സുപ്രീംകോടതിയിൽ ആംഗ്യഭാഷയിൽ വാദം നടത്തിയ കേൾവിപരിമിതിയുള്ള ഇന്ത്യയിലെ ആദ്യ അഭിഭാഷക. മലയാളിയായ സാറാ സണ്ണിയുടെ പ്രചോദനമേകുന്ന വിജയകഥ.
കുട്ടിക്കൂട്ടത്തിന്റെ കളിയുടെ രസത്തിനിടയിൽ രണ്ടുപേർ തമ്മിൽ തർക്കമുണ്ടായി. ആരുടെ ഭാഗത്തു നിൽക്കണം എന്ന ചിന്തയിൽ കൂട്ടുകാർ തലപുകച്ചു. പക്ഷേ, ന്യായം ആരുടെ ഭാഗത്തെന്ന കാര്യത്തിൽ കുഞ്ഞുസാറയ്ക്കു മാത്രം സംശയമൊന്നുമില്ലായിരുന്നു. സ്കൂളിലായാലും വീട്ടിലായാലും ന്യായത്തിനു വേണ്ടി വാദിക്കുന്ന സാറ യെയാണ് എല്ലാവർക്കും പരിചയം.
സാറയുടെ വാദം കേൾക്കുമ്പോഴെല്ലാം അമ്മ ബെറ്റിയും അച്ഛാച്ചൻ സണ്ണിയും തമാശമട്ടിൽ പറയും. ‘ഇവളൊരു വക്കീലാകും.’ അതു കേട്ടു പലരും നെറ്റിചുളിച്ചു. കേൾവി പരിമിതിയുള്ള കുട്ടി എങ്ങനെ വക്കീലാകും? ആ സംശയത്തിനുള്ള ഉത്തരമാണ് അഭിഭാഷക സാറാ സണ്ണിയുടെ ജീവിതം. ഇന്ത്യയിലെ കേൾവിപരിമിതിയുള്ള ആദ്യ അഭിഭാഷകയാണു സാറ സണ്ണി. കോട്ടയം സ്വദേശിയും െബംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടന്റുമായ സണ്ണി കുരുവിളയുടെയും ബെറ്റിയുടെയും മകൾ.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനു മുന്നിൽ സാറ സണ്ണി വാദവുമായെത്തിയപ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ തന്നെ ചരിത്ര നിമിഷമാണു പിറന്നത്. ആംഗ്യഭാഷയിലുള്ള വാദം വിശദീകരിക്കാൻ വ്യാഖ്യാതാവ് സൗരഭ് റോയ് ചൗധരിയെ അനുവദിച്ചു. ഭിന്നശേഷിയുള്ളവരെക്കൂടി പരിഗണിക്കുന്ന ഇടമായി കോടതി മാറിയ ചരിത്രനിമിഷം. പരിമിതികൾ മറികടന്നു സ്വപ്നനേട്ടം സ്വന്തമാക്കിയ സാറയുടെ ജീവിതകഥയിലൂടെ..
കേൾക്കാത്ത ശബ്ദം വായിക്കുമ്പോൾ
എനിക്കു സംസാരിക്കാനാകും. പക്ഷേ, എന്റെ ലോകത്തു ശബ്ദങ്ങളില്ല. കേൾക്കാൻ കഴിയാത്തതിനാൽ പല ഇടങ്ങളിലും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. പരിമിതികളുടെ പേരിൽ ഒരിക്കലും പിന്നിലാകരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. മുതിർന്ന സഹോദരൻ പ്രതീകും എന്റെ ഇരട്ട സഹോദരിയായ മറിയയും കേൾവി പരിമിതിയുള്ളവരാണ്. ഞങ്ങളുടെ മൂന്നുപേരുടെയും വിജയകഥയ്ക്കു പിന്നിൽ മാതാപിതാക്കളുടെ നിശ്ചയദാർഢ്യവും പ്രയത്നവും തുണയായുണ്ട്.
കേൾവി പരിമിതിയുള്ള ഞങ്ങളുടെ സ്കൂൾ, കോളജ് അഡ്മിഷൻ സമയങ്ങളിൽ അവർ നേരിട്ട പ്രശ്നങ്ങ ൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ഭിന്നശേഷിയുള്ളവർക്കു വേണ്ടി മാറ്റങ്ങൾ കൊണ്ടു വരണമെന്ന മോഹമാണ് അഭിഭാഷകയാകണമെന്ന തീരുമാനത്തിലേക്കെന്നെ എത്തിച്ചത്.
അമ്മയുടെ ചുണ്ടിലെ അക്ഷരങ്ങൾ
കേൾവി പ്രശ്നമുളള കുട്ടികൾക്കു കൃത്യമായ പരിശീലനം കിട്ടിയാൽ സംസാരിക്കാനാകും. എന്നാൽ പൊ തുവെ കേൾവി പ്രശ്നങ്ങളുള്ളവർ ആംഗ്യഭാഷ പഠിക്കുകയും സ്പെഷൽ സ്കൂളിൽ േചരുകയുമാണു ചെയ്യാറ്. പ്രതീകിനു കേൾവിപരിമിതിയുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ സാധാരണ സ്കൂളിൽ പഠിപ്പിക്കാനായിരുന്നു അച്ഛാച്ചന്റെ തീരുമാനം. ആംഗ്യഭാഷ പഠിപ്പിക്കേണ്ടെന്നും നിശ്ചയിച്ചു. ചെന്നൈയിലെ ബാലവിദ്യാലയ സ്കൂളിലാണു ചേർത്തത്. അവിടെ ക്ലാസ്സിൽ കുട്ടിയുടെ കൂടെ അമ്മയും ഇരിക്കണം. അമ്മയ്ക്കു കൃത്യമായ പരിശീലനം നൽകും. അമ്മയുടെ ചുണ്ടിന്റെ ചലനത്തിലൂടെയാണു കുഞ്ഞു ഭാഷ അറിയുന്നത്.
ഒരു ഭാഷ മാത്രം പിന്തുടരുന്നതാണു നല്ലത്. പ്രയോജനപ്രദമായ ഭാഷയെന്ന നിലയിൽ ഇംഗ്ലിഷാണു തിരഞ്ഞെടുത്തത്. അങ്ങനെ ലിപ് റീഡിങ്ങിലൂടെ മറ്റുള്ളവർ സംസാരിക്കുന്നതെന്തെന്നു മനസ്സിലാക്കാനും സംസാരിക്കാനും പ്രതീക് പഠിച്ചു. അഞ്ചു വർഷത്തെ പരിശീലനം പൂർത്തിയാക്കി തിരികെ ബെംഗളൂരുവിലെത്തി. സാധാരണ സ്കൂളിൽ അഡ്മിഷനു ശ്രമിച്ചു. സ്പെഷൽ സ്കൂളിൽ ചേർക്കൂ എന്നു പറഞ്ഞു മിക്ക സ്കൂളുകളും ഒഴിഞ്ഞു മാറി. എൻട്ര ൻസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രതീകിനു സെന്റ് േജാസഫ്സ് സ്കൂളിൽ പ്രവേശനം ലഭിച്ചു.
കേൾവിക്കു പകരമായി ആത്മവിശ്വാസം
പ്രതീകിന് എട്ടര വയസ്സുള്ളപ്പോഴാണു ഞങ്ങളുടെ ജനനം. ഇരട്ടക്കുഞ്ഞുങ്ങളായ ഞങ്ങളെ ഇരട്ടി സന്തോഷത്തോടെയാണ് അമ്മയും അച്ഛാച്ചനും വരവേറ്റത്. പ്രതീകിനു കേൾവിപരിമിതിയുള്ളതുകൊണ്ടു ഞങ്ങളുടെ കാര്യത്തിലും ചെറിയ ആശങ്ക അവർക്കുണ്ടായിരുന്നു. എന്നാൽ പ രിശോധനകളിൽ പ്രശ്നമൊന്നും കണ്ടില്ല.
ഒരു വയസ്സായപ്പോഴേക്കും ഞങ്ങൾക്കും കേൾവിപരിമിതിയുണ്ടെന്നു തിരിച്ചറിഞ്ഞു. അമ്മയുടെയും അച്ഛാച്ചന്റെയും ഉള്ളുലഞ്ഞിട്ടുണ്ടാവണം. ആത്മവിശ്വാസത്തോടെ താങ്ങായി നിൽക്കുന്ന അവരാണു ഞങ്ങളുടെ ഓർമയിൽ. പ്രതീകിനു പരിശീലനം നൽകിയ പരിചയമുള്ളതുെകാണ്ട് അമ്മ ബെറ്റി തന്നെ ഞങ്ങൾക്കും പരിശീലനം നൽകി. കോളജ് അധ്യാപികയായുൾപ്പെടെ നിരവധി നല്ല േജാലികൾ കിട്ടിയിട്ടും അതെല്ലാം വേണ്ടെന്നു വച്ചാണ് അമ്മ ഞങ്ങളെ നോക്കിയത്. പരിശീലനത്തിലൂടെ മുഖാമുഖം നിന്ന് ആളുകൾ പറയുന്നതെന്തെന്നു മനസ്സിലാക്കാനും സംസാരിക്കാനും ഞങ്ങൾ പഠിച്ചു.
സാധാരണ സ്കൂളിൽ പ്രവേശനം കിട്ടാൻ ഏറെ ബുദ്ധിമുട്ടി. ബെംഗളൂരുവിലെ ക്ലൂണി കോൺവന്റ് ഹൈസ്കൂളിലാണു ഞങ്ങൾ പത്താം ക്ലാസ് വരെ പഠിച്ചത്. ടീച്ചർമാർ പറയുന്നതു നോക്കിയാണു നോട്സ് എഴുതിയെടുക്കുക. വേഗത്തിൽ പറയുമ്പോൾ പിന്തുടരാൻ ഞങ്ങൾ ബുദ്ധിമുട്ടും. ഇടവേളനേരത്തു സുഹൃത്തുക്കളുടെ സഹായത്തോടെ നോട്സ് കൃത്യമാണെന്ന് ഉറപ്പു വരുത്തും. വീട്ടിലെത്തുമ്പോൾ അമ്മ കൂടെയിരുന്നു പഠിപ്പിക്കും. പഠനത്തിൽ ഞ ങ്ങളെന്നും മുന്നിൽത്തന്നെയായിരുന്നു. മൂന്നാം വയസ്സ് മുതൽ അമ്മയുടെ കീഴിൽ നൃത്തം പഠിക്കുന്ന ഞങ്ങൾ കലാരംഗത്തും ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ബെംഗളൂരുവിലെ സെന്റ് ക്ലാരറ്റ് കോളജിൽ നിന്നു പ്ലസ്ടു പൂർത്തിയാക്കിയ ശേഷം ഞാനും മറിയയും ജ്യോതിനിവാസ് കോളജിൽ ബികോമിനു ചേർന്നു. ബിേകാമിനൊപ്പം ഒരു വിഷയമായി നിയമം പഠിക്കണം. ആ സമയത്താണ് അഭിഭാഷകയാകണമെന്നു ഞാൻ തീരുമാനിച്ചത്.
കോഴ്സ് പൂർത്തിയായ ശേഷം ലോ കോളജിൽ േപാക ണമെന്ന മോഹം അവതരിപ്പിച്ചു. കേൾക്കാൻ വയ്യാത്ത കുട്ടിയെങ്ങനെ വക്കീലാകുമെന്ന പഴയ സംശയം വീണ്ടുമുയർന്നു. നീതിക്കായി വാദിക്കാനുള്ള കഴിവ് എന്റെ ജീനിലുണ്ട് എന്നായിരുന്നു അമ്മയുടെയും അച്ഛാച്ചന്റെയും വിശ്വാസം. അവർ എന്റെ ഇഷ്ടത്തിനൊപ്പം നിന്നു.
ലോ കോളജിൽ അഡ്മിഷൻ കിട്ടുമോയെന്നു മാത്രമായിരുന്നു സംശയം. അതുവരെ സാധാരണ നിലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണു പഠിച്ചത്, അക്കാദമികമായി മികവ് തുടങ്ങിയ ഘടകങ്ങളെല്ലാം ഗുണമായി. ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് ലോ കോളജിലെ ആദ്യബാച്ചിൽ അഡ്മിഷൻ ലഭിച്ചു. മറിയ സിഎയാണു തിരഞ്ഞെടുത്തത്. ആദ്യമായി ഞങ്ങൾ രണ്ടിടത്തായി.
പഠനകാലത്തു മറ്റുള്ളവർ പറയുന്നതു കേൾക്കാൻ പറ്റില്ലെന്നതു വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ, ചുണ്ടുകളുടെ ചലനം ശ്രദ്ധിച്ച് അവർ പറയുന്നതെന്തെന്നു മനസ്സിലാക്കാനുള്ള കഴിവ് ഒരുപരിധിവരെ ഞങ്ങളെ സഹായിച്ചു. ആദ്യമായി ആശയവിനിമയം നടത്തുന്നവർക്ക് ഞാൻ പറയുന്ന ചില വാക്കുകൾ കൃത്യമായി മനസ്സിലാകണമെന്നില്ല. പക്ഷേ, പരിമിതിയുണ്ടെന്നു കരുതി ഒരിക്കലും മാറി നിന്നിട്ടില്ല. എല്ലാവരോടും സംസാരിക്കും.
കേൾവിപ്രശ്നങ്ങളില്ലാത്ത കൂട്ടുകാരോടൊപ്പം കൂട്ടുകൂടിയും പഠിച്ചും വളർന്നതുകൊണ്ട് എനിക്കു സാധാരണ വ്യക്തിയെപ്പോലെ തന്നെ മുന്നോട്ടു നീങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എൽഎൽബി പഠനകാലത്തും അതേ ആത്മവിശ്വാസമാണു തുണയായത്.
നിയമത്തിന്റെ വഴിയേ
േലാ കോളജിൽ പഠിക്കുന്ന സമയത്താണു കേൾവി പരിമിതിയുള്ളവർക്കു വേണ്ടി പ്രവർത്തിക്കണമെന്ന ഉറച്ച തീരുമാനമെടുത്തത്. കേൾവിപരിമിതിയുള്ളവരിൽ ഏറെയും ആംഗ്യഭാഷയാണ് ആശയവിനിമയത്തിനു പ്രയോജനപ്പെടുത്തുന്നത്. ബെംഗളൂരുവിലെ ഒരു പള്ളിയിൽ ആംഗ്യഭാഷയിൽ കുർബാന നടത്താറുണ്ട്. അവിടെയെത്തുന്നവർ ആംഗ്യഭാഷയിലാണ് ആശയവിനിമയം നടത്തുക. കേൾവിപരിമിതിയുള്ളവരോടു സംസാരിക്കാനും അവരുടെ കേസുകൾ കേൾക്കാനും താൽപര്യം ഉള്ളതുകൊണ്ടു ഞാൻ ഏ റെ ബുദ്ധിമുട്ടി ആംഗ്യഭാഷ പഠിച്ചെടുത്തു.
ഇതിനിടെ എൽഎൽബി പാസ്സായി. എൻറോൾ ചെയ്തതിനു ശേഷം പ്രാക്ടീസിനു വേണ്ടി ശ്രമിച്ചു. ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. കേൾവിയില്ലാത്ത ഒരാൾ എങ്ങനെ വാദം നടത്തുമെന്ന സംശയം മാത്രമായിരുന്നു മറുപടി. കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി കിട്ടും. പക്ഷേ, പ്രാക്ടീസ് ചെയ്യണമെന്നും കോടതിയിൽ പോകണമെന്നുമായിരുന്നു മോഹം. പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു.
ഒടുവിൽ സീനിയർ അഭിഭാഷകനായ തിരുവെങ്കടത്തിനൊപ്പം പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടി. ആദ്യം ഓഫിസ് േജാലിയാണു നൽകിയതെങ്കിലും പിന്നീട് വാദിക്കാനും അവസരം ലഭിച്ചു. ആ സമയത്തു ഞാൻ പറയുന്നതു ജഡ്ജിക്കു മനസ്സിലായില്ലെങ്കിൽ എഴുതിക്കാണിക്കുമായിരുന്നു.
ചരിത്രം പിറന്ന നിമിഷം
കേൾവിപരിമിതിയുള്ളവരുടെ ദേശീയ സംഘടനയ്ക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണു സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് സഞ്ജിത എയ്നെ പരിചയപ്പെടുന്നത്. അവരാണു ഞാൻ ഭിന്നശേഷിക്കാർക്കു വേണ്ടി കേസ് വാദിക്കാനൊരുങ്ങുന്നതിനെക്കുറിച്ചു ചീഫ്ജസ്റ്റിസിനെ അറിയിച്ചത്. ആംഗ്യഭാഷയിൽ ഓൺലൈനിലൂടെയുള്ള വാദം വിശദീകരിക്കാൻ വ്യാഖ്യാതാവിനെ ചുമതലപ്പെടുത്താൻ ചീഫ് ജസ്റ്റിസ് അനുവദിച്ചു.അങ്ങനെ സുപ്രീംകോടതിയിൽ വാദിക്കാൻ അവസരം കിട്ടി. ജീവിതത്തിൽ ഏറെ അഭിമാനം തോന്നിയ നിമിഷം. ഇനി ശബ്ദം അന്യമായവരെയും അംഗീകരിക്കുന്ന ഇടമായി കോടതികൾ മാറും. അതിനു നിയോഗമായതിൽ സന്തോഷം.
മറിയ സിഎ പൂർത്തിയാക്കി സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്ററായി േജാലി െചയ്യുന്നു. മറിയയുടെ ഭർത്താവ് നിരുൺ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ജ്യേഷ്ഠൻ പ്രതീക് എൻജിനീയറിങ് പഠനശേഷം അമേരിക്കയിൽ െഎടി രംഗത്തു ജോലി ചെയ്യുന്നു. പ്രതീകിന്റെ ഭാര്യ ലിസയും കേൾവിപരിമിതിയുള്ള ആളാണ്. മക്കൾ സീവയും സുബിനും.
എന്റെ വഴികാട്ടി കൂടിയായ സഞ്ജിത എയ്നിെനാപ്പമാണു ഇപ്പോൾ പ്രവർത്തിക്കുന്നത്. മനസ്സ് നിറയെ സ്വപ്നങ്ങളാണ്. മനുഷ്യാവകാശം, ഭരണഘടനാപരമായ അവകാശങ്ങൾ, ഭിന്നശേഷിക്കാരുടെ നിയമപരമായ അവകാശങ്ങൾ ഇവയ്ക്കെല്ലാം വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകയായി മികവ് തെളിയിക്കണമെന്നാണ് എന്റെ മോഹം.
ചൈത്രാലക്ഷ്മി