Thursday 04 January 2024 10:29 AM IST : By സ്വന്തം ലേഖകൻ

നവകേരളയാത്ര: കറുത്ത ചുരിദാർ ധരിച്ചതിനു ഏഴു മണിക്കൂർ തടഞ്ഞുവച്ച് പൊലീസ്; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയിൽ

archana-0401

നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നെന്ന പേരിൽ 7 മണിക്കൂർ കൊല്ലം കുന്നിക്കോട് പൊലീസ് അന്യായമായി തടവിൽവച്ചെന്നു പരാതിപ്പെട്ടും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കൊല്ലം പത്തനാപുരം തലവൂർ സ്വദേശി എൽ. അർച്ചന ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.

18നു രണ്ടാലുംമൂട് ജംക്‌ഷനിൽ നവകേരള യാത്ര കടന്നുപോകുമ്പോൾ ഭർതൃമാതാവ് ടി.അംബികാദേവിക്കൊപ്പം മുഖ്യമന്ത്രിയെ കാണാൻ എത്തിയതായിരുന്നു ഹർജിക്കാരി. ഭർത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഹർജിക്കാരിയെ വൈകിട്ട് ആറരയോടെയാണു വിട്ടയച്ചത്.

താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും ഹർജിക്കാരി അറിയിച്ചു. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല. ഭർത്താവ് രാഷ്ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ തന്നെ അറസ്റ്റ് ചെയ്യാനാവുമെന്നു ഹർജിയിൽ ചോദിക്കുന്നു.

Tags:
  • Spotlight