Tuesday 25 July 2023 05:27 PM IST

‘മുഖക്കുരു വന്നാൽ ബേജാറാവുന്ന കുട്ടിയായിരുന്നു ഞാൻ! അന്ന് കുറേ കരഞ്ഞു, മരണത്തെക്കുറിച്ചു ചിന്തിച്ചു’: വിധിയെ തോൽപിച്ച് ഷഹാന

Vijeesh Gopinath

Senior Sub Editor

sherin-shahana

വിഷാദഇരുട്ടിൽ ശ്വാസംമുട്ടി ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയ രാത്രികളിലൊന്നിൽ ഷെറിന്റെ അരികിൽ ഉമ്മ ആമിന വന്നിരുന്നു. വീഴ്ചയിൽ നട്ടെല്ലു തകർന്നു മരവിച്ചു പോയ കാലി‍ൽ പതുക്കെ തലോടിക്കൊണ്ടു പറഞ്ഞു, ‘‘പടച്ചോന് നിന്നെക്കുറിച്ച് ഒരുപാടു പദ്ധതികൾ ഉണ്ട്. നമ്മൾ ഈ അനുഭവിക്കുന്നതൊക്കെ പടച്ചോന്റെ പരീക്ഷകളാണ്. നോക്കിക്കോ, അതിലൊക്കെ നീ ജയിക്കും. എല്ലാം നിനക്കു വഴിയേ മനസ്സിലാകും.’’ പെട്ടെന്നൊരു സങ്കടമഴ ആ മുറിയിൽ അലറിപ്പെയ്തു.

ഉമ്മ പറഞ്ഞത് സത്യമായി. തോരാമഴ തീർന്നു. കമ്പളക്കാട്ടെ വീട്ടിൽ ചിരിയുടെ വയനാടൻ വെയിൽ തെളിഞ്ഞു. നാലു ചുമരിനുള്ളിൽ, തൊടിയിലെ പൂവിനെയും പൂമ്പാറ്റയേയുമെങ്കിലും കാണാൻ കൊതിച്ച ഷെറിൻ ഷഹാനയുടെ സ്വപ്നങ്ങൾക്ക് ഇന്ന് അതിരില്ല. സിവിൽ സർവീസ് പരീക്ഷയ്ക്ക് 913 റാങ്ക്. െഎഎഎസും െഎആർഎസും ഓപ്ഷനായി കൊടുത്തിട്ടുണ്ട്.

കൽപ്പറ്റയില്‍ നിന്നു പത്തു കിലോമീറ്റർ അകലെയുള്ള കമ്പളക്കാട്ടെ വീട്. അടുത്തിടെ വീണ്ടുമുണ്ടായ അ പടകത്തിൽ തോളെല്ലിനു പരുക്കേറ്റ് സർജറിയും കഴിഞ്ഞിരിക്കുകയാണു െഷറിൻ.

‘‘പടച്ചോന്റെ ആ വലിയ പ്ലാനിനെക്കുറിച്ച് ഇപ്പോഴാണു മനസ്സിലായത്. ഈ വിജയത്തിനു പിന്നിൽ വഴികാട്ടിയായി ‘വനിത’യും ഉണ്ട്. എന്നെക്കുറിച്ചു വനിതയിൽ വന്ന ഫീച്ചറും പടച്ചോന്റെ പദ്ധതികളിൽ ഒന്നായിരുന്നെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.’ ഷെറിന്‍ പറഞ്ഞു.

വഴികാട്ടിയായ വനിത

ഡോ. മുരളി തുമ്മാരുകുടിയാണ് ഷെറിനെ കുറിച്ചു വനിതയോട് ആദ്യം പറഞ്ഞത്. ഇരുപത്തി രണ്ടാം വയസ്സിൽ വീടിനു മുകളിൽ നിന്നു വീണ് നട്ടെല്ലിനു പരിക്കേറ്റ് ജീവിതം വീല്‍െചയറിലായ കുട്ടി. വേദനയ്ക്കിടയിലും പൊളിറ്റിക്കൽ സയൻസ് പഠിച്ചു നെറ്റ് പരീക്ഷ വിജയിച്ചു. അങ്ങനെ 2021 ഫെബ്രുവരി ലക്കത്തിലെ പ്രതിസന്ധിയിൽ തളരാതെ എന്ന പംക്തിയിൽ െഷറിന്‍റെ ജീവിത കഥ അച്ചടിച്ചു വന്നു.

വനിതയില്‍ വന്ന ഫീച്ചര്‍ സിവില്‍ സര്‍വീസ് േകാച്ചും അബ്സല്യൂട്ട് െഎഎഎസ് അക്കാദമി ഡയറക്ടറും ആയ ജോബിൻ എസ്. കൊട്ടാരം വായിക്കുന്നതാണു പടച്ചോന്‍റെ അടുത്ത ഇടപെടല്‍. ഒരു കടയിൽ എന്തോ വാങ്ങാന്‍ ചെന്നതാണ്. ന്യൂസ് സ്റ്റാൻഡിലിരിക്കുന്ന വനിത മറിച്ചു നോക്കിയപ്പോള്‍ െഷറിന്‍റെ ഫീച്ചര്‍. അന്നുതന്നെ നമ്പര്‍ സംഘടിപ്പിച്ച് േജാബിന്‍ െഷറിനുമായി ബന്ധപ്പെട്ടു. അ ബ്സല്യൂട്ട് അക്കാദമിയുെട ഭിന്നശേഷിക്കാരായ 25 പേർക്ക് സൗജന്യ സിവിൽസർവീസ് പരിശീലനം നല്‍കുന്ന ചിത്രശലഭം എന്ന പ്രോജക്റ്റിെനക്കുറിച്ചു സംസാരിച്ചു.

‘‘വനിതയിൽ ഫീച്ചർ വന്നില്ലായിരുന്നെങ്കിൽ, വനിത അ ദ്ദേഹം കണ്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ഞാനിവിടെ എത്തില്ലായിരുന്നു. അതുവരെ സർക്കാർ ജോലി പോലും സ്വപ്നത്തിലില്ല. എന്നെപ്പോലുള്ളവർക്ക് എന്തു കിട്ടാൻ എന്നായിരുന്നു ചിന്ത. പക്ഷേ, ഞാനെത്തിയത് ഒരുപാടു നല്ല ഹൃദയങ്ങൾക്കടുത്തേക്കാണ്.’’ െഷറിന്‍ ഒാര്‍ക്കുന്നു.

‘‘പൊളിറ്റിക്സ് എംഎ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്തായിരുന്നു ജീവിതം വഴിതിരിച്ച ആ അപകടം. അലക്കി വിരിച്ച തുണി എടുക്കാൻ വേണ്ടി ടെറസ്സിൽ കയറിയതായിരുന്നു ഞാൻ. മഴ പെയ്ത് പായൽ പിടിച്ച ടെറസ്സിൽ കാൽ തെന്നി താഴേക്കു വീണു. താഴെ ഉമ്മ നിൽക്കുന്നുണ്ടായിരുന്നു. ആ വീഴ്ചയിലും ഞാൻ പേടിച്ചത് ഉമ്മയുടെ മേൽ വീഴുമോ എന്നായിരുന്നു. മാറിക്കോ എന്നലറിക്കൊണ്ടു ഞാൻ ഉമ്മയുടെ കാൽച്ചുവട്ടിൽ വന്നു വീണു.

അങ്ങനെയാണ് വീൽചെയറിലാകുന്നത്. പുറമേ മുറിവോ ചതവോ ഒന്നും ഇല്ലായിരുന്നു. പക്ഷേ, നട്ടെല്ലിനും വാരിയെല്ലുകൾക്കും പൊട്ടലുണ്ടായി. രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് അന്നു ഡോക്ടർമാർ പറഞ്ഞു. രണ്ടു ദിവസം നീണ്ട ശസ്ത്രക്രിയകൾ. മാസങ്ങളോളം ഫിസിയോതെറപ്പി. മാസങ്ങൾക്കു ശേഷം വീട്ടിലെത്തിയപ്പോൾ ഒാർമക്കുറവും ബാധിച്ചു. അങ്ങനെയങ്ങനെ മുറിക്കുള്ളിൽ ഒറ്റപ്പെട്ടു പോയി.

പക്ഷേ, അപ്പോഴും ഒരു സമാധാനം ഉണ്ടായിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് അനുഭവിച്ച ദുരിതങ്ങൾക്ക് അ വസാനം ഉണ്ടായല്ലോ. ഇപ്പോഴും ഉറപ്പിച്ചു പറയാനാകും, ആറുമാസം ആ വീട്ടിൽ അനുഭവിച്ചതിന്റെ ആയിരത്തിലൊ ന്നു പോലും ഇപ്പോഴും അനുഭവിക്കുന്നില്ല. അത്ര ക്രൂരമായിരുന്നു ആ ദിവസങ്ങൾ.

ഗാർഹിക പീഡനത്തിന്റെ ഇരയായിരുന്നു ഞാൻ. വി വാഹദിവസം തന്നെ അയാൾ എന്റെ മേൽ ബ്ലേഡ് കൊണ്ടു മുറിവുണ്ടാക്കി. എന്നിട്ട് ഷവറിനു ചുവട്ടിൽ കൊണ്ടു ചെന്നു നിർത്തി. മുറിവിൽ വെളളം വീണു ഞാൻ നീറി പുകയുന്നതു കണ്ട് ആസ്വദിച്ചു നിന്നു. തുടർന്നങ്ങോട്ട് ‍പീഡന പരമ്പരകളായിരുന്നു. ആ വീട്ടിൽ നിന്നിറങ്ങിപ്പോകണമെന്നു പലപ്പോഴും ഒാർത്തു. ഉമ്മയും ഞങ്ങൾ നാലു പെൺകുട്ടികളും മാത്രമുള്ള വീട്. എനിക്ക് ഒരുത്തരം കിട്ടിയില്ല. അങ്ങനെ ഉമ്മയ്ക്കു സുഖമില്ലാതായ ദിവസമാണു വീട്ടിലേക്കുതിരിച്ചു വന്നതും വീഴുന്നതും.

അനുഭവിക്കേണ്ടി വന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ച് ആദ്യമൊന്നും ആരോടും പറയാറുണ്ടായിരുന്നില്ല. പക്ഷേ, എന്നെപ്പോലെ ദുരിതക്കനലിൽ വീണ ഒരുപാടു പെൺകുട്ടികൾ ഉണ്ട്. വീട്ടിലേക്കു തിരികെ പോകാൻ മടിച്ചു ഭർത്താവിന്റെ ക്രൂരതകൾ സഹിക്കുന്നവർ. അവരോട് ഒന്നേ പറയാനുള്ളൂ. സ്വപ്നങ്ങൾ കാണുക. ആ സ്വപ്നങ്ങൾ ആത്മാർഥമാണെങ്കിൽ അതു നടത്തി തരാന്‍ ഈ ലോകം നിങ്ങൾ‌ക്കൊപ്പം നിൽക്കും.

sherin-shahana

പരിശീലനം തുടങ്ങുന്നു

ആശുപത്രിയിൽ‌ നിന്നു വീട്ടിലെത്തിയപ്പോൾ മറ്റൊരു ലോകത്ത് എത്തിയ പോലെയായിരുന്നു. ചുറ്റും നടക്കുന്നവർ, ഇരിക്കുന്നവർ. എനിക്കാണെങ്കിൽ ഭക്ഷണം പോലും സ്വന്തമായി കഴിക്കാനാവില്ല. കുറേ കരഞ്ഞു. മരണത്തെക്കുറിച്ചു ചിന്തിച്ചു. കാലുകൾ തളർന്നു പോയ ഒരാളാണ് എന്ന സത്യത്തോടു പൊരുത്തപ്പെടാൻ ആയില്ല. എന്നെ കാണുന്നതു പോലും ഇഷ്ടമല്ലാത്ത ദിവസങ്ങൾ. പതുക്കെ പുറത്തു വന്നു. പിജി കഴിഞ്ഞു നെറ്റ് കിട്ടി.

അബ്സല്യൂട്ട് അക്കാദമിയിൽ ക്ലാസുകൾ തുടങ്ങുന്നതിനു മുൻപുവരെ ജീവിതത്തെക്കുറിച്ചു കാര്യമായി ചിന്തകളൊന്നുമില്ല. അവിെട എന്നെപ്പോലെയുള്ള ‘ചിത്രശല ഭ’ങ്ങളെ പരിചയപ്പെട്ടു. ഒരേ മനസ്സുള്ളവരെ കണ്ടപ്പോൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു തുടങ്ങി.

ഒാൺലൈൻ ക്ലാസുകൾ‌ തുടങ്ങി. എനിക്കാണെങ്കിൽ വീട്ടിൽ പ്രത്യേകിച്ചു പണിയൊന്നുമില്ല. ഭക്ഷണം കഴിക്കണം, ഉറങ്ങണം. അതു മാത്രമല്ലേ ചെയ്യാനുള്ളൂ. ഇഷ്ടം പോലെ സമയം. പ്രിലിമിനറി ഞാനത്ര ഗൗരവത്തിൽ എടുത്തില്ല. എന്നിട്ടും അത് പാസായപ്പോൾ പിന്നെ, ഒരു നിമിഷം വെറുതെ കളഞ്ഞില്ല. വീടിനുള്ളിലെ ഇരിപ്പ് പരമാവധി ഉപയോഗിച്ചു. പതുക്കെ മുളപൊട്ടിയ സിവിൽ സർവീസ് സ്വപ്നം മനസ്സിൽ വേരുറച്ചു. മെയിൻ പരീക്ഷയും വിജയിച്ചതോടെ കൂടുതൽ പരിശീലനത്തിനായി തിരുവനന്തപുരത്തേക്കു പോയി.

ആകാശം കാണിച്ചു തന്ന് ചിറകായി നിന്ന ഒരുപാടു പേരുണ്ട്. പേരുകൾ പറഞ്ഞാൽ പലരേയും വിട്ടുപോകും. വീൽചെയറിൽ തിരുവനന്തപുരത്ത് എത്തിയ എനിക്കും ഉമ്മയ്ക്കും തണൽ തന്നവർ. തോൽക്കില്ലെന്നു പറഞ്ഞു കൊണ്ടേ ഇരുന്നവർ. ആറുമാസം കൊണ്ട് മോക്ടെസ്റ്റുകളിൽ പങ്കെടുത്തു. ഒരുപാടുപേരെ കണ്ടു സംസാരിച്ചു.

റിസൽറ്റ് വന്നപ്പോൾ ആശുപത്രിക്കിടക്കയിൽ ആയിരുന്നു. അതു ദൈവത്തിന്റെ മറ്റൊരു പരീക്ഷണം. മെയ് പതിനാറാം തീയതി ഉമ്മയുടെ ചെക്കപ്പിനു വേണ്ടി കോഴിക്കോടു പോയി വരുന്ന വഴി. താമരശ്ശേരിയിൽ വച്ചു കാറിനു കുറുകേ പൂച്ച വട്ടം ചാടി. പൂച്ചയെ രക്ഷിക്കാനായി വണ്ടിയോടിച്ചിരുന്ന ആൾ വണ്ടി വെട്ടിച്ചു. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു. എന്റെ തോളെല്ലു പൊട്ടി. ഉമ്മയുടെ വാരിയെല്ലുകളും ഒടിഞ്ഞു. സർജറിക്കായി തിയറ്ററിലേക്ക് പോകുമ്പോഴായിരുന്നു 913 ആണ് റാങ്ക് എന്നറിഞ്ഞത്.

മലയാളത്തിലാണ് പരീക്ഷ എഴുതിയത്. എന്റെ ഉപ്പ സ്കൂളിൽ പഠിച്ചിട്ടില്ല. ഉമ്മ പഠിച്ചത് നാലാം ക്ലാസ്സുവരെയാണ്. മലയാളം മീഡിയത്തിലാണ് ഞാൻ പഠിച്ചത്. ഇംഗ്ലിഷ് തെറ്റില്ലാതെ എഴുതാനും സംസാരിക്കാനും ഒക്കെ കഴിയുമെങ്കിലും സിവിൽസർവീസ് പരീക്ഷ മലയാളത്തിൽ എഴുതാനാണു തിരഞ്ഞെടുത്തത്. അതു ചെയ്യുന്നതു നമ്മുടെ ഭാഷയോടുള്ള കടമ കൂടിയാണെന്നു തോന്നിയിരുന്നു. മ ലയാളത്തിനോടു പലർക്കുമുള്ള അവജ്‍ഞ ഇല്ലാതാക്കാ ൻ ഇതു സഹായിക്കും എന്നും തോന്നി.

പക്ഷേ, ഭിന്നശേഷിക്കാരി ആയതു കൊണ്ട് െഎഎഎസ് കിട്ടാൻ എളുപ്പമാണെന്നു ചിന്തിക്കുന്ന ചിലരുണ്ട്. അ താണ് എന്റെ എല്ലാ അധ്വാനത്തേയും റദ്ദു ചെയ്തു കളയുന്നത്. അവരോട് എന്റെ ജീവിതം കാണാൻ മാത്രമല്ല പറയുന്നത്. അതു മാത്രമല്ല ഈ വിജയം എന്നു കൂടിയാണ്.

sherin-shahana-33

മനസ്സിന്റെ കരുത്ത്

വെല്ലൂർ സിഎംസിയിൽ‌ വച്ച് ഒരു ഡോക്ടർ പറഞ്ഞു, ‘‘നീ ഒരു രോഗിയല്ല. മറ്റുള്ളവര്‍ സിംപതി കാണിച്ചേക്കാം. പ ക്ഷേ, അതുമായി ഇരുന്നാൽ‌ മുന്നോട്ടു പോകാനാകില്ല.’’ താങ്ങുള്ളവർക്കേ തളർച്ചയുള്ളൂ എന്നു കേട്ടിട്ടില്ലേ?

ഒരു മുഖക്കുരു വന്നാൽ ബേജാറാവുന്ന കുട്ടിയായിരുന്നു ഞാൻ. പക്ഷേ, അനുഭവങ്ങളാണ് എന്നെ മാറ്റിയത്. കൂടുതൽ കരുത്തുള്ള ആളായി മാറ്റിയത്. എനിക്ക് ഒറ്റ സ്വപ്നമേയുള്ളൂ, എന്നെപ്പോലെ ഒരുപാടു പേർ ചുമരുകള്‍ക്കുള്ളിൽ കുരുങ്ങിക്കിടക്കുന്നുണ്ട്. അവരെ പുറത്തേക്കു കൊണ്ടുവരണം. സിവിൽസർവീസ് ഉൾപ്പെടെയുള്ള സ്വപ്നങ്ങ ൾ നിറയ്ക്കണം.

ഏതിരുട്ടിലും മിന്നാമിനുങ്ങു വെട്ടം പോലെയെങ്കിലും ഒരു പോസിറ്റീവ് കാര്യം ഉണർന്നിരിക്കുന്നുണ്ടാകും. അതാണ് വെളിച്ചം. ചിലപ്പോൾ ആലോചിക്കും, ഞാൻ മറ്റൊരാളെയാണു വിവാഹം കഴിച്ചിരുന്നതെങ്കിൽ മറ്റൊരു ജീവിതമായിരുന്നു ജീവിക്കുക. പകരം ക്രൂരമായി ആക്രമിച്ച് ആനന്ദിക്കുന്ന ഒരാളിന്റെ അരികിലാണെത്തിയത്. അതുകൊണ്ടാണു വീഴ്ചയ്ക്കു ശേഷം അയാളൊന്നു തിരിഞ്ഞു നോക്കാതിരുന്നത്. അതുകൊണ്ടാണ് എനിക്കു പഠിക്കാനായത്. പിജിയും നെറ്റും എടുക്കാനായത്.

sherin-shahana-upsc-exam-winner-disabled-woman-in-front-of-upsc

ആ വീഴ്ച കൊണ്ടാണു വനിതയിൽ ഫീച്ചർ വന്നത്. അതു കണ്ടാണ് ജോബിൻസർ വിളിക്കുന്നതും ഞാൻ സിവിൽ സർവീസ് സ്വപ്നം കാണുന്നതും കിട്ടുന്നതും... എ ല്ലാം പടച്ചോന്റെ പദ്ധതികൾ. ശരിയല്ലേ?’’

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ബാദുഷ