Monday 01 October 2018 04:12 PM IST

രഘുവരൻ കുടുംബത്തിലെ ഇളമുറക്കാരൻ സിനിമയിലേക്ക്! വല്യച്ഛന്റെ വഴിയേ രോഹിത് ഡെന്നീസ്, തുടക്കം മണിരത്നം ചിത്രത്തിലൂടെ

Nithin Joseph

Sub Editor

rs003

‘ചെക്ക ചിവന്ത വാന’ത്തിലെ ‘ചെക്കനെ’ കണ്ടപ്പോൾ‌ ചിലർക്ക് സംശയം തോന്നി, ഇവന് എവിടൊക്കെയോ നമ്മുടെ രഘുവരന്റെ ലുക്ക് ഉണ്ടല്ലോ? അന്വേഷിച്ചു ചെന്നപ്പോഴാണ് ആ രഹസ്യം തിരിച്ചറിഞ്ഞത്. രഘുവരന്റെ അനുജൻ സുരേഷ് ബാബുവിന്റെ മകനാണ്. പേര് രോഹിത് ഡെന്നീസ്. മണിരത്നത്തിന്റെ പുതിയ ചിത്രമായ ‘ചെക്ക ചിവന്ത വാന’ത്തിലൂടെ സിനിമയിലേക്ക് എത്തുകയാണ് രഘുവരൻ കുടുംബത്തിലെ ഇളമുറക്കാരൻ.

മെലിഞ്ഞ രൂപവും പതിഞ്ഞ ശബ്ദവുംകൊണ്ട് ഇന്ത്യൻസിനിമയുടെ സ്ഥിരം വില്ലൻ സങ്കൽപങ്ങളെ പൊളിച്ചെഴുതിയ മഹാനടനാണ് രഘുവരൻ. ആ അതുല്യ കലാകാരൻ അനശ്വരമാക്കിയത് വ്യത്യസ്തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങൾ. അതുകൊണ്ടുതന്നെ രഘുവരന്റെ അനന്തരവൻ സിനിമയിലേക്ക് കടന്നു വരുമ്പോൾ  പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാ ലോകം.

rs002

ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റ്. സന്തോഷം എത്രത്തോളമാണ്?

ഈ സിനിമയുടെ ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി വളരെ വലിയൊരു ക്രൂ പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖരുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു. ഇവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്. സിനിമയിൽ എന്റേത് ചെറിയ റോളാണ്. ഏഴോളം സീനുകള്‍ മാത്രമാണ് ഉള്ളത്. പക്ഷേ, കൂടെയുണ്ടായിരുന്ന ഓരോരുത്തരിൽനിന്നും ഒരുപാട് പഠിക്കാൻ സാധിച്ചു.

ഈ സിനിമയിലേക്ക് എത്തിയതെങ്ങനെ?

ഈ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ അച്ഛന്റെ സുഹൃത്താണ്. എനിക്ക് അഭിനയത്തിൽ താൽപര്യമുണ്ടെന്ന് അച്ഛൻ അവരോട് മുൻപ് എപ്പോഴോ പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നീട് മാസങ്ങൾക്കു ശേഷം മണിരത്നം സാറിന്റെ സിനിമയിൽ ചെറിയ ഒരു റോള്‍ ചെയ്യാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ച് അവർ എന്നെ വിളിച്ചു. അങ്ങനെ ഒഡീഷനിൽ പങ്കെടുത്തു. കുറച്ച് ദിവസങ്ങൾക്കു ശേഷം എന്നെ ഷോർട്ട്ലിസ്റ്റ് ചെയ്തു എന്നറിയിച്ചു. വീണ്ടും ഒരു മാസത്തിനു ശേഷമാണ് എന്നെ സെലക്ട് ചെയ്ത വിവരം അറിയിച്ചത്.

rs1

രഘുവരന്റെ അനുജന്റെ മകൻ എന്ന ആനുകൂല്യത്തിലാണ് അവസരം കിട്ടിയതെന്നാണ് ഞാൻ ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ ഈ വിവരം മണി സാർ അറിഞ്ഞിരുന്നില്ല. നാൽപതോളം പേരിൽനിന്ന് എന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പിന്നീട് അങ്കിളുമായുള്ള ബന്ധം അറിഞ്ഞപ്പോൾ അദ്ദേഹത്തിനും ഒരുപാട് സന്തോഷം തോന്നി. ‘രഘുവിന്റെ അനന്തരവനാണെങ്കിൽ നേരത്തേ, പറയേണ്ടായിരുന്നു, നമ്മുക്ക് എന്തിനാണ് ഇത്രയും പേരെ ഓഡിഷൻ ചെയ്തത്’ എന്നു സാർ പറഞ്ഞതായി കേട്ടു. ഷൂട്ടിങ് തുടങ്ങിയതിനു ശേഷമാണ് ഈ വിവരം ഞാൻ അറിയുന്നത്.

ആദ്യ സിനിമ, അതും സീനിയർ സംവിധായകനും സൂപ്പർ താരങ്ങൾക്കും ഒപ്പം?

എന്റെ ആദ്യ സീനിന്റെ ഷൂട്ട് നടക്കുന്ന സമയം. ഷോട്ടിനിടയിൽ കുറച്ച് സമയം കിട്ടിയപ്പോൾ ഞാൻ റെസ്റ്റ്റൂമിൽ പോയി. തിരിച്ചു വന്നപ്പോൾ എല്ലാവരും എന്നെ നോക്കി നിൽക്കുന്നു. മണി സാർ എന്നോട് ദേഷ്യത്തിൽ ചോദിച്ചു, ‘where the hell did you go.’ ശരിക്കും പേടിച്ചു പോയി. ഞാനൊന്നും മിണ്ടാതെ നിന്നു. കുറച്ച് നേരം കഴിഞ്ഞ് ഷോട്ടിന് സമയമായപ്പോൾ മണി സാർ എന്റെ തോളിൽ തട്ടിയിട്ട് ‘വിഷമിക്കേണ്ട, എല്ലാം മറന്നുകളഞ്ഞേക്ക്’ എന്ന് പറ‍ഞ്ഞു. ആ നിമിഷം എനിക്ക് കിട്ടിയ കോൺഫിഡൻസ് വളരെയധികമായിരുന്നു.

ത്യാഗരാജൻ സാറിൽനിന്നും വളരെ വിലപ്പെട്ട ഒരു ഉപദേശം കിട്ടി. ‘ഓരോ സിനിമകളും വളരെ ശ്രദ്ധിച്ച് സ്വയം തിരഞ്ഞെടുക്കുക. നിന്റെ കരിയർ മറ്റുള്ളവരുടെ തീരുമാനങ്ങൾക്കൊത്ത് ആവരുത്. എന്റെ മകന്റെ (നടൻ പ്രശാന്ത്) അവസ്ഥ നിനക്കുണ്ടാകരുത്.’ ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

rs007

ഈ സിനിമകൊണ്ട് ഒരുപാട് സൗഹൃദങ്ങൾ സമ്പാദിക്കാൻ എനിക്ക് സാധിച്ചു. സ്വഭാവംകൊണ്ട് കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടിയാണ് ചിലമ്പരസൻ. ഷൂട്ട് നടക്കുന്ന സമയത്തു പോലും ചിമ്പു അടങ്ങിയിരിക്കില്ല. മുഴുവൻ സമയവും കൊച്ചുകുട്ടികളെപ്പോലെ കളിയും തമാശയും കൃസൃതികളുമായി പാഞ്ഞുനടക്കും. എനിക്ക് കിട്ടിയ മറ്റൊരു സുഹൃത്ത് അപ്പാനി ശരത് ആണ്. ഷൂട്ടിങ് സമയത്തെല്ലാം ഞങ്ങൾ ഒരുമിച്ചായിരുന്നു. രഘുവരൻ എന്റെ അങ്കിൾ ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായിരുന്നു ശരത്തിന്. അങ്കിളിനെക്കുറിച്ച് ഒരുപാട് സംസാരിക്കുമായിരുന്നു.

ഇത്ര വലിയ താരനിരയ്ക്കൊപ്പം അരങ്ങേറ്റം. ആ അനുഭവം?

സിനിമയിലെ എല്ലാ താരങ്ങൾക്കുമൊപ്പം കോംപിനേഷൻ സീൻ ഉണ്ടെന്നും അതിനുള്ള തയാറെടുപ്പുകൾ നടത്തണമെന്നും ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പേ മുന്നറിയിപ്പ് കിട്ടിയിരുന്നു. എങ്കിലും ആദ്യ സിനിമയിൽ അഭിനയിക്കുന്ന ഏതൊരു നടനെയും പോലെ എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. ആദ്യ ഷോട്ടിൽ പ്രകാശ്‌രാജ്, ത്യാഗരാജൻ, ജ്യോതിക എന്നിവർക്കൊപ്പമാണ് അഭിനയിക്കേണ്ടത്. ഷോട്ട് കഴിഞ്ഞതോടെ പേടി പോയി. ഓരോ ഷോട്ടിനു മുൻപും ഞാൻ ചെയ്യേണ്ടതെന്തെന്ന് കൃത്യമായി പറഞ്ഞു തരുന്നത് മണി സാർ നേരിട്ടാണ്. സാധാരണ നിലയിൽ അസിസ്റ്റന്റ് ഡയറക്ടർമാരാണ് ഈ ജോലി ചെയ്യുന്നത്. പുതുമുഖമായ എനിക്ക് അദ്ദേഹം ഇത്ര ശ്രദ്ധയോടെ പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. പക്ഷേ, വളരെ ചെറിയ കാര്യങ്ങൾ പോലും അത്ര ശ്രദ്ധയോടെയേ അദ്ദേഹം ചെയ്യൂ.

rs004

സിനിമയെന്ന വഴി സ്വയം തിരിച്ചറിഞ്ഞെടുക്കുകയായിരുന്നോ?

പത്താം ക്ലാസ്സിൽ എത്തുന്നതു വരെ അഭിനയമോഹം മനസ്സിൽ ഉണ്ടായിരുന്നില്ല. അതിനു ശേഷം ഒരുപാട് സിനിമകൾ കാണാൻ തുടങ്ങി. അങ്ങനെയാണ് അഭിനയത്തോട് താൽപര്യം തോന്നുന്നത്. വീട്ടിൽനിന്ന് നല്ല പിന്തുണ കിട്ടി. പ്ലസ് ടൂ കഴിഞ്ഞ് ചെന്നൈയിൽ ഒരു ആക്ടിങ് സ്കൂളിൽ പോയി രണ്ടു വർഷം അഭിനയം പഠിച്ചു. അതിനു ശേഷം രണ്ടു വർഷം കൊറിയോഗ്രാഫർ ജയന്തി മാസ്റ്ററുടെ കീഴിൽ ന‌ൃത്തം പഠിച്ചു. അതിനുശേഷം കുറച്ച് ഷോർട്ട്ഫിലിമുകൾ ചെയ്തു. ചില സിനിമകളിൽനിന്ന് ഓഫറുകൾ വന്നെങ്കിലും അതൊന്നും സ്വീകരിച്ചില്ല. അപ്പോഴാണ് ഈതിന്റെ കാസ്റ്റിങ് കോൾ കാണുന്നത്. അപക്ഷേിച്ചു, ഓഡിഷനിൽ പോയി. തെരഞ്ഞെടുക്കപ്പെട്ടു. മണി സാറിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കണമെന്നതാകാം നിയോഗം.

സിനിമയിലേക്ക് വരാനുള്ള ഇൻസ്പിറേഷൻ രഘുവരനാണോ?

എന്റെ ഓർമയിൽ അങ്കിളിനെ വളരെ കുറച്ച് തവണയേ ഞാൻ കണ്ടിട്ടുള്ളൂ. ഞങ്ങളൊരുമിച്ചുള്ള അധികം ഓർമകളൊന്നും മനസ്സിലില്ല. ഞാൻ വളർന്നപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. അങ്കിളിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നെന്ന് അച്ഛൻ പറയാറുണ്ട്. കുഞ്ഞായിരിക്കുന്ന സമയത്ത് എപ്പോഴും എന്നെ കാണാൻ വരുമായിരുന്നു. എന്നെ കാറിലിരുത്തി പുറത്തു കറങ്ങാൻ കൊണ്ടുപോകും. എനിക്കിഷ്ടമുള്ളതെല്ലാം വാങ്ങിത്തരും. പക്ഷേ, എനിക്ക് ഇതെല്ലാം കേട്ടുകേൾവി മാത്രമാണ്.

rs006

അദ്ദേഹം എത്ര വലിയ മനുഷ്യൻ ആയിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയത് സിനിമകളിലൂടെയാണ്. അതുല്യനായ കലാകാരൻ. ഓരോ സിനിമയിലും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. എന്നെ ഒരുപാട് അദ്ഭുതപ്പെടുത്തിയത് ‘ത്യാഗു’, ‘പുരിയാത പുതിർ’ എന്നീ സിനിമകളിലെ പ്രകടനങ്ങളാണ്.

സിനിമയിൽ നായകവേഷങ്ങൾ ചെയ്യാനാണോ, രഘുവരനെപ്പോലെ മികച്ചൊരു വില്ലനാകാനാണോ ആഗ്രഹം?

പൊതുവേ സിനിമയുമായി ബന്ധമുള്ള കുടുംബത്തിൽനിന്ന് അഭിനയിക്കാൻ വരുന്ന എല്ലാ നടൻമാർക്കും നായകനായി അരങ്ങേറ്റം കുറിക്കണമെന്നാണ് ആഗ്രഹം. എന്തുകൊണ്ടോ, എനിക്ക് അങ്ങനെയൊരു ആഗ്രഹം ഇല്ല. അക്കാര്യത്തിൽ എന്നെ സ്വാധീനിച്ചതും അങ്കിളാണ്. അദ്ദേഹം ചെയ്യാത്ത വേഷങ്ങളില്ല. ‘അമർക്കളം’ പോലെ നിരവധി സിനിമകളിൽ കേവലം കുറച്ച് സീനുകളിൽ മാത്രം വന്ന് നായകനെ പോലും നിഷ്പ്രഭമാക്കുന്ന പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. ഇന്നുള്ള നടൻമാരിൽ അത്തരത്തിൽ സിനിമ ചെയ്യുന്നത് വിജയ് സേതുപതിയാണ്. അദ്ദേഹവും ഇൻസ്പിറേഷനാണ്. എനിക്കിനിയും നല്ല സിനിമകളുടെ ഭാഗമാകണം. നല്ല നടനെന്ന പേര് കേൾക്കണം. അത് മാത്രമാണ് ലക്ഷ്യം. നായകന്‍, വില്ലൻ എന്നിങ്ങനെയുള്ള വാശികളൊന്നും തന്നെയില്ല.

rs005

സിനിമയാണ് വഴിയെന്ന തീരുമാനത്തോട് വീട്ടിലെ പ്രതികരണം എങ്ങനെയായിരന്നു?

ഞാൻ നടനാകണം എന്ന് ഏറ്റവുമധികം ആഗ്രഹിച്ചത് അച്ഛൻ സുരേഷ് ബാബുവാണ്. എന്നാൽ എന്റെ വഴി ഞാൻ സ്വയം തിര‍ഞ്ഞെടുക്കണം എന്ന ചിന്ത കൊണ്ടാവാം, ഒരിക്കൽപോലും അച്ഛൻ ഇക്കാര്യം എന്നോട് പറ‍ഞ്ഞിരുന്നില്ല. അമ്മ പ്രേമകുമാരിയും അനിയൻ നിതീഷും ഫുൾസപ്പോർട്ടുമായി കൂടെയുണ്ട്. ‘ചെക്ക ചിവന്ത വാന’ത്തിൽ വളരെ ചെറിയ വേഷമാണ് ഞാൻ ചെയ്തത്. പക്ഷേ, കഥാപാത്രത്തിന്റെ വലുപ്പത്തേക്കാൾ ആ സിനിമയുടെ വലുപ്പവും അതിന്റെ പിന്നിൽ പ്രവർത്തിച്ച ആളുകളുമാണ് പ്രധാനം. ആദ്യ ഒഡീഷനിൽ തന്നെ ഞാൻ തിരഞ്ഞെടുക്കപ്പെട്ടതിൽ അച്ഛന് ഏറെ അഭിമാനം തോന്നി.

പുതിയ സിനിമകൾ?

കുറച്ച് കഥകൾ കേട്ടു. അതിൽനിന്ന് ചിലത് തിരഞ്ഞെടുത്തിട്ടുണ്ട്. അതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു പറയാറായിട്ടില്ല.

rs008