Monday 25 March 2024 11:27 AM IST : By സ്വന്തം ലേഖകൻ

ഇഡലി തട്ടില്‍ കൈവിരല്‍ കുടുങ്ങി, ഊരിയെടുക്കാനുള്ള ശ്രമത്തിനിടെ നീരു വന്ന് വീർത്തു; മൂന്നുവയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്

KanjirappallyFireForce.jpg.image.845.440

ഇഡലി തട്ടില്‍ കൈവിരല്‍ കുടുങ്ങിയ മൂന്ന് വയസുകാരിയ്ക്ക് രക്ഷകരായി കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് സംഘം. മൂന്നാം മൈൽ സ്വദേശി ഇജാസിന്റെ മകൾ ജാസിയ മറിയത്തിന്റെ കൈവിരലാണ് ഇഡലി തട്ടില്‍ കുടുങ്ങിയത്.  

കൈവിരലിൽ കുടുങ്ങിയ ഇഡലി തട്ടുമായി മൂന്ന് വയസുകാരിയെയുമെടുത്ത് മാതാപിതാക്കൾ ഓടിയെത്തിയത് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലേയ്ക്ക്. ഇവിടെയെത്തുമ്പോഴേയ്ക്കും കുട്ടിയുടെ കൈവിരൽ നീരുവന്ന് വീർത്തിരുന്നു. മാത്രവുമല്ല ഇഡ്ഢലി തട്ട് സ്വയം ഊരിയെടുക്കാൻ നടത്തിയ ശ്രമത്തിനിടെ കൈ വിരൽ ചെറുതായി മുറിയുകയും ചെയ്തിരുന്നു. 

ഒരു മണിക്കൂറോളമെടുത്ത് കട്ടർ ഉപയോഗിച്ചാണ് കുട്ടിയുടെ കൈവിരലിൽ കുടുങ്ങിയ ഇഡ്ഡലി തട്ട് മുറിച്ച് മാറ്റിയത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് മൂന്ന് വയസുകാരി ജാസിയയുടെ കൈവിരൽ ഇഡ്ഡലി തട്ടിന് നടുവിലെ ദ്വാരത്തിൽ കുടുങ്ങിയത്. ഒടുവിൽ വിരൽ സ്വതന്ത്രമായതിന്റെ ആശ്വാസത്തിൽ കാഞ്ഞിരപ്പള്ളി  ഫയർഫോഴ്‌സിന് നന്ദി പറഞ്ഞാണ് ജാസിയയും മാതാപിതാക്കളും മടങ്ങിയത്.

Tags:
  • Spotlight