Tuesday 05 March 2024 12:11 PM IST : By സ്വന്തം ലേഖകൻ

മോഡൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞു; മാതാപിതാക്കൾ കരഞ്ഞപേക്ഷിച്ചിട്ടും വിദ്യാർഥിയെ പരീക്ഷയെഴുതാൻ സമ്മതിക്കാതെ പ്രിൻസിപ്പല്‍

exam.jpg.image.845.440

മോഡൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞെന്ന് പറഞ്ഞ് പ്ലസ് ടു പരീക്ഷക്കെത്തിയ വിദ്യാർഥിയെ പരീക്ഷയെഴുതാൻ സമ്മതിക്കാതെ പറഞ്ഞയച്ചെന്ന് പരാതി . പാലക്കാട് റെയിൽവേ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ സഞ്ജയിയെയാണ് പരീക്ഷക്കു തൊട്ട് മുമ്പ് പ്രിൻസിപ്പല്‍ ഇടപെട്ട് സ്കൂളിൽ നിന്ന് പറഞ്ഞു വിട്ടത്.

വെള്ളിയാഴ്ച ഫിസിക്സ് പരീക്ഷക്കെത്തിയ സഞ്ജയിയെ സ്കൂൾ അധികൃതർ തടയുകയായിരുന്നു. മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറവായതിനാൽ വാർഷിക പരീക്ഷ എഴുതേണ്ടെന്നും സേ പരീക്ഷയെഴുതിയാൽ മതി എന്നും പറഞ്ഞ് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തല്ലുമെന്നും ഭീഷണിപ്പെടുത്തി. 

മാതാപിതാക്കൾ സ്‌കൂളിൽ എത്തി അധ്യാപകരോട് കരഞ്ഞപേക്ഷിച്ചിട്ടും പരീക്ഷ എഴുതിപ്പിക്കാൻ തയാറായില്ല. ബാക്കി പരീക്ഷകൾ എഴുതാം ഫിസിക്സ് പരീക്ഷ മാത്രം എഴുതാൻ സമ്മതിക്കില്ലെന്നാണ് പ്രിൻസിപ്പൽ അറിയിച്ചതെന്നാണ് മാതാപിതാക്കൾ വെളിപ്പെടുത്തുന്നത്. 

അതിനിടെ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് മുമ്പ് സഞ്ജയിയുടെ അമ്മയിൽ നിന്ന് സ്കൂൾ അധികൃതർ വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയിരുന്നു. ഇതിൽ മാതാപിതാക്കൾ അറിയാതെ സഞ്ജയിയെ ഫിസിക്സ് ഒഴികെയുള്ള പരീക്ഷ എഴുതാൻ സമ്മതിക്കണമെന്ന് സ്കൂൾ അധികൃതർ എഴുതി ചേർത്തു. 

മകന്റെ ഭാവി തകർത്ത സ്കൂൾ അധികൃതർക്കെതിരെ പിതാവ് സുനിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ചെൽഡ് ലൈനും പരാതി നൽകി. അധികൃതർ കാരണമുണ്ടായ മനോവിഷമത്തിൽ തന്റെ മകൻ അവിവേകം കാണിച്ചിരുന്നെങ്കിൽ ആര് സമാധാനം പറയുമായിരുന്നു എന്നും പിതാവ് സുനിൽ ചോദിച്ചു.

Tags:
  • Spotlight