകുന്നതും പിന്നെ പ്യൂപ്പയായിത്തീരുന്നതും ഒടുവിൽ ചിറകു വിരിച്ചു പൂമ്പാറ്റയായി പറന്നുയരുന്നതും വരെ ആദ്യമൊക്കെ കൗതുകമായിരുന്നെങ്കിൽ, മഞ്ഞും മഴയും കൊണ്ട് മുട്ടകൾ നശിച്ചു പോകാതെ സംരക്ഷിക്കാനും വിവിധയിനം ശലഭങ്ങളുടെ മുട്ടയിൽ നിന്ന് ശലഭം വരെയുള്ള ജീവിതചക്രം സൂക്ഷ്മമായി നിരീക്ഷിക്കാനും പഠിക്കാനും ഉള്ള ഉത്സാഹം ശലഭങ്ങളെ കുറിച്ച് വലിയ അറിവിന്റെ ലോകമാണ് തുറന്നത്.

കഴിഞ്ഞ മൂന്നു വർഷമായി ഹസീബ ശലഭങ്ങളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിച്ചു. വിവിധതരം ശലഭങ്ങളുടെ പേരുകൾ, അവയുടെ ജീവിതരീതി. പുഴുവിൽ നിന്ന് പൂമ്പാറ്റയിലേക്കുള്ള പരിണാമം. ചിറകുകളുടെ വലുപ്പത്തിലടക്കം ശലഭങ്ങൾക്ക് വരുന്ന മാറ്റങ്ങൾ. ഏറെ ക്ഷമ വേണ്ട ഒന്നാണ് ശലഭങ്ങളെ നിരീക്ഷിക്കൽ. പലപ്പോഴും മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ്. പക്ഷെ ഇതിലൂടെ ലഭിക്കുന്ന പുതിയ പുതിയ അറിവുകളും, മുട്ടകൾ സംരക്ഷിക്കുന്നത് മുതൽ പൂമ്പാറ്റയാവും വരെയുള്ള മാറ്റങ്ങൾ അനുഭവിച്ചറിയുന്നതിന്റെ, കൂടെ നിൽക്കുന്നതിന്റെ സന്തോഷവും പറഞ്ഞറിയിക്കാനാവാത്തതാണ്.

Afzal ulama preliminery വരെ പഠിച്ച ഹസീബക്ക് ശലഭങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും, ശലഭങ്ങളുടെ മുട്ട മുതൽ പൂമ്പാറ്റ വരെയുള്ള കാലഘട്ടത്തിന്റെ ഫോട്ടോ പ്രദർശനം നടത്തണമെന്നും ആഗ്രഹമുണ്ട്. ആ മേഖലയിൽ കൂടുതൽ അറിവുള്ളവരെയും സ്ഥാപനങ്ങളെയും പരിചയമില്ലാത്തത് കൊണ്ട് സംശയങ്ങൾ തീർക്കാനും കൂടുതൽ അറിവുകൾ ലഭിക്കാനും തടസ്സമാകുന്നു. പ്രിയതമൻ ഫായിസിന്റെയും വീട്ടുകാരുടെയും പിന്തുണയാണ് ഉത്സാഹത്തോടെ മുന്നോട്ടു നയിക്കുന്നത്.

മക്കൾ ഫർഹലിന്റെയും ഹാനിയുടെയും ഫാഇസിന്റെ ജ്യേഷ്ഠൻ ഷറഫുവിന്റെയും മക്കളുടെ കളിക്കൂട്ടുകാർ കൂടിയാണ് ശലഭക്കുഞ്ഞുങ്ങൾ. ഈ മേഖലയിൽ കൂടുതൽ അറിവുള്ളവരിലേക്ക് എത്തിയാൽ ഹസീബയുടെ ശലഭങ്ങളെ കുറിച്ചുള്ള പഠനത്തിൽ സഹായകമാവും എന്നത് കൊണ്ടാണ് ഈ പോസ്റ്റ്. ഒപ്പം നാം ഒരുപാട് പണം ചെലവഴിച്ചു യാത്രകളും ആഘോഷങ്ങളും നടത്തിയാലും ലഭിക്കാത്ത ആനന്ദം നമ്മുടെ ചുറ്റിലും കണ്ണോടിച്ചാൽ കണ്ടെത്താൻ കഴിയുമെന്നും. നമ്മുടെ ഇഷ്ടങ്ങൾക്ക് കൂടി സമയം കണ്ടെത്തുമ്പോഴാണ് ജീവിതം കുറേക്കൂടി മനോഹരമാവുന്നത്. സാർത്ഥകമാവുന്നതും.

Tags:
  • Spotlight
  • Social Media Viral