Monday 19 February 2024 03:45 PM IST

‘എന്റെ മകനു വേണ്ടി എനിക്ക് ജീവിക്കണം’: അരയ്ക്ക് കീഴ്പ്പോട്ട് തളർത്തി വിധി, വേദനകളിൽ കരുത്തായി പാചക പരീക്ഷണം: സിന്ധുവിന്റെ പോരാട്ടം

Binsha Muhammed

sindhus-kitchen

സങ്കടങ്ങളും വേദനകളും ചേർന്നൊരു കടലുണ്ടെങ്കിൽ അതിൽ കഴുത്തറ്റം മുങ്ങിനിൽപ്പാണ് സിന്ധു. ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ കണ്ണീരല്ലാതെ മറ്റൊരു കഥ പറയാനില്ല. അരയ്ക്കു കീഴ്‍പ്പോട്ട് നിന്ന് പണ്ടേക്കു പണ്ടേ പടിയിറങ്ങിപ്പോയ ജീവൻ, പാതിയിൽ ഉപേക്ഷിച്ചു പോയ ഭർത്താവ്, എല്ലാത്തിനും മേലെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഞെങ്ങി നിരങ്ങി നീങ്ങുന്ന ജീവിത സാഹചര്യം. പക്ഷേ മുഖത്തൊരു ചിരിയും തേച്ചുപിടിച്ചിപ്പിച്ച് വേദനിപ്പിച്ച് മതിയാകാത്ത വിധിയോട് യുദ്ധം പ്രഖ്യാപിച്ച്, ജീവിക്കാനിറങ്ങി തിരിച്ചിരിക്കുകയാണ് സിന്ധു.

പോളിയോ ബാധിച്ച ശരീരവും നിരാലംബയെന്ന മേൽ വിലാസവും പേറി ജീവിക്കുന്ന ഇടുക്കി രാമക്കൽമേടുകാരി. അവരെ മുന്നോട്ടു നയിക്കുന്നത് എന്തെന്ന ചോദ്യത്തിന് ഒരുകൂട്ടം കാരണങ്ങൾ മുന്നിലേക്ക് നിരത്തി.

‘അച്ഛന്റെ തണലില്ലാത്തവനാണ് എന്റെ ആദിക്കുട്ടൻ. അവനൊരു നല്ല കാലമുണ്ടാകണം. ഇടിഞ്ഞു പൊളിഞ്ഞ ഈ വീടുകണ്ടോ, ഇവിടെ നിന്നും അടച്ചുറപ്പുള്ളൊരു സുരക്ഷിതത്വത്തിലേക്ക് എന്റെ മകനേയും എന്റെ അമ്മയേയും കൊണ്ട് ചേക്കേറണം. പിന്നെ.. എന്റെ കാര്യം... ശരീരം തളർന്നുവെന്ന് കരുതി തോറ്റുപോകാനൊക്കുമോ. എനിക്കും ഈ മണ്ണിൽ ജീവിച്ചല്ലേ പറ്റൂ...’– സിന്ധു വികാരാധീനയായി പറഞ്ഞു തുടങ്ങുകയാണ്.

വിധിയോട് പോരാടി ജീവിതത്തോട് സന്ധിയില്ലാത്ത യുദ്ധത്തിനിറങ്ങിയ സിന്ധുവിനെ ഇന്ന് ഈ മണ്ണിൽ വേറുറപ്പിച്ചു നിർത്തുന്നത് തനത് കൈപ്പുണ്യമാണ്. തന്നാലാകും വിധം നാടൻ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഒരു എളിയ പാചക സംരംഭം. ‘സിന്ധൂസ് കിച്ചൻ’ എന്ന സോഷ്യൽ മീഡിയ പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ജീവിക്കാനുള്ള പിടിവള്ളി തേടിയിറങ്ങിയ അവർ തന്റെ പോരാട്ടകഥ പറയുന്നു, ‘വനിത ഓൺലൈനോട്.’

വേദനകളോട് പോരാടി...

മണ്ണിലേക്ക് ചവിട്ടിതാഴ്ത്താൻ പോന്നൊരു വേദന. ഇനിയൊന്നിനും കഴിയില്ലെന്ന് വിധിയും മനസും ഒരുപോലെ എന്നോടു പറഞ്ഞു കൊണ്ടിരുന്നു. ദീനക്കാരിയെന്നും, വയ്യാത്തവളെന്നുമൊക്കെയുള്ള മേൽവിലാസവും പേറി എനിക്കും ഈ ജീവിതം യന്ത്രം പോലെ ജീവിച്ചു തീർക്കാമായിരുന്നു. പക്ഷേ ഞാൻ തോറ്റുപോയാൽ എന്റെ മോനും കൂടി തോറ്റുപോകും. എനിക്കു ചുറ്റും നിഴലായി നിൽക്കുന്നവർ വേദനിക്കും. എന്നെ വേദനിപ്പിച്ചവരോടും വിധിയോടും ഒരുപോലെ എനിക്കു ജയിച്ചു കാണിക്കണമായിരുന്നു. അതിനുള്ള ശ്രമമാണ് ഈ കാണുന്നതെല്ലാം– സിന്ധു പറഞ്ഞു തുടങ്ങുകയാണ്.

ജനിച്ച് ആറാം മാസത്തില്‍ പോളിയോ ഇഞ്ചക്ഷനുമായി ബന്ധപ്പെട്ടു നടന്നൊരു ചികിത്സാ പിഴവ്. അതാണ് എന്റെ ജീവിതം ഇങ്ങനെ ആക്കിയത്. പിഴവിന്റെ പേരിൽ ആരെയും പഴിക്കാനോ ശപിക്കാനോ ഞാൻ ആളല്ല. പക്ഷേ പിഴവ് മനസിലാക്കിയ നിമിഷം നിവർന്നു നിൽക്കാനായി ആവുന്നതെല്ലാം ചെയ്തു, ചികിത്സിച്ചു. കുറച്ചു കാലം പ്രതീക്ഷകളുടേതായിരുന്നു. കുറച്ചൊക്കെ നടക്കാൻ തുടങ്ങി. പത്തു വയസുവരെ വലിയ പ്രശ്നങ്ങളില്ലാതെ വേച്ചുവേച്ചു നടന്നതുമാണ്. പക്ഷേ എല്ലാ തിരിച്ചു വരവുകളേയും അസ്ഥാനത്താക്കി പഴയ വേദന വീണ്ടും തലപൊക്കി. ശരീരത്തിന്റെ പാതിയിൽ നിന്നും ജീവൻ ഊർന്നിറങ്ങി പോകുകയാണെന്ന സത്യം ഞാൻ മനസിലാക്കി.

ഒരു പെൺകുട്ടി അവളുടെ നല്ല പ്രായത്തിൽ എന്തെല്ലാം സ്വപ്നം കാണുമോ അതെല്ലാം അന്നു തൊട്ടെനിക്ക് ആശിക്കാൻ പോലുമാകാത്ത വിധം അന്യമായി. പഠിത്തം പാതിയിൽ നിലച്ചു. സ്കൂളിൽ പോയപ്പോഴൊക്കെ പാഠങ്ങളെക്കാൾ ലഭിച്ചത് സഹതാപങ്ങൾ. പൊതുമധ്യത്തിലേക്ക് ഇറങ്ങുമ്പോൾ കിട്ടുന്ന സഹതാപ നോട്ടങ്ങള്‍ കൂടിയായപ്പോൾ വീടിന്റെ കുടുസുമുറികളിലേക്ക് എന്റെ ജീവിതത്തെ ചുരുക്കി. ഇതിനിടയ്ക്ക് ആകെ സംഭവിച്ചൊരു നല്ല കാര്യം വിവാഹമായിരുന്നു. പക്ഷേ ഒരു മകനുണ്ടായ ശേഷം ദീനക്കാരി അദ്ദേഹത്തിന് ഭാരമായി മാറിയിരിക്കാം. അങ്ങനെ എല്ലാ അർത്ഥത്തിലും ഞാന്‍ ഒറ്റയ്ക്കാകുകയായിരുന്നു. ഞാനും അമ്മ വിജയകുമാരിയും മകൻ ആദികിരണും മാത്രം ഒതുങ്ങുന്നൊരു കുഞ്ഞുലോകം. നിത്യവൃത്തിക്ക് മുന്നിൽ മെഴുതിരി വെട്ടം പോലെ ആകെയുണ്ടായിരുന്നത് എന്റെ വികലാംഗ പെൻഷൻ മാത്രം. ജീവിതം അങ്ങനെ തപ്പിയും തടഞ്ഞും മുന്നോട്ട്... ഇന്നു വരെ വീൽ ചെയർ ഉപയോഗിച്ചിട്ടില്ല. എവിടെയെങ്കിലും പോകാനോ ലോകം കാണാനോ ഉള്ള കൊതിയില്ലാത്തതു കൊണ്ട് വീൽ ചെയർ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. വീട്ടിലാണെങ്കിൽ ഭിത്തിയിൽ പിടിച്ചു പിടിച്ചു നടക്കും, അത്ര തന്നെ.  

sindhus-kitchen-2

രുചിയിൽ കരുപ്പിടിപ്പിക്കുന്ന ജീവിതം

എന്റെ നന്മ മാത്രം ആഗ്രഹിച്ചിരുന്ന കുറച്ചു പേർ. അവരിൽ നിന്നൊരാളാണ് ‘ചേച്ചീ.. എന്തു കൊണ്ടൊരു കുക്കിങ്ങ് ചാനല്‍ തുടങ്ങിക്കൂടാ...’ എന്ന ആശയം മുന്നോട്ടുവച്ചത്. കൊറോണ കാലമായിരുന്നു അന്ന്. തപ്പിയും തടഞ്ഞും അടുക്കളയിൽ ഞാൻ പണ്ടേക്കു പണ്ടേ തുടങ്ങിവച്ച പാചക പരീക്ഷണങ്ങൾ ചൂടാക്കിയെടുത്തു. നാടൻ വിഭവങ്ങളിലായിരുന്നു എന്റെ ശ്രദ്ധ. കപ്പയും മത്തിക്കറിയും, ചോറും മുളകിട്ട മീൻകറിയും, പൊറോട്ടയും ബീഫും, കപ്പ ബിരിയാണി തുടങ്ങി പാചക ലോകത്തെ വൈറൽ ഹിറ്റ് കോമ്പോകളെല്ലാം പരീക്ഷിച്ചു. സിന്ധൂസ് കിച്ചൻ സോഷ്യൽ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത് അങ്ങനെയാണ്.

മകനും അമ്മയുമായിരുന്നു എല്ലാത്തിനും പിന്തുണ. എന്റെ അവസ്ഥ പരിഗണിച്ച് പാചകത്തിന് ആവശ്യമായ സാധനങ്ങളും അടുപ്പുമൊക്കെ കൈകാര്യം ചെയ്യാൻ എളുപ്പത്തിൽ അവർ എന്റെ അടുത്തെത്തിച്ചു. യൂട്യൂബിലും ഫെയ്സ്ബുക്കിലുമൊക്കെ പോസ്റ്റ് ചെയ്യാൻ അവനും ഉത്സാഹമായിരുന്നു. ഇടയ്ക്ക് വിഡിയോയിൽ അവനും പ്രത്യക്ഷപ്പെടും. ഒരിക്കൽ എന്റെ പാചക സംരംഭത്തെക്കുറിച്ച് നടി ശ്വേതാ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കമന്റായി ഞാൻ കുറിപ്പിട്ടു. മണിക്കൂറുകൾ കഴിഞ്ഞപ്പോള്‍ ശ്വേത ചേച്ചി എന്നെ മെസഞ്ചറിലൂടെ കോണ്ടാക്റ്റ് ചെയ്തു. കൂടുതൽ പേരിലേക്ക് എന്റെ പാചക പരീക്ഷണം എത്തിക്കാൻ സഹായിക്കുകയും ചെയ്തു. ചേച്ചിയുടെ പേജിൽ സിന്ധൂസ് കിച്ചനെ പരിചയപ്പെടുത്തി പോസ്റ്റ് ഇടുകയും ചെയ്തു.

വലിയ അവകാശവാദങ്ങളൊന്നുമില്ല. പക്ഷേ എന്റെ ഈ എളിയ സംരംഭം ഒരുപാട് പേർ തിരിച്ചറിയുന്നു, നല്ലതു പറയുന്നു എന്നൊക്കെ അറിയുമ്പോൾ ഒത്തിരി സന്തോഷമുണ്ട്. പതിനേഴായിരം ഫോളോവേഴ്സാണ് ഇന്നെനിക്കുള്ളത്. യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കുന്ന രീതിയിൽ വളരണമെന്നുണ്ട്. അതിന് എല്ലാവരുടെയും പിന്തുണ വേണം. ഫെയ്സുബുക്കിൽ 32000 പേർ പിന്തുടരുന്നുണ്ട്.

ശാരീരിര പരിമിതികൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഹോർമോൺ വ്യതിയാനം മൂലം വല്ലാതെ വണ്ണം വച്ചിട്ടുമുണ്ട്. പക്ഷേ ഇടറിവീഴാതെ എനിക്ക് ജീവിച്ചേ പറ്റൂ. പതിയെ പിടിച്ച് പിടിച്ച് നടക്കാനൊക്കെ കഴിയുന്നുണ്ടെങ്കിലും എന്റെ വേദന എനിക്കും മാത്രമേ മനസിലാകുന്നുള്ളൂ. ആരോടും പരാതിയില്ല, പറഞ്ഞതുപോലെ ജീവിക്കാനുള്ള പോരാട്ടം ഇനിയും തുടരും. എന്റെ മകനു വേണ്ടി അവന്റെ ഭാവിക്കു വേണ്ടി.– സിന്ധു പറഞ്ഞു നിർത്തി.