Thursday 22 March 2018 05:26 PM IST

ഫെയ്സ്ബുക്കിലെ ചിത്രങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ ചോർത്തുന്ന വിധം; സ്മാർട്ടായ കെണികൾ തിരിച്ചറിയാം

Roopa Thayabji

Sub Editor

cyber-crime21

മൊബൈൽ ഫോൺ സ്മാർട്ടായപ്പോൾ അതുവഴി ഔട്ടാകുന്ന രഹസ്യങ്ങൾ കൂടിയെന്ന് അത്ര ലാഘവത്തോടെ പറയാനാകില്ല. റിപ്പയറിങ്ങിനു കൊടുത്ത ഫോണിലെ സ്വകാര്യവിഡിയോ യുട്യൂബിൽ വൈറലായതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും വളരെ കൂടുകയാണ്. വിഡിയോ ചാറ്റിങ് റിക്കോർഡ് ചെയ്ത് പീഡിപ്പിക്കുന്നതും പണം തട്ടുന്നതുമായ നിരവധി സംഭവങ്ങൾ നാണക്കേട് ഭയന്ന് പലരും പുറത്തുപറയുന്നില്ല. ഇതിന്റെ കാരണമെന്താണെന്ന് അറിയാമോ. ഫോണിലെ ഇന്റർനെറ്റുപയോഗവും പലവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും സംബന്ധിച്ച് മലയാളിക്ക് അത്ര വിവരമില്ലെന്നതാണ് സത്യം. സ്മാർട്ഫോണിലെ കെണികളെന്തൊക്കെ, അവയെ എങ്ങനെയെല്ലാം പ്രതിരോധിക്കാം. സ്ത്രീകളെയും കുട്ടികളെയും മാത്രമല്ല, പുരുഷന്മാരെ പോലും വലയിലാക്കുന്ന സ്മാർട്ഫോൺ ട്രാപ്പുകളെക്കുറിച്ച് അറിയാം.

∙ നമ്മുടെ സ്വകാര്യതയെ ബാധിക്കുന്ന ഒരു ചിത്രവും ഫോണിൽ സൂക്ഷിക്കരുത്. ഫെയ്സ്ബുക്ക് ആപ്ലിക്കേഷന് ഫോണിന്റെ സ്റ്റോറേജ് ഉപയോഗിക്കാനുള്ള പെർമിഷൻ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും സേവ് ചെയ്യാനും വേണ്ടി മാത്രം ‘എനേബിൾ’ ചെയ്യുന്നതാണ് ഉചിതം.

∙ ‘നിങ്ങളെ ആലോചിച്ചുകൊണ്ടിരിക്കുന്ന സിനിമാനടി ആരെന്നറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക’ എന്നുകണ്ടാൽ ചാടി വീഴും നമ്മൾ. മിക്കപ്പോഴും ഫെയ്സ്ബുക്ക് ഐഡി ഉപയോഗിച്ചാകും ഈ ലിങ്കിലേക്ക് ലോഗിൻ ചെയ്യുന്നതും. സ്പൈ, ഹാക്കിങ് ആപ്ലിക്കേഷന് നമ്മുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങൾ ഉപയോഗിക്കാനുള്ള വാതിലാണ് ഇതിലൂടെ തുറന്നുകൊടുക്കുന്നത്.

∙ നിങ്ങളുടെ ഫെയ്സ്ബുക്ക് പേജിന്റെ അക്കൗണ്ട് സെറ്റിങ്സിൽ പോയാൽ ‘അപ്സ്’ എന്ന ബട്ടണുണ്ട്. ഇവിടെ ക്ലിക്ക് ചെയ്ത് നോക്കിയാൽ ഇത്തരം ഏതൊക്കെ ആപ്ലിക്കേഷനുകൾക്ക് അനുവാദം നൽകിയിട്ടുണ്ട് എന്നറിയാം. ഇവയെ ഒഴിവാക്കാൻ ഇതിലെ ‘റിമൂവ്’ ബട്ടൺ അമർത്തണം.

∙ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ സ്വകാര്യ, ഔദ്യോഗിക ഇമെയിൽ ഐഡി ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലോ ഫോണിലുപയോഗിക്കുന്ന ആപ്ലിക്കേഷനിലോ ലോഗിൻ ചെയ്യാൻ ഒരിക്കലും ഉപയോഗിക്കരുത്. ഇത്തരം ആവശ്യങ്ങൾക്കു വേണ്ടി മാത്രം പ്രത്യേകം ഇമെയിൽ ഐഡി ക്രിയേറ്റ് ചെയ്യുന്നതാണ് നല്ലത്.

ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നറിയാം

ചില ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നമ്മുടെ ഗാലറിയിലെ ഫോട്ടോകളും വിഡിയോകളും ചോരാൻ സാധ്യതയുണ്ട്. ഇതറിയാൻ ഏറ്റവും നല്ല മാർഗം മൊബൈൽ ഡേറ്റ ഉപയോഗം വളരെ കൂടുന്നുണ്ടോ എന്നു വിശകലനം ചെയ്യുകയാണ്.

∙ സാധാരണ ഉപയോഗിക്കുന്നതിനെക്കാളും വളരെയധികം ഡേറ്റ ഉപയോഗിച്ചതായി കാണുന്നുണ്ടെങ്കിൽ ബൾക്ക് ആയി ഫോട്ടോയോ വിഡിയോയോ അപ്‌ലോഡ് ആയതിന്റെ ലക്ഷണമാകാം. മൊബൈൽ ഡേറ്റ സെറ്റിങ്ങ്സിൽ നോക്കിയാൽ ഓരോ ആപ്ലിക്കേഷനും ഉപയോഗിച്ച ഡേറ്റ പ്രത്യേകമായി മനസ്സിലാക്കാം.

∙ അധികം ഉപയോഗിക്കാത്ത ആപ്ലിക്കേഷൻ വളരെക്കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നതായി കണ്ടാൽ ശ്രദ്ധിക്കണം. ക്യാമറ, ഗാലറി പോലുള്ള ചെറിയ ഡേറ്റ ആവശ്യമുള്ള ആപ്ലിക്കേഷനുകൾ ധാരാളം ഡേറ്റ ഉപയോഗിക്കുന്നുണ്ടെങ്കിൽ ചോർച്ചയുണ്ടെന്നു മനസ്സിലാക്കാം.

∙ ഉപയോഗിക്കാത്ത സമയങ്ങളിലും രാത്രി സമയത്തും മൊബൈൽ ഡേറ്റ ഓഫ് ആക്കി ഇടണം. ആഴ്ചയിലൊരിക്കൽ ഈ പരിശോധന ചെയ്യണം.