Thursday 04 April 2024 01:38 PM IST : By ആർ.പി. സായ്കൃഷ്ണ

‘അരുണാചൽ പ്രദേശിൽ പോയാൽ അന്യഗ്രഹത്തിലെത്താം!’; ആസ്ട്രൽ പ്രൊജക്‌ഷനെക്കുറിച്ചും നവീൻ അറിയാൻ ശ്രമിച്ചു, ടെലഗ്രാം ഗ്രൂപ്പുകളില്‍ സജീവം

naveen6667arya

അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മൂന്നംഗ സംഘത്തിലെ നവീൻ, സാത്താൻസേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമായിരുന്നുവെന്നു വിവരം. ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്‌ഷനെക്കുറിച്ചു നവീൻ അറിയാൻ ശ്രമിച്ചിരുന്നതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട പരന്ന വായനയിലും ചർച്ചകളിലുമാണ്, അരുണാചൽ പ്രദേശിൽ പോയാൽ അന്യഗ്രഹത്തിലെത്താം എന്ന ചിന്ത നവീന്റെ തലയിൽ കയറിയത്.

ജീവിതപങ്കാളിയായ ദേവിക്ക് ഇക്കാര്യം മനസിലാക്കി കൊടുക്കുകയായിരുന്നു നവീന്റെ ആദ്യ ദൗത്യം. വർഷങ്ങളായി നവീനൊപ്പമുള്ള സഹവാസത്തിലൂടെ പുനർജന്മത്തിലടക്കം വിശ്വസിച്ചിരുന്ന ദേവി, ഭർത്താവു പറയുന്നതെല്ലാം വിശ്വസിച്ചു. ദേവി ഇക്കാര്യങ്ങൾ അടുത്ത സുഹൃത്തായ ആര്യയോടും പങ്കിട്ടിട്ടുണ്ടാകാമെന്നാണു സംശയം. അതേസമയം, ഈ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു വൻ സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നതായി വിവരമുണ്ട്.

ആത്മഹത്യയിലൂടെ പുനർജന്മം സാധ്യമാക്കാനാണു നവീൻ സമൂഹമാധ്യമങ്ങൾ വഴി പരിശ്രമിച്ചത്. നിലവിലുള്ളതിനെക്കാൾ മികച്ച ജീവിതമാണു മരണാനന്തരം ടെലഗ്രാം ഗ്രൂപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഈ ഗ്രൂപ്പുകളിലേക്കുള്ള കെണിയൊരുക്കുന്നത്. ഈ സംസാരം പിന്നീടു മറ്റൊരു തലത്തിലേക്കു കടക്കും. ആത്മീയമായി ഉയർച്ചയുണ്ടാകുന്ന സന്ദേശങ്ങൾ ദിവസവും നൽകിക്കൊണ്ടിരിക്കും.

കൂടുതൽ വിവരങ്ങൾ അറിയാൻ ടെലഗ്രാം ഗ്രൂപ്പിലേക്കു ക്ഷണിക്കുന്നതാണു രീതി. കെണിയിൽപ്പെടുന്നവർ മരണശേഷമുള്ള സുഖജീവിതത്തെപ്പറ്റി വിവരങ്ങൾ കൈമാറി പങ്കാളികളെയും സുഹൃത്തുക്കളെയും കൂടെക്കൂട്ടും. ഇതാണു നവീൻ വഴി ദേവിയിലേക്കും പിന്നീട് ആര്യയിലേക്കും നീണ്ട മരണത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

പൂര്‍ണ്ണമായും വായിക്കാം...

Tags:
  • Spotlight