Wednesday 25 August 2021 04:34 PM IST

‘മൂത്രമൊഴിക്കുമ്പോൾ നീറിപ്പിടയും, മുന്നിലുള്ളത് മരണം’: ലിംഗമാറ്റ ശസ്ത്രക്രിയ പാളി: കണ്ണീർക്കടലിൽ നന്ദന

Binsha Muhammed

nandana

‘മൂത്രമൊഴിക്കാൻ തോന്നുമ്പോഴൊക്കെ ഇറങ്ങിയോടും. അലറിവിളിച്ച്... നിസഹായയായി. അന്നേരങ്ങളിൽ ഒരു മരണപ്പിടച്ചിലാണ്. ചില സമയങ്ങളിൽ ദേഹത്തു നിന്ന് ചോര പൊടിയും. രക്തസ്രാവം വരെ ഉണ്ടായിട്ടുണ്ട്. എന്റെ മനസിനും ശരീരത്തിനും മാത്രം മനസിലാകുന്ന വേദന ആരോട് പറയാനാണ്. പറഞ്ഞാൽ തന്നെ ആര് മനസിലാക്കാനാണ്...’‌

വാക്കുകളിൽ പ്രതിഫലിച്ച വേദനയുടെ അകമ്പടിയെന്നോണം നന്ദനയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പെയ്തിറങ്ങി. അവൾ അനുഭവിക്കുന്ന വേദനയുടെ ആഴവും പരപ്പും അളക്കുമ്പോൾ ആ പൊഴിഞ്ഞത് കണ്ണീരാകാൻ വഴിയില്ല. ചുടുചോരയാണ്. വേദനകളുടെ പരകോടിയിൽ നിൽക്കുന്ന ഒരു മനുഷ്യ ജീവന്റെ വേദനകളുടെ ചുടുചോര.

ജന്മനായുള്ള ആൺരൂപത്തിന്റെ പടം പൊഴിച്ച് മനസിലുറങ്ങിക്കിടന്ന പെൺസ്വത്വത്തിന്റെ വിളികേട്ട് പോയവൾ. ജീവന്റെ വിലയുള്ള ആതീരുമാനത്തിന്റെ പേരിൽ മാനസികമായി ഒത്തിരി വേദനിച്ചിട്ടുണ്ട് നന്ദന. പക്ഷേ പരിഹാസങ്ങളെ പടിക്കു പുറത്തു നിർത്തി ആദ്യം മനസിനോടും പിന്നെ തന്നെ അകറ്റി നിർത്തിയ സമൂഹത്തോടും അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.

‘ജന്മം കൊണ്ട് ആണായി പിറന്നുവെന്നേവെള്ളൂ. ഞാന്‍ നന്ദനയാണ്. എന്റെ ഉള്ളിൽ കുടികൊള്ളുന്നത് പെൺമയാണ്.’

പരീക്ഷണങ്ങളുടെ കടലാഴങ്ങൾ നീന്തിക്കയറിയ നന്ദന സമൂഹത്തിന്റെ പതിരും പരിഹാസവും അന്ന് തകർത്തെറിഞ്ഞു, അന്തസായി ജീവിച്ചു. പക്ഷേ കാലം വലിയൊരു വേദനയുടെ അധ്യായം അവൾക്കു മുന്നിൽ തുറക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പെൺശരീരത്തിലേക്കുള്ള അവളുടെ യാത്രയ്ക്കിടെ ചതിക്കുഴി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. പാളിപ്പോയൊരു ലിംഗ മാറ്റശസ്ത്രക്രിയ അവളെ പിന്നെയും വേദനയുടെ നടുക്കടലിലേക്ക് എടുത്തെറിഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടർന്ന് ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ച അനന്യ അലക്സ് മലയാളിയുടെ മനസാക്ഷിക്കു മുന്നിൽ തൂങ്ങിയാടി നിൽക്കുമ്പോൾ നന്ദനയും ആ വാക്കുകൾ ആവർത്തിക്കുന്നു.

‘എനിക്ക് നീതിവേണം. മറിച്ചാണെങ്കിൽ എനിക്കു മുന്നിലുള്ളതും മരണമാണ്. ഈ വേദനയും സഹിച്ച് ഇനിയത്ര നാൾ പിടിച്ചു നിൽക്കാനാണ്.’വേദനയുടെ തീച്ചൂളയിൽ എരിഞ്ഞമർന്നു കൊണ്ടിരിക്കുന്ന അവളുടെ കഥ അവള്‍ തന്നെ പറയുന്നു. വനിത ഓൺലൈനോട്...

ഉള്ളിലുറങ്ങി പെൺമ

‘പട്ടിണി കിടന്നിട്ടുണ്ട്, നിന്നു പെഴയ്ക്കാൻ കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എല്ലാം ക്ഷമിച്ചും സഹിച്ചും ഉറുമ്പു കൂനകൂട്ടും പോലെ ചേർത്തു വച്ചതാണ്. എന്തിനെന്നോ... എന്നിലെ പെണ്ണിന് വൈദ്യശാസ്ത്രം വിലയിട്ട 2 ലക്ഷം കണ്ടെത്താൻ. പെണ്ണായി മാറാനുള്ള ശസ്ത്രക്രിയക്ക് വേണ്ടുന്ന തുക. ഞാൻ എത്രകാലം അധ്വാനിച്ചാലാണ് ആ തുകയുണ്ടാക്കാനാകുക. ആ കാശാണ് ആശുപത്രിക്കാർക്ക് കൊണ്ടു കൊടുത്തത്. പണം പോട്ടേ എന്നു വച്ചാലും എന്റെ സ്വപ്നം പാതിയിൽ മരിച്ചു പോയില്ലേ... എന്റെ വേദനയ്ക്കും നേരിട്ട ചതിക്കും ആര് സമാധാനം പറയും.’– മിഴിനീർ തുടച്ച് നന്ദന ജീവിതം പറഞ്ഞു തുടങ്ങുകയാണ്.

കൊല്ലം ജില്ലയിലെ പൂനലൂർ ഉറുകുന്നിലെ ഒരു കോളനിയിലാണ് ഞാൻ ജനിച്ചത്. ടെലിഫോൺ എക്ചേഞ്ച് ജീവനക്കാരനായ രാജന്റെയും സരളയുടെയും ‘മകൻ.’ ആണിനെയും പെണ്ണിനേയും വേർതിരിക്കുന്ന തിരിച്ചറിവിനും എത്രയോ മുമ്പ് ഉള്ളിന്റെ ഉള്ളിൽ പെണ്ണിഷ്ടങ്ങൾ കയറിക്കൂടുകയായിരുന്നു. ആ ഇഷ്ടങ്ങള്‍ ട്രാൻസ് വുമൺ എന്ന വലിയ അർഥങ്ങളുള്ള ചുരുക്കെഴുത്തിന്റെ ആരംഭമാണെന്ന് തിരിച്ചറിഞ്ഞില്ല. ചേച്ചിയുടെ ചുരിദാർ ഇട്ട് കണ്ണാടിക്കു മുന്നിൽ സുന്ദരിയെപ്പോലെ നിന്നതും, പട്ടു പാവാട അണിയാനും ചാന്തും കൺമഷിയും തൊടാനും വാശി പിടിച്ചതും എല്ലാം ആ യാത്രയിലേക്കുള്ള അടയാളപ്പെടുത്തലുകളായിരുന്നു. കൗമാര കാലത്തെ എന്റെ ആ ഇഷ്ടങ്ങൾക്ക് പക്ഷേ സമൂഹം നൽകിയ പേര് മറ്റൊന്നായിരുന്നു. ‘ഒമ്പത്!’

അന്നൊക്കെ എന്തോരം വേദനിച്ചിട്ടുണ്ടെന്നോ. വയസ് പതിനഞ്ചാകുമ്പോൾ എന്റെ മനസിൽ വലിയൊരു കടലിരമ്പുന്നുണ്ടായിരുന്നു. ഞാൻ പെണ്ണാണെന്ന് ആരോ ഉള്ളിലിരുന്ന് വിളിച്ചു പറയും പോലെ. അത് പൂർണ അർഥത്തിൽ ഞാൻ മനസിലാക്കുമ്പോൾ എനിക്ക് വയസ് 18. വൈകി എഴുതി പാസായ എസ് എസ് എൽസി പരീക്ഷ എഴുതാൻ സെന്ററിലേക്ക് പോകുമ്പോൾ എന്റെ വേഷം പാന്റും ഷർട്ടുമായിരുന്നില്ല. ചുരിദാറായിരുന്നു. എന്നിലെ പെൺമയെ പരിഹസിക്കുന്ന ഒമ്പതെന്ന വിളികൾ അന്നും എത്തി. പക്ഷേ തോറ്റു കൊടുത്തില്ല. പരിഹസിച്ചവരുടെ മുന്നിൽ തലയുയർത്തി പിടിച്ചു തന്നെ നിന്നു. പ്രതീക്ഷിച്ച പോലുള്ള ഭൂകമ്പങ്ങളൊന്നും വീട്ടിലുണ്ടായില്ല. എന്റെ തീരുമാനത്തിനൊപ്പം വീട്ടുകാരും നിന്നു. എല്ലാ കടമ്പകളും താണ്ടിയെങ്കിലും എന്നിലെ പെണ്ണിന്റെ പൂർണതയ്ക്ക് കടമ്പകൾ പിന്നെയും ബാക്കിയായിരുന്നു. മനസു പോലെ ശരീരം കൊണ്ടും പെണ്ണായി മാറണം. സർജറി ചെയ്യണം... പരീക്ഷണങ്ങളുടെ ഒരു കടൽ തന്നെ മുന്നിൽ കണ്ട് മുംബൈയിലേക്ക് വണ്ടി കയറുന്നത് അങ്ങനെയാണ്.

എല്ലാം ആ സ്വപ്നത്തിനു വേണ്ടി

ഇരുപത്തിയൊന്നാം വയസിൽ മുംബൈയിലേക്ക് വണ്ടി കയറുമ്പോൾ അറിയില്ലായിരുന്നു എന്റെ തീരുമാനത്തിന്റേയും സ്വപ്നത്തിന്റേയും പേരിൽ ഒത്തിരി അനുഭവിക്കേണ്ടി വരുമെന്ന്. ഒത്തിരി അല‍ഞ്ഞു ഒരുപാട് അന്വേഷിച്ചു. ഒടുവിൽ മുംബൈയിലെ ഒരു ട്രാൻസ് കമ്മ്യൂണിറ്റിയിൽ എത്തപ്പെട്ടു. ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മുന്നിൽ. ലിംഗമാറ്റ സർജറിക്കു വേണ്ട കാശ് പട്ടിണി കിടന്നായാലും ഉണ്ടാക്കുക.

ട്രെയിനിൽ പാട്ടു പാടിയും കൈകൊട്ടിയും കാശുണ്ടാക്കും. കിട്ടുന്ന കാശ് കൊണ്ട് പട്ടിണി കൂടാതെ വല്ല വിധേനയും കഴിഞ്ഞു കൂടും. ചില്ലിക്കാശ് മാത്രം സർജറിക്കായി ചേർത്തു വയ്ക്കും. ഏതെങ്കിലും ഒരു ദിവസം കലക്ഷൻ കുറഞ്ഞാൽ പിന്നെ പറയേണ്ട, കൂട്ടത്തിലെ മുതിർന്ന അംഗങ്ങളുടെ വക മർദ്ദനമാണ്. പല ദിവസങ്ങളിലും അവരുടെ പീഡനം ഞാനേറ്റു വാങ്ങിയിട്ടുണ്ട്. അവിടെ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ബംഗളൂരുവിലേക്ക് വണ്ടി കയറുന്നത്. അവിടെയും ജീവിതം ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയായിരുന്നു. പട്ടിണി കിടന്നും കഷ്ടപ്പെട്ടും മുന്നോട്ടു പോയി. അവിടെയും നിന്നില്ല ജീവിതം. മിച്ചംപിടിച്ച കാശുമായി നേരെ നാഗർകോവിലിലേക്ക്. ഇതിനിടയ്ക്ക് സന്തോഷമുള്ളൊരു കാര്യം സംഭവിച്ചു. എന്നെ അറിയുന്ന എന്റെ മനസറിയുന്ന ഒരാൾ എനികക്ക് കൂട്ടായെത്തി. കശുവണ്ടി തൊഴിലാളിയായ സുരേഷ് എന്റെ ജീവിതപ്പാതിയും പങ്കാളിയുമൊക്കെയായി. അവിടുന്നങ്ങോട്ട് എന്റെ സ്വപ്നത്തിന് കൂട്ടിരിക്കാൻ സുരേഷേട്ടനുമുണ്ടായിരുന്നു.

അന്നുവരെ ചേർത്തുവച്ചതും സ്വരുക്കൂട്ടിയതുമായ ഒരു ലക്ഷത്തി എൺപതിനായിരം രൂപയും കൊണ്ട് അന്ന് ചെന്നുമുട്ടിയത് മധുരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വാതിലിലാണ്. ലിംഗ മാറ്റ ശസ്ത്രക്രിയക്ക് അവര്‍ വിലയിട്ട തുക അത്രയുമായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് അന്ന് സർജറിക്ക് വിധേയയായത്. കൃത്യമായി പറഞ്ഞാൽ 2 കൊല്ലം മുമ്പ്. എല്ലാം സന്തോഷമായി അവസാനിക്കുമെന്ന് കരുതി. പക്ഷേ വേദനകൾ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

nandana-2

മരണപ്പിടച്ചിൽ

അമ്പേ പരാജയമായൊരു സർജറിയാണ് നടന്നതെന്ന് എന്റെ ശരീരം കാട്ടിത്തന്നു. അതികഠിനമായ വേദനയിൽ നിന്നായിരുന്നു തുടക്കം. മൂത്രമൊഴിക്കാൻ തോന്നുമ്പോഴൊക്കെ ആ വേദന ആയിരം ഇരട്ടിയാകും. എന്റെ മൂത്രഹോൾ മുഴുവനായി അടഞ്ഞു പോയിരുന്നു.

മൂത്രമൊഴിക്കാൻ പോലും പറ്റത്തില്ല. സേഫ്റ്റി പിൻ ഉപയോഗിച്ചാണ് മൂത്രം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നത്. പിന്ന് കൊണ്ട് കുത്തുന്നതു കൊണ്ടാകണം, അനങ്ങുമ്പോഴും നടക്കുമ്പോഴും ബ്ലീഡിങ് ഉണ്ടാകാറുണ്ട്. വേദനയുടെ കാര്യം പിന്നെ പറയേണ്ട. കഴിക്കുന്നത് പോലും ശരീരത്തില്‍ പിടിക്കാറില്ല. എല്ലാം ഈ വേദനകളുടെ ബാക്കിപത്രമാണ്.

മൂത്രമൊഴിക്കാൻ മുട്ടുമ്പോഴൊക്കെ ഇറങ്ങി ഓട്ടമാണ്. ടോയ്‍ലെറ്റില്‍ പോയിരിക്കും പക്ഷേ കാര്യമില്ല. അരിച്ചിറങ്ങുന്ന വേദനയല്ലാതെ മറ്റൊന്നും സംഭവിക്കാറില്ല. രണ്ടുംകെട്ട ജീവിതം ഈ ലോകത്ത് ജീവിച്ചു തീർക്കേണ്ട എന്നു കരുതിയാണ് ഞാൻ ഈ സർജറിക്കു മുതിർന്നത്. അതിപ്പോ ഇങ്ങനെ ആയി. ഇനിയും ഈ വേദനയും സഹിച്ച് ഞാനെത്ര നാൾ പിടിച്ചു നിൽക്കും. റീ സർജറി വേണമെന്നാണ് മധുരയിലെ ആശുപത്രി അധികൃതർ പറയുന്നത്. അതിനു വേണ്ടുന്ന പണം ഞാനെവിടുന്ന് ഉണ്ടാക്കാനാണ്. ചങ്കു തകർന്നാണ് പറയുന്നത്, ഇനിയും ഈ വേദന താങ്ങാൻ വയ്യ, മുന്നിലുള്ളത് മരണമാണ്. എന്നെ ഈ നിലയിലാക്കിയവർ തന്നെ കണ്ണുതുറക്കണം. കനിവുണ്ടാകണം.– നന്ദന കണ്ണീരോടെ പറഞ്ഞു നിർത്തി.