Thursday 14 March 2024 11:00 AM IST : By സ്വന്തം ലേഖകൻ

‘മാര്‍ഗംകളി ഫലം അട്ടിമറിക്കാന്‍ പലരും സമീപിച്ചു; വഴങ്ങാന്‍ ഷാജി തയാറായില്ല, ക്രൂരമായി മര്‍ദിച്ചു’; വെളിപ്പെടുത്തി കുടുംബം

shaji-family-n-14.jpg.image.845.440

കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അധ്യാപകന്‍ ജീവനൊടുക്കിയതില്‍ വെളിപ്പെടുത്തലുമായി കുടുംബം. മാര്‍ഗംകളി ഫലം അട്ടിമറിക്കാന്‍ പലരും ഷാജിയെ സമീപിച്ചിരുന്നു. അതിന് വഴങ്ങാന്‍ ഷാജി തയാറായില്ല. തന്നെ കുടുക്കിയതായി ഷാജി പറഞ്ഞുവെന്നും സഹോദരന്‍ വെളിപ്പെടുത്തി. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മകന്‍ കാലുപിടിച്ച് പറഞ്ഞുവെന്നും മകന് മര്‍ദനമേറ്റിരുന്നുവെന്നും അമ്മ ലളിത പറയുന്നു. മുഖത്ത് കരുവാളിച്ച പാടുകളുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് മാര്‍ഗംകളിയുടെ വിധികര്‍ത്താവായിരുന്ന ഷാജി ജീവനൊടുക്കിയത്. ഇന്ന് രാവിലെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്താനായിരുന്നു നോട്ടിസ്. കോഴ ആരോപണം ഉയര്‍ത്തി എസ്.എഫ്.ഐയുടെ നേതൃത്വത്തിലെ സർവകലാശാല യൂണിയന്‍ ഷാജി ഉള്‍പ്പെടെ നാലുപേരെ തടഞ്ഞ് വച്ച് പൊലീസിന് കൈമാറുകയായിരുന്നു. 

കോഴ ഇടപാടിന്റെ പ്രത്യക്ഷ തെളിവ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് വിശദ പരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്ത ശേഷം നോട്ടിസ് നല്‍കി വിട്ടയച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഷാജി താന്‍ നിരപരാധിയാണെന്ന കത്തെഴുതി വച്ച് ജീവനൊടുക്കുകയായിരുന്നു.  

Tags:
  • Spotlight