Saturday 24 February 2024 12:46 PM IST : By സ്വന്തം ലേഖകൻ

തോക്കുമായി വേട്ടയ്ക്കെത്തിയ ഷാര്‍പ്പ് ഷൂട്ടറെ കാട്ടുപന്നി കുത്തി കിണറ്റിലിട്ടു; പിറകെ ചാടി പിന്നെയും ആക്രമിക്കാന്‍ ശ്രമം! ഒടുവില്‍ സംഭവിച്ചത്..

wild-boar-attack-on-hunter.jpg.image.845.440

വെടിവയ്ക്കാന്‍ എത്തിയ ഷാര്‍പ്പ് ഷൂട്ടറെ കാട്ടുപന്നി കുത്തി കിണറ്റിലിട്ടു. ഒപ്പം കിണറ്റില്‍ ചാടിയ പന്നി വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. സിനിമാരംഗം പോലെ കിണറ്റിനുളളില്‍ നടന്ന സംഘര്‍ഷത്തിനിടെ കാട്ടുപന്നിയെ മറ്റൊരാള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. മലപ്പുറം കാളികാവ് മാളിയേക്കലിലാണ് സംഭവം. 

വനം ഉദ്യോഗസ്ഥരുടെ അനുമതിയോടെ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാന്‍ നടത്തിയ വേട്ടയ്ക്കിടെയായിരുന്നു ഷാര്‍പ്പ് ഷൂട്ടറായ അയ്യപ്പന് നേരെയുളള അപ്രതീക്ഷിത ആക്രമണം. വെടിവച്ച് വീഴ്ത്താനുളള ശ്രമത്തിനിടെ ഓടിയെത്തി കാട്ടുപന്നി തോക്കുമായി നിന്ന അയ്യപ്പനെ കുത്തി കിണറ്റിലിട്ടു. പിന്നാലെ കിണറ്റില്‍ ചാടിയ പന്നി അയ്യപ്പനെ ആക്രമിക്കാന്‍ ശ്രമിച്ചു. 

വെളളമുളള കിണറായതുകൊണ്ട് വീഴ്ചയില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പക്ഷെ, കാട്ടുപന്നി അയ്യപ്പനെ വിടാന്‍ ഒരുക്കമല്ലായിരുന്നു. കിണറ്റിനുളളില്‍ വച്ചും ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ മറ്റൊരു വേട്ടക്കാരനെത്തി പന്നിയെ മുകളില്‍ നിന്ന് വെടിവച്ച് വീഴ്ത്തി. പന്നിയെ വെടിവച്ച ശേഷം അയ്യപ്പനെ കരയ്ക്കു കയറ്റി. രണ്ടു കിന്‍റല്‍ തൂക്കമുളള കാട്ടുപന്നിയേയും പുറത്തെടുത്തു. കാര്‍ഷിക മേഖലയില്‍ ശല്ല്യമായതോടെയാണ് വനം വകുപ്പിന്‍റെ അനുമതിയോടെ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാന്‍ ശ്രമം ആരംഭിച്ചത്. 

Tags:
  • Spotlight