Saturday 07 August 2021 04:30 PM IST

മാവേലിയല്ല, ഇത് ‘ട്രാവേലി’: ഓണക്കാലത്ത് ‘ട്രാവേലി’ യുമായി വനിത വുമൺ ഓഫ് ദി ഇയർ ലക്ഷ്മി മേനോൻ

Shyama

Sub Editor

lakshmi-menon

നാടിനേയും നാട്ടുകാരേയും തൊട്ടറിയാൻ അവർക്ക് കൈതാങ്ങാകാൻ വനിത വുമൺ ഓഫ് ദി ഇയർ ലക്ഷ്മി മേനോന്റെ പുത്തൻ ആശയമാണ് ‘ട്രാവേലി’. ഈ ഓണക്കാലത്ത് ബുദ്ധിമുട്ടനമുഭവിക്കുന്ന പ്രാദേശിക വ്യവസായങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള യാത്രയാണ് ട്രാവേലി. ഓഗസ്റ്റ് 9–ാം തീയതി എറണാകുളത്തു നിന്നാണ് യാത്ര തുടങ്ങുന്നത്. 13–ാം തീയതി ബിനാലെയുടെ ഭാഗമായ ആലപ്പുഴയിലെ ‘ലോകമേ തറവാട്ടിൽ’ അവസാനിക്കും ട്രാവേലി. വെറുതേയൊരു പോക്കല്ല ലോകമെമ്പാടുമുള്ള ആളുകൾ ക്ലബ് ഹൗസിലൂടെ ഒപ്പം ചേരുന്ന യാത്ര. പാട്ടും, ചർച്ചകളും, നാടൻ കലകളും, നാട്ടിലെ താമസവും, ഭക്ഷണവും, ഓണക്കോടിയെടുക്കലും ഒക്കെ ചേരുന്നൊരു ‘റെസ്പോൺസിബിൾ ട്രാവൽ’. ഒരു മനുഷ്യന് ഇതിനും മാത്രം നൂതന ആശയങ്ങൾ സൃഷ്ടിക്കാൻ എങ്ങനെ കഴിയുന്നു എന്നാണ് ഓരോ തവണയും ലക്ഷ്മി മേനോൻ കൊണ്ടുവരുന്ന ആശയങ്ങൾ കേൾക്കുമ്പോൾ ഒരു ശരാശരി മലയാളിക്ക് തോന്നുക... ഇതിന് മുൻപുള്ളതൊക്കെ സാംമ്പിൾ മാത്രം ഇതാ പിടിച്ചോ പുതിയത് എന്ന് പറഞ്ഞ് ആ ചിന്ത തീരുന്നിടത്തു നിന്ന് ലക്ഷ്മി വീണ്ടും തുടങ്ങും. വെള്ളപ്പൊക്കം വന്നപ്പോൾ ചേക്കുട്ടിയിലൂടെ ചേന്ദമങ്കലത്തെ നെയ്ത്തുകാർക്ക് ആശ്വാസം പകർന്നു, അമ്മൂമ്മത്തിരികൾ ഇറക്കി, വിത്തു പേനകൾ ഇറക്കി, കോവിഡ് കാലത്ത് ഉപയോഗശൂന്യമായി ബാക്കി വരുന്ന പിപിഇ കിറ്റിന്റെ തുന്നലവശിഷ്ടങ്ങൾ കൊണ്ട് ‘ശയ്യ’ കിടക്കകൾ ഇറക്കി... അങ്ങനെ എണ്ണം പറഞ്ഞാൽ തീരാത്തത്ര ആശയങ്ങൾ പ്രാവർത്തികമാക്കിയ, ഇത്തവണത്തെ വനിത വുമൺ ഓഫ് ദി ഇയർ പുരസ്കാര ജേതാവായ ലക്ഷ്മിയുടെ അടുത്ത പദ്ധതിയാണ് ട്രാവേലി.

lakshmi-2

‘‘കോവിഡ് കാലം വന്നതോട് ഭൂരിഭാഗം ആളുകളും ഓൺലൈൻ ഷോപ്പിങ്ങിലേക്ക് തിരിഞ്ഞു. ഇത് നമ്മുടെ തൊട്ടപ്പുറത്തെ കടകളിലുള്ളവരുടെ വരുമാനം കുറച്ചിട്ടുണ്ട് പല പെട്ടിക്കടകളും പൂട്ടി പോകേണ്ടി വന്നിട്ടുമുണ്ട്... ചെറുതും വലുതുമായ പല പ്രാദേശിക വ്യവസായങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്. ലോക്കൽ മാർക്കറ്റുകളെ വളർത്തുക അവയ്ക്ക് കൂടുതൽ പ്രചാരം വരുത്തുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് ‘ട്രാവേലി’ എന്നൊരു യാത്ര സംഘടിപ്പിക്കുന്നത്.’’ ലക്ഷ്മി പറയുന്നു. ‘‘ആദ്യം സോളോ യാത്രയാണ് ഉദ്ദേശിച്ചത് പക്ഷേ, ഇപ്പോ യാത്രയിലുടനീളം ക്ലബ് ഹൗസിലൂടെയും ഇൻസ്റ്റാ ലൈവിലൂടെയും യാത്രാ വിവരങ്ങൾ ഉൾപ്പെടുത്തി പോകാനാണ് പദ്ധതി. അതുകൊണ്ട് എനിക്കൊപ്പം വണ്ടിയിൽ എന്റെയൊരു കസിൻ കൂടി ചേരും. ട്രാവേലി എന്നൊരു ക്ലബ് ഹൗസിൽ ഫോളോ ചെയ്യുന്നവർക്ക് ലോകത്തിന്റെ പല ഭാഗത്തു നിന്ന് യാത്രയിൽ കാണേണ്ട സ്ഥലങ്ങളെ കുറിച്ചും കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ചും ഒരു നാട്ടിലെ നമുക്കറിയാത്തൊരു ഓട് ഫാക്ടറിയെ കുറിച്ചോ ചിത്രകലാ പ്രദർശനത്തെ കുറിച്ചോ ഒക്കെ പറഞ്ഞു തരാം.

പറ്റുന്നിടത്തൊക്കെ പോകണമെന്നാണ് ആഗ്രഹം. ലോകത്തുള്ള ആർക്കും ക്ലബ് ഹൗസിലെ ചാറ്റ് റൂമിൽ കയറി യാത്രയെ സംബന്ധിക്കുന്ന ചർച്ചയിൽ പങ്കു ചേരാം. മാത്രമല്ല... ചിലപ്പോൾ നെതർലൻഡ്സിലുള്ള ഒരു മലയാളിക്കാകും ഇവിടുത്തെ ഏറ്റവും നല്ല പഴം ഹൽവയുണ്ടാക്കുന്ന സ്ഥലത്തെ കുറിച്ച് പറഞ്ഞു തരുന്നത്. ട്രാവേലി എന്ന ഇൻസ്റ്റാ പേജിൽ പോകുന്ന ഇടങ്ങളുടെ കോഡിനേറ്റ്സ് മാർക്ക് ചെയ്തിടും. ഇനിയൊരാൾക്ക് പോകണമെന്ന് തോന്നിയാൽ അവർക്ക് എളുപ്പം സ്ഥലങ്ങൾ കണ്ടുപിടിക്കാം. ക്ലബ് ഹൗസിലൂടെ പരിചയപ്പെട്ട് വീട്ടുകാരോളം അടുപ്പം വന്ന ചില ശബ്ദങ്ങളുടെ മുഖങ്ങൾ തേടിയുള്ള യാത്ര കൂടിയാണിത്. ഞാൻ എന്റെ വണ്ടിയിൽ പോകുന്നു. യാത്ര മൊത്തത്തിൽ ഒരു ‘ഹോപ് ഓൺ ഹോപ് ഓഫ് മോഡ്’ ആണ് ആർക്കും അവരവരുടെ സ്വന്തം വാഹനത്തിൽ ഒപ്പം ചേർന്ന് സഞ്ചരിക്കാം. പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ തമ്മിൽ കാണാം. ഇഷ്ടമുള്ളിടത്തു വച്ച് അവർക്ക് യാത്ര അവസാനിപ്പിക്കുകയുമാകാം.

ഒരാൾക്കും വേണ്ടി കാത്തു നിൽക്കലോ സമയം മാറ്റി വയ്ക്കലോ ഇല്ല, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സമയം പാലിച്ചാകും യാത്ര. വരുന്നവർക്ക് ഇഷ്ടമുള്ളിടങ്ങളിൽ നിന്ന് കഴിക്കുകയുമാകാം. ഞാൻ കൂടുതലും വീട്ടിലൂണുകളും ഹോംകേറ്ററിങ്ങുകളും ഒക്കെയാകും തിരഞ്ഞെടുക്കുന്നത്. പാഴ്സൽ വാങ്ങി പാടവക്കത്തോ കായൽ തീരത്തോ ഒക്കെയിരുന്ന് കഴിക്കാമെന്നോർക്കുന്നു. ‍താമസവും അതുപോലെ തന്നെ ഒപ്പം ചേരുന്നവർക്ക് അവരവരുടെ ബന്ധു വീടുകളിലോ മറ്റോ താമസിക്കണമെങ്കിൽ അതു ചെയ്യാം. ഞാൻ ഹോട്ടലുകള്‍ തന്നെ തിരഞ്ഞെടുക്കാൻ കാരണം അവർക്കും അതുവഴിയുള്ള വരുമാനം ലഭിക്കട്ടേ എന്നു കരുത്തിയിട്ടാണ്.... ചേന്ദമംഗലം കൈത്തറി സന്ദർശിച്ച് അവിടെ നിന്ന് ഓണക്കോടിയും വാങ്ങാനാണ് തീരുമാനം, പത്തു പേർ അവിടുന്ന് ഓണക്കോടി എടുത്താൽ അവർക്ക് അപ്പോൾ തന്നെ ഏകദേശം ഇരുപതിനായിരം രൂപയുടെ വരുമാനം ലഭിക്കും. അങ്ങനെയുള്ളൊരു ‘ബോധപൂർവമായൊരു ചെലവഴിക്കൽ’ നടപ്പിലാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പോകുന്നിടങ്ങളിൽ കാണുന്നവർക്കു കൊടുക്കാൻ കളിമണ്ണിൽ വിത്തുകൾ വച്ച് ഓണത്തപ്പന്മാരെ എടുക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ചേച്ചിമാർ തന്നെയുണ്ടാക്കിയവയാണ്. കോവിഡ് കാലത്തും സഞ്ചരിക്കാം... കോവിഡ് നിബന്ധനകൾ എല്ലാം പാലിച്ചുകൊണ്ട് സുരക്ഷിതമായി യാത്രകൾ സാധ്യമാണ് എന്ന് പറയാനും കൂടിയാണ് ഈ യാത്ര പദ്ധതി തിരഞ്ഞെടുക്കുന്നത്.

lakshmi-menon

കേരളത്തിൽ തന്നെയുള്ള നമുക്ക് പരിചയമില്ലാത്ത പല സ്ഥലങ്ങളും അറിയാം എന്നോരു ടൂറിസം സാധ്യതും ഇതിലുണ്ട്. ആർക്കിടെക്റ്റായ ബ്രിജേഷ്, ക്യൂ കോപി സി.ഇ.ഒ. അരുൺ പേരൂളി, സിനിമാപ്രവർത്തകൻ, ഖാദിമാൻ സജിമോൻ പാറയിൽ, ആർ.ജെ. ജെയ്സൽ എന്നിവർ ഒക്കെ ട്രാവേലിയുടെ ഭാഗമാണ്. അവരും യാത്രയിൽ ഒപ്പം ചേരുന്നുണ്ട്. 9ാം തീയതി എറണാകുളത്തു നിന്നാണ് യാത്ര തുടങ്ങുന്നത്. അത് 13ാം തീയതി ബിനാലെയുടെ ഭാഗമായ ആലപ്പുഴയിലെ ‘ലോകമേ തറവാട്ടിൽ’ അവസാനിക്കും. ഇതിനു ശേഷവും ഇതുപോലുള്ള പദ്ധതികൾ ചെയ്യാനുള്ളൊരു പരീക്ഷണയാത്രയാണിത്. ചിലപ്പോ നാളെ ഒരു ഷെഫുമായി ചേർന്ന് വയനാട്ടിലേക്ക് മുളയരി വിഭവങ്ങൾ പരീക്ഷിക്കാനുള്ള പദ്ധതി വരും. അതുവഴി മുളയരിയുടെ മാർക്കറ്റ് കൂട്ടാൻ സാധിക്കും. മറ്റൊരിക്കെ തനത് കലാരൂപങ്ങളെ കുറിച്ച് അറിയാനുള്ള യാത്രയാകാം... ലക്ഷ്മിയുടെ ആശയങ്ങൾ അവസാനിക്കുന്നില്ല... സഞ്ചാരവും...