Tuesday 01 August 2023 12:44 PM IST

മൂക്കിലെ കെട്ട്, വെള്ളസാരി... ആരാണ് ശരിക്കും ആ സ്ത്രീ? സത്യാവസ്ഥ വിശദീകരിച്ച് ഉദ്യോഗസ്ഥൻ

Binsha Muhammed

kalady-lady

മൂക്ക് മറച്ച് മുഖത്തിന് കുറുകെ ഒരു വെളുത്ത തുണി ചുറ്റിക്കെട്ടിയിരിക്കുന്നു. വെള്ള സാരിയാണ് വേഷം. തലമറച്ചും ഒരു വെളുത്ത തുണി. തിളങ്ങുന്ന കണ്ണുകൾ... രാത്രിയിൽ, കാറിൽ ഇങ്ങനെയൊരാൾ വന്നിറങ്ങി കവലയിൽ നിന്നാലോ? പേടിക്കാതെ തരമില്ല... അതാണ് കാലടി മലയാറ്റൂർ അടിവാരത്തും സംഭവിച്ചത്. നടന്നു പോയവരും ബൈക്കിൽ പോയവരുമൊക്കെ ഒറ്റനോട്ടത്തിൽ ആ രൂപം കണ്ട് ഞെട്ടി ഓടിമാറുകയോ പിന്നിലേക്ക് ചാടുകയോ ചെയ്തു.

സംഭവത്തിൽ നാട്ടുകാർ ഇടപെടുകയും സോഷ്യൽ മീഡിയ പുതിയ കഥകൾ ചമയ്ക്കുകയും ചെയ്്തതോടെയാണ് ആ വൈറൽ പ്രേതക്കഥയിലേക്ക് പൊലീസ് ഇടപെടുന്നത്. സ്ത്രീയുടെ ഭയപ്പെടുത്തുന്ന രാത്രി സഞ്ചാരം ചോദ്യം ചെയ്ത് തടിച്ചു കൂടിയ നാട്ടുകാർക്കിടയിൽ നിന്നും പൊലീസ് അവരെ കൊണ്ടു പോകുന്ന കാഴ്ചയും സോഷ്യൽ മീ‍ഡിയ കണ്ടു. കഥകളും ഉപകഥകളും വ്യാഖ്യാനങ്ങളും മുറപോലെ നടക്കുമ്പോൾ സംഭവത്തിൽ കൂടുതൽ വ്യക്തത നൽകുകയാണ് കാലടി സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് എൻ.എ. ‘മൂക്കിൽ കെട്ടും വെള്ള സാരിയും ധരിച്ച് വെള്ളക്കാറിൽ ചുറ്റുന്ന സ്ത്രീക്കു പിന്നിൽ എന്ത്?’ എന്ന് വനിത ഓൺലൈനോടു വിശദീകരിക്കുകയാണ് അദ്ദേഹം.

ഭയപ്പെടുത്തുന്ന രൂപത്തിനു പിന്നിൽ?

‘കഥകൾക്കും ഭാവനകൾക്കും സോഷ്യൽ മീഡിയയിൽ പഞ്ഞമുണ്ടാകില്ല. നിങ്ങൾ കാണുന്നതായിരിക്കില്ല ശരിക്കുമുള്ള സത്യം. എന്തായാലും മലയാറ്റൂർ ഭാഗത്ത് ഭീതി പരത്തുന്ന സ്ത്രീയെ കുറിച്ചുള്ള കെട്ടുകഥകൾക്ക് തൽക്കാലം യാഥാർഥ്യവുമായി ബന്ധങ്ങളില്ല. നല്ല ജോലിയും സാമ്പത്തിക പശ്ചാത്തലവുമുള്ള കുടുംബത്തിലെ അംഗമാണ് ആ സ്ത്രീ. അവർക്കെതിരെ നിയമപരമായ നടപടിയെടുക്കാനുള്ള സാഹചര്യങ്ങളൊന്നും നിലവിൽ ഇല്ല. പിന്നെ ആ രൂപം... അത് പറയാം’– അനൂപ് എൻ. എ പറയുന്നു.

ബിഎസ്എൻഎല്ലിൽ നല്ല തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയാണവർ. കുടുംബമുണ്ട്, കുട്ടികളുണ്ട്. അസാധാരണമായ രീതിയിൽ പെരുമാറുന്നു എന്ന് പലരും പറയുമ്പോഴും നിയമപരമായ നടപടി എടുക്കാനുള്ള തെറ്റൊന്നും അവർ ചെയ്തിട്ടില്ല. നിരത്തിലൂടെ വാഹനം ഓടിക്കാനുള്ള ലൈസൻസ് അവർക്കുണ്ട്. അവർ ധരിച്ചിരിക്കുന്ന വേഷവും സാധാരണമാണ്. അതിന്റെ പേരിൽ എങ്ങനെ കേസെടുക്കാനാകും? പിന്നെ ആൾക്കാരെ ഭയപ്പെടുത്തുന്ന മൂക്കിലെ കെട്ട്, അത് അവരുടെ മാസ്ക് ആണെന്നാണ് അവർ പറയുന്നത്.

അത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാൻ പൊലീസിന് അധികാരമില്ല. ചുരുക്കത്തിൽ അവർ ധരിക്കുന്ന വസ്ത്രം വച്ച് സിനിമാ കഥാപാത്രമാണ്, യക്ഷി വേഷമാണ് എന്നൊക്കെയുള്ള ഭാവനകൾ ചമയ്ക്കുന്നതിൽ അർഥമില്ലല്ലോ.

നാട്ടുകാരുടെ രോഷവും പരാതിയും കണക്കിലെടുത്ത് പൊലീസും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. പക്ഷേ അവർ പൊലീസിനോടും സഹകരിക്കുന്നില്ല. ‘എന്നെ കണ്ടിട്ട് എന്തിന് ഭയപ്പെടുന്നു’ എന്നാണ് അവരും ചോദിക്കുന്നത്? പൊലീസ് മോശമായി പെരുമാറിയെന്ന് പറഞ്ഞ് അവർ ഞങ്ങൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. രണ്ടും മൂന്നും പേജിലൊക്കെയാണ് പരാതി നൽകുന്നത്. അവർ മാനസിക ദൗർബല്യമുള്ള സ്ത്രീയാണെന്നൊക്കെ നാട്ടുകാർ പറയുന്നുണ്ട്. അത്തരം അനുമാനങ്ങളിലേക്കൊന്നും പൊലീസ് എത്തിയിട്ടില്ല, അതു പരിശോധിച്ചു വരികയാണ്.– അനൂപ് എൻ.എ പറഞ്ഞു നിർത്തി.

അതേസമയം തടഞ്ഞു നിർത്തിയ നാട്ടുകാരെ ചീത്ത വിളിക്കുന്നതും പ്രചരിക്കുന്ന വിഡിയോയിലുണ്ട്. ‘നിങ്ങളെന്തിനാണ് എന്റെ പുറകേ നടക്കുന്നത്, ഞാനെവിടെ പോയാലും നിനക്കെന്താടാ...’ എന്നൊക്കെ നാട്ടുകാരോട് പറയുന്നത് വിഡിയോയിൽ കാണാം. പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് അസഭ്യവർഷം.