Wednesday 20 January 2021 05:10 PM IST

മോഷ്ടിച്ചതാണെങ്കിൽ തിരികെ തരൂ... നിങ്ങൾ കൊണ്ടു പോയത് ഞങ്ങളുടെ കുഞ്ഞിനെ: പറന്നകന്ന മിട്ടുവിനെ കാത്ത് ഈ കുടുബം

Binsha Muhammed

parrot

‘ഒളിച്ചിരിപ്പാണോടാ കള്ളാ... ഓടി അരികത്ത് വായോ...’

രാജേഷിന്റെ ആ വിളി കേൾക്കേണ്ട താമസം. എത്ര ദൂരെയാണെങ്കിലും മിട്ടു ചിറകടിച്ചെത്തും. ചക്കരയുമ്മ നൽകുമ്പോൾ മിട്ടു രാജേഷിന്റെ അരുമകുഞ്ഞാകും. ഉള്ളംകയ്യുടെ ചൂടുപറ്റി അരികിലിരുന്ന് കുറുകും. പക്ഷേ ഇന്ന് ആ വിളി മുഴങ്ങുമ്പോൾ കേൾക്കാനും അത് കേട്ട് കുറുകാനും മിട്ടുവില്ല. മിട്ടുവിന്റെ ചിറകടിയൊച്ച ഇല്ലാത്ത ആ വീടിന്റെ പൂമുഖം കണ്ണീരിലാഴ്ന്നു കിടക്കുന്നു.

‘എന്നെ പറ്റിക്കാൻ ഒളിച്ചിരിപ്പാണോ, അതോ വിളി കേൾക്കാത്തിടത്തേക്ക് പറന്നകന്നോ? സ്വന്തം കുഞ്ഞുങ്ങളേക്കാളേറെ സ്നേഹിച്ചതാണേ... അതാ ഒരു സങ്കടം.’– ഒരു നിമിഷം രാജേഷ് മിഴിനീരണിഞ്ഞു.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ രാജേഷിന്റെ പൈൻ ആപ്പിൾ കൊന്യൂര്‍ (Pineapple Conure) ഇനത്തിൽ പെട്ട അരുമതത്തയാണ് മിട്ടു. കഴിഞ്ഞ രണ്ടാഴ്ചയായിലേറെയായി അവനു വേണ്ടിയുള്ള തേടലിലാണ് രാജേഷ്. ഒന്നു വിളി കേൾക്കേണ്ട താമസം പറന്നെത്തുന്ന തങ്ങളുടെ പ്രിയപ്പെട്ട മിട്ടുവിന് തേടിയുള്ള അലച്ചിലും തിരച്ചിലും ഈ നിമിഷവും രാജേഷ് അവസാനിപ്പിച്ചിട്ടില്ല. മരച്ചില്ലകൾക്കിടയിൽ ഒരു കൊളിക്കൊഞ്ചൽ കേട്ടാലോ... ഒരു നനുത്ത ചിറകടിയൊച്ച കേട്ടാലോ രാജേഷ് ഓടിപ്പോയി നോക്കും. ഒടുവിൽ അത് തന്റെ മിട്ടുവല്ലല്ലോ എന്ന നിരാശയിൽ തിരികെ നടക്കും. എന്തിനേറെ മിട്ടുവില്ലാത്ത വേദനപേറുന്ന തന്റെ കുഞ്ഞുങ്ങൾ നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ടു പോലും ദിവസങ്ങളായെന്ന് രാജേഷ് പറയുന്നു. തുടരുന്ന തേടലുകൾക്കിടയിൽ ആ നഷ്ടത്തിന്റെ ആഴം രാജേഷ് വനിത ഓൺലൈനോട് പങ്കുവച്ചു.

പറന്നകന്നു പോയി, കിളിക്കൊഞ്ചൽ

തിരക്കു പിടിച്ച് ഓടുമ്പോള്‍ ഒന്നു കണ്ണുവച്ചേക്കണെ. അവനെ കണ്ടിട്ടുണ്ടെങ്കിലോ, സംശയം തോന്നിയാലോ എന്റെ 9447403839 എന്ന നമ്പറിൽ ഒന്നു വിളിച്ചാൽ മതി. ഞാന്‍ ഓടിയെത്തിക്കോളം. പൊന്നു പോലെ കാത്തോളം. അത്രയ്ക്കും ജീവനാണ് ഞങ്ങൾക്ക് മിട്ടു. എന്റെ കുഞ്ഞുങ്ങളുടെ സങ്കടം കാണാനും ഇനി വയ്യ– കൈകൂപ്പി കേണ് രാജേഷ് പറഞ്ഞു തുടങ്ങുകയാണ്.

ഏഴു മാസം മുമ്പാണ് മിട്ടുവിനെ ഞങ്ങൾക്ക് ലഭിക്കുന്നത്. കോട്ടയം സംക്രാന്തിക്ക് അടുത്തുള്ള ഒരു പെറ്റ്ഷോപ്പിൽ നിന്നാണ് അവനെ വാങ്ങുന്നത്. വാങ്ങുമ്പോൾ ചിറകുകൾ പോലുമില്ലാത്ത ഇത്തിരി കുഞ്ഞായിരുന്നു. തേനും പാലും തിനയും അതിനേക്കാളേറെ സ്നേഹവുമൂട്ടിയാണ് ഞങ്ങൾ അവനെ വളർത്തിയത്. ഞങ്ങളുടെ സ്നേഹം ഒന്നു കൊണ്ട് മാത്രം വളരെ വേഗം അവൻ ഞങ്ങൾക്ക് പ്രിയപ്പെട്ടവനായി. ഞങ്ങളോട് വർത്താനം പറയും, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കും എന്തിനേറെ പറയണം, ഞങ്ങൾ കാറിൽ യാത്ര ചെയ്യുമ്പോൾ പോലും അവൾ കൂടെ വരും. ഞങ്ങൾ എന്ത് കഴിക്കുന്നുവോ അത് അവനും കഴിക്കും. ഞാൻ വഴക്കു പറഞ്ഞാൽ ചിണുങ്ങും. തർക്കുത്തരം പറയുന്ന കാര്യത്തിലും പുള്ളിക്കാരൻ ബഹുകേമനാണ്.  

എന്റെ മക്കളുടെ ചെല്ലപ്പേരായ അച്ചു, ചക്കരേ... എന്നൊക്കെ മിട്ടു എന്നൊക്കെ കൊഞ്ചി കൊഞ്ചി മിട്ടു വിളിക്കുന്നത് ഒന്ന് കേൾക്കണം. വാരിയെടുത്ത് ഒരുമ്മ കൊടുക്കാൻ തോന്നും. പൂർണമായും കൂട്ടിലിട്ടൊന്നുമല്ല ഞങ്ങൾ അവനെ വളർത്തിയത്. കൊത്തിപ്പെറുക്കിയും കൊഞ്ചിയും അവൻ ഞങ്ങളുടെ വീടിന്റെ പരിസരത്തുണ്ടാകും. അയൽ പക്കത്തെ വീട്ടിലേക്ക് പറന്നു പോകും, അവരുമായി വർത്തമാനവും പറയും. എത്ര ദൂരെ പോയാലും അവൻ ഞങ്ങളുടെ വിളിപ്പുറത്തുണ്ടാകും. ഈ സ്നേഹമാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. എങ്ങോട്ട് പോയെന്ന് അറിയില്ല, എന്ത് സംഭവിച്ചെന്നറിയില്ല. ഒന്നു മാത്രം അറിയാം, അവൾ പോയതിൽ പിന്നെ എന്റെ വീട് ഉറങ്ങിയതു പോലെയാണ്– രാജേഷ് വേദനയോടെ പറയുന്നു.

തിരികെ നൽകൂ... പൊന്നു പോലെ കാത്തോളം

അവനെ നഷ്ടമായ ആ ദിവസം വീട്ടിൽ അതിഥികൾ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളൊക്കെ ഉള്ളതു കൊണ്ട് അവളെ കുറച്ചു നേരത്തേക്ക് കൂട്ടിലിട്ടിരുന്നു. കുഞ്ഞുങ്ങൾ തൊടുകയോ പിച്ചുകയോ ചെയ്താൽ ബുദ്ധിമുട്ടാകില്ലേ എന്ന് കരുതിയായിരുന്നു അങ്ങനെ ചെയ്തത്. വൈകുന്നേരം ആയപ്പോൾ വീട്ടിൽ എൻസൈക്ലോപീഡിയ വിൽക്കുന്ന ഒരു ചെറുപ്പക്കാരൻ വന്നു. അയാൾ വന്നു പോയതിൽ പിന്നെ അവളെ കാണാനില്ല എന്നതാണ് സത്യം. അയാൾ ഞങ്ങളുടെ മിട്ടുവിനെ മോഷ്ടിച്ചു കൊണ്ടു പോയി എന്ന് ഞങ്ങൾ സംശയിക്കുന്നില്ല. പക്ഷേ അയാൾക്ക് അങ്ങനെ ഒരു അബദ്ധം സംഭവിച്ചിട്ടുണ്ടെങ്കിൽ ദയവായി അത് തിരുത്തണം. കാരണം ഞങ്ങൾ അത്രമാത്രം മനോവേദനയിലാണ്. അന്നേ ദിവസം തന്നെ അടുത്തുള്ള പള്ളിയിൽ പെരുന്നാളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളൊക്കെ ഉണ്ടായിരുന്നു. അന്നേരം പടക്കം പൊട്ടിച്ചപ്പോഴോ മറ്റോ അതിന്റെ ശബ്ദം കേട്ട് പേടിച്ച് പറന്നു പോയി കാണുമോ എന്നും ഞങ്ങൾ സംശയിക്കുന്നുണ്ട്.

വിപണിയിൽ മിട്ടുവിന്റെ വർഗമായ പൈനാപ്പിൾ കൊന്യൂറിന്റെ കുഞ്ഞിന് 7000 രൂപ മുതൽ 10,000 രൂപ വരെയാണ് വില. അത് മുന്നിൽ കണ്ട് മോഷ്ടിച്ചതാണെങ്കിൽ അവനെ ഞങ്ങൾക്ക്  തിരികെ തരൂ. ആരുമറിയാതെ തിരികെ കൈപ്പറ്റിക്കോളാം.  അവനെ ആരെങ്കിലും വിൽക്കാൻ കൊടുത്തിട്ടുണ്ടാകുമോ എന്ന് ഭയന്ന് പാല, കഞ്ഞിക്കുഴി, ഏറ്റുമാനൂർ, കോട്ടയം തുടങ്ങി സകല സ്ഥലങ്ങളിലേയും പെറ്റ്ഷോപ്പുകളിൽ‌ ഞാൻ അന്വേഷിച്ചിരുന്നു. നിരാശയായിരുന്നു ഫലം. വീണ്ടും പറയട്ടെ, കാശിനേക്കാൾ വലുതാണ് ഞങ്ങൾക്ക് മിട്ടു. അവനെ കണ്ടെത്താൻ സഹായിക്കൂ– രാജേഷ് പറഞ്ഞു നിർത്തി.