Monday 11 March 2024 12:52 PM IST : By സ്വന്തം ലേഖകൻ

ആക്സിഡന്റിനു ശേഷം വണ്ടിയെടുക്കാൻ പേടി, പ്രിയപ്പെട്ടവർ യാത്ര പോയാൽ ടെൻഷൻ; മറികടക്കാൻ എന്തു ചെയ്യണം: മനോരോഗവിദഗ്ധന്റെ മറുപടി വായിക്കാം

travelanx4345

സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ്. ജോലിസംബന്ധമായും അല്ലാതെയും നിരന്തരം യാത്രകളുണ്ടായിരുന്നു. ജോലിസ്ഥലത്തേക്കു പോയിരുന്നതും ബസ്സിലായിരുന്നു. ഒരു ദിവസം യാത്രാമധ്യേ ഞാൻ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഞാനിരുന്ന വശത്തേക്കാണ് ഇടി നടന്നതെങ്കിലുംചെറിയൊരു മുറിവല്ലാതെ എനിക്കൊന്നും പറ്റിയില്ല. പാട്ടുകേട്ടിരുന്നതിനാൽ ഇടിയുടെ ശബ്ദമോ സംഭവമോ വ്യക്തമായി കണ്ടതുമില്ല. സഹയാത്രികർക്കു പലർക്കും പരിക്കു പറ്റി. കരയുകയും നിലവിളിക്കുകയും ചെയ്ത സ്ത്രീകളുൾപ്പെടെയുള്ളവരെ അന്നു ഞാനാണ് താങ്ങിപ്പിടിച്ച് പുറത്തിറക്കിയതും ആശുപത്രിയിലേക്കു വിട്ടതും.

പിറ്റേന്നും പതിവുപോലെ ബസ് സ്റ്റോപ്പിലെത്തിയെങ്കിലും ബസ്സിൽ കയറാൻ നല്ല പേടി തോന്നി. ഇന്നലെ സംഭവസ്ഥലത്തു നിന്നപ്പോഴത്തെ പോലെയല്ല മനസ്സ്. വല്ലാത്ത പേടി മൂലം അന്നു സുഹൃത്തിനെ വിളിച്ച് അവന്റെ വണ്ടിയിലാണ് പോയത്. വൈകുന്നേരവും സ്പീഡിൽ ഒാടുന്ന വണ്ടികൾ ഒഴിവാക്കി. ഒരാഴ്ച ഈ പേടി കൂടെയുണ്ടായിരുന്നു. പതിയെ അതു കുറഞ്ഞുവന്നു. പക്ഷേ, ഇപ്പോഴും ഞാനതിൽ നിന്നു പൂർണമായി മുക്തി നേടിയിട്ടില്ല. ബസ്സിലിരിക്കുമ്പോൾ ചെറിയൊരു ചങ്കിടിപ്പു കൂടുതലാണ്. മാത്രമല്ല മക്കളെ സ്കൂൾ ബസ്സിൽ വിട്ടിരുന്നതു നിർത്തി ഒാട്ടോയിലാക്കിച്ചു. നെഗറ്റീവായ ചിന്തകൾ കൂടി. നന്നായി വണ്ടി ഒാടിച്ചിരുന്ന ഞാൻ ഇപ്പോൾ അത്യാവശ്യ സന്ദർഭങ്ങളിലേ വണ്ടിയെടുക്കാറുള്ളു.

പക്ഷേ ഞാനത്ര ലോലമായ ഹൃദയത്തിന്റെ ഉടമയൊന്നുമായിരുന്നില്ല. 25 വയസ്സിൽ അർബുദം പോലെയുള്ള രോഗത്തെ തോൽപിച്ചിട്ടുണ്ട്. വളരെയേറെ കഷ്ടത നിറഞ്ഞ കുടുംബസാഹചര്യങ്ങളെ നേരിട്ടിട്ടുണ്ട്. നന്നായി കഷ്ടപ്പെട്ടു തന്നെയാണ് ഈ ജോലി നേടിയതും ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഉന്നതപദവിയിലെത്തിയതും. അങ്ങനെയുള്ള എന്നെ ചെറിയൊരു ബസ്സപകടം പേടിത്തൊണ്ടനും നിഷേധചിന്താഗതിക്കാരനും ആക്കിയോ എന്നൊരു സംശയം. ഡോക്ടർ ഞാനെന്തെങ്കിലും തെറപ്പിക്കു വിധേയനാകേണ്ടതുണ്ടോ? കൗൺസലിങ് കൊണ്ട് കുറച്ചുകൂടി മനസ്സിനെ ദൃഢപ്പെടുത്താനാകുമോ?

ട്രാവലിങ് ഫോബിയ നേരിടാം

ട്രാവലിങ് ഫോബിയ എന്ന മാനസികപ്രശ്നമാണ് താങ്കളുടേത് എന്നു കരുതുന്നു. താങ്കളുടെ പ്രശ്നങ്ങളെല്ലാം ആരംഭിക്കുന്നത് ഒരു ബസ് ആക്സിഡന്റിൽ പെടുമ്പോഴാണ്. ആ സമയത്ത് സാധാരണ ആളുകൾക്ക് ഒരു വൈകാരിക ശൈത്യം (ഇമോഷണൽ നമ്പ്നെസ്സ്) അനുഭവപ്പെടാം. മനസ്സ് തരിച്ചിരിക്കുന്ന അവസ്ഥ എന്നു വിശേഷിപ്പിക്കാം ആ ഘട്ടത്തെ. അതുകൊണ്ട് അപകടത്തിന്റെ സമയത്ത് പേടിയോ മാനസികപ്രശ്നങ്ങളോ ഒന്നും ഉടനെ തന്നെ ഉണ്ടാകണമെന്നില്ല. അതുകൊണ്ടാണ് താങ്കൾ അപകടസമയത്ത് വളരെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തത്. അതിനുശേഷം നിങ്ങൾക്കു സംഭവിച്ചതിനെ മനശ്ശാസ്ത്രത്തിൽ കണ്ടീഷനിങ് എന്നു വിശേഷിപ്പിക്കാം.

അന്ന് ആക്സിഡന്റിനോട് അനുബന്ധിച്ചുണ്ടാകാഞ്ഞ പേടി പിറ്റേന്നുമുതൽ മറനീക്കി പുറത്തുവരുന്നു. അത്തരത്തിലുള്ള ബസ്സ് കാണുമ്പോൾ ഭയം ഉണരുന്നു. പേടി, നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, വിയർക്കൽ, ധൈര്യം കുറയൽ എന്നിവയെല്ലാം ഉണ്ടാകുന്നു. ഇത് ആ കണ്ടീഷനിങ്ങിന്റെ ഫലമാണ്. പ്രിയപ്പെട്ടവർ യാത്ര പോകുമ്പോൾ ഒക്കെ അപകടവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലേക്ക് ചിന്ത പോകുന്നു. അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി ബസ്സിൽ കയറാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നു. ഇതിനെ അവോയിഡൻസ് കണ്ടീഷനിങ് എന്നു പറയും. ഇനിയും എന്തെങ്കിലും അപകടം സംഭവിച്ചേക്കുമോ എന്നുള്ള ഉത്കണ്ഠ (ആന്റിസിപ്പേറ്ററി ആങ്സൈറ്റി) കുറയ്ക്കാനാണ് നിങ്ങളുടെ മനസ്സ് ഇങ്ങനെയുള്ള ഒഴിവാക്കലുകൾ ചെയ്യുന്നത്. പക്ഷേ ഇത് ഈ രീതിയിൽ മുന്നോട്ടു പോയിക്കഴിഞ്ഞാൽ പണ്ടു ചെയ്തിരുന്നപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരും. തന്നെയുമല്ല പതിയെ ഇത് സെക്കൻഡറി ഡിപ്രഷൻ ആയി മാറാം.

മറ്റുള്ളവരെ പോലെ തനിക്കു പ്രവർത്തിക്കാനാകുന്നില്ല എന്ന തോന്നൽ, അതിൽ നിന്നുളവാകുന്ന അപകർഷതാബോധം... അത് പതിയെ വിഷാദമായി മാറുകയാണ് ചെയ്യുന്നത്. എപ്പോഴും ആലോചിച്ചിരിക്കുക, നിരാശാബോധം, മുൻപ് സന്തോഷം നൽകിയിരുന്ന കാര്യങ്ങൾ പോലും സന്തോഷം നൽകാതിരിക്കുക, തീരുമാനങ്ങളെടുക്കാൻ കഴിയാതെ വരുക, മ്ലാനവദനരാകുക, ഉറക്കം കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടാകാം.

അതുകൊണ്ട് താങ്കൾ മനശ്ശാസ്ത്രപരമായ ചികിത്സയ്ക്ക് വിധേയനാകുന്നതാണ് നല്ലത്. പ്രധാനമായും രണ്ടുതരം തെറപ്പികളാണ് ഫോബിയ ബാധിച്ചവർക്കായി നൽകുക. ബിഹേവിയറൽ തെറപ്പിയും എക്സ്പോഷർ തെറപ്പിയും.

ഏതു സംഗതിയെ ആണോ പേടി ആ പേടിയെ അഭിമുഖീകരിച്ച് പേടി മാറ്റുകയാണ് എക്സ്പോഷർ തെറപ്പിയുടെ രീതി. നേരിട്ട് ഒന്നിച്ച് നേരിടുകയല്ല കുറേശ്ശേയായുള്ള ഗ്രേഡഡ് എക്സ്പോഷറാണ് നിർദേശിക്കുക. ആദ്യം ബസ്സിന്റെയടുത്ത് നിൽക്കുക, പതിയെ നിർത്തിയിട്ടിരിക്കുന്ന ബസ്സിൽ അര മണിക്കൂർ ഇരിക്കുക, പിന്നെ ഒാടുന്ന ബസ്സിൽ 10–15 മിനിറ്റ് യാത്ര ചെയ്യുക, പതിയെ യാത്രയുടെ ദൈർഘ്യം കൂട്ടുക, ഒടുവിൽ തനിയെ ഭയലേശമില്ലാതെ യാത്ര ചെയ്യാനാകുക. ചിലരുടെ ഭീതി അത്ര പെട്ടെന്നൊന്നും വിട്ടുമാറില്ല. അവർക്ക് സിസ്റ്റമാറ്റിക് ഡീ സെൻസിറ്റൈസേഷൻ എന്ന രീതിയാകും അനുയോജ്യം. അവരുടെ പേടി മാറ്റാനുള്ള നടപടികൾ ആദ്യം ചെയ്യണം.

റിലാക്സ്ഡ് ആയ മനസ്സിൽ ഭീതിക്ക് സ്ഥാനമുണ്ടാകില്ല. അതുകൊണ്ട് ആദ്യം മനസ്സു ശാന്തമാക്കാൻ റിലാക്സേഷൻ ട്രെയിനിങ് നൽകുന്നു. യോഗ, പ്രാണായാമം, പേശി വിശ്രാന്തി വ്യായാമങ്ങൾ, ബയോഫീഡ്ബാക്ക് എന്നിവ മനസ്സിനെ റിലാക്സ് ചെയ്യിക്കും. ഇനി ഗ്രേഡഡ് എക്സ്പോഷർ പരിശീലിപ്പിക്കുക. മനസ്സ് റിലാക്സ്ഡ് ആയതുകൊണ്ട് കുറച്ചുകൂടി ദൈര്യമായി സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും. ഇതുകൊണ്ടൊന്നും നിഷേധാത്മക ചിന്തകൾ കുറയുന്നില്ലെങ്കിൽ കൂടുതൽ സൈക്കോതെറപ്പികൾ വേണ്ടിവരും.

ആദ്യപടിയായി പ്രത്യേക വൈദഗ്ധ്യം ലഭിച്ചിട്ടുള്ള സൈക്കോളജിസ്റ്റിനെ കാണുക. അദ്ദേഹം നിങ്ങളുടെ പ്രശ്നത്തെ വിലയിരുത്തുമ്പോൾ വിഷാദം അളവിൽ കൂടുതലാണെന്നു കണ്ടാൽ, മനശ്ശാസ്ത്ര ചികിത്സ പോര എന്നു തോന്നുകയാണെങ്കിൽ മരുന്നുകൾ കഴിക്കേണ്ടിവരും. അതിന് മികച്ചൊരു സൈക്യാട്രിസ്റ്റിനെ കാണേണ്ടിവരും.

മറുപടി നൽകിയത്

ഡോ. പി. എൻ. സുരേഷ്‌കുമാർ

സൈക്യാട്രിസ്റ്റ്, കോഴിക്കോട്

Tags:
  • Mental Health
  • Manorama Arogyam