Wednesday 26 August 2020 04:54 PM IST

‘ഒരു കഷണം ശീലയെങ്കിലും വാങ്ങിയില്ലെങ്കിൽ ഓണം ഓണമാവാതിരുന്ന കാലങ്ങൾ’; എത്രയെത്ര കഥകൾ പറയാനുണ്ടാവും ഓരോ ഓണക്കോടിക്കും!

Tency Jacob

Sub Editor

onamffdsfdf

ശുഭ്രമായ വെളുപ്പിനെ വലംവച്ചു പോകുന്ന സ്വർണ്ണക്കസവിന്റെ ചാരുത. പൊൻപ്രഭ തിളങ്ങുന്ന തിരുവോണപ്പുലരിയിൽ നിറവോടെ കിട്ടുന്ന ആ ഓണക്കോടിക്ക് ഭംഗിയേറെയാണ്. കൈത്തറിമണം വിട്ടുമാറാത്ത ആ കോടിത്തുണിയുടെ ഗന്ധവും മിനുമിനുസവും ഓരോ മലയാളിയേയും കൊതിപ്പിക്കാറുണ്ട്. അപ്രതീക്ഷിത സമ്മാനങ്ങളെത്ര കിട്ടിയാലും കിട്ടുമെന്നുറപ്പുള്ള ഓണസമ്മാനത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് മലയാളിയുടെ ഒരു വർഷം.

ഓണ വിജ്ഞാനകോശം അനുസരിച്ചാണെങ്കിൽ ഓണത്തിനു ഗൃഹനാഥൻ കുടുംബാംഗങ്ങൾക്കും വീട്ടിൽ സഹായത്തിനായി വരുന്നവർക്കും നൽകുന്ന കോടിവസ്ത്രമാണ് ഓണക്കോടി. കുടുംബത്തിലെ സ്ത്രീകൾക്ക് കസവുമുണ്ട്, പുരുഷന്മാർക്ക് ജഗന്നാഥനും മല്ലുത്തുണിയും, കുട്ടികൾക്കു കസവുകരയുള്ള മഞ്ഞപാവുമുണ്ട് എന്നിങ്ങനെയായിരുന്നു പണ്ടത്തെ ക്രമം.വീട്ടിൽ സഹായിക്കാൻ നിൽക്കുന്നവർക്ക് അവസ്ഥയനുസരിച്ചു കോടി വസ്ത്രങ്ങളും കൊടുക്കും. അതൊരു മുണ്ടോ, തോർത്തുമുണ്ടുമാകാം. 

ചിലപ്പോൾ ഒരു വർഷത്തേക്ക് ഉടുക്കാനുള്ള രണ്ടോ മൂന്നോ വസ്ത്രങ്ങളും അതിനൊപ്പം കിട്ടും. ചെട്ടിയാർ തലച്ചുമടേറ്റി കൊണ്ടുവരുന്ന തുണിത്തരങ്ങളിൽ നിന്നു വാങ്ങുന്നതോ ചന്തയിലോ കൈത്തറി നെയ്യുന്ന ശാലകളിലോ പോയി നേരിട്ടു വാങ്ങി വരുന്നതോ ആയിരുന്നു അതെല്ലാം. തിരുവോണപ്പുലരിയിൽ ഓണക്കോടി അല്ലെങ്കിൽ ഓണപ്പുടവയുടുക്കണമെന്നു നിർബന്ധമായിരുന്നു. ഒരു കഷണം ശീലയെങ്കിലും വാങ്ങിയില്ലെങ്കിൽ ഓണം ഓണമാവാതിരുന്ന കാലങ്ങൾ...

കസവുനൂൽ തിളക്കമില്ലാത്ത പുളിയിലക്കര നേര്യതുകളായിരുന്നു സെറ്റുമുണ്ടുകളുടെ ആദ്യകാല രൂപം.നേർത്ത കരയുള്ള നേര്യതും പുടവയും.ആദ്യമൊക്കെ ഈർക്കിൽ വണ്ണത്തിലായിരുന്നു കസവുകര. പിന്നീടത് വിരൽവണ്ണത്തിലായി. കാലം മാറിവന്നപ്പോൾ സ്ത്രീകൾക്ക് കസവുമുണ്ടിന്റെ സ്ഥാനത്ത് സെറ്റുസാരിയും പട്ടുപാവാടയും ബ്ലൗസുമെല്ലാം കയറിവന്നു. സെറ്റുസാരിയുടെ അതേനിറമുള്ള ബ്ലൗസു മാറി പച്ചയും ചുവപ്പും തുടങ്ങിയ നിറങ്ങളും പിന്നെയെല്ലാ നിറങ്ങളും വന്നു. 

പട്ടുതുണികൊണ്ടും ബ്രൊക്കേഡുകൊണ്ടും പലതരം തുണികൾ കൊണ്ടുമെല്ലാം ബ്ലൗസുകൾ തുന്നി തീർക്കാൻ തുന്നൽക്കാരന്മാർ തിരുവോണത്തിനും ഓണസദ്യയുണ്ണാതെ പണിയെടുത്തു.സെറ്റുമുണ്ടിന്റെ കരയിൽ നിറങ്ങളുടെ വർണ്ണകുടമാറ്റം തന്നെ നടന്നു.  പിന്നീടതെല്ലാം മാറി ചുരിദാറും മിഡിയും ടോപ്പുകളും ജീൻസും പലതരത്തിലുള്ള ഉടുപ്പുകളും സ്ഥാനം പിടിച്ചു. ഓണമുണ്ട് സമ്മാനം കൊടുത്താൽ ഒരുവയസ്സുകാരൻ വരെ മുഖം ചുളിച്ചു തുടങ്ങി. ഓരോരുത്തർക്കും ഇഷ്ടമുള്ള ഡ്രസ്സ്. അതായി ഓണക്കോടി.

പുരുഷന്മാരുടെ ഓണക്കോടിയിലും മാറ്റങ്ങളായി കസവുമുണ്ടിനൊപ്പം വേഷ്ടിയും ജുബ്ബയും കുർത്തിയും ഷർട്ടുമൊക്കെ മാറി മാറി വന്നു. എന്നാലും കുഴിത്തറികളിൽ നെയ്തെടുക്കുന്ന ഐശ്വര്യത്തിന്റെ ഓണചിഹ്നമായ മഞ്ഞക്കോടിക്ക് ആവശ്യക്കാരുണ്ടായിരുന്നു. ബാലരാമപുരത്തു പാരമ്പര്യമായി മഞ്ഞമുണ്ട് നെയ്യുന്നവർ കർക്കടകത്തിൽ തന്നെ അതിനുള്ള ഒരുക്കം തുടങ്ങും. ഒരോ നൂൽ തന്നെയാണ് ഊടും പാവും തയാറാക്കുന്നതിനു ഉപയോഗിക്കുന്നതെന്നതാണ് ഇതിന്റെ പ്രത്യേകത.കൈത്തറിയുടെ പെരുമയും കസവിന്റെ പകിട്ടുമുള്ള കൂത്താമ്പുള്ളി സെറ്റുമുണ്ടിനും സാരിയ്ക്കും ഓണക്കാലത്ത് ആവശ്യക്കാർ കൂടുതലായി. 

സെറ്റുസാരികളുടെയും സെറ്റുമുണ്ടുകളുടെയും അരികുകളിലൂടെ മിന്നിപ്പോയ ഫാഷനുകളെത്ര. സ്വർണ്ണ നൂലിഴകളും വെള്ളിനൂലിഴകളും വീതി കൂടിയും കുറഞ്ഞും പല താളത്തിലും  നെയ്തുപോയി.മ്യൂറൽ പെയിന്റിങ്ങും കലംകാരി ഡിസൈനും കട്ട് വർക്കുകളും ടെംപിൾ ഡിസൈനുകളും കൂടുതൽ ചന്തം ചാർത്തി. കസവുനൂലിന്റെ തങ്കതിളക്കം മിന്നിമായുന്ന ടിഷ്യൂസാരികളും പലകൊല്ലങ്ങളിൽ അരങ്ങുവാണു. എന്തു തന്നെയായാലും, ചിങ്ങവെയിലേറ്റു തിളങ്ങുന്ന കസവുടയാടയുടുത്ത് മുല്ലപ്പൂ വച്ച് അതിനൊത്ത ആഭരണങ്ങളുമിട്ടു പെൺകൊടി അണിഞ്ഞൊരുങ്ങുമ്പോൾ തന്നെ ഓണം വന്നു നോക്കിനിൽക്കും. കസവുമുണ്ടിൽ ചുരിദാറും ടോപ്പുകളുമെല്ലാം ഇന്നു ലഭ്യമാണ്. 

എത്രയെത്ര കഥകൾ പറയാനുണ്ടാവും ഓരോ ഓണക്കോടിക്കും. സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, പ്രണയത്തിന്റെ, പരിഭവത്തിന്റെ, സങ്കടത്തിന്റെ... ഓർമകളിലെ കാൽപ്പെട്ടികളിൽ കൈതോലയുടെ സുഗന്ധത്തിൽ ഒളിമങ്ങാതെയുണ്ടാവും ഓരോ ഓണക്കോടികളും. അതെ, ഓരോ ഓണക്കോടികളും ഒരാണ്ടിലെ ഓർമകൾ കൂടിയാണ്.

Tags:
  • Spotlight