Wednesday 20 January 2021 03:33 PM IST

‘ഞാൻ കണ്ട ആദ്യ ഫെമിനിസ്റ്റ് അമ്മയാണ്; വീട്ടമ്മയായി ഒതുങ്ങിയെങ്കിലും സ്വന്തം സ്പേസ് നിലനിർത്താൻ അമ്മ ശ്രദ്ധിച്ചിരുന്നു’: മനസ്സ് തുറന്ന് പ്രിയങ്ക രാധാകൃഷ്ണൻ

Sujith P Nair

Sub Editor

new2233ghjjk

ന്യൂസീലൻഡിൽ കാബിനറ്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന ചരിത്രനേട്ടത്തിലെത്തിയ മലയാളി പ്രിയങ്ക രാധാകൃഷ്ണനുമായി ഓക്‌ലൻഡിൽ വച്ച് സിന്ധു പുന്നൂസ് സംസാരിച്ചപ്പോൾ...

അടുത്ത കൂട്ടുകാരിയോട് സംസാരിക്കുമ്പോൾ തോന്നുന്ന അടുപ്പവും സ്വാതന്ത്ര്യവും വരും പ്രിയങ്കയോട് ഇടപെടുമ്പോൾ. എപ്പോഴും നിറഞ്ഞ ചിരിയുള്ള മുഖം. എന്തു പ്രശ്നവുമായി ചെന്നാലും പരിഹാരം കാണാൻ ഒപ്പമിറങ്ങുന്ന ചുറുചുറുക്ക്. കൊച്ചിയിൽ നിന്ന് ചെന്നൈ വഴി സിംഗപ്പൂരിലെത്തി അവിടെ നിന്ന് ന്യൂസീലൻഡിലെ ജസിൻഡ ആർഡേൻ മന്ത്രിസഭയിൽ ഇടംപിടിച്ചതിനു കാരണവും ഈ അടുപ്പവും ചുറുചുറുക്കുമാകാം.

കിവി പക്ഷികളുടെ നാട്ടിൽ കാബിനറ്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന ചരിത്ര നേട്ടത്തിൽ നിൽക്കുമ്പോഴും പ്രിയങ്കയുടെ വാക്കുകളിൽ അമിതമായ ആഹ്ലാദമില്ല. ‘‘വളരെ വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. ആത്മാർഥമായി ജോലി ചെയ്യുന്ന ഒരുപാട് പേരുടെ ഇടയിൽ നിന്നാണ് എ നിക്ക് ഈ പദവി ലഭിച്ചത്. സമൂഹത്തിനു കൂടുതൽ നന്മ ചെയ്യാനുള്ള വിശാലമായ അവസരമാണിത്. സാമൂഹിക, യുവ ജനക്ഷേമ, സന്നദ്ധ മേഖലകളുടെ ചുമതലയാണ്. കുടിയേറ്റക്കാരുടെയും ഗോത്രവർഗക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങ ൾ വരുത്താമെന്നു പ്രതീക്ഷയുണ്ട്.’’

പക്വതയുള്ള ഒരു രാഷ്ട്രീയക്കാരിയുടെ വാക്കുകളാണ് 41 വയസ്സുകാരിയായ പ്രിയങ്കയിൽ നിന്നു കേട്ടത്. ന ല്ല തെളിമയുള്ള മലയാളത്തിലും ഇംഗ്ലിഷിലുമായി ‘വ നിത’യോടു സംസാരിച്ചതിൽ ഏറെയും സമൂഹത്തിനു വേണ്ടി നടപ്പാക്കാനാഗ്രഹിക്കുന്ന കാര്യങ്ങളായിരുന്നു.

അങ്ങനെ മലയാളവും ന്യൂസീലൻഡ് പാർലമെന്റിൽ മുഴങ്ങിക്കേട്ടു ?

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഉള്ള ആ വിഡിയോ മൂന്നുവർഷം മുൻപ് എടുത്തതാണ്. 2017 ലാണ് ആ ദ്യമായി എംപിയായി നോമിനേറ്റ് ചെയ്യപ്പെടുന്നത്. അന്ന് പാ ർലമെന്റിൽ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോഴാണ് മലയാളത്തിൽ സംസാരിച്ചു തുടങ്ങിയത്. എവിടെ വരെ ഉയർന്നെത്തിയാലും നമ്മുടെ നാടിനെ മറക്കാൻ പാടില്ലല്ലോ. മലയാളവും തമിഴും തെലുങ്കും സംസാരിക്കാറുണ്ടെങ്കിലും ഇംഗ്ലിഷാണ് കൂടുതൽ വഴങ്ങുക. ഓക്‌ലൻഡിൽ മലയാളം സമാജത്തിന്റെ പരിപാടികൾക്കും മറ്റും പോകുമ്പോൾ മാതൃഭാഷയിലാണ് സംസാരം.

കുട്ടിക്കാലത്തു തന്നെ കേരളം വിട്ടതാണ് ?

അച്ഛൻ രാമൻ രാധാകൃഷ്ണൻ എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് കുടുംബാംഗമാണ്. ചെന്നൈ മലയാളികൾക്ക് പ്രിയങ്കരനും മദിരാശി കേരള സമാജം സ്ഥാപകനുമായിരുന്ന സി. ആർ. കൃഷ്ണപിള്ളയുടെ മകളുടെ മകളാണ് അ മ്മ ഉഷ. പാലക്കാട്ടെ ചിറ്റൂരിലാണ് അമ്മയുടെ തറവാട്. ചേച്ചി മാൻവി കാനഡയിൽ.

എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ തന്നെ അച്ഛൻ ഞ    ങ്ങളെയും കൊണ്ട് സിംഗപ്പൂരേക്ക് താമസം മാറിയതാണ്. 16 വർഷം മുൻപാണ് സ്റ്റുഡന്റ് വീസയിൽ ന്യൂസീലൻഡിൽ എ ത്തിയത്. വെല്ലിങ്ടൻ സർവകലാശാലയിൽ നിന്നു ഡവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടി. അതിനു ശേഷമാണ് എത്‌നിക് കമ്യൂണിറ്റിക്കു വേണ്ടിയുള്ള നയപരമായ കാര്യങ്ങളിൽ ഉപദേശം നൽകുന്ന പോളിസി അനലിസ്റ്റായി ശക്തി എന്ന എൻജിഒയിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ഉദ്യേഗസ്ഥനുമായ റിച്ചാർഡ്സനാണു ഭർത്താവ്. എൻജിഒയിൽ പ്രവർത്തിക്കുമ്പോൾ തുടങ്ങിയ സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അദ്ദേഹവും അക്കാലത്ത് ലേബർ പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചിരുന്നു.

nneew22233s

രണ്ടു പട്ടിക്കുട്ടികളുണ്ട് എനിക്ക്, മിക്കയും ജിപ്സിയും. എ നിക്കു കിട്ടുന്ന ബൊക്കയിലെ ബോ കഴുത്തിൽ കെട്ടി കൊടുത്താൽ കുറച്ചു നേരത്തേക്ക് വലിയ ഗമയിൽ അടങ്ങിയൊതുങ്ങി ഇരിക്കും. റിച്ചാർഡ്സനും അവരും അടങ്ങുന്നതാണ് എന്റെ ലോകം. മന്ത്രിയായ ശേഷം ഫെയ്സ്ബുക്കിലൂടെ ഒരുപാടു മലയാളികളുടെ കമന്റ് വന്നിരുന്നു. നാട്ടിലൊക്കെ ഇക്കാര്യം വലിയ ചർച്ച ആയെന്ന്് അപ്പോഴാണ് അറിയുന്നത്.  

ജസിൻഡയുടെ വൈവിധ്യമാർന്ന മന്ത്രിസഭയെ കുറിച്ച് ലോകം മുഴുവൻ ചർച്ചയാണ് ?

എല്ലാ കാര്യത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള സ്ത്രീയാണ് ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രി ജസിൻഡ ആർഡേൻ. സ്വവർഗാനുരാഗിയും ഗ്രോത്രവർക്കാരും എട്ടു സ്ത്രീകളും അടങ്ങിയതാണ് മന്ത്രിസഭ. കഴിവു മാത്രം മാനദണ്ഡമാക്കിയാണ് അവർ കാബിനറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ന്യൂസീലൻഡിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജയാണ് ഞാൻ. പക്ഷേ, എനിക്കുറപ്പുണ്ട് അതൊന്നും ജസിൻഡ ചിന്തിച്ചിരിക്കില്ല. മെറിറ്റ് മാത്രമാണ് അവരുടെ മനസ്സിൽ. ന്യൂസീലൻഡിലെ ജനങ്ങളെ മുഴുവൻ പ്രതിനിധീകരിക്കുന്നതാകണം മന്ത്രിസഭ എന്ന് ജസിൻഡക്ക് നിർബന്ധവുമുണ്ടായിരുന്നു.

ആത്മാര്‍ഥമായി പരിശ്രമിച്ച് നമ്മുടെ കർത്തവ്യങ്ങൾ നിറവേറ്റുന്നതാണ് ഏറ്റവും പ്രധാന കാര്യമെന്ന് അറിയാം. പദവികൾ വരും പോകും. അത് എല്ലാവരേയും എല്ലായ്പ്പോഴും തേടിയെത്തണമെന്നുമില്ല. ജനസേവനം മാത്രം ലക്ഷ്യം വച്ചാണ് എൻജിഒയിൽ പ്രവർത്തിച്ചു തുടങ്ങിയത്. പെട്ടെന്ന് ഇത്ര വലിയ പദവിയിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമായി കുരുതുന്നു.

പാർട്ടിയിൽ പദവികൾ വഹിച്ച അനുഭവസമ്പത്തുണ്ട് ?

മോങ്കികീക്കിയ മണ്ഡലത്തിൽ നിന്നു കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ രണ്ടായിരത്തോളം വോട്ടിനാണ് പരാജയപ്പെട്ടത്. ഇ വിടെ രണ്ടു തരത്തിലാണ് പാർലമെന്റിലേക്ക് എത്താനാകുക. വോട്ടർമാർക്ക് പ്രതിനിധിക്കും പാർട്ടിക്കും വോട്ടു ചെയ്യാനാകും. ഇങ്ങനെ ലഭിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്ക് എംപിമാരെ നോമിനേറ്റ് ചെയ്യാം. കഴിഞ്ഞ വർഷം പരാജയപ്പെട്ടെങ്കിലും ഗോത്രവിഭാഗവകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ മന്ത്രിസഭയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇക്കുറിയും 500 ൽ അധികം വോട്ടുകൾക്ക് പരാജയപ്പെട്ടു എന്നായിരുന്നു ആദ്യ ഫലം. അതു കണക്കിലെടുക്കാതെ എ ന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പാർട്ടി പ്രഖ്യാപനം നടത്തി. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 535 വോട്ടിനു വിജയിച്ചു. തിരഞ്ഞെടുപ്പിലും വിജയിച്ചത് ഇരട്ടിമധുരമായി.

ഇന്ത്യക്കാരി ന്യൂസീലൻഡിൽ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ എതിർപ്പുകൾ വന്നില്ലേ ?

സ്വാഭാവികമായും ഉണ്ടാകുമല്ലോ. ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയാറായിരിക്കണം എന്ന് ജസിൻഡ സൂചന ന ൽകിയിരുന്നു. പക്ഷേ, മന്ത്രിസ്ഥാനം ആകുമെന്ന് കരുതിയില്ല. പ്രഖ്യാപനത്തിന്റെയന്ന് പട്ടികയിൽ എന്റെ പേരു വന്നപ്പോൾ അമ്പരന്നു പോയി. വേർതിരിവുകൾ ഇല്ലാതെ ലിംഗ, ജാതി, വർഗഭേദമന്യേ സമത്വം എന്നതാണ് ലക്ഷ്യം.

പഠനത്തിനായി ന്യൂസീലൻഡിൽ വന്നയാൾ എങ്ങനെ രാഷ്ട്രീയത്തിൽ ഇറങ്ങി ?

2004 ലാണ് ന്യൂസീലൻഡിൽ എത്തിയത്. പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ് ലേബർ പാർട്ടിയിൽ അംഗമാകുന്നത്.  എൻജിഒയിലെ ബോസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് ഞാനും പാർട്ടി അംഗത്വം എടുത്തത്. ലേബർ നയങ്ങളിൽ ആകൃഷ്ടയായി കമ്യൂണിറ്റി പ്രവർത്തനങ്ങളിൽ സജീവമാവുകയായിരുന്നു. ഹെലൻ ക്ലാർക്കാണ് അന്നു പ്രധാനമന്ത്രി.

ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകളുടെ ഇടയിലും ചൂഷണത്തിന് ഇരയാകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഇടയിലുമാണ് ഞാൻ പ്രവർത്തിച്ചിരുന്നത്.  

newffghh66443

രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് അച്ഛനു സമ്മതമായിരുന്നോ ?

സ്വന്തം ഇഷ്ടങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്ന ആളല്ല അ ച്ഛൻ. സിംഗപ്പൂരിൽ നിന്ന് അച്ഛനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങിയപ്പോഴാണ് ഞാൻ പഠനത്തിനായി ന്യൂസീലൻഡിലേക്ക് പോയത്. എടുത്തുചാടി ഒന്നും ചെയ്യരുതെന്നു മാത്ര മാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.

അച്ഛന്റെയും അമ്മയുടെയും കുടുംബത്തിൽ ഭൂരിഭാഗം പേരും ഡോക്ടർമാരാണ്. പക്ഷേ, എന്നെ ഡോക്ടറാക്കാനൊന്നും നിർബന്ധിച്ചിട്ടേയില്ല. എന്‍ജിഒ സെക്ടറിൽ ജോലി ചെയ്താൽ ഒരുപാട് പണം സമ്പാദിക്കാൻ പറ്റില്ലെന്നും അവർക്ക് അറിയാമായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോഴും അങ്ങനെ തന്നെ. എംപിയാകുമെന്നോ മന്ത്രിയാകുമെന്നോ ഒ ന്നും അന്നു ചിന്തിക്കുന്നില്ലല്ലോ. മസ്സെ സർവകലാശാലയിലെ വിദ്യാർഥി സംഘടനയുടെ ഇന്റർനാഷനൽ സ്റ്റുഡന്റ് ഓഫിസറായാണ് ആദ്യം മത്സരിച്ചത്. വിജയിച്ചതോടെ യൂണിവേഴ്സിറ്റിയിൽ സജീവമായി പ്ര‍വർത്തിച്ചു. അക്കാലത്തെ സീനിയേഴ്സ് ആണ് ഞാൻ രാഷ്ട്രീയത്തിൽ നിന്നാൽ നന്നായിരിക്കും എന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്.

കുടുംബത്തിനും രാഷ്ട്രീയ ബന്ധമുണ്ട് ?

കേസരി എ. ബാലകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന മാടവനപ്പറമ്പാണ് അച്ഛന്റെ തറവാട്. മുതുമുത്തച്ഛൻ ജ സ്റ്റിസ് ആർ. ഗോപാലമേനോൻ പണിത വീടാണ് പറവൂർ സെന്റ് ജെർമയിൻസ് റോഡിലുള്ള കിഴക്കേ വയലുമഠം വീട്. അമ്മയുടെ മുത്തച്ഛൻ ഡോ.സി.ആർ. കൃഷ്ണപിള്ള കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവായിരുന്നു. മുത്തച്ഛൻ സി.ആർ.ആർ. പിള്ള ഡോക്ടർ ആയിരുന്നെങ്കിലും ട്രാൻസ്പോർട്ട് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ചയാളാണ്. പണം ഇല്ലാത്തവരെ സൗജന്യമായി ചികിത്സിച്ചിരുന്നു അദ്ദേഹം. അതൊക്കെയാകാം എന്നെയും രാഷ്ട്രീയത്തിൽ എത്തിച്ചത്.

ശരിയെന്നു തോന്നുന്ന നിലപാടുകൾ ആർക്കു മുന്നിലും വെട്ടിത്തുറന്നു പറയുന്നവരായിരുന്നു അമ്മയും മുത്തശ്ശിയുമൊക്കെ. ഞാൻ കണ്ട ആദ്യ ഫെമിനിസ്റ്റും അമ്മയാണ്. വീട്ടമ്മയായി ഒതുങ്ങിയെങ്കിലും സ്വന്തം സ്പേസ് നിലനിർത്താൻ അമ്മ ശ്രദ്ധിച്ചിരുന്നു. നന്നായി പാചകവും ചെയ്യും. ഇതുകണ്ട് എനിക്കും പാചകം ചെയ്യാൻ കൊതിയായി. കല്യാണം കഴിച്ചാൽ മാത്രമേ പാചകം ചെയ്യാൻ പറ്റൂ എന്നായിരുന്നു എന്റെ ചിന്ത. അതുകൊണ്ട് ആറു വയസ്സിൽ ഞാൻ ആവശ്യപ്പെട്ടത്രേ, ‘എനിക്ക് കല്യാണം കഴിക്കണം’ എന്ന്. അതു കേട്ട് അമ്മ പൊട്ടിച്ചിരിച്ചു. ‘മറ്റുള്ളവർ ചെയ്യുന്നത് പിന്തുടരാതെ സ്വന്തമായി ചിന്തിക്കൂ’ എന്ന ഉപദേശമാണ് അന്ന് നൽകിയത്. ഇക്കഴി ഞ്ഞ വർഷമാണ് അമ്മ ഞങ്ങളെ വിട്ടുപോയത്.

കേരളത്തെ കുറിച്ചുള്ള ഓർമകൾ എന്തൊക്കെയാണ് ?

അഞ്ചു വയസ്സിൽ ഇവിടെ നിന്നു പോയതാണ്. എന്നിട്ടും മലയാളം മറന്നില്ല. വീട്ടിൽ മലയാളം സംസാരിക്കുമായിരുന്നു. മറ്റൊരു രാജ്യത്തെ ഔദ്യോഗിക പദവി വഹിക്കുന്ന ആളെന്ന നിലയിൽ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലല്ലോ. ഇന്ത്യയിലെ ഏറ്റവും ഡെലവപ്ഡ് ആയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നു ഉറപ്പിച്ചു പറയാനാകും. കോവിഡിന്റെ തുടക്കകാലത്ത് കേരളത്തിന്റെ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടതാണ്.

മന്ത്രിയെന്ന നിലയിൽ ഇന്ത്യക്കാരുടെ ആവശ്യങ്ങൾക്കായും നിലകൊള്ളുമോ ?

ഇന്ത്യക്കാർക്കു മാത്രമല്ല കുടിയേറ്റക്കാർക്കു ഗുണകരമാകുന്ന തരത്തിൽ ഇളവുകൾ കൊണ്ടുവരാൻ ഉറപ്പായും ശ്രമിക്കും. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ന്യൂസീലന്‍ഡില്‍ എത്തുന്നവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങളും പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്കു ന്യൂസീലന്‍ഡില്‍ വീസ ഇളവ് നൽകുന്നതു പരിഗണിക്കും. എനിക്കു ലഭിച്ച അവസരം പൊതുജനങ്ങള്‍ക്ക് ഗുണകരമാക്കുന്ന തരത്തിലാകണം എന്നാണ് സ്വപ്നം.

nnwddghj7756

‘മക്കളുടെ തീരുമാനങ്ങളാണ് വലുത്...’

‘‘കുട്ടികൾക്ക് ഇഷ്ടമുള്ളത് അവർ ചെയ്യണം. അല്ലാതെ മാതാപിതാക്കളുടെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. പ്രിയങ്കയാണ് ന്യൂസീലൻഡിൽ പഠിക്കാൻ പോണം എന്ന ആഗ്രഹം പറഞ്ഞത്, ഞങ്ങൾ അംഗീകരിച്ചു.

വളരെ വേഗം എല്ലാവരുമായും സൗഹൃദത്തിലാകും അവൾ. മറ്റുള്ളവരോടു സംസാരിക്കാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും നല്ല കഴിവുണ്ട്. ഐക്യകേരളത്തിനായി ഒരുപാട് പ്രയത്നിച്ച വ്യക്തിയാണ് പ്രിയങ്കയുടെ അമ്മയുടെ മുത്തച്ഛൻ ഡോ. സി. ആർ. കൃഷ്ണപിള്ള. ആ പാരമ്പര്യം  സഹായിച്ചിട്ടുണ്ട്.’’ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ പ്രിയങ്കയുടെ അച്ഛൻ രാമൻ രാധാകൃഷ്ണന്റെ വാക്കുകളിൽ മകളെക്കുറിച്ചുള്ള അഭിമാനം നിറയുന്നു.

മലയാളികൾക്ക് ഏതാവശ്യത്തിനും ആദ്യം സമീപിക്കാവുന്ന നേതാവാണ് പ്രിയങ്കയെന്ന് ഓക്‌ലൻഡ് മലയാളി സ മാജം മുൻ സെക്രട്ടറി സോബി ബെർണാഡ് തോമസ് പറയുന്നു. ‘‘തിരഞ്ഞെടുപ്പ് പ്രചാരണ കാര്യങ്ങളിൽ അടക്കം മലയാളി സമൂഹം ശക്തമായ പിന്തുണ നൽകി. കുടിയേറ്റ സമൂഹത്തിൽ മരണം സംഭവിച്ചാലും ആശുപത്രിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വന്നാലും സർക്കാർ ഭാഗത്തു നിന്നുള്ള സഹായങ്ങൾക്ക് പ്രിയങ്ക മുന്നിട്ടിറങ്ങും. ഇതൊക്കെയാണ് അവരെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്,’’ സോബി പറയുന്നു.

Tags:
  • Spotlight
  • Motivational Story