Tuesday 17 December 2019 12:03 PM IST

‘ഏ ആർ റഹ്മാന്റെ മകളാണെന്നു ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്; സിനിമ എന്നെ മോഹിപ്പിച്ചിട്ടില്ല, ഗസലുകൾ പാടിക്കൊണ്ടിരിക്കണം’

Tency Jacob

Sub Editor

saritha335 ഫോട്ടോ: അരുൺ പയ്യടിമീത്തൽ

ഒരു വാക്കു പിന്നെയും ബാക്കി ...

ഒരു നോക്കു പിന്നെയും ബാക്കി...

ഗസലിലൊളിച്ചിരിക്കുന്ന ഹിന്ദുസ്ഥാനിയുടെ വിഷാദമധുര സംഗീതത്തിൽ സരിത റഹ്മാൻ പാടുന്നു.  പ്രിയതമനെ തേടിയലയുന്ന പ്രണയിനിയുടെ സ്വരത്തിന് ഇശലുകളിലെ താളം കൂട്ടിരിക്കുമ്പോൾ ഹൃദയം നേർത്തുനേർത്തലിഞ്ഞില്ലാതാകും. ലോകം നമ്മിലേക്കൊതുങ്ങും...

 വാപ്പയും  ഉമ്മയും പാടുന്ന പാട്ടുകൾ കേട്ടിട്ടായിരുന്നു സ രിത പാട്ടിലേക്കെന്നല്ല ലോകത്തേക്ക് തന്നെ പിച്ച വച്ചത്. മലപ്പുറം തിരൂരിനടുത്ത് ഒഴൂരിലുള്ള ‘നൂർ’  വീട്ടിലിരുന്ന് സരിത ഗസൽ വഴികളെക്കുറിച്ചു പറഞ്ഞു തുടങ്ങി. ‘‘ വാപ്പ, ചാവക്കാട് റഹ്മാനും ഉമ്മ ആബിദയും ചേർന്ന് ‘റഹ്മാൻസ് മ്യൂസിക് ക്ലബ്’ എന്നൊരു ഗാനമേള ട്രൂപ്പുണ്ടാക്കിയിരുന്നു. വാപ്പ പാടു ക മാത്രമല്ല പാട്ടിന് സംഗീതം കൊടുക്കുകയും തബല വായിക്കുകയും ചെയ്യും. ഉമ്മ ചെമ്പൈയിൽ നിന്ന് ഗാനഭൂഷണം കഴിഞ്ഞതാണ്. വാപ്പ ബാബുക്കയുടെ  (ബാബുരാജ്) ശിഷ്യനാണ്. അതിന്റെയൊരു സ്വാധീനം വാപ്പയുടെ പാട്ടുകളിലുമുണ്ട്.

‌അല്ലാഹു അക്ബർ എന്ന കീർത്തനത്താൽ

ആവേശം അലതല്ലി രക്തം ചിന്തിയ ബദ്‌രീങ്ങളെ...

വാപ്പ പാടുന്ന ഈ പാട്ടാണ് എന്റെ ഓർമയിൽ ആദ്യമുള്ളത്. ഞാൻ പാട്ടു പഠിച്ചിട്ടൊന്നുമില്ല. ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പാടുന്നത്. ഉമ്മ പഠിപ്പിച്ചു തന്ന ആ പാട്ട് ശരിക്കു പറഞ്ഞാൽ അന്ന് പാടുകയല്ല, പറയുകയാണ് ചെയ്തത്. വാപ്പയും ഉമ്മയും ഗാനമേളയ്ക്കു പോകുമ്പോൾ എ ന്നെയും കൊണ്ടുപോകും. അവർ പാടുന്ന സമയത്ത് ട്രൂപ്പിലുള്ള സെബാസ്റ്റ്യൻ ചേട്ടന്റെ വയലിൻ കേസിൽ കിടന്നുറങ്ങുന്നതൊക്കെ ഓർമയുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്  ആദ്യമായി ട്രൂപ്പിൽ പാടുന്നത്. അന്നത്തെ പാട്ടു കഴിഞ്ഞ പ്പോൾ എല്ലാവരും നല്ല കയ്യടിയായിരുന്നു. പിന്നെ, പൈസയും മിഠായിയും ബിസ്ക്കറ്റുമൊക്കെ സമ്മാനം കിട്ടി. അന്ന് കുട്ടിക ൾക്ക് ഇന്നത്തെ പോലെ പാടാനുള്ള അവസരങ്ങൾ കുറവാണല്ലോ. പിന്നീട് ട്രൂപ്പിൽ പാടുന്ന സ്ഥിരം പാട്ടുകാരിയായി.

അനിയത്തിമാർ രണ്ടുപേരും പാടുമായിരുന്നു. അവരൊന്നും  സംഗീതം  പ്രഫഷനായി സ്വീകരിച്ചില്ലെന്നു മാത്രം. ഞാൻ ബിഎ മ്യൂസിക്കാണ് ചെയ്തത്. ഇപ്പോൾ ഛത്തീസ്ഗഢിലുള്ള ഉസ്താദ് ദിനേശ് ദേവദാസ്ജിയുടേയും ദത്താത്രേയാ      ജിയുടെയും കീഴിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നുണ്ട്.

ഗസൽ രാവുകളിലേക്ക്...

ഉമ്മ പാട്ടു പഠിപ്പിച്ചിരുന്നു. അതു കേട്ട് പഠിച്ച് ഞാൻ മത്സരങ്ങൾക്ക് പോയിട്ടുണ്ട്. ഉമ്മ ഒരിക്കൽ ഗൾഫിൽ പാടാൻ പോയി വന്നപ്പോൾ ലതാ മങ്കേഷ്ക്കറുടെ പാട്ടുകളുടെ  കസറ്റ് കൊണ്ടുതന്നു. ആ പാട്ടുകൾ എത്ര തവണ കേട്ടിട്ടുണ്ടെന്ന് എനിക്കു തന്നെ അറിയില്ല. അത്രയും ആ ശബ്ദത്തിലും പാട്ടുകളിലും ഞാൻ ലയിച്ചു പോയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഹരിഹരൻ  സാറിന്റെ  ഗസലുകളിറങ്ങുന്നത്. പിന്നെ, ആ പാട്ടുകളോടായി ഇഷ്ടം. ആ സമയത്തൊരിക്കൽ കല്യാണവീട്ടിൽ പാട്ടുപാടാൻ പോയപ്പോൾ ഞാൻ ഈ ഗസലുകൾ പാടി. അതുകേട്ട് ഇഷ്ടം തോന്നി വാപ്പയുടെ കുറച്ചു കൂട്ടുകാരാണ് ഗസൽ സന്ധ്യയൊരുക്കിയത്. അന്നു തുടങ്ങിയാണ് ഗസലുകളിൽ നിന്ന് ഗസലുകളിലേക്കുള്ള പ്രയാണം.

കല്യാണം കഴിഞ്ഞ് ഭർത്താവ് നൗഷാദാണ് ചോദിക്കുന്നത്. ‘‘നീ ഗസൽ പാടാൻ തുടങ്ങിയിട്ട് എത്ര കാലമായി?’’ ഞാൻ കണക്കുകൂട്ടി നോക്കിയപ്പോൾ ഗസൽ മാത്രമായിത്തന്നെ പാടാൻ തുടങ്ങിയിട്ട്  ഇരുപതു വർഷമായിരിക്കുന്നു.

‘ഇനിയെന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം’ എന്ന ഇ ക്കയുടെ ആശയത്തിൽ നിന്നാണ് ലതാ മങ്കേഷ്ക്കറുടെ പാട്ടുകൾ മാത്രമെടുത്ത് പ്രോഗ്രാം ചെയ്യാം എന്നു ധാരണയായത്. അതു ഞങ്ങളുടെ സുഹൃത്തായ എൻ.സി അബൂബക്കറെവിളിച്ചു പറഞ്ഞു. എന്നെ ചെറുപ്പം തൊട്ടേ അറിയുന്ന ആളാണ്. അദ്ദേഹം  ഈ ആശയം കേട്ടപ്പോൾ തന്നെ, നമുക്കിതു ചെയ്യാമെന്നു പറഞ്ഞു. അപ്പോഴാണ് അറിയുന്നത് ലതാജിയുടെ എൺപത്തിയാറാം പിറന്നാളും ആ വർഷം തന്നെയാണെന്ന്. അങ്ങനെയാണ്  കോഴിക്കോട് ‘കുഛ് ദിൽ നെ കഹാ’ എന്ന മെഹ്ഫിൽ സംഗീത വിരുന്നൊരുങ്ങുന്നത്. ലതാജിയുടെ എനിക്കിഷ്ടമുള്ളതും മറ്റുള്ളവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ളതുമായ ഇരുപതു പാട്ടുകളായിരുന്നു ആ സന്ധ്യയിൽ പാടിയത്. മഴയോടൊപ്പം സംഗീതവും വീണു നനഞ്ഞ രാത്രി...‘ആയേഗാ...ആയേഗാ..., ആനേവാലാ, തുമി മേരി മന്ദിർ... എന്നിങ്ങനെ പ്രശസ്തമായ പല പാട്ടുകളും പാടി. രണ്ടുമണിക്കൂറായിരുന്നു പരിപാടി.

ബിസിനസ്സുകാരനായിരുന്ന പി.കെ അബ്ദുള്ളക്കോയയായിരുന്നു ആദ്യത്തെ പ്രോഗ്രാമിൽ അധ്യക്ഷൻ. മറ്റാരുടെയോ ഗസലുകൾ പാടുന്നു എന്നല്ലാതെ നമ്മുടേതായ എന്തെങ്കിലും ചെയ്യണം എന്നൊരു തീരുമാനത്തിൽ ഞാനും നൗഷാദിക്കയും കൂടി ഒരു സിഡി തയാറാക്കി. ഇക്ക എഴുതിയ കുറച്ചു ഗസലുകളായിരുന്നു അത്. തീർത്തും ഗസൽ എന്ന് പറയാനാകില്ല. എങ്കിലും ഹിന്ദുസ്ഥാനി സംഗീതത്തിൽപ്പെട്ടതായിരുന്നു ആ പാട്ടുകളെല്ലാം. ഞാൻ തന്നെ അവയ്ക്ക് സംഗീതം നൽകി  പാടി. കോഴിക്കോട്ടെ ആ പ്രോഗ്രാമിൽ വച്ചു ആ ഗസലുക ളുടെ സിഡി പ്രകാശനം നടത്തിയതും പി.കെ അബ്ദുള്ളകോയ സാറാണ്. പിറ്റേന്ന് അദ്ദേഹം ഞങ്ങളെ വിളിച്ചു. ‘‘ ലതാ മങ്കേഷ്കർ പ്രോഗ്രാം ഇവിടം കൊണ്ട് തീർക്കരുത്. ഒരു വർഷത്തേക്ക് ആ പരിപാടി സ്പോൺസർ ചെയ്യാം’’ എന്ന് അദ്ദേഹമേറ്റു. അങ്ങനെയാണ് ഒരു കൊല്ലം കൊണ്ട് പന്ത്രണ്ടു വേദികളിലായി ‘കുഛ് ദിൽ നെ കഹാ’ നടന്നത്. എല്ലായിടത്തും ധാരാളം  ശ്രോതാക്കളുമുണ്ടായിരുന്നു.

പാട്ടു പെയ്തിറങ്ങിയപ്പോൾ

ലതാജി വലിയൊരു ഗായികയാണ്. പക്ഷേ, ലതാജിയുടെ പാട്ടുകൾ കേരളത്തിൽ നടക്കുന്ന പല സംഗീതനിശകളിലും ചില ഡ്യൂയറ്റ്സിൽ മാത്രമായി ഒതുങ്ങുന്നു. ഈ പ്രോഗ്രാമിലൂടെ ലതാജിയുടെ ഏകദേശം നൂറോളം പാട്ടുകൾ പാടാൻ പറ്റി. 2015 സെപ്റ്റംബർ 28ന് കോഴിക്കോട് നിന്നു തുടങ്ങി കൃത്യം ഒരു വർഷം പൂർത്തിയാകുന്ന ദിവസം കോഴിക്കോട് തന്നെയായിരുന്നു അതിന്റെ സമാപനം.

വളരെ നല്ല അനുഭവമായിരുന്നു ലതാ മങ്കേഷ്കർ നൈറ്റ്. അതുവരെയുണ്ടായിരുന്ന സരിത റഹ്മാനിൽ നിന്ന് ഒറ്റ കയറ്റമായിരുന്നു. മാസത്തിലൊരു പരിപാടി വീതമാണ് ചെയ്തിരുന്നത്. പ്രോഗ്രാമിന്റെ കാര്യങ്ങളൊന്നും ഞാനറിയേണ്ട. ഒരുകൊല്ലക്കാലം ഞാൻ വീടൊന്നും ശ്രദ്ധിച്ചതേയില്ല. വീട്ടിലെ ആരും  എന്നെ ശല്യപ്പെടുത്തിയുമില്ല. കാലത്ത് എഴുന്നേൽക്കുന്നതും പാട്ടുപെട്ടി ഓൺ ചെയ്യും. അതിന്നിടയിൽ പണികളെല്ലാം ചെയ്തുകൊണ്ടേയിരിക്കും. പാട്ടിൽ മുഴുകി ഒരു രാഗമായി അലിഞ്ഞു തീർന്ന ദിവസങ്ങൾ.

ഓരോ പാട്ടും കേട്ട് കേട്ട് ഉള്ളിൽ പതിയണം. അതിനിങ്ങനെ ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കും. രാത്രി ഞാൻ പാട്ടുകേട്ടുറങ്ങിപോകുമ്പോൾ ഉമ്മ വന്നാണ് ടേപ്റിക്കോർഡർ ഓഫാക്കുക. പാട്ടുകൾ കാണാതെ അറിയാമെങ്കിലും നോക്കി പാടുന്നതാണ് എന്റെ ശീലം. ലതാജിയുടെ പാട്ടുകൾ മാത്രം വച്ച് പ്രോഗ്രാം ചെയ്യാൻ പറ്റുമോ എന്നു അദ്ഭുതപ്പെട്ടവരുണ്ട്.  ഈ പ്രോഗ്രാമിനെക്കുറിച്ച് ലതാജി അറിയണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. പലരും അതിനുവേണ്ടി ശ്രമിച്ചിരുന്നു. പക്ഷേ, നടന്നില്ല... എത്ര നാടുകളിലിരുന്ന് എത്രയാളുകൾ ഇതുപോലെ ചെയ്യുന്നുണ്ടാകും. എന്നാലും എന്റെ അർച്ചന കൊണ്ട് ദേവി പ്രസാദിച്ചിരുന്നെങ്കിൽ.

ഓരോ പ്രദേശങ്ങളുടെയും  പാട്ടിഷ്ടങ്ങൾ തമ്മിൽ വ്യാത്യാസമുണ്ട്. തെക്ക് ഭാഗത്തൊക്കെ ‘സത്യം ശിവം സുന്ദരം’, യശോമതി , മൈയ്യാ സെ ബോലെ... ഇവയ്ക്കൊക്കെ കൂടുതൽ പ്രിയമുണ്ട്. എക്കാലത്തേയും ഹിറ്റായ കുറച്ചു പാട്ടുകൾ നിലനിറുത്തി പിന്നീടുള്ള പാട്ടുകളെല്ലാം ഓരോയിടങ്ങളിലെ സംഗീതാഭിരുചിക്കനുസരിച്ച് മാറ്റുമായിരുന്നു.  

ജീവിതം രാഗസാന്ദ്രം

കൊല്ലത്തു വച്ച് മറക്കാനാകാത്ത ഒരു സമ്മാനം കിട്ടി. കല എന്ന കൂട്ടുകാരിയെ അവിടെ നിന്നാണ് കിട്ടുന്നത്. വലിയ തിരക്കുണ്ടായിട്ടും അതെല്ലാം ഒഴിവാക്കി പാട്ടു കേൾക്കാൻ വന്നതായിരുന്നു . പരിപാടി കഴിഞ്ഞപ്പോൾ എന്നെ കാണാൻ വന്നു. ഇപ്പോൾ നാലു വർഷമായി എന്റെ നല്ല സുഹൃത്താണ്.   

സരിത റഹ്മാൻ എന്ന പേരു കേൾക്കുമ്പോൾ ഏ.ആർ റഹ്മാന്റെ മകളാണെന്നു കരുതി പ്രോഗ്രാം കഴിയുമ്പോൾ ചിലർ അടുത്തു വരാറുണ്ട്. ഞാൻ തന്നെ അതു തിരുത്തും.  ഒരു മോനും  മോളുമാണ് ഉള്ളത്. രണ്ടുപേരും പാടും. മോൾ നൂറ മിസ്രിയ പാട്ടു പാടി നടക്കുന്നതു കണ്ട് വെറുതേ ചോദിച്ചതാണ്.‘ നിനക്ക് സ്േറ്റജിൽ പാടണോ?’ അവൾ വേണമെന്ന് തലയാട്ടി. പിന്നത്തെ സ്േറ്റജിൽ വച്ച് മോളെ പാടാൻ വിളിച്ചപ്പോൾ അവൾ വന്ന് ഒട്ടും പേടിയില്ലാതെ പാടിപ്പോയി.

നൗഷാദിക്ക പാട്ടുകളെഴുതുകയും സംഗീതം കൊടുക്കുകയും ചെയ്യുന്ന ആളാണ്. ഇക്കയുടെ പാട്ടുകൾക്ക് ഗസൽ ഛായയുണ്ട്. ഒറിജിനൽ ഗസലുകൾക്ക് നിയമങ്ങളേറെയാണ്. ‘ഗസൽ’ എന്ന ഉറുദു വാക്കിന്റെ അർഥം തന്നെ ‘സംവദിക്കുക’ എന്നതാണ്. ആത്മാവിന്റെ പ്രാണനായ ദൈവത്തോടുള്ള സംവേദനമാകാം. അല്ലെങ്കിൽ പ്രിയതമനോടോ പ്രണയിനിയോടോ ഉള്ള പറച്ചിലുകളാകാം. വരികൾക്കാണ് പ്രാധാന്യം, അതിനു ചാരുത പകരാൻ മാത്രമാണ് സംഗീതത്തെ കൂട്ടു പിടിക്കുന്നത്. പക്ഷേ, കേരളത്തിൽ, ഗസലുകളിൽ സംഗീതത്തിന് നല്ല പ്രാധാന്യമുണ്ട്. ബാബുക്കയുടെ ഗസലുകൾ കേട്ടിട്ടില്ലേ...ഒരു വിഷാദമോഹനഗീതം പോലെ... ഇപ്പോൾ കേരളത്തിൽ ഗസലിന് നല്ല വേരോട്ടമുണ്ട്.

 ഉമ്പായിക്കയുടെ ഗസലുകൾ എനിക്ക് വളരെയിഷ്ടമാണ്. ഒരിക്കൽ ഉമ്പായിക്ക എന്റെ  പാട്ട് ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്നെ ഫോണിൽ വിളിച്ചു. പാടുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു ടിപ്സൊക്കെ പറഞ്ഞു തന്നു. അതുപോലെ ഹാർമോണിയം വായിച്ചു പാടുകയാണെങ്കിൽ കുറച്ചു കൂടി ഫീലു വരും. അങ്ങനെ പാടാൻ പഠിക്കൂ എന്നൊക്കെ നിർദേശിച്ചു.

വാപ്പയുടെ നാട് ചാവക്കാടാണ്. അവിടെനിന്ന് വന്നു വാടകയ്ക്ക് താമസിക്കുന്നത് താനൂർ പൂതേരി വീട്ടിലാണ്. അവിടെ അടുത്തായിരുന്നു ഹാർമോണിസ്റ്റ് ഹാരിസ് ഭായിയുടെ വീട്. അദ്ദേഹം എന്നും വൈകുന്നേരം  ഞങ്ങളുടെ വീട്ടിലേക്ക് വരും. ഹാർമോണിയമെടുത്തു വച്ച് പാടും. അവിടെ അടുത്തുള്ള ഒരു ബെഞ്ചിൽ ഞാനിരിക്കുന്നുണ്ടാകും. പാടുന്നതിന്നിടയിൽ പാട്ടിന്റെ ഓരോ കാര്യങ്ങളായി പറഞ്ഞു തരും. പല സംഗീതഞ്ജരുടേയും പേരുകൾ ഞാനാദ്യമായി കേൾക്കുന്നത് ഹാരിസ് ഭായിൽ നിന്നാണ്.

എന്നിലേക്കു തന്നെ ഒഴുകുന്ന നദി

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്, വാപ്പ വരാൻ വൈകിയ ഒരു ദിവസം.പെട്ടെന്ന് നാവിൻതുമ്പിൽ ഒരു പാട്ടിൻശകലം വന്നിരുന്നു. ഈ ഏകാന്ത രാവിൽ... എന്ന് വെറുതെ ഒരു വരി പാടി. പിന്നീട് ഉമ്മ അതിന്റെ അടുത്ത വരി പൂരിപ്പിച്ചു. അനിയത്തിമാരും കൂടി. വാപ്പ വന്നപ്പോഴേക്കും പാട്ടു റെഡിയാക്കി കേൾപ്പിച്ചു. വാപ്പ ചില മാറ്റങ്ങളൊക്കെ വരുത്തി. ഹാരിസ് ഭായി അതിന് സംഗീതം നൽകി. പിന്നത്തെ ഗാനമേളയിൽ ഈ പാട്ടുമുണ്ടായിരുന്നു.

എന്റെ സ്വരം കേൾക്കുമ്പോൾ എല്ലാവരും പറയാറുണ്ട് ലതാ മങ്കേഷ്ക്കറിന്റെ അമ്പത് അറുപത് കാലഘട്ടങ്ങളിലെ സ്വരമാണെന്ന്. പിന്നീട് ശ്രദ്ധിച്ചപ്പോൾ എനിക്കും തോന്നി. വ്യക്തിപരമായി എനിക്കേറ്റവുമിഷ്ടമുള്ള പാട്ടുകാരി ചിത്രാ സിങ് ആണ്. അവരുടെ ഹിറ്റു പാട്ടുകൾ ചേർത്ത് ഒരു പ്രോഗ്രാം ചെയ്യാനുള്ള ശ്രമത്തിലാണ്.

ഞാൻ എനിക്കുവേണ്ടി തന്നെയാണ് പാടുന്നത്. നമ്മളാദ്യം നമുക്കു വേണ്ടി പാടിയാലേ അതിന്റെ ഫീൽ മറ്റുള്ളവർക്ക് കിട്ടൂ. സിനിമയൊന്നും എന്നെ മോഹിപ്പിച്ചിട്ടേയില്ല. ഗസലുകൾ ഇങ്ങനെ പാടിക്കൊണ്ടേയിരിക്കണം. അല്ലാഹു വിളിക്കും വരേയ്ക്കും...

Tags:
  • Spotlight