Tuesday 13 October 2020 10:54 AM IST : By സ്വന്തം ലേഖകൻ

ഒരമ്മയുടെ ഉദരത്തിൽ പിറന്നില്ലെങ്കിലും ‘കൂടപ്പിറപ്പ്’; വൃക്കദാനത്തിലൂടെ ഉമാപ്രേമന്റെ ‘രക്തബന്ധു’വായി മാറിയ സലിൽ ഓർമയായി

thrissur-uma-preman-and-salil-story.jpg.image.845.440

ഒരമ്മയുടെ ഉദരത്തിൽ പിറന്നില്ലെങ്കിലും വൃക്കദാനത്തിലൂടെ ഉമാപ്രേമന്റെ ‘രക്തബന്ധു’വായി മാറി മെഡിക്കൽ രംഗത്ത് അത്ഭുതം സൃഷ്ടിച്ച സലിൽ ഓർമയായി. ത്വക് കാൻസറിനെത്തുടർന്നു വർഷങ്ങളായി ചികിത്സയിലിരുന്ന സലിൽ ഇന്നലെ പുലർച്ചെയാണു മരിച്ചത്. വൃക്കരോഗിയായിരുന്ന സലിലിന് 1999 ലാണ് ഉമാപ്രേമൻ വൃക്ക നൽകിയത്.

അച്ഛനും അമ്മയും മരിച്ച സലിലിനെ കോവൈ ആശുപത്രിയുടെ മുറ്റത്തു നിസഹായനായി കണ്ടെത്തുമ്പോൾ അപരിചിതൻ. സലിലിന്റെ വൃക്ക ഒ നെഗറ്റീവ്. ഉമയുടേത് ഒ പോസിറ്റീവ്. എങ്കിലും ഉമ വൃക്ക നൽകി. സലിൽ ജീവിതത്തിലേക്കു തിരിച്ചുവന്നു. രക്തഗ്രൂപ്പ് വ്യത്യസ്തമായതിനാൽ ശരീരം വൃക്ക നിരസിക്കുമോ എന്ന ആശങ്കയുടെ 2 വർഷങ്ങൾ.

ഇതിനിടെ ഒരപകടത്തിൽപ്പെട്ടു വീണ്ടും കോവൈ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണു സലിലിന്റെ രക്തഗ്രൂപ്പ്  ഒ പോസിറ്റീവ് ആയി മാറിയത് തിരിച്ചറിഞ്ഞത്. ലാബ് ഫലം തെറ്റിയതാണോയെന്നറിയാൻ വീണ്ടും പരിശോധന നടത്തിയെങ്കിലും രക്തഗ്രൂപ്പ് മാറ്റം സ്ഥിരീകരിച്ചു. ഇന്ത്യയിലെ നെഫ്രോളജിസ്റ്റുകളൊക്കെ ഈ സംഭവത്തെക്കുറിച്ചു പഠനം നടത്തി.

8 വർഷം കഴിഞ്ഞപ്പോൾ സമാനമായ സംഭവം ഓസ്ട്രേലിയയിൽ നിന്നു പുറത്തുവന്നു. കരൾ മാറ്റിവച്ച ഓസ്ട്രേലിയക്കാരി റെഡ്മി ലീ ബ്രണ്ണന്റെ രക്തഗ്രൂപ്പ് രക്തദാതാവിന്റെ ഗ്രൂപ്പായി മാറി. വൃക്ക സ്വീകർത്താവിനൊപ്പം ‘രക്ത ബന്ധു’ കൂടിയായി മാറിയ സലിൽ ഉമയുടെ കുഞ്ഞനുജനായി കൂടെക്കൂടി. ഗുരുവായൂരിലെ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിലേക്കു സലിലിനെയും സഹോദരി ലിസയെയും മക്കളെയും ഉമ കൊണ്ടുവന്നു. സലിലിനെ സഹോദരൻ എന്നു വിളിച്ചു.

സാമൂഹിക പ്രവർത്തകയായി വളർന്ന ഉമ സലിലിനെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാക്കി. സലിലിന്റെയും ഉമയുടെയും പേരുകൾ ചേർത്ത് സംസ് എന്ന പേരിൽ ഒരു വർക്‌ഷോപ് തുടങ്ങി. ആംബുലൻസുകൾ രൂപപ്പെടുത്തിയെടുക്കുന്ന വർക്‌ഷോപ്  ഇന്ത്യ മുഴുവൻ അറിയപ്പെട്ടു. എല്ലായിടത്തുനിന്നും വാൻ ആംബുലൻസും കാരവനുമാക്കി മാറ്റാനുള്ള ഓർഡറുകൾ ലഭിച്ചു. 

ഒരേസമയം 14 ആംബുലൻസുകൾ വരെ മോൾഡ് ചെയ്യുന്നതും നൂറിലേറെപ്പേർക്കു ജോലി നൽകുന്നതുമായ സ്ഥാപനമായി ‘സംസി’നെ വളർത്തിയപ്പോഴാണ് സലിലിനെ കാൻസർ പിടികൂടുന്നത്. 72 ദിവസം അട്ടപ്പാടി ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ ഗുരുവായൂർ കോട്ടപ്പടി ശ്മശാനത്തിൽ സംസ്കരിച്ചു. 

Tags:
  • Spotlight
  • Relationship