Friday 05 May 2023 11:08 AM IST

‘ഞങ്ങളെക്കുറിച്ച് സമൂഹം ചർച്ച ചെയ്യുന്ന രീതിയില്‍ മാറ്റം വരണം’: വേദനയോടെ പ്രവീൺ അന്നു പറഞ്ഞു, ഇന്ന് കണ്ണീരോർമ

Shyama

Sub Editor

praveen

ചങ്കുകുത്തി നോവിക്കുന്ന സോഷ്യൽ മീഡിയയുടെ വിചാരണയിൽ നിന്നെല്ലാം ഒഴിഞ്ഞ് സ്വസ്ഥമായ മരണത്തിന്റെ വഴിയിലേക്ക് പോയി പ്രവീൺ നാഥ്. വേദനകളേയും ഒറ്റപ്പെടുത്തലുകളേയും അതിജീവിച്ച് സ്വത്വത്തിന് വേണ്ടി പോരാടിയ പ്രവീൺ നാഥ് ജീവിതം അവസാനിപ്പിച്ചുവെന്ന വാർത്ത നെഞ്ചുപിടയുന്ന വേദനയോടെയാണ് കേരളം ശ്രവിച്ചത്. സമൂഹത്തിന്റെ കുത്തുവാക്കുകളും ഹൃദയം മുറിക്കുന്ന ക്രൂരമായ മുൻവിധികളും വിട്ട് പ്രവീൺ മറ്റൊരു ലോകത്തേക്ക് യാത്രയാകുമ്പോൾ ആ ഓർമകളും ജ്വലിച്ചു നിൽക്കുന്നു. പരിഹസിച്ചവർക്കു മുന്നിൽ മിസ്റ്റര്‍ കേരള നേട്ടം കൊയ്തുകൊണ്ട് മറുപടി പറഞ്ഞ പ്രവീൺ വനിതയോടും ഒരിക്കൽ മനസു തുറന്നു. ആ വിയോഗം ഹൃദയങ്ങളിൽ വിങ്ങലായി അവശേഷിക്കുമ്പോൾ വായനക്കാർക്കു മുന്നിൽ പ്രവീൺ പങ്കുവച്ച വാക്കുകൾ ഓർമക്കുറിപ്പെന്നോണം പങ്കുവയ്ക്കുകയാണ്. 2021ൽ പ്രവീൺ വനിതയോട് പങ്കുവച്ച വാക്കുകൾ....

ഇന്നിലാണ് ഞാൻ ഇന്നലത്തെയല്ല

ഞങ്ങളെ കുറിച്ച് സമൂഹം ചർച്ച ചെയ്യുന്ന രീതികളിലും കൊടുക്കുന്ന തലക്കെട്ടുകളിലും തൊട്ടു മാറ്റം വരേണ്ടതുണ്ട്.’’ 2021ലെ മിസ്റ്റർ മത്സരത്തില്‍ കേരളപ്പട്ടം സ്വന്തമാക്കിയ ആദ്യ ട്രാൻസ്ജെൻഡർ വിജയി പ്രവീൺ പറയുന്നു. ‘‘പെൺകുട്ടിയിൽ നിന്ന് ആൺകുട്ടിയായി എന്നു പറയുന്നതേ തെറ്റാണ്. പെൺ ശരീരം ഉപേക്ഷിച്ച് ആണിലേക്കു വന്നു എന്നതാണ് ശരി. പെൺകുട്ടി എന്നത് സൂചിപ്പിക്കുന്നത് ഒരാളുടെ ജെൻഡറാണ്. ഞാൻ ആ ജെൻഡറിലേയല്ല ജീവിച്ചത്. ‌

പതിനഞ്ചാമത്തെ വയസ്സിലാണ് ഐഡന്റിറ്റി തിരിച്ചറിയുന്നതും അ തു പുറംലോകത്തോട് പറയുന്നതും. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് എനിക്കും അറിവില്ലായിരുന്നു. എന്തെങ്കിലും കുഴപ്പമാണോ, എന്നെ പോലെ ഞാൻ മാത്രമേയുള്ളോ എന്നൊക്കെയുള്ള ചിന്തകൾ അലട്ടിയിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടേ എനിക്കു പെൺകുട്ടികളോടാണ് താൽപര്യം തോന്നുന്നതെന്നും എ ന്റെ ശരീരത്തിനോട് താദാത്മ്യപ്പെടാൻ പറ്റുന്നില്ലെന്നുമൊക്കെ അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

പാലക്കാട് നെന്മാറയാണ് വീട്. വീട്ടിൽ അമ്മയും രണ്ടു ചേട്ടന്മാരുമാണ്. മൂന്നാമത്തെ ചേട്ടൻ മരണപ്പെട്ടു. കൂട്ടുകുടുംബമായിരുന്നു. ഒരു പുരയിടത്തില്‍ ബന്ധുക്കളുടെ തന്നെ നാല് വീടുകൾ. അത്തരമൊരു സാഹചര്യത്തിൽ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി പുറത്ത് വരുക വലിയ വെല്ലുവിളിയായിരുന്നു.

അങ്ങനെയിരിക്കെയാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമിനെ കാണുന്നത്. എന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എനിക്ക് ‘സഹയാത്രിക’യുടെ നമ്പർ തന്നു. സഹയാത്രിക എന്നത് ലെസ്ബിയൻ–ഗേ, ബൈസെക്‌ഷ്വൽ, ട്രാൻസ്ജെൻ‍ഡർ വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്. അവരുടെ മീറ്റിങ്ങുകളിലൊക്കെ പങ്കെടുത്തു. നമ്മുടെ ഐഡൻറ്റിറ്റിയിൽ തന്നെ ജീവിക്കാൻ പറ്റും എന്നറിഞ്ഞു. വീടുവിട്ട് ഇറങ്ങേണ്ടി വന്നാലും സഹായിക്കാൻ ആളുണ്ടെന്ന് മനസ്സിലായി.

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർഥിയായാണ് എറണാകുളം മഹാരാജാസ് കോളജിൽ ചേര്‍ന്നത്. രണ്ട് കൊല്ലം ബി.എ. ഇംഗ്ലിഷ് പഠിച്ചു. കടുത്ത സാമ്പത്തിക പിരിമുറുക്കം കാരണം പഠനം നിർത്തി.

ടീച്ചർമാർ ഒരുപാട് സഹായിച്ചിരുന്നു. പൂർവവിദ്യാർഥികൾ വഴി ലുലുമാളിൽ, തിയറ്ററിൽ ജോലി ചെയ്തിരുന്നു. അന്ന് പക്ഷേ, സർജറിയൊന്നും കഴിഞ്ഞിരുന്നില്ല. ബൈൻഡർ കെട്ടിയാണ് മാറിടം മറച്ചത്. രാവിലെ മുതൽ വൈകുന്നേരം വരെ അത് കെട്ടിയിരിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നീടാണ് ‘ദ്വയ’ എന്ന ടാൻസ്‌ജെൻഡേഴ്സ് കൂട്ടായ്മയിലെ നാടകത്തിലഭിനയിക്കുന്നത്. ആ കൂട്ടായ്മയുണ്ടാക്കിയ രഞ്ചുമ്മയാണ് (രഞ്ജു രഞ്ജിമാർ) സർജറിക്കു സഹായിക്കുന്നത്. 2019ലായിരുന്നു സർജറി.