Saturday 27 October 2018 10:02 AM IST

‘‘അതു പറയുമ്പോൾ സിനിമയിൽ പ്രവർത്തിക്കുന്നവർ എന്നോട് കലഹിക്കാറുണ്ട്’’; എഴുത്തും സിനിമയും കടന്ന് ശ്രീബാല കെ മേനോൻ പ്രസാധകയായ കഥ

V.G. Nakul

Sub- Editor

s1

ശ്രീബാല കെ.മേനോന് വിലാസങ്ങൾ നിരവധിയാണ്. എഴുത്തുകാരി, ചലച്ചിത്ര സംവിധായക, സംഘടനാ പ്രവർത്തക, ഇപ്പോൾ ദേ പ്രസാധകയും. എന്താണ് ഇത്രയും മേഖലകളെന്ന് ചോദിച്ചാൽ ശ്രീബാല പറയും: ‘‘ഒക്കെയും യാദൃശ്ചികം’’. മലയാളത്തിലെ ശ്രദ്ധേയ സാഹിത്യകാരിയായ ശ്രീബാല സാഹിത്യ അക്കാഡമി പുരസ്ക്കാരം നേടിയ ‘19 കനാൽ റോഡ്’, ‘സിൽവിയാ പ്ലാത്തിന്റെ മാസ്റ്റർ പീസ്’ തുടങ്ങി പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവാണ്. ദീർഘകാലം സത്യൻ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാലയുടെ ആദ്യ സംവിധാന സംരംഭമായ ‘ലൗ 24* 7’ ന്യൂസ് ചാനലുകളിലെ മനുഷ്യ ജീവിതങ്ങളുടെ കഥ പറഞ്ഞ വേറിട്ട പരീക്ഷണമായിരുന്നു.

എന്നാൽ ആദ്യ സിനിമയ്ക്ക് ശേഷം ശ്രീബാല കുറച്ച് കാലത്തേക്ക് ‘സ്ക്രീനിൽ’ നിന്ന് മാറി നിന്നു. മടങ്ങിവരവ് പ്രസാധകയുടെ വേഷത്തിലായിരുന്നു. നല്ല പുസ്തകങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ശ്രീബാലയുടെ ‘റീഡ് മീ ബുക്സ്’ ഇപ്പോൾ ഇരുപതിലധികം കൃതികൾ പ്രസിദ്ധീകരിച്ചു. ഒപ്പം പുസ്തകപ്രസാധകരുടെ സംഘടനയായ ‘പുസ്തക’ത്തിന്റെ സജീവ പ്രവർത്തകയും. ശ്രീബാല ‘വനിത ഓൺലൈനുമായി’ സംസാരിക്കുന്നു, എഴുത്ത്, സിനിമ, പ്രസാധനം തുടങ്ങി തന്റെ കർമ്മ മേഖലകളെക്കുറിച്ച്.......

പവിഴപ്പുറ്റുകളെ തൊട്ടുരുമ്മാം, മീനുകളോട് കിന്നാരം പറയാം; കടലിനടിയിലെ കാഴ്ചകാണാൻ കോവളത്തെ ബോണ്ട് സഫാരി വിളിക്കുന്നു

ഒരു കഥയെങ്കിലും വായിക്കാതിരുന്നെങ്കിൽ...

s3

എഴുതിയിരുന്നു എന്നല്ലാതെ ഞാൻ ഒരു എഴുത്തുകാരിയാകും എന്ന് എന്നെക്കുറിച്ച് ഞാനോ മറ്റുള്ളവരോ ചിന്തിച്ചിരുന്നില്ല. ഞാൻ അതിനായി ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം. ആദ്യം എഴുതിയ കഥകളൊന്നും അത്ര ശ്രദ്ധേയമായിരുന്നില്ല. ‘സാഹിത്യവാരഫല’ത്തിൽ അതിനെയൊക്കെ എം.കൃഷ്ണൻനായർ സാർ വിമർശിച്ച് കൊന്നു. അതായിരുന്നു സ്ഥിരമായി കിട്ടിയിരുന്ന പ്രോത്സാഹനം. അന്നോക്കെ ഒരു കഥയെങ്കിലും സാർ വായിക്കാതിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് ( പൊട്ടിച്ചിരിക്കുന്നു). എന്റെ ഒരു കഥ – ‘ശാപമോക്ഷം’ – ആദ്യം പ്രസിദ്ധീകരിക്കുന്നത് ‘വനിത’യിലാണ്. കുടുംബത്തിൽ സാഹിത്യ പശ്ചാത്തലങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ എഴുത്തിനെ ഗൗരവത്തോടെ സമീപിക്കണമെന്ന ധാരണയുമുണ്ടായിരുന്നില്ല.

സ്ത്രീയുടെ പേരുള്ള പുരുഷൻ...

ചെന്നൈയിൽ പഠിച്ച കാലത്തെ ചില ഓർമ്മകൾ ഒരു പ്രസിദ്ധീകരണത്തിൽ കോളമായി എഴുതിത്തുടങ്ങിയതാണ് വഴിത്തിരിവ്. എങ്ങനെയാണ് ഒരു കോളം എഴുതേണ്ടതെന്നോ, അതിന്റെ ശൈലി എന്താണെന്നോ ഒന്നും അറിയുമായിരുന്നില്ല. അങ്ങനെയാണ് ‘വനിത’യിൽ റോസി തോമസ് എഴുതിയ ഒരു കോളം മാതൃകയാക്കാൻ തീരുമാനിച്ചത്. ഞാനതിന്റെ സ്ഥിരം വായനക്കാരിയായിരുന്നു. ബിരുദാനന്തര ബിരുദം കഴിഞ്ഞ് നെറ്റ് എഴുതാനുള്ള തയാറെടുപ്പിനിടയിലാണിത്. അങ്ങനെ പഠിക്കാനുള്ള ചില ലേഖനങ്ങളും റോസി തോമസിന്റെ കോളവുമൊക്കെ മാതൃകയാക്കി, ഹാസ്യ പശ്ചാത്തലത്തിലാണ് ആ കോളം എഴുതിയത്. അത് ശ്രദ്ധേയമായി. അക്കാലത്ത്, ഒരു പുരുഷൻ സ്ത്രീയുടെ പേര് വച്ച് എഴുതുന്നതാണതെന്നാണ് പലരും കരുതിയത്. ‘19 കനാൽ റോഡ്’ എന്ന പേരില്‍ ‘ചിരിക്കുന്ന നെഞ്ചിടിപ്പുകൾ’ പിന്നീട് പുസ്തകമായി. 2005 – ൽ ‘19 കനാൽ റോഡ്’ ഹാസ്യവിഭാഗത്തിൽ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടി.

സിനിമ വെറും ജോലി...

എനിക്ക് ശാസ്ത്രം പഠിക്കാൻ ബുദ്ധിമുട്ടാണ്. കണക്ക് തീരെയും പറ്റില്ല. പിന്നെയുള്ളത് ഭാഷയും ചരിത്രവുമൊക്കെയാണ്. അതിൽ മലയാളം പഠിക്കാൻ അമ്മയും ബന്ധുക്കളും സമ്മതിച്ചില്ല. അങ്ങനെ ഇംഗ്ലീഷ് തിരഞ്ഞെടുത്തു. എന്നാൽ ഇംഗ്ലീഷുമായി ബന്ധപ്പെട്ട അദ്യാപനം ഗവേഷണം തുടങ്ങി ഒരു ജോലിയും താത്പര്യമില്ലാത്തതിനാൽ പഠനം കഴിഞ്ഞ് മറ്റ് മേഖലകളെക്കുറിച്ച് ചിന്തിച്ച് സിനിമയെന്ന ഓപ്നിലെത്തി. സിനിമയുടെ സാങ്കേതിക വശം പണ്ടേ ഇഷ്ടമുള്ള മേഖലയാണ്. അക്കാലത്ത് അതിനെക്കുറിച്ച് പഠിക്കാൻ ഇന്നത്തത്ര സാധ്യതകളുമില്ല. ആദ്യം കുറേക്കാലം സിനിമ ഒരു ജോലി എന്ന തരത്തിൽ മാത്രമായിരുന്നു.

s-5

ഷൂട്ടിംഗ് കാണാതെ ലൊക്കേഷനിൽ...

ആരും സ്ത്രീകളെ അസിസ്റ്റന്റായോ അസോസിയേറ്റായോ ഒപ്പം നിർത്താത്ത കാലമാണത്. സത്യൻ അന്തിക്കാട് ഞാനെഴുതിയതൊക്കെ വായിച്ചിട്ടുള്ള ആളാണ്. അവസരം ചോദിച്ചപ്പോൾ അദ്ദേഹം പ്രായോഗിക ബുദ്ധിമുട്ടുകളൊക്കെ പറഞ്ഞ് മനസ്സിലാക്കിയെങ്കിലും ഗൗരവത്തിലാണെന്ന് തോന്നിയതിനാൽ ഒപ്പം ചേരാൻ സമ്മതിച്ചു. അത്രകാലം ഒരു സിനിമ ഷൂട്ടിംഗ് പോലും കാണാത്ത ആളാണ് ഞാൻ. ‘നരേന്ദ്രന്‍ മകൻ ജയകാന്തൻ വക’ മുതൽ സാറിന്റെ ഒപ്പമുണ്ടെങ്കിലും ‘അച്ചുവിന്റെ അമ്മ’യിലാണ് ആദ്യം സഹസംവിധായികയാകുന്നത്. ആ കാലത്ത് അംബികാ റാവു മാത്രമാണ് ഈ മേഖലയിലെ മറ്റൊരു സ്ത്രീ സാന്നിധ്യം. ‘ഭാഗ്യദേവത’ മുതൽ അസോസിയേറ്റായി. ‘ഒരു ഇന്ത്യൻ പ്രണയകഥ’ വരെ സത്യൻ സാറിനൊപ്പം പ്രവർത്തിച്ചു. പിന്നീടാണ് ലൗ 24*7 ലൂടെ സ്വതന്ത്രസംവിധായികയാകുന്നത്.

മൂക്കുത്തിയിടുമ്പോൾ അണുബാധ; ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

s-6

സിനിമയോ എഴുത്തോ...

സഹസംവിധായികയായി പ്രവർത്തിച്ച പത്രണ്ട് വർഷത്തോളം മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ സമയം കിട്ടിയിരുന്നില്ല. എല്ലാ വർഷവും സത്യൻ സാറിന് സിനിമയുണ്ടാകും. തിരക്കഥയുടെ പ്രാരംഭ ഘട്ടം മുതൽ ഞാനും ഒപ്പം ചേരും. സിനിമയിൽ സജീവമായ ശേഷം എഴുതാനുള്ള സാഹചര്യം തീരെ ഇല്ലാതായി. സിനിമയോ എഴുത്തോ എന്ന ചോദ്യം വന്നപ്പോൾ രണ്ടിനും ധാരാളം അധ്വാനം വേണ്ടതിനാൽ ഒന്ന് ഉപേക്ഷിക്കാൻ തീരുമാനിച്ചു. എല്ലാ തിരക്കുകളും ചേർന്ന് അപ്പോൾ ആരോഗ്യവും മോശമായ അവസ്ഥയായിരുന്നു. അറിയുന്നവരൊക്കെ എന്താ എഴുതാത്തതെന്നു ചോദിക്കുന്നതിൽ വലിയ കുറ്റബോധം തോന്നിയിരുന്നുവെങ്കിലും ഒടുവിൽ സിനിമ സ്വീകരിക്കുകയും എഴുത്ത് നിർത്തുകയുമായിരുന്നു. ഒന്നോ രണ്ടോ കഥകളും ഒരു തിരക്കഥയും മാത്രമാണ് ആ കാലഘട്ടത്തിൽ ആകെ എഴുതിയത്.

ഒന്നുമറിയാത്ത ഒരു പ്രസാധക...

‘ലൗ 24*7’ കഴിഞ്ഞ് ഒരു വർഷം ഇടവേളയെടുത്തു. അപ്പോഴേക്കും എഴുത്തിന്റെ മേഖല അപ്പാടെ മാറിയിരുന്നു. പഴയവർ തീരെ എഴുതാതായി. ധാരാളം പുതിയ ആളുകൾ വന്നു. രണ്ടാം വരവിൽ എന്ത്, എവിടെ തുടങ്ങണം എന്നറിയാത്ത ഒരു അവസ്ഥയായിരുന്നു. അതിനാൽ ആദ്യം തീരുമാനിച്ചത് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളും വീണ്ടും വിപണിയിലെത്തിക്കുക എന്നതായിരുന്നു. ഏകദേശം ആ സമയത്താണ് അഷിതയെ പരിചയപ്പെടുന്നതും. എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള എഴുത്തുകാരിയാണ്. ഞങ്ങൾ വലിയ അടുപ്പത്തിലായി. അവർ എനിക്ക് വലിയ പ്രചോദനമായിരുന്നു. അഷിത ചേച്ചിയുടെ ഗുരുവാണ് നിത്യ ചൈതന്യ യതി. ഗുരു പറഞ്ഞതിൻ പ്രകാരമാണ് ചേച്ചി കുട്ടികൾക്ക് വേണ്ടി ഒരു പുസ്തകം എഴുതിത്തുടങ്ങിയത്. എഴുതിക്കഴിഞ്ഞ് ഒരു ദിവസം ചേച്ചി എന്നോട് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പ്രസാധക സംരംഭം എന്ന ആശയത്തെക്കുറിച്ച് ധാരാളം സംസാരിച്ചു. എനിക്കാണെങ്കിൽ പ്രസാധനത്തെക്കുറിച്ച് ഒന്നും അറിയില്ല താനും. ഏതാണ്ട് ആ സമയത്ത് തന്നെ ഞാൻ ‘ഓഡിയോ ബുക്ക്’ എന്ന ആശയത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു. അങ്ങനെ ‘കേൾക്കാം’ എന്ന പേരിൽ ഒരു ഓഡിയോ ആപ്പ് തുടങ്ങി അഷിത ചേച്ചിയുടെ ‘മയിൽപീലി സ്പർശം’ എന്ന നോവല്‍ ശബ്ദത്തിലാക്കി. സിനിമയുടെ സാങ്കേതിക മേഖലയിൽ എനിക്കുള്ള അറിവ് എങ്ങനെ സാഹിത്യത്തിൽ ഉപയോഗിക്കാം എന്നാണ് ചിന്തിച്ചത്. പിന്നീട് ആ രീതിയിൽ ഒരു ഓണപ്പതിപ്പും തയാറാക്കി. അത് വിജയമായെങ്കിലും കോപ്പി റൈറ്റിന്റെ പ്രശ്നം കാരണം – പല പ്രസാധകരും കൃതികളുടെ ഓഡിയോ അവകാശം ഉൾപ്പടയാണ് എഴുത്തുകാരനിൽ നിന്ന് വാങ്ങുക– അതു തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടായി. അപ്പോൾ വീണ്ടും പുസ്തകപ്രസാധനം എന്ന ആശയം ഉയർന്നു വരുകയും സിനിമയിലേക്കെന്ന പോലെ, ഒന്നുമറിയാതെ ഞാൻ പ്രസാധക രംഗത്തേക്കും കടന്നു. അങ്ങനെയാണ് ‘റീഡ് മീ’ ബുക്ക്സിന്റെ ജനനം. ഒരു കുട്ടിക്ക് പോലും അനായാസം പറയാനാകണമെന്ന ചിന്തയായിരുന്നു ആ പേരിന് കാരണം. അഷിത ചേച്ചിയുടെ ‘പറയാം നമുക്ക് കഥകൾ ആണ്’ ‘റീഡ് മീ’ ആദ്യം പ്രസിദ്ധീകരിച്ചത്. ചേച്ചിയുടെ പ്രചോദനമായിരുന്നു പ്രസാധകയാകാൻ എനിക്ക് ധൈര്യം തന്നത്.

എഴുതുമോ ഇല്ലയോ...

ഞാൻ സിനിമയിൽ സജീവമായ ശേഷമാണ് കഥകൾ സമാഹരിച്ച് ‘സിൽവിയാ പ്ലാത്തിന്റെ മാസ്റ്റർ പീസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇനി എഴുതുമോ ഇല്ലയോ എന്നൊക്കെയുള്ള സംശയങ്ങളുമായി ജീവിക്കുന്ന കാലത്ത് എന്നാൽ പിന്നെ എഴുതിയതത്രയും ചേർത്ത് പുസ്തകമാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

ആരാണ് ഞാൻ...

ഞാനെപ്പോഴും ഉള്ളിന്റെ ഉള്ളിൽ എഴുത്തുകാരിയാണ്. ഇത് പറയുമ്പോൾ സിനിമയിൽ പ്രവർത്തിക്കുന്നവർ എന്നോട് കലഹിക്കാറുണ്ട്. സത്യത്തില്‍ എഴുതാനും അതൊക്കെ പുസ്തകമാക്കി വായിച്ച് രസിക്കാനും മാത്രം ഇഷ്ടമുള്ള ആളാണ് ഞാൻ. സിനിമയുടെ പ്രസാധനവുമൊക്കെ അതാത് കാലങ്ങളിൽ യാദൃശ്ചികമായി സംഭവിച്ചതാണ്.

പെട്ടെന്നൊരു വൺലൈൻ...

വലിയ ശ്രമം ‘ലൗ 24 7’ എന്ന സിനിമയ്ക്ക് പിന്നിലുണ്ട്. ഒരു കമേഴ്സ്യൽ സിനിമയുടെ ക്യാപ്റ്റനായി ഒരു സ്ത്രീ വരുക എന്നത് എപ്പോഴും ബുദ്ധിമുട്ടാണ്. അത്തരം ഒരു ജൻഡർ സ്ട്രഗിൾ ഉണ്ടായി.

ഇപ്പോൾ അത് മാറി വരുന്നുണ്ട്. മറ്റൊന്ന് പ്രമേയത്തിൽ വ്യത്യസ്തതയുള്ള ഒരു സിനിമ ചെയ്യുന്നതിനുള്ള പ്രയാസങ്ങളായിരുന്നു. ഞാൻ ആദ്യം എഴുതിയ സിനിമ മുടങ്ങിയപ്പോൾ പെട്ടെന്ന് മറ്റൊരു കഥ ആവശ്യമായി. അങ്ങനെ പറഞ്ഞ രണ്ടു പ്രായത്തിലുള്ളവരുടെ പ്രണയം എന്ന വൺലൈനിലേക്ക് ഒരു ന്യൂസ് ചാനലിന്റെ പശ്ചാത്തലം വരുകയായിരുന്നു.

s4

കരച്ചിലിന് നോ എൻട്രി...

എന്റെ ജീവിതം എന്നും ക്രൈസസും സ്ട്രഗ്ളും നിറഞ്ഞതായതിനാൽ ഞാൻ ഒരിക്കലും കരയാറില്ല. ചെറുപ്പം മുതൽ അത്തരം സാഹചര്യങ്ങൾ വരുമ്പോൾ അതിലൊക്കെ ഒരു തമാശ കണ്ടെത്താനാകും ഞാൻ ശ്രമിക്കുക. അതാണ് ജീവിക്കാൻ കുറച്ച് കൂടി എളുപ്പം. ചിലർ വിഷമങ്ങൾ പറഞ്ഞ് തീർക്കും. ചിലർ കരഞ്ഞ് തീർക്കും. എനിക്ക് വിഷമങ്ങളിലൂടെ കടന്നു പോകുമ്പോൾ അതിനെ മറികടക്കാൻ ഏറ്റവും എളുപ്പം തമാശയാണ്.

ഇനി ഹാപ്പി...

ഹരൂക്കി മുറകാമിയാണ് പ്രിയപ്പെട്ട എഴുത്തുകാരൻ. മലയാളത്തിൽ റോസി തോമസിന്റെ ‘ഇവൻ എന്റെ പ്രിയ സി.ജെ’ വായിച്ച് അതിശയിച്ചിട്ടുണ്ട്. ആ സ്റ്റൈൽ എന്നെ ആകർഷിച്ചു. അതേ പോലെ മാധവിക്കുട്ടിയും. ഇപ്പോൾ ‘ഹാപ്പി’ എന്ന പേരിൽ കുട്ടികളുടെ ഒരു നോവൽ എഴുതി. മറ്റൊരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു. ഞാൻ കാര്യമായി എഴുതിത്തുടങ്ങി എന്ന് പറയാം...( ചിരി ).

അതൊക്കെ മാറി...

മുൻപ് കമേഴ്സ്യൽ സിനിമ മാത്രം സ്ഥിരമായി ചിന്തിക്കാനായിരുന്നു എനിക്കിഷ്ടം. പക്ഷേ പുതിയ കാലത്ത് സോഷ്യൽ റെസ്പോൺസിബിൾ അല്ലാതെ ജീവിക്കാൻ പറ്റില്ല എന്നതിനാൽ അത് മാറി. ഒരിക്കലും ഒരു സ്ഥിരം വൃത്തത്തിൽ പെടാതിരിക്കുക. ഒരു കലാകാരൻ ഏറ്റവും കൂടുതൽ ഭയക്കേണ്ടത് അവനവനെ തന്നെ ആവർത്തിക്കുന്നതിനെയാണ്. അത് മറികടന്ന് സ്വയം പുനർനിർമ്മിക്കുന്ന ഒരു നല്ല ഫിലിം മേക്കർ ആകുകയാണ് പ്രധാനം.

ഭാവി ഭാര്യയോട് ‘കോടി പ്രണയം’; ആരാധകരെ ഞെട്ടിച്ച് പ്രിയങ്കയ്ക്ക് നിക്കിന്റെ സമ്മാനം

s-2

ആദ്യം ശ്വാസം മുട്ടിച്ച്, പിന്നീട് ബക്കറ്റിൽ മുക്കി, ഒടുവിൽ കിണറ്റിലെറിഞ്ഞ്; പിഞ്ചുകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചത് പത്തോളം തവണ!

അസിന്റെ മാലാഖയ്ക്ക് ഒന്നാം പിറന്നാൾ മധുരം; ആഘോഷമാക്കി ദമ്പതികൾ-ചിത്രങ്ങൾ കാണാം