Wednesday 22 September 2021 04:28 PM IST

നഷ്ടമായത് മൂന്ന് കുഞ്ഞുങ്ങൾ, കാത്തിരുന്നത് 8 വർഷം: നിഷയ്ക്കും അനുമോഹനും കാലം കാത്തുവച്ചത് 3 കൺമണികളെ

Binsha Muhammed

nisha-babies

നീണ്ട 8 വർഷം... അതിലെ ഓരോ ദിവസവും നിഷയ്ക്ക് ഒരു യുഗം പോലെയായിരുന്നിരിക്കണം. കൺമണിക്കായി കൺകൊതിച്ച് കാത്തിരുന്ന പെണ്ണിനെ വിധി മൂന്നുവട്ടം കൊതിപ്പിച്ചു. എന്നിട്ട് കരയിച്ചു. വരവറിയിച്ച മൂന്ന് പൊന്നോമനകൾ, അവളുടെ കൺമുന്നിൽ കൂടിയാണ് വഴുതിപ്പോയത്. നേരമായിട്ടില്ലെന്ന് നെഞ്ചിനകത്തിരുന്ന് ആരോ പറയും പോലെ. എന്നിട്ടും മാതൃത്വത്തിന്റെ മധുരം നുകരുന്ന നല്ല നാളിനായി, നിഷ കാത്തിരിപ്പു തുടർന്നു കൊണ്ടേയിരുന്നു.

ആശുപത്രി വരാന്തയിൽ ഭർത്താവ് അനുമോഹന്റെ കൈകൾ കോർത്തുപിടിച്ച് ടെസ്റ്റ് റിസൽറ്റിനായി കാത്തിരുന്ന നിമിഷങ്ങൾ, നിരാശ കലർന്ന മറുപടികൾ എല്ലാം നിഷയുടെ ഓർമ്മയുടെ റീലുകളിലുണ്ട്. വിശേഷമൊന്നും ആയില്ലേ... എന്ന കുത്തിനോവിച്ച ചോദ്യങ്ങളെ മറികടക്കാൻ ബാങ്ക് മാനേജർ ജോലിയുടെ തിരക്കുകൾ സഹായിച്ചിട്ടുണ്ട്. എങ്കിലും ഉള്ളിന്റെ ഉള്ളിൽ ആ ഒരു ചോദ്യം മാത്രം വിങ്ങലായി അവശേഷിച്ചു.

‘എന്നാണ് എന്റെ കണ്ണൻ വരിക...എന്നാണ് ഞാനൊരു അമ്മയാകുക?’

നെടുവീർപ്പുകളുടേയും നിരാശയുടേയും നീണ്ട 8 കൊല്ലം അങ്ങനെ കടന്നു പോയി. ഏതൊരു പെണ്ണും മനസു കൊണ്ട് തളർന്നു പോകുന്ന അവസ്ഥ. ഒരു കുഞ്ഞിക്കാൽ കാണിക്കാതെ വേദനിപ്പിച്ച വിധി വലിയൊരു നിധി കാത്തുവച്ച് നിഷയോട് പ്രായശ്ചിത്തം കാണിച്ചു. കൊതിച്ചത് ഒരു കുഞ്ഞിക്കാലിനു വേണ്ടിയായിരുന്നു, പക്ഷേ നിഷയുടെ ഉള്ളിന്റെ ഉള്ളിൽ ജീവനുകൾ മൂന്നായി തളിരിട്ടു. അതുവരെ കാത്തിരുത്തിയ കാലം, അങ്ങനെ അവളോട് കടംവീട്ടി. കൺകുളിർക്കുന്ന ആ കാഴ്ച കാണണമെങ്കിൽ കോഴിക്കാട് ഫറോക്ക് ചെറുവണ്ണൂരിലെ ചിറയ്ക്കൽ വീട്ടിലെ വീടിന്റെ ഉമ്മറത്തേക്ക് നോക്കണം. അവിടെ കൊഞ്ചിച്ചിരിച്ചും കുറുമ്പു കാട്ടിയും നടക്കുന്ന മൂന്ന് കുറുമ്പൻമാരെ കാണാം. അമൽ, അലൻ, അമൻ എന്നിങ്ങനെ മൂന്ന് ചക്കരക്കുട്ടികൾ. ഇതവരുടെ മാത്രം കഥയല്ല, ഒരമ്മയുടെ കാത്തിരിപ്പിന്റെ കഥകൂടിയാണ്. നിഷ ‘വനിത ഓൺലൈനോട്’ പറയുന്നു, ആ മൂന്ന് നിധികളെ നേടിയ കഥ...

nisha-baby-6

മൊട്ടറ്റുപോയ ജീവനുകൾ

ചില നഷ്ടങ്ങളുടെ പേരിൽ, ചില വേദനകളുടെ പേരിൽ, ഒരുപാട് കാലം നമുക്ക് സങ്കടപ്പെടേണ്ടി വരില്ല. കൊതിച്ച സൗഭാഗ്യങ്ങളുടെ പേരിൽ ഒരുപാട് കാലം കാത്തിരിക്കേണ്ടിയും വരില്ല. നിറഞ്ഞൊഴുകുന്ന കണ്ണീരിന്റെ സ്ഥാനത്ത് പുഞ്ചിരി വിരിയാൻ ഇത്തിരി നേരം മതി. കാത്തിരിപ്പിന് ഒരറ്റമുണ്ടെങ്കിൽ, വേദനയ്ക്ക് ഒരു അവസാനമുണ്ടെങ്കിൽ അത് സന്തോഷത്തിന്റേതാകും. സംശയമുണ്ടെങ്കിൽ ദേ...എന്റെയീ മുത്തുമണികളെ നോക്കിയാൽ മതി.– ഹൃദയംനിറയ്ക്കുന്ന വാക്കുകളോടെയാണ് നിഷ തുടങ്ങിയത്.

2011ലായിരുന്നു വിവാഹം. വീട്ടുകാരായിട്ട് ആലോചിച്ച് ഉറപ്പിച്ച പക്കാ അറേഞ്ച്ഡ് മാര്യേജ്. അന്ന് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ അസിസ്റ്റന്റ് മാനേജറാണ് ഞാൻ. കോയമ്പത്തൂര്‍ ശാഖയില്‍. ഭർത്താവ് അനുമോഹന് ബിസിനസാണ്. വിവാഹം കഴിഞ്ഞ് ആദ്യ ഒരു വർഷവും ഞാൻ കോയമ്പത്തൂർ തന്നെയായിരുന്നു. ആദ്യത്തെ വിവാഹ വാർഷികവും കഴിഞ്ഞ ശേഷമാണ് നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടുന്നത്. തിരൂർ ശാഖയിൽ മൂന്ന് മാസം ജോലി ചെയ്തു. പിന്നീട് കോഴിക്കോട് റീജനൽ ഓഫീസിലേക്ക് മാറ്റംകിട്ടി. ജോലിയുടെ തിരക്കുകളിൽ മുന്നോട്ടു പോകുമ്പോഴും ഒരു കുഞ്ഞെന്ന സ്വപ്നം ആദ്യ നാളുകളിലേ ഉള്ളിൽ നാമ്പിട്ടു. വാവയുടെ വരവിനായി കാത്തിരുന്നു. വിവാഹത്തിനു മുന്നേ പിസിഒഡിയുടെ പ്രശ്നം എനിക്കുണ്ടായിരുന്നു. അത് പലപ്പോഴും എന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിനെ നീട്ടിയിരുന്നു. പല ആശുപത്രികളിലും മാറി മാറി ട്രീറ്റ്മെന്റ് ചെയ്തു.

nisha-baby-3

ആ നാളുകളിലെപ്പോഴോ എന്റെ കാത്തിരിപ്പ് അവസാനിച്ച് ഒരു സന്തോഷവാർത്തയെത്തി. കുടുംബത്തിലാകെ സന്തോഷം വിതറി, 2013ൽ പൊസിറ്റീവ് ന്യൂസ്. ഞാനാരു അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വർത്തമാനം പ്രെഗ്നൻസി കിറ്റിലൂടെ ഞാനറിഞ്ഞു. അന്നൊരു ശനിയാഴ്ചയാണെന്നാണ് എന്റെ ഓർമ്മ. അന്ന് ഒത്തിരി സന്തോഷിച്ചതാണ്. പക്ഷേ ആ സന്തോഷങ്ങള്‍ക്ക് നീർക്കുമിളയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത ദിവസം വല്ലാത്തൊരു വയറു വേദന വന്നു. വേദന കൊണ്ട് പുളഞ്ഞ മണിക്കൂറുകൾ കടന്ന് തിങ്കളാഴ്ചയോടെ ആശുപത്രിയിലെത്തുകയാണ്. അവിടെ ഞങ്ങളെ കാത്തിരുന്നത് കുഞ്ഞാവ എത്തുന്ന സന്തോഷച്ചിരിയൊന്നാകെ മായ്ക്കാൻ പോന്നൊരു ടെസ്റ്റ് റിസൾട്ട്.

എന്റെ ഉള്ളിൽ മൊട്ടിട്ട ജീവൻ അപകടാവസ്ഥയിലായിരുന്നുവത്രേ. ട്യൂബുലർ പ്രെഗ്നൻസിയാണ് സംഭവിച്ചതെന്നും മുന്നിൽ ജീവൻ തന്നെ അപകടത്തിലാകുന്ന പ്രശ്നങ്ങൾ പതിയിരിപ്പുണ്ടെന്നും അറിയിപ്പെത്തി. അബോർഷനല്ലാതെ മറ്റു മാർഗമില്ലായിരുന്നു. അന്ന് നെഞ്ചുനിറഞ്ഞ വേദനയോടെ ഞാൻ അബോർഷന് വിധേയയായി. പക്ഷേ നിരാശയായില്ല, കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് പിന്നെയും നീണ്ടു. ഞാനും ക്ഷമയോടെ കാത്തിരുന്നു.

nisha-baby-5

അന്നുണ്ടായ മനോവ്യഥകളേയും ചോദ്യങ്ങളേയും മറികടക്കാൻ എന്നെ ബാങ്ക് ജോലി സഹായിച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് കയറിയാൽ തിരികെ വീട്ടിലെത്തുന്നത് തന്നെ 6 മണിയൊക്കെ ആകുമ്പോഴായിരിക്കും. അപ്പോ പിന്നെ സങ്കടപ്പെട്ട് വെറുതെ ഇരിക്കേണ്ടല്ലോ. അതുമാത്രമല്ല, കുഞ്ഞിനെയോർത്ത് ഓരോ തവണ സങ്കടപ്പെടുമ്പോഴും അനു ചേട്ടൻ എന്നെ സാന്ത്വനിപ്പിക്കും. പോട്ടെടോ, ശരിയാകുമെടോ, എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിക്കും. അങ്ങനെ ദിവസങ്ങൾ കടന്നു പോകെ രണ്ടു വട്ടം കൂടി എന്റെ ശരീരം അമ്മയാകുന്നതിന്റെ സൂചനകൾ നൽകി. സൂചനയെന്ന് പറയുന്നതിനേക്കാളും കൊതിപ്പിച്ചു എന്നു പറയുന്നതാകും ശരി. കുഞ്ഞിന് ആരോഗ്യമില്ല വീക്ക് പ്രെഗ്നന്ഡസി ആണെന്ന് പറഞ്ഞ് ആ രണ്ട് കുഞ്ഞുങ്ങളേയും എനിക്ക് കളയേണ്ടി വന്നു. എന്തൊരു അവസ്ഥയാണെന്ന് നോക്കണേ... ഒരു പരീക്ഷണം പോലും താങ്ങാനായില്ല. പിന്നാലെ വീണ്ടും വീണ്ടും വേദനയേറ്റി രണ്ട് സങ്കടവാർത്തകൾ കൂടി. തകർന്നു പോയ ആ നിമിഷങ്ങളിലും എനിക്ക് തണലായത് അനു ചേട്ടനായിരുന്നു. പിന്നെയും കാത്തിരുന്നു... എന്റെ കൺമണി ഉള്ളിൽ മൊട്ടിടുന്ന നാളിനായി.

nisha-baby-2

ഉള്ളിൽ മൊട്ടിട്ടു ജീവനുകൾ...

ജീവിതത്തിന്റെ നല്ല കാലങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു. ഞങ്ങളുടെ കാത്തിരിപ്പും നീണ്ടു പോയി. 8 വർഷത്തെ കാത്തിരിപ്പിന് ഇനിയെങ്കിലും ഫലമുണ്ടാകണം എന്ന തിരിച്ചറിവിന്റെ ബോധ്യത്തിലാണ് ഐവിഎഫ് എന്ന അവസാന വാക്കിലേക്കെത്തിയത്. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണ് തേടിയത്. നിർദ്ദേശങ്ങൾ, മരുന്നുകൾ, ടെസ്റ്റുകൾ എല്ലാം കൃത്യമായി സ്വീകരിച്ചു. ജോലിക്കു പോലും അവധി നൽകി ട്രീറ്റ്മെന്റിന് വിധേയയായി. ആ ശ്രമം വെറുതെയായില്ല, ഐവിഎഫ് വിജകരമായതിന്റെ സൂചനകൾ ശരീരം നൽകി.

പോസിറ്റീവായ പിറ്റേന്നു തന്നെ സ്കാനിങ്ങിന് വിധേയയായി. 2 കുഞ്ഞുങ്ങളെന്ന് അറിഞ്ഞപ്പോഴേ ശരിക്കും സർപ്രൈസായി. പക്ഷേ സർപ്രൈസ് ഒരെണ്ണം കൂടി ബാക്കിയുണ്ടായിരുന്നു. ഒരു ബ്ലീഡിങ്ങിനെ തുടർന്നാണ് ഓടി ആശുപത്രിയിലെത്തിയത്. മുൻ അനുഭവങ്ങൾ ഉള്ളതുകൊണ്ടു തന്നെ ശരിക്കും പേടിയായിരുന്നു. പക്ഷേ അതൊരു നല്ല സൂചനയായിരുന്നു. പ്രെഗ്നെന്റ് ആയി ഒരു മാസം കൂടി കഴിഞ്ഞ് നടന്ന ആ പരിശോധനയിൽ രണ്ട് പേർക്ക് കൂട്ടായി ഒരാള്‍ കൂടി ഉണ്ടെന്നറിഞ്ഞു. ഇതിപ്പോ മൂന്ന് പേരാണല്ലേ... എന്ന് ഡോക്ടർ പറഞ്ഞപ്പോൾ നഴ്സുമാരൊക്കെ നിന്ന് ചിരിച്ച നിമിഷം ഓർമയുണ്ട്.

nisha-baby-1

അങ്ങനെ കാത്തിരിപ്പിന്റെ കാർമേഘങ്ങൾ പോയ്മറയുകയായി. ഇക്കുറി ശരിക്കും അമ്മയാകാന്‍ തയ്യാറെടുത്തു. ശരീരം കൊണ്ടും മനസു കൊണ്ടും. മൂന്ന്പേരായതു കൊണ്ടു തന്നെ പ്രസവം നേരത്തെയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. എട്ടുമാസം ആയപ്പോഴോ ആശുപത്രിയില്‍ അഡ്മിറ്റാകാൻ തയ്യാറെടുത്തു. അതും പറഞ്ഞ ഡേറ്റിന് ഒരാഴ്ച മുമ്പേ. അങ്ങനെയൊരു 2020ലെ ജൂൺ മാസം, 22–ാം തീയതി എന്റെ കൺമണികൾ എത്തി. നാലു ദിവസം കഴിഞ്ഞാണ് അവരെ ഒന്നു തൊട്ടുനോക്കാൻ പോലും കഴിഞ്ഞത്. അതുവരെ അവർ ഐസിയുവിലായിരുന്നു. സിസേറിയന്റെ ആലസ്യം വിട്ടൊഴിഞ്ഞ് സ്വബോധത്തിലേക്ക് മടങ്ങിയ നിമിഷങ്ങളിലെപ്പോഴോ നഴ്സ് എന്നെ അവരുടെ അടുത്തെത്തിച്ചു. അവരുടെ കുഞ്ഞിക്കാലുകളിൽ തൊട്ടുനോക്ക് എന്നുപറഞ്ഞു. ഭൂമിയില്‍ ഞാന്‍ അനുഭവിച്ച ഏറ്റവും സുന്ദരമായ നിമിഷം അതാണ്. ഇന്ന് ഒന്നിച്ചുറങ്ങി, ഒന്നിച്ചുണർന്ന് കളിയും ചിരിയും കലപിലകളുമായി അവരെന്റെ വീട്ടിലുണ്ട്. ഞാൻ അതെല്ലാം ഇങ്ങനെ നിറമിഴികളോടെ നോക്കി നിൽപ്പാണ്. ഈയൊരു കാഴ്ച കാണാൻ ഞാനെത്ര കൊതിച്ചെന്നോ. ഇതിലും വലിയൊരു സന്തോഷമില്ല, അതിനപ്പുറം മറ്റൊരു സൗഭാഗ്യവുമില്ല.– നിഷ പറഞ്ഞു നിർത്തി.