Thursday 30 April 2020 02:40 PM IST

ഞങ്ങടെ ഫോണിലും ഗൂഗിളുണ്ടെന്ന്് പറയാന്‍ പറഞ്ഞു! ഈ പെന്‍സില്‍ വര കണ്ട് സോനുവിനോട് ഇങ്ങനെ പറയുന്നവര്‍ കേള്‍ക്കുക ഫോട്ടോറിയലിസത്തില്‍ ഞെട്ടിക്കുന്ന വിശേഷങ്ങള്‍

Unni Balachandran

Sub Editor

sonu

ഒന്നു പോടാ ഷോ കാണിക്കാതെ, ഗൂഗിള്‍ ഞങ്ങള്‍ടെ ഫോണിലും ഉണ്ടെന്ന് പറയാന്‍ പറഞ്ഞു... സോനു പടം വരച്ച് ഫെയ്‌സ്ബുക്കിലിട്ടാല്‍ വരുന്ന കമന്റുകളിവയൊക്കെയാണ്. എന്നാല്‍ കാര്യമന്വേഷിച്ച് സോനുവിന്റെ അടുത്ത് ചെന്നാലോ കോമഡി സ്‌കിറ്റിലെ കൗണ്ടര്‍ കേട്ടു ചിരിക്കും പോലെ ചിരി തുടങ്ങും. എന്നിട്ടവസാനമൊരു ഡയലോഗും 'ഈ കള്ളന്‍ വിളികളാണ് എനിക്കും വേണ്ടത്'.... ഫോട്ടോയിലേതെന്ന പോലെ ചിത്രങ്ങള്‍ വരയ്ക്കുന്ന ഫോട്ടോറിയലിസം ആര്‍ടിസ്റ്റായ സോനുവിന്റെ അഭിപ്രായത്തില്‍ വരച്ചു തീര്‍ത്ത പടം ഗൂഗിളില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് പറയുന്നതാണ് ഏറ്റവും വലിയ അഭിനന്ദനം.

മൂന്നാം ക്ലാസ് മുതല്‍ വരയ്ക്കാന്‍ തുടങ്ങിയതാണ് സോനു. ആദ്യമൊക്കെ വാട്ടര്‍ കളറിനോടായിരുന്നു താല്‍പര്യം. ബാലരമ കഥാപാത്രങ്ങളെയൊക്കെ വരച്ച് അമ്മയെ കാണിച്ച സന്തോഷിച്ചിരുന്ന കുട്ടി. പിന്നെ, പത്താം ക്ലാസൊക്കെ ആയപ്പോള്‍ പഠിക്കാതെ വരച്ചു നടന്നാല്‍ തലവര മാറിപ്പോയാലോന്ന് പേടിച്ച് , പഠനത്തില്‍ ഫുള്‍ കോണ്‍സന്‍ട്രേറ്റ് ചെയ്തു നടന്നു. ഡിപ്ലോമ ക്ലാസിലെ റെക്കോര്‍ഡുകള്‍ മാത്രമാണ് അന്ന് സോനുവിന്റെ വരയറിഞ്ഞത്. പക്ഷേ, കാലം എന്‍ജിനയറിങ് കോളജിലെ ഓണാഘോഷം സോനുവിനായി കാത്തുവച്ചിട്ടുണ്ടായിരുന്നു. ഓണത്തിന് ചെഗുവേരയെ വരയ്ക്കാനൊരു ചാന്‍സ് കിട്ടി. പിന്നെ ഒന്നും നോക്കിയില്ല, രംഗോലി പൗഡര്‍ കൊണ്ടൊരു വരയങ്ങ് കാച്ചി. മാവേലിയടക്കം എല്ലാവരും ഫ്‌ലാറ്റ്, കോളജിലെ ആസ്ഥാന വരക്കാരനായി ആ ഓണം സോനുവങ്ങ് എടുക്കുകയായിരുന്നു...

'അതിന് ശേഷമാണ് പിന്നെയും പടം വരയിലേക്ക് തിരിയാന്‍ തീരുമാനിച്ചത്. ഗ്രാഫൈറ്റ് പെന്‍സില്‍ കൊണ്ടു നാലഞ്ച് പടങ്ങള്‍ വരച്ചു നോക്കി. പിന്നെ, പരീക്ഷയും ചെറുപള്ളശ്ശേരിയിലെ പോളിടെക്‌നിക് ക്യാംപസിലെ ജോലിയും ആയപ്പോള്‍ വര പിന്നെയും വിട്ടു. പക്ഷേ, തികച്ചും യാദ്യശ്ചികമായി ഒരു യൂട്യൂബ് വിഡിയോ എന്റെ കണ്ണില്‍ ഉടക്കി. കളര്‍ പെന്‍സില്‍ കൊണ്ട് കിടിലനായി പടം വരയ്ക്കുന്ന വിഡിയോ. ഇന്ന് വരെ പരീക്ഷിക്കാത്ത കളര്‍ പെന്‍സില്‍ കൊണ്ടൊരു പരീക്ഷണത്തിന് ഒരു രസത്തിന് ഞാനും റെഡിയായി. ആദ്യ പരീക്ഷണം പരാജയമായപ്പോള്‍ വാശികൂടി. കൂടുതല്‍ വിഡിയോ കണ്ട് അവരുടെ ടെക്‌നിക്‌സും സ്‌റ്റൈലുമൊക്കെ ശരിക്ക് പഠിച്ചു ഒരു വര തുടങ്ങി. അങ്ങനെ വരച്ചത് ബാഹുബലിയുടെ പടമായിരുന്നു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ഞാന്‍ സീരിയസ്സായി.''

നീ ഉടായിപ്പല്ലേ

ഫോട്ടോറിയലിസം ചെയ്യുന്ന എല്ലാവരും കേള്‍ക്കുന്നൊരു സ്ഥിരം കളിയാക്കലാണിത്. കണ്ടാല്‍ റിയലിസ്റ്റിക്കായി തോന്നുന്ന ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് നമ്മള്‍ പറ്റീരാണെന്നാണ്. ചിലര്‍ ഒറിജിനല്‍ ഫോട്ടോ ഒക്കെ കമന്റായി ഇടും, കള്ളനാന്ന് കാണിക്കാന്‍. ആദ്യമൊക്കെ ഞാന്‍ വരച്ചതാണെന്ന് പറയും, പിന്നെ ആളുകളുടെ കളിയാക്കലുകള്‍ ഒരു അഭിനന്ദനമായി കാണാന്‍ തുടങ്ങിയപ്പോള്‍ നോ പ്രശ്‌നം.

നോ ഫ്രീ ടൈം

പണ്ട് ഫ്രീ ടൈമില്‍ വരയ്ക്കുന്ന സ്വഭാവമായിരുന്നെങ്കില്‍ ഇന്ന് പടം വരയ്ക്കാനായി സമയം കണ്ടെത്തണ്ട അവസ്ഥയാണ്. മിനിമം 50 മണിക്കൂറെങ്കിലും വേണ്ടിവരും ഒരു പടം വരച്ചു തീര്‍ക്കാന്‍. ഇപ്പോ ആളുകളുടെ ആവശ്യമൊക്കെ കേട്ട് കമ്മീഷന്‍ ഡ്രോയിങ് ചെയ്യാറുണ്ട്. ക്യാംപസിന്റെ ഹോസ്റ്റലില്‍ തങ്ങുന്നതുകൊണ്ട് സമയം വളരെ കുറവാണ്. മലപ്പുറത്ത് മഞ്‌ജേരിയിലാണ് വീട്. അച്ഛന്‍ അച്യൂതനും അമ്മ പുഷ്പലതയും ചേച്ചി സുബിതയുമാണുള്ളത്. പലതവണ ഉപേക്ഷിച്ചിട്ടും പിന്നെയും എന്നെ തേടി വന്നതുകൊണ്ട് എന്തായാലും ഇനി വര ഉപേക്ഷിക്കാന്‍ പ്ലാനില്ല. ജോലിയോടൊപ്പം അതേ സീരിയസ്സോടെ കൂടുതല്‍ കള്ളന്‍ വിളികള്‍ കേള്‍ക്കാന്‍ തന്നെയാണ് പ്ലാന്‍'.- സോനു പറയുന്നു.