Friday 30 June 2023 04:59 PM IST

‘ബോധം തിരിച്ചുവന്നപ്പോൾ കാലുകൾ തളർന്നിരുന്നു, പിന്നീടൊരിക്കലും രാധാംബിക നിവർന്നുനിന്നിട്ടില്ല’: ആകാശം തൊട്ട ആത്മവിശ്വാസം

V R Jyothish

Chief Sub Editor

radhambika

ഭൂമിയിൽ നിന്ന് ഏറെ അകലെ, ആകാശത്തിനും അപ്പുറം, ബഹിരാകാശത്തേക്കു കുതിക്കുന്ന പേടകങ്ങളിൽ, ഭ്രമണപഥങ്ങളിൽ ചുറ്റിത്തിരിയുന്ന ഉപഗ്രഹങ്ങളിൽ, ഇന്ത്യയുടെ അഭിമാനപദ്ധതിയായ മംഗൾയാനിൽ രാധാംബികയുടെ കയ്യൊപ്പുണ്ട്. ശിവവാസു ഇലക്ട്രോണിക്സ് എന്ന മുദ്രയുണ്ട്. അതിലുപരി രണ്ടര വയസ്സിൽ പോളിയോ ബാധിച്ചു കാലുകൾ തളർന്നുപോയ ഒരു പെൺകുട്ടിയുടെ പോരാട്ടകഥയുണ്ട്. സഹജീവി സ്േനഹവും കാരുണ്യവുമുണ്ട്. പറഞ്ഞു പഴകിയതാണെങ്കിലും പറയാം, രാധാംബികയെപ്പോലെയുള്ളവർ ജീവിച്ചിരിക്കുന്നതു കൊണ്ടാണ് ഈ ഭൂമി ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്.

തിരുവനന്തപുരത്ത് അമ്പലമുക്കിലുള്ള പഴയ തറവാട്ടു വീട്. അമ്പലത്തിൻവീട് എന്നാണു പേര്. ഗവൺമെന്റ് പ്രസ്സിൽ ഉദ്യോഗസ്ഥനായിരുന്ന വാസുപിള്ളയും ഭാര്യ സരോജിനിയുമായിരുന്നു ആ വീട്ടിൽ താമ സിച്ചിരുന്നത്. ആ ദമ്പതികൾക്ക് ഏഴു മക്കൾ. നാലു പെണ്ണും മൂന്ന് ആണും. ഇതിൽ ആറാം സ്ഥാനക്കാരിയാണു രാധാംബിക. രണ്ടര വയസ്സിൽ പോളിയോ ബാധിച്ചു. 40 ദിവസം അബോധാവസ്ഥയിൽ കിടന്നു. ബോധം തിരിച്ചുവന്നപ്പോൾ കാലുകൾ തളർന്നിരുന്നു. പിന്നീടൊരിക്കലും നിവർന്നുനിന്നിട്ടില്ല. ഊ ന്നുവടിയുടെ സഹായമില്ലാതെ നടന്നിട്ടില്ല.

അപവാദങ്ങൾക്കും അവഗണനകൾക്കും വട്ടപ്പേരിനും പരിഹാസങ്ങൾക്കും ഇടയിലൂടെ ആ പെൺകുട്ടി വളർന്നു. അമ്പലമുക്ക് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ നിന്നു പത്താംക്ലാസ് പാസായി. കരമന എൻഎസ്എസ് കോളജിൽ നിന്ന് പ്രീഡിഗ്രി തോറ്റു. തുടർന്നു പഠിച്ചില്ല. നിത്യദുഃഖത്തിന്റെ കയത്തിലേക്കു വീണു.

‘സ്വന്തം വൈകല്യത്തേക്കാൾ സമൂഹത്തിന്റെ മ നോഭാവമാണ് എന്നെ തളർത്തിയത്. കളിയാക്കി ചിരിക്കാത്ത ഒരു മുഖവും ഞാനന്നു പുറത്തു കണ്ടിട്ടില്ല.’ ഏഴു മക്കളിൽ ആറു പേരെയും പഠിപ്പിച്ചു നല്ല നിലയിൽ വിവാഹം കഴിപ്പിച്ചെങ്കിലും വാസുപിള്ളയ്ക്ക് രാധാംബിക വലിയ ദുഃഖമായിരുന്നു. തങ്ങളുടെ കാലശേഷം അവൾ എന്തു ചെയ്യുമെന്ന ആശങ്ക. എങ്കിലും അവർ രാധാംബികയെ തങ്ങളോടു ചേർത്തു നിർത്തി. മറ്റാരേക്കാളും സ്േനഹം നൽകി.

‘മോളേ... നിനക്ക് ൈദവം തന്ന പരാധീനതയാണിത്. നീ ദൈവത്തോടു തന്നെ പ്രാർഥിക്ക്. ദൈവം ഒരുവഴി കാണിച്ചു തരാതിരിക്കില്ല.’ അവർ പറഞ്ഞു. രാധാംബികയ്ക്ക് അതൊരു പുതിയ വഴിയായിരുന്നു കഠിനമായി പ്രാർഥിച്ചു. രാധാംബികയുടെ പ്രാർഥന ൈദവം കേട്ടു.

ശിവവാസു ഇലക്ട്രോണിക്സ്

പേരൂർക്കടയിലുള്ള ശിവവാസു ഇലക്ട്രോണിക്സിന്റെ മൂന്നുനില കെട്ടിടത്തിൽ നിൽക്കുമ്പോൾ നമുക്ക് ആഹ്ലാദം തോന്നും. ഇരുന്നൂറോളം ജീവനക്കാരുണ്ട് ഇവിടെ. അവരിൽ പലരും ഭിന്നശേഷിക്കാർ. ഇ തൊരു നിർമാണ ശാലയാണ്. അതീവരഹസ്യസ്വഭാ വമുള്ള ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും പ ല പല ഭാഗങ്ങളാണ് ഇവിടെവച്ചു കൂട്ടിച്ചേർക്കുന്നത്. ഐഎസ്ആർഒ നേരിട്ടു മേൽനോട്ടം വഹിക്കുന്ന നിർമാണ യൂണിറ്റ്.

40 വർഷമായി റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും ഭാഗങ്ങൾ ഇവിടെ നിർമിക്കുന്നു. കെൽട്രോൺ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെതന്നെ പ്രാധാന്യം രാധാംബികയുടെ ശിവവാസു ഇലക്ട്രോണിക്സിനും ഐഎസ്ആർഒ നൽകുന്നു. അതിനുകാരണം ജോലിയിലുള്ള സൂക്ഷ്മതയും വിശ്വസ്തതയുമാണ്. നാലു പതിറ്റാണ്ടായി മാറിമാറി വരുന്ന മേലധികാരികൾ ആ സത്യസന്ധതയും ആ ത്മാർഥതയും അടയാളപ്പെടുത്തുന്നു.

‘‘പ്രീഡിഗ്രി തോറ്റു നിന്ന സമയം. എന്താണു ചെയ്യേണ്ടതെന്ന് അറിയില്ല. തുടർന്നു പഠിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. വീടിനു പുറത്തിറങ്ങിയാ ൽ പരിഹാസങ്ങൾ. പലപ്പോഴും വീടിനുള്ളിൽ തന്നെ മുറിയടച്ചിരുന്നു. അതു കാണുമ്പോൾ അച്ഛനും അമ്മയ്ക്കും വിഷമമാകും. എ ന്റെ പേരിൽ അച്ഛനും അമ്മയും വിഷമിക്കരുത് എന്ന ചിന്തയാണ് എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹത്തിലേക്കു കൊണ്ടെത്തിച്ചത്.’’

രാധാംബികയുടെ പോരാട്ടങ്ങൾ

ആയിടയ്ക്കാണു നാലാഞ്ചിറയിലുള്ള വൊക്കേഷനൽ റിഹാബിലിറ്റേഷൻ സെന്റർ ഫോർ ഫിസിക്കലി ഹാൻഡികാപ്ഡ് എന്ന സ്ഥാപനത്തെക്കുറിച്ച് ആരോ പറഞ്ഞറിയുന്നത്. ഭിന്നശേഷിക്കാരുടെ ഉപജീവനാർഥം ജീവിതനൈപുണ്യ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനം. യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിലും രാധാംബിക അവിടെ ചേർന്നു. ടെലിവിഷൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ബോർഡും മറ്റു ഭാഗങ്ങളും കൂട്ടിയോജിപ്പിക്കുന്ന കോഴ്സാണു പഠിച്ചത്. പഠനത്തിനുശേഷം കെൽട്രോണിനുവേണ്ടി ജോലി ചെയ്തു. കെൽട്രോൺ അന്ന് ടെലിവിഷനുകൾ നിർമിക്കുന്ന കാലം. കോഴ്സിനുശേഷം സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങളിലായി രാധാംബിക. കൂട്ടിയോജിപ്പിക്കാനുള്ള ഭാഗങ്ങൾ കെൽട്രോൺ വീട്ടിലെത്തിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യും. മെല്ലെ മെല്ലെ രാധാംബിക ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങി.

ആയിടയ്ക്കാണ് ഭിന്നശേഷിവർഷത്തോട് അനുബന്ധിച്ച് ഐഎസ്ആർഒ സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നത്. റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ജോലിക്കു വേണ്ടി ഭിന്നശേഷിക്കാരായ ആൾക്കാർക്ക് പരിശീലനം നൽകുക. 1981 ലോകാരോഗ്യസംഘടന ഭിന്നശേഷി വർഷമായി ആചരിച്ചതിന്റെ ഭാഗമായിരുന്നു ഐഎസ്ആർഒയിലേക്കുള്ള ക്ഷണം. അ ഭിരുചി പരീക്ഷയിൽ രാധാംബിക പാസ്സായി. വിജയകരമായി പരിശീലനവും പൂർത്തിയാക്കി.

അങ്ങനെയാണ് ഐഎസ്ആർഒയുടെ കരാർ രാധാംബികയ്ക്കു ലഭിക്കുന്നത്. ഉപഗ്രഹഭാഗങ്ങളുടെ നിർമാണത്തിനായി രാധാംബിക മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സഹായത്തോടെ ഒരു വീട് വാടകയ്ക്കെടുത്തു. ദൈവത്തിന്റെ പേരും അച്ഛന്റെ പേരും ചേർത്ത് ശിവവാസു ഇലക്ട്രോണിക്സ് എന്നു പേരും നൽകി. അവിടെ നിന്നു തുടങ്ങിയ യാത്രയാണിത്.

radhambika-2 മകൻ ശ്രീവിനായക്, മരുമകൾ ലക്ഷ്മി, മകൾ ശ്രീരശ്മി,ഭർത്താവ് മുരളീധരൻ നായർ, മരുമകൻ രാഗിൽരാജ്, പേരക്കുട്ടികൾ എന്നിവരൊടൊപ്പം രാധാംബിക

ഈ സന്തോഷങ്ങളിൽ നിൽക്കുമ്പോഴാണ് ഇലക്ട്രിസിറ്റി ബോർഡിൽ ജീവനക്കാരനായിരുന്ന മുരളീധരൻ നായർ രാധാംബികയുടെ ജീവിതപങ്കാളിയായത്. രണ്ടു മക്കളുണ്ട് ഇവർക്ക്. ശ്രീവിനായകും ശ്രീരശ്മിയും. രണ്ടുപേരും അമ്മയെ സഹായിക്കുന്നു. മരുമക്കൾ ലക്ഷ്മിയും രാഗിൽ രാജും. കൊച്ചുമക്കളോടൊപ്പം കല്ലയത്താണു ഇപ്പോൾ രാധാംബിക സകുടുംബം താമസിക്കുന്നത്.

ഭിന്നശേഷിയുള്ളവർക്ക് ഏറ്റവും കൂടുതൽ തൊഴിൽ നൽകിയതിനുള്ള ദേശീയ അവാർഡും സംസ്ഥാന അവാ ർഡും രാധാംബികയെ തേടിയെത്തിയിട്ടുണ്ട്. റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും സൂക്ഷ്മമായ ഭാഗങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ഇലക്ട്രോണിക്സ് ഹാർ‍ഡ്‌വെയറിന്റെ ഭാഗമായ പ്രിന്റഡ് സർക്യൂട്ട്, ബോർഡിന്റെ വയറിങ്, ഹാർനെസിങ്, അസംബ്ലിങ്, ടെസ്റ്റിങ് എന്നീ ജോലികളാണ് ഇ വിടെ ചെയ്യുന്നത്.

ഇവിടുത്തെ ജീവനക്കാർക്ക് രാധാംബിക ചേച്ചിയും അ മ്മയുമാണ്. എന്ത് ആവശ്യവും പറയാവുന്ന വ്യക്തി. അ തിലുപരി ഭിന്നശേഷിക്കാരെ തന്നോടൊപ്പം നിർത്തുന്ന പ്രകൃതം. അതുകൊണ്ടാണ് അതീവ സൂക്ഷ്മത വേണ്ട ഈ ഉൽപന്നങ്ങൾ ഇന്നേവരെ ഒരു പരാതിക്കും ഇട കൊടുക്കാതെ പുറത്തിറങ്ങുന്നതും.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: അരുൺ സോൾ