Saturday 17 February 2018 05:48 PM IST

അനാഥ ബാല്യങ്ങളുടെ കഥ പറഞ്ഞ 'അവധിക്കാലത്തെ മാലാഖമാർ'; യൂണിസെഫ് അവാർഡ് നേടിയ ലേഖനം

Tency Jacob

Sub Editor

orphanage1
ബിൻസ് അബ്രഹാം, സിന്ധു, കിന്നരെറ്റ്, ഗലീലി എന്നിവർ കുട്ടികളോടൊപ്പം. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ബാദുഷ, അരുൺ പയ്യടിമീത്തൽ

അനാഥ ബാല്യങ്ങള്‍ക്ക് അവധിക്കാലത്ത് സ്നേഹത്തണലൊരുക്കിയവര്‍. ‘വെക്കേഷന്‍ ഫോസ്റ്റർ കെയർ’ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കുട്ടികളെ ദത്തെടുത്ത മൂന്നു കുടുംബങ്ങളിലൂെട...

വീട്ടിലേക്കു വന്നു കയറുമ്പോൾ അവരുടെ മുഖം നിറയെ മ്ലാനതയായിരുന്നു. തിളക്കമില്ലാത്ത കണ്ണുകളോടെ, പുഞ്ചിരിക്കാത്ത ചുണ്ടുകളോെട ഒരു ആണ്‍കുട്ടിയും െപണ്‍കുട്ടിയും. ചോദിച്ചതിനു മാത്രം മറുപടികൾ പറഞ്ഞ് അവർ വാക്കുകളെ നിശബ്ദമാക്കി. ഭക്ഷണം വീണ്ടും വീണ്ടും വിളമ്പിയപ്പോൾ കണ്ണുകളിൽ അമ്പരപ്പായി രുന്നു. ആദ്യമൊക്കെ എല്ലാവരോടും അപരിചിതഭാവം. മുറിയുടെ വെളിച്ചമില്ലാത്ത മൂലകളിൽ തനിയെയിരുന്നു. പിന്നെ, മുറികളിലൂടെ നടന്നു തുടങ്ങി. എല്ലാവരോടും മിണ്ടിത്തുടങ്ങി. കണ്ണുകള്‍ തിളങ്ങി. അവരുടെ െപാട്ടിച്ചിരികള്‍ ഈ വീടു മുഴുവനും മുഴങ്ങി....

അവധിക്കാലത്ത് അനാഥരായ രണ്ടു കുട്ടികൾക്ക് അച്ഛനും അ മ്മയുമായതിന്റെ അനുഭവം പങ്കുവയ്ക്കുമ്പോൾ ഈരാറ്റുപേട്ട അ രുവിത്തുറ മാളിയേക്കൽ ബിൻസ് അബ്രഹാമിന്റെയും ഭാര്യ സിന്ധുവിന്റെയും മുഖത്ത് വാത്സല്യത്തിന്റെ പാൽനിലാവ് പരക്കുന്നുണ്ട്. കണ്ണുകള്‍ നിറയുന്നുണ്ട്.... രണ്ടു മാസത്തെ താമസം കഴിഞ്ഞു മടങ്ങേണ്ട സമയമായപ്പോള്‍ പെൺകുട്ടിക്ക് വലിയ ദേഷ്യമായിരുന്നു. എന്തിനും തർക്കുത്തരവും പിണക്കവും. അന്നേരമൊക്കെ സിന്ധു ചോദിക്കും, ‘എന്താ മോളെ നീയിങ്ങനെ..?’

അപ്പോള്‍ അവള്‍ പറയും. ‘നിങ്ങൾക്കെന്നെ ഇഷ്ടമില്ലല്ലോ. അതുകൊണ്ടല്ലേ തിരിച്ചു കൊണ്ടു വിടുന്നത്. പിന്നെ, കരച്ചിലായി, പരിഭവമായി.  ‘പോകാതെങ്ങനെ പറ്റും?’എന്ന ചോദ്യമൊന്നും അവൾ കേട്ടതേയില്ല. എന്നെ ആര്‍ക്കും വേണ്ടല്ലോയെന്നു പറഞ്ഞവൾ നിരന്തരം കലഹിച്ചു. പോകുന്നതിനു തലേദിവസം അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഉള്ളുലഞ്ഞ് അവള്‍ പറഞ്ഞു, ‘‘ഈ രാത്രി തീരാതിരുന്നാല്‍ മതിയായിരുന്നു. അപ്പോ എനിക്ക് ഇവിടെത്തന്നെ നിക്കാല്ലോ...’

‘‘യാത്രാ സമയത്ത് എന്നില്‍ നിന്ന് അടർത്തി മാറ്റിയിട്ടും അവൾ നിലവിളിയോടെ തിരിച്ചു വന്നു എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.’’ സിന്ധു ഒാര്‍ക്കുന്നു. ‘‘ഞങ്ങൾ പോകുന്നിടത്തെല്ലാം അവരെയും കൊണ്ടുപോകുമായിരുന്നു. ആദ്യമായൊരു കല്യാണത്തിനു പോയപ്പോൾ കുറേ ബുദ്ധിമുട്ടി. അവിെട പാലിക്കേണ്ട രീതികൾ ഒന്നും അവർക്കറിയില്ലായിരുന്നു. ആൾക്കൂട്ടത്തിലെത്തുമ്പോൾ ചൂളിപ്പോകുന്നതു പോലെ. ഞങ്ങളെ വിട്ടു ഒരടി നീങ്ങി നിൽക്കില്ല.’’

അന്ന് ഒരു കുട്ടി, ഇത്തവണ രണ്ട്

‘‘കഴിഞ്ഞ വര്‍ഷം അവധിക്കാലത്താണ് ആദ്യമായി ഒരു കുട്ടി ഈ പദ്ധതിയിലൂെട  ഞങ്ങളുെട വീട്ടിലെത്തുന്നത്.’’ ബിന്‍സ് പറയുന്നു. ‘‘ഇക്കൊല്ലം പത്രത്തിൽ പരസ്യം വന്നത് അറിഞ്ഞില്ല. ഒടുവില്‍ ചൈൽഡ് കെയർ ഓഫിസില്‍ നിന്നു വിളി വന്നു.‘ഇത്തവണ വരണില്ലേ..’ യെന്നു ചോദിച്ച്. അങ്ങനെ അപേക്ഷ കൊടുത്തു. ഞങ്ങളുടെ കൂടെ പോരാനാണ് താൽപര്യം എന്നു കഴിഞ്ഞ തവണ വന്ന കുട്ടി പറഞ്ഞതു കൊണ്ട് അവനെത്തന്നെയായിരുന്നു കിട്ടിയത്.

ഞങ്ങളവനെയും കൊണ്ട് പോരാൻ നിൽക്കുമ്പോഴാണ് ആ പെൺകുട്ടിയെ കണ്ടത്. കണ്ണു നിറഞ്ഞ് ആകെ സങ്കടപ്പെട്ട് ഒരു പാവം.  ചങ്ങനാശ്ശേരിയിലുള്ള ഒരു കുടുംബത്തിന്റെ കൂടെ പോകാൻ ഒരുങ്ങി വന്നതായിരുന്നു അവള്‍. അവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ്  ആ പെണ്‍കുട്ടിയുെട അമ്മ വന്ന് ‘മകളെ കൊണ്ടുപോകാൻ പറ്റില്ലെന്നു’ പറഞ്ഞു ബഹള മുണ്ടാക്കിയത്. അതു കാരണം ചങ്ങനാശ്ശേരിയിൽ നിന്നു വ ന്ന കുടുംബം മടങ്ങിപ്പോയി.  അവളുെട അമ്മ മാനസികരോഗിയാണ്. ആരും തന്നെ കൊണ്ടുപോകാനില്ല എന്നറിഞ്ഞ് സങ്കടപ്പെട്ടു നില്‍ക്കുകയായിരുന്നു അവള്‍.

ആകാശദൂത് എന്ന സിനിമയുെട അവസാനരംഗമാണ് എനിക്കോര്‍മ വന്നത്. സിന്ധു എന്‍റെ െെകകളില്‍ മുറുകെ പിടിച്ചു. അവള്‍ക്കിതു േകട്ട് കൂടുതല്‍ സങ്കടമായിരുന്നു. അ വള്‍ പയ്യെ എന്നോടു പറഞ്ഞു, ‘നമുക്ക് ഈ പെണ്‍കുട്ടിയേയും കൂടി കൊണ്ടുപോകാം.’ ശിശുസംരക്ഷണ സമിതിയിലെ പ്രവർത്തകരും സമ്മതിച്ചു. അങ്ങനെ അവളുടെ അമ്മ കാണാതെ പിൻവാതിലിലൂടെ ഞ ങ്ങളവളെ കൊണ്ടുപോന്നു.

പെൺകുട്ടി ഇനി എട്ടാം ക്ലാസ്സിലേക്കാണ്. എല്ലാവർക്കും അവളെ എന്തൊരിഷ്ടമായെന്നോ. അത്ര നല്ല സംസാരവും പ്ര കൃതവുമാണ്. നന്നായി വരയ്ക്കും. അപ്പാ, അമ്മേ എന്നൊക്കെ വിളിക്കുന്നതു േകള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമാണ്. ഒരു മഠത്തിൽ വളരുന്നതിന്റെ ചിട്ടയൊക്കെ അവളുടെ ജീവിതത്തി ലുണ്ട്. സമയം കിട്ടുമ്പോഴെല്ലാം കണ്ണാടിയിൽ നോക്കി ഒരുങ്ങലാണ് പണി. കണ്ണൊക്കെ കടുപ്പത്തിലെഴുതും.

ഒരിക്കൽ കടയിൽ പോയപ്പോൾ ഞാനവളോടു പറഞ്ഞു, ‘ദേ, കടയിലുള്ളവരൊക്കെ നിന്നെ ശ്രദ്ധിക്കുന്നു’ അവള്‍ പറഞ്ഞു, ‘അപ്പേ. അവരൊക്കെ നോക്കാൻ തന്നെയാ ഞാനിങ്ങനെ കണ്ണൊക്കെ എഴുതുന്നത്.’ ഇവിടെ വന്ന ശേഷമായിരുന്നു അവളുെട പിറന്നാള്‍. എല്ലാവര്‍ക്കും പുതിയ ഉടുപ്പുകള്‍ വാങ്ങി. കേക്ക് മുറിച്ച് വലിയ ആഘോഷമാക്കി. അതവൾക്ക് വലിയ സന്തോഷമായി.

കണ്ണീരോടെ കുടുംബസംഗമം

ആൺകുട്ടി ഇനി ഒമ്പതിലോട്ടാണ്. അവന് അമ്മയും നാലു സ ഹോദരങ്ങളുമുണ്ട്. എല്ലാവരും പലയിടത്താണ്. ഒരു ദിവസം അവന്‍ പറഞ്ഞു, എല്ലാവരേയും ഒന്നു കാണണമെന്ന്.’ ഞാൻ അവരെയൊക്കെ തേടി കണ്ടുപിടിച്ചു. അമ്മ പ്രമേഹം ബാധിച്ച് ആശുപത്രിയിൽ കാലു മുറിക്കാനായി കിടക്കുകയാണ്. വർഷങ്ങൾ കൂടിയാണ് അവര്‍ കണ്ടുമുട്ടിയത്.  കണ്ടപാടേ അവര്‍ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. ഞങ്ങളുെടയും കണ്ണു നിറ ഞ്ഞു. മറ്റു സഹോദരങ്ങളെ കാണാനും പോയിരുന്നു.

എന്നെ ചിരിപ്പിക്കാന്‍ ചില കോമാളിത്തരങ്ങള്‍ കാണിക്കും. കഴിഞ്ഞവർഷം കൊടുത്ത വാച്ച് കൂട്ടുകാർ തല്ലിപൊട്ടിച്ചു കളഞ്ഞെന്നു പറഞ്ഞു. ഇക്കൊല്ലം പുതിയതൊരെണ്ണം വാങ്ങി. വഴക്കുണ്ടാക്കിയാല്‍ സ്വന്തം മക്കളെയെന്ന പോലെ ശാസിക്കാനും ശിക്ഷിക്കാനും െെചല്‍ഡ് െകയര്‍ അധികൃതർ പറഞ്ഞിട്ടുണ്ട്. പക്ഷേ, എനിക്കു ശിക്ഷിക്കേണ്ടിയൊന്നും വന്നിട്ടില്ല.
ഒമ്പതു വർഷം  ഞാന്‍ ഇസ്രായേലിലായിരുന്നു. ഇവിടെ സ്ഥലക്കച്ചവടവും മറ്റു ചില ജോലികളും ഉണ്ട്. മക്കള്‍ നാലും പഠിക്കുന്നു. വാടകവീട്ടിലാണ് താമസം. അതിലെ ഒരു മുറിയാണ് ഇവർക്കു കൊടുക്കുന്നത്. സത്യത്തില്‍ വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ല. പക്ഷേ, എന്‍റെ മുന്നിലെപ്പോഴും ഉള്ളത് െെബബിളിലെ ‘ബലിയല്ല കരുണയാണ് എനിക്കാവശ്യം’ എന്ന വാചകമാണ്. അവരുടെയല്ലാത്ത തെറ്റു കൊണ്ട് അനാഥരാകേണ്ടി വന്നവരാണീ കുഞ്ഞുങ്ങള്‍. കുറച്ചു ദിവസമെങ്കിലും അവരെ സ നാഥരാക്കാൻ കഴിഞ്ഞല്ലോ. അതു മതി എനിക്ക്...

orphan33
റിയാസ് അലി, റഹീന.

കൊഞ്ചലുകളാലുണർന്ന വീട്

കിളികൊഞ്ചലുകൾ ചുമരിൽ തട്ടി ചിതറിയും കുഞ്ഞിക്കാലടികൾ പതിഞ്ഞും ആദ്യമായുണരുകയായിരുന്നു ആ വീട്. അവിടെ അവളൊരു കുഞ്ഞു ഹൂറിയായിരുന്നു. വീട്ടിലെത്തിക്കഴിഞ്ഞതേ അമ്മു ഡിമാൻഡ് പറഞ്ഞു.‘എനിക്ക് പശുവിൻപാല് ഹോർലിക്സിട്ട് കുടിക്കണം’ എന്നിട്ട് ഉടുപ്പൊക്കെ മാറി അനിയൻമാരുടെ മക്കളുടെ കൂടെ കളിക്കാനോടുമ്പോൾ ഉറക്കെ പറയാൻ മറന്നില്ല.‘ഉമ്മാ, ഞാൻ കളിച്ചിട്ടു വ രാട്ടോ...’’

റഹീനയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. കോഴിക്കോട് കളത്തിൽ വീട്ടിൽ റിയാസ് അലിക്കും ഭാര്യ റഹീനക്കും പോറ്റിവളർത്താൻ കിട്ടിയത് ഒമ്പതു വയസ്സുകാരിയെയാണ്.
‘‘പതിനാറു വർഷമായി ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞിട്ട്.ആദ്യമായാണ് ഉമ്മ എന്ന വിളി കേൾക്കുന്നത്. അതുകൊണ്ടായിരുന്നില്ല ഞങ്ങൾ ഒരു കുട്ടിയെ അവധിക്കാലത്തു കൂടെ താമസിപ്പിക്കാന്‍  തീരുമാനിച്ചത്. അമ്മയുടെയും അച്ഛന്റെയും സ്നേഹം കൊതിക്കുന്ന കുഞ്ഞിനു അതു നൽകണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു.സ്നേഹിക്കാൻ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞാകണമെന്നില്ല എന്ന വിശ്വാസവും.

പെൺകുട്ടി മതിയെന്നു പറഞ്ഞിട്ടുണ്ടായിരുന്നു. കാരണം അനിയൻമാരുടെ മക്കൾ മൂന്നും പെൺകുട്ടികളായതു കൊണ്ട് കളിക്കാൻ കൂട്ടുണ്ടാകുമല്ലോ. ഞങ്ങളുടേത് യാഥാസ്ഥിതിക മുസ്‌ലിം കുടുംബമാണ്. ഞങ്ങളും ഉപ്പയും ഉമ്മയും അനിയ ന്മാർ രണ്ടുപേരുടെ കുടുംബവും എല്ലാം ഒറ്റ കോമ്പൗണ്ടിൽത്തന്നെയാണ്. അതുകൊണ്ട് അമ്മുവിന് (കുഞ്ഞിനെ റഹീന  സ്നേഹത്തോടെ വിളിച്ച പേരാണ് അമ്മു) ഉമ്മയേയും ഉപ്പയേയും മാത്രമല്ല ഉപ്പൂപ്പായേയും ഉമ്മൂമ്മായേയും ആപ്പാപ്പമാരേയും കിട്ടി. അമ്മു വന്നത് ഒരു ഉണർവായി ഞങ്ങളുടെ ജീവിതത്തിൽ. ആരും പറഞ്ഞു കൊടുക്കാതെ തന്നെ ഉപ്പ, ഉമ്മ, ഉപ്പൂപ്പ എന്നെല്ലാം വിളിക്കാൻ തുടങ്ങി. എന്നാലും അവൾ കൂടുതൽ ആഗ്രഹിച്ചിരുന്നത് ഉപ്പയുടെ സ്നേഹമാണെന്നു തോന്നുന്നു.കാരണം മഠത്തിൽ ആയമാരുടെ സ്നേഹം ന ന്നായി കിട്ടുന്നുണ്ടായിരിക്കുമല്ലോ.’’ കോഴിക്കോട് കുളത്തറയിൽ ഇൻഷുറൻസ് സർവേയറാണ് റിയാസ് അലി. ഭാര്യ റഹീന വീട്ടമ്മയും.

ഉമ്മാടേം ഉപ്പാന്‍റേം അമ്മു

കാലത്ത് എഴുന്നേൽക്കുമ്പോൾത്തന്നെ അമ്മു കുളിക്കും. നല്ല ചിട്ടയോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. എല്ലാവരേക്കുറിച്ചും നല്ലതു മാത്രമേ പറയൂ. ആദ്യമൊക്കെ ഭക്ഷണത്തിൽ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ടായിരുന്നു. പതുക്കെ പതുക്കെ അതൊക്കെ മാറി. എല്ലാം നന്നായി കഴിച്ചു തുടങ്ങി. റഹീന നല്ല പാചകക്കാരിയാണ്. ആ രുചി ഇഷ്ടപ്പെട്ടിട്ടുണ്ടാകും. രാത്രി അനിയൻമാരുടെ മക്കളുടെ കൂടെ  കിടന്നുറങ്ങും.

‘‘അനിയന്മാരുടെ മക്കളെക്കുറിച്ചും പറയാതെ വയ്യ. അമ്മു വന്നേപ്പിന്നെ ഓര് ഇവിടെത്തന്നെയാ. അവൾക്ക് കൂട്ടായിട്ട്.’’ റിയാസ് പറയുന്നു. ‘‘ചെലപ്പോ അമ്മു അവരായിട്ട് വഴക്കുണ്ടാക്കും. ‘ഇത് എന്റുമ്മാന്റെ സാധനാ, ഇത് എന്റുപ്പാന്റെയാ, ഇതു ഞങ്ങടെ വീടാ’ എന്നൊക്കെ അവരോടു പറയും. അവരായിരുന്നല്ലോ ഇത്രനാളും ഞങ്ങളുടെ കൂടെയുണ്ടായിരുന്നത്. അവര്‍ക്കും സങ്കടമൊക്കെ തോന്നിയിട്ടുണ്ടാകും.

അപ്പോള്‍ ഞാൻ പറയും, ‘അമ്മു പാവല്ലേ. നിങ്ങ്ടെ ഒക്കെ അനിയത്തിക്കുട്ടിയല്ലേ...’ അതോണ്ട് അവരൊന്നും തിരിച്ചു പറയില്ല. എല്ലാവരും കൂടി കാലത്തേ കളി തുടങ്ങും.
കളിക്കുന്നതിനിടയ്ക്കും അമ്മു ഇടയ്ക്കിടെ എന്നെ വന്നു നോക്കും. ഞാൻ തനിച്ചിരിക്കുന്നതു കണ്ടാൽ ഓടി വന്നൊരു െകട്ടിപ്പിടുത്തമുണ്ട്. പിന്നെ, ഒരുമ്മയും. സന്തോഷംകൊണ്ട് ഹൃദയം നിറയും. പാവം കുഞ്ഞ്, ഒരമ്മയുടെയും ഉപ്പയുെട യും സ്നേഹം എത്ര കൊതിക്കുന്നുണ്ടാകും. എന്നാലും ഓ ൾക്കിഷ്ടം ഉപ്പാനെയാ.’’ റഹീനയുെട ചിരിയില്‍  അല്‍പം സ്േനഹം കലര്‍ന്ന പരിഭവം.

‘‘ചില ദിവസം കാലത്ത് അമ്മു എണീക്കുന്നതിനു മുമ്പേ ഞാൻ ഒാഫിസില്‍ പോയിട്ടുണ്ടാകും. അമ്മു ഉറങ്ങിക്കഴിയുമ്പോഴേ ചെലപ്പോ എത്താൻ പറ്റാറുള്ളൂ. പിറ്റേന്നു കാലത്ത് ഉമ്മാനോടു തെരക്കും.‘ ഇന്നലെ ഉപ്പ വന്നില്ലേ? എന്ന്.’ റിയാസിന്റെ കണ്ണുകളിൽ ആ ഓർമ തുടിക്കുന്നു..

രണ്ടുമാസം ഉഷാറായി ജീവിച്ചു.അതു തന്നെയാണ് അമ്മുവിന്റെ വരവുകൊണ്ടുണ്ടായ നേട്ടം. പോയിക്കഴിഞ്ഞപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നുന്നു. കണ്ടവരെല്ലാം പറഞ്ഞു സ്വന്തം മക്കളുണ്ടായാ ഇത്രയും അനുസരണമുണ്ടാകില്ലാന്ന്.അത്ര നല്ല കുട്ടിയായിരുന്നു അവള്‍. എല്ലാത്തിലും അഡ്ജസ്റ്റ് ചെയ്യുന്ന, ഒന്നിലും ശാഠ്യങ്ങളില്ലാത്ത, സ്വന്തം കാര്യങ്ങളൊക്കെ തനിയെ ചെയ്യുന്ന ഒരു പാവം.

ഉപ്പാ എന്നുള്ള ആ വിളി

വന്ന സമയത്ത് ഉപ്പാന്നുള്ള വിളി കേൾക്കുമ്പോൾ അമ്പരപ്പായിരുന്നു. എന്നെ തന്നെയാണോ?പിന്നീട് ഓഫിസിൽ വന്നിരുന്നാലും ആ ഒച്ചയും വിളിയും കേൾക്കുന്ന പോലെ തോന്നും.ഞങ്ങൾക്കും അവൾക്കുമറിയാം രണ്ടുമാസം കഴിഞ്ഞാൽ പിരിയേണ്ടി വരുമെന്ന്. പക്ഷേ, അതു ചിന്തിച്ച് അവള്‍ ബേജാറായതേയില്ല. കിട്ടിയ ഈ രണ്ടു മാസം അവളുടെയായിരുന്നു ഞങ്ങൾ. അതവളാർക്കും വിട്ടു കൊടുത്തുമില്ല.

പോകേണ്ട ദിവസം അടുക്കാറായപ്പോൾ ഇടയ്ക്കിടെ ഉ പ്പൂപ്പായോടു ചെന്നു പറയുന്നുണ്ടായിരുന്നു. ‘ഉപ്പൂപ്പാ, രണ്ടു ദിവസം കഴിഞ്ഞാ ഞാൻ പോകും.’ അതു േകള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും വിഷമമാകും.

ഞങ്ങളെ മാത്രമല്ല എന്റെ ഉപ്പയേയും ഉമ്മയേയും അനിയൻമാരെയും വീട്ടുകാരെയുമൊക്കെ അവൾ കൈയിലെടുത്തു.റഹീനയുടെ വീട്ടിലും പോയി നിന്നു രണ്ടു ദിവസം.
വിഷുവിന് ചുറ്റുവട്ടത്തുള്ള വീട്ടുകാര്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ അമ്മു വന്നു ചോദിച്ചു, ‘ഉപ്പാ... നമ്മൾക്കെന്താ വിഷു ഇല്ലാത്തത്? നമ്മളെന്താ പടക്കം പൊട്ടിക്കാത്തത്?’
ഞങ്ങളുടെ വീട്ടിൽ അത്തരം കാര്യങ്ങളൊന്നും ചെയ്യാറില്ല. എന്റെയൊരു സുഹൃത്തുണ്ട്. കെഎസ്ഇബിയിൽ ജോലി ചെയ്യുന്ന രാജ്കുമാർ. ഓന്റെ വീട്ടിൽ അമ്മുവിനെയും കൂട്ടി ഞങ്ങള്‍ പോയി. രാത്രി പന്ത്രണ്ടുമണി വരെ പടക്കം പൊട്ടിച്ചു തകർത്തു. രാജിന്റെ അച്ഛൻ റിട്ടയേർഡ് എസ്ഐയാണ്. ഇത്രയും നല്ലൊരു വിഷു എന്റെ ജീവിതത്തിൽ ആഘോഷിച്ചിട്ടില്ലാന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.ഞങ്ങൾ കൊണ്ടു വന്ന സന്തോഷത്തിന്റെ പങ്ക് അവർക്കും കൊടുക്കാനായല്ലോ.

എന്നും കാലത്തെഴുന്നേൽക്കുമ്പോൾ ഇനി ഇത്ര ദിവസം കൂടിയേയുള്ളു എന്നവള്‍ പറയും. ആദ്യമൊക്കെ അതു തമാശയായിരുന്നു. ദിവസങ്ങള്‍ കുറഞ്ഞു വന്നതോെട എല്ലാവര്‍ക്കും വിഷമമായിത്തുടങ്ങി. ഈ രണ്ടു മാസം ഞങ്ങൾ ഉമ്മയും ഉപ്പയുമായിരുന്നു. ഇനി ഞങ്ങൾ ആരാവും? രാത്രിയിൽ തൊട്ടടുത്ത മുറിയിൽ കിടന്നവള്‍  കളിക്കൂട്ടുകാരോടു കൊച്ചുവർത്തമാനം പറയും. അതിനു കാതോർക്കുമ്പോൾ ഞങ്ങളുടെ ഹൃദയം നിറയും. ഇനി നമ്മുടെ വീട് ശൂന്യമാകുമല്ലോ...

orphan2
ബാലൻ വേങ്ങര, ഖൈറുന്നിസ, മക്കൾ മിൻസ്, ദിൽസ്.

മകളായി വന്നു മധുരം നിറച്ചവൾ

അവൾക്ക് മറ്റൊന്നും വേണ്ടായിരുന്നു. മുഖം നോക്കാ ൻ ഒരു കുഞ്ഞു കണ്ണാടി, പഴകിയതെങ്കിലും നിധി പോലെ സൂക്ഷിക്കുന്ന ഇരുമ്പുപെട്ടി പൂട്ടി വയ്ക്കാന്‍ ഒരു പൂട്ട്, പിന്നെ, കൂട്ടുകാരുടെ വർത്തമാന ചിന്തുകൾക്കിടയിൽ നിന്നു വായിൽ ഊറിക്കൂടിയ  പാൽകേക്ക് എന്ന പലഹാരത്തിന്റെ ഒരു കഷണം... ‘‘പത്രവായനയ്ക്കിടയിലാണ് ഫോസ്റ്റർ ദമ്പതികളാകാൻ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം കണ്ടത്. ഭാര്യയോടു സംസാരിച്ചപ്പോള്‍ അവള്‍ക്കും സമ്മതം.  അപേക്ഷാഫോം വാങ്ങിയതും പൂരിപ്പിച്ചതും അയച്ചതുമെല്ലാം പിന്നെ അവളാണ്.’’ സാഹിത്യകാരനും വെങ്ങപ്പിള്ളി വില്ലേജ് ഓഫിസിലെ ഫീൽഡ് അ സിസ്റ്റന്റുമായ ബാലൻ വേങ്ങര തന്‍റെ അനുഭവങ്ങള്‍ പറഞ്ഞു തുടങ്ങി.

ഒമ്പതിലും മൂന്നിലും പഠിക്കുന്ന മക്കളുള്ള വീട്ടിലേക്ക് ഒരു കുഞ്ഞ് അതിഥിയായിരിക്കും യോജിക്കുക എന്നൊരു മുൻധാരണയുണ്ടായിരുന്നു ഞങ്ങൾക്ക്. നടപടികളെല്ലാം കഴിഞ്ഞ് ഏപ്രിൽ ഒന്നിനു കലക്ടറുടെ ഓഫിസിൽ ചെന്നപ്പോഴാണ് അറിഞ്ഞത് പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയാണെന്ന്. രണ്ടുമാസക്കാലത്തെ മുഴുവൻ സംരക്ഷണവും ഏറ്റെടുത്തുകൊണ്ടുളള രേഖയിൽ കലക്ടറുടെ മുമ്പാകെ ഒപ്പുവെക്കുമ്പോൾ ഒരു പെൺകുഞ്ഞിനെ എല്ലാ ഉത്തരവാദിത്തത്തിലും ഏറ്റുവാങ്ങുന്നതിന്റെ മുഴുവൻ ആശങ്കകളുമുണ്ടായിരുന്നു.

പുതിയ വീട്ടിലെ പുതിയ പ്രകാശം

ഡിസംബറിലാണ് പുതിയ വീടിന്റെ പണി പൂർത്തിയായി അ ങ്ങോട്ടു മാറിയത്. വീടു പണിതതിന്റെ കടം ഞെരുക്കുന്നുണ്ടെങ്കിലും അവിടെ പ്രകാശം നിറയണമെങ്കിൽ മക്കളുടെ ചിരി മാത്രം പോരെന്നു തോന്നി. അങ്ങനെയാണ് രണ്ടുമാസ ത്തേക്കാണെങ്കിൽ പോലും ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നു തീരുമാനിച്ചത്. അവളെയും കൊണ്ട് കാറിനടുത്തേക്കു നടക്കുമ്പോൾ പെട്ടെന്ന് ഉത്തരവാദിത്തങ്ങളുള്ള അച്ഛനായതു പോലെ. രണ്ടു ആൺമക്കൾ പിറന്നിട്ടും വരാത്തൊരു ഗാംഭീര്യം തോളിൽ പറന്നിരുന്നു. വീട്ടിലാകെ രണ്ടു മുറിയാണുള്ളത്. മുതിർന്ന പെൺകുട്ടിയായതു കൊണ്ട് അതിലൊരു മുറി അവൾക്ക് വിട്ടുകൊടുത്തു.

വന്നു കയറിയപ്പോൾ ചെറിയൊരു അപരിചിതത്വം ആ കണ്ണുകളിലും പെരുമാറ്റത്തിലും കൂടു കൂട്ടിയിരുന്നു. പക്ഷേ, മക്കളുമായി വേഗം കൂട്ടായി. ടെലിവിഷന്‍റെ മുമ്പിലിരുന്നു പരിപാടികൾ വിടാതെ കാണാൻ തുടങ്ങി. പതുക്കെ പതുക്കെ ഞങ്ങളുമായി അടുത്തു. അച്ഛാ, അമ്മേ എന്നെല്ലാം വിളിക്കാ നും അമ്മയുടെ പുറകേ നടന്നു വിശേഷങ്ങൾ പറയാനും തുടങ്ങി. ക്ലാസ്സിലെ കുട്ടികളുടെ കുസൃതികളും തമാശകളും ഒക്കെ പറയും. വെയിലാറുമ്പോൾ അനിയൻമാരോടൊപ്പം തേയിലത്തോട്ടത്തിൽ കളിച്ചു തിമിർക്കും. എന്നും അവള്‍ മുടങ്ങാതെ പ്രാർഥന ചൊല്ലുമായിരുന്നു.

ആദ്യമായി കണ്ട പാതിരാകുര്‍ബാന

ഒരു ദിവസം അവള്‍ തെല്ലു സങ്കോചത്തോെട എന്‍റെ മുന്നില്‍ വന്നു. ‘അച്ഛാ, ഞാനൊരു കാര്യം േചാദിച്ചാല്‍ വഴക്കു പ റയുമോ..?’ ‘ഇല്ല... മോളു പറയ്...’ അവള്‍ മടിച്ചു മടിച്ചു േചാദിച്ചു. ‘ഈസ്റ്ററിന് എന്നെയൊന്നു പള്ളിയില്‍ െകാണ്ടു പോകാമോ...’ സത്യത്തില്‍ എനിക്കപ്പോള്‍ കുറ്റബോധം തോന്നി. അക്കാര്യം എന്തുകൊണ്ട് ഞാന്‍ ഓർത്തില്ല? ഈസ്റ്ററിനു ഞങ്ങളെല്ലാം കൂടി തൊട്ടടുത്ത പള്ളിയിൽ പാതിരാകുർബാനയ്ക്കു പോയി. വഴിനീളെ അവള്‍ കലപില പറഞ്ഞു നടന്നു.

വൈകുന്നേരങ്ങളിൽ അവൾക്കായി കൊണ്ടുവരുന്ന പലഹാരപ്പൊതികളെ പുഞ്ചിരിയോടെ നിരസിക്കുന്നതു കണ്ടപ്പോൾ അദ്ഭുതമായിരുന്നു. പിന്നീടാണറിഞ്ഞത് മധുരം ഇഷ്ടമില്ലാത്ത കുട്ടിയായിരുന്നു അവൾ. ജീവിതത്തിൽ അത്രയേറെ കയ്പ് അനുഭവിച്ചതു കൊണ്ടാകാം പഞ്ചസാരത്തരികൾക്ക് അവളിൽ സ്വാദുണർത്താൻ കഴിയാതിരുന്നത്. പണ്ടെപ്പോഴോ കൂട്ടുകാരിൽ നിന്നു കേട്ട പാൽകേക്ക് തിന്നാൽ കൊള്ളാമെന്ന് ഒരിക്കൽ  പറഞ്ഞു. അതു വാങ്ങി മടങ്ങുമ്പോൾ ശരിക്കും കണ്ണ് നനഞ്ഞു. ‘‘ഈശ്വരാ, ഈയൊരു നുറുങ്ങു കഷ്ണത്തിനു വേണ്ടി എത്രനാൾ കൊതിച്ചിട്ടുണ്ടാകും എന്റെ കുട്ടി.’

അനാഥത്വത്തിന്റെ കയ്പ് ഞാനും കുട്ടിക്കാലത്ത് അനുഭവിച്ചതാണ്. മൂന്നാംവയസ്സിൽ അച്ഛൻ എന്നെയും അമ്മയേയും  ഉപേക്ഷിച്ചു പോയി. പിന്നീട് അമ്മാവന്മാരുടെ വീട്ടിലാണു വളര്‍ന്നത്. അതുെകാണ്ടാകാം അവളുെട എല്ലാ െകാഞ്ചലിലും ഞാന്‍ എന്‍റെ കുട്ടിക്കാലം കണ്ടത്.

പഠനത്തിൽ അല്‍പം പിന്നിലായതു െകാണ്ട് രാത്രി കുറച്ചു സമയം ഞാനും ഭാര്യയും കൂടി പാഠങ്ങള്‍ പറഞ്ഞു െകാടുക്കുമായിരുന്നു. ഇനി അവള്‍ ഒമ്പതാം ക്ലാസ്സിലേക്കാണ്.
ഭാര്യക്ക് ഒരു ഇന്റർവ്യൂ ഉള്ളതു െകാണ്ട് ഒരാഴ്ച മുമ്പേ അവളെ മടക്കി വിടാമെന്നു തീരുമാനിക്കേണ്ടിവന്നു. എന്റെ കൂട്ടുകാർ കൊടുത്ത സമ്മാനങ്ങളും ഞങ്ങൾ വാങ്ങിക്കൂട്ടിയതും എല്ലാം എടുത്തു വെക്കുമ്പോൾ കണ്ണുകൾ ഇടറി നിന്നു. പോകാൻ നേരം അവള്‍ കൈപിടിച്ചു പറഞ്ഞു.‘ആദ്യമായാണ് ഇത്ര സന്തോഷമായി, അസുഖങ്ങളൊന്നുമില്ലാതെ രണ്ടുമാസം കഴിഞ്ഞത്.’അവൾ ഇറങ്ങിപ്പോകുമ്പോൾ കൂടുതൽ ഇടറി യത് ഞങ്ങളായിരുന്നു. എങ്കിലും ഒരു സന്തോഷം മനസ്സില്‍ നിറഞ്ഞു നിന്നു, അവൾ മധുരം കഴിച്ചു തുടങ്ങിയിരുന്നല്ലോ!

ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ്

അനാഥരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗ മായുള്ള പല പദ്ധതികളിലൊന്നാണ് അവധിക്കാല പോറ്റിവളർത്തൽ (Foster Care). അവധിക്കാലങ്ങളിൽ കുട്ടികൾ അനാഥാലയങ്ങളില്‍ നിൽക്കാതെ  സ്നേഹം നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള സാഹചര്യമൊരുക്കുകയും സാമൂഹികമായി ഇടപെടാൻ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുെട ലക്ഷ്യം. 2016 ല്‍ ആണ് തുടങ്ങിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പിലാക്കിയിട്ടുണ്ട്.

ജനുവരിയിൽ അതതു ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് പത്രത്തിലൂടെ അറിയിപ്പു നൽകും. താൽപര്യമുള്ളവർക്ക് അപേക്ഷ നൽകാം. പാലിക്കേണ്ട മാനദണ്ഡങ്ങൾ അപേക്ഷയിൽ വിവരിച്ചിട്ടുണ്ടാകും. അപേക്ഷകളുടെ സൂക്ഷ്മമായ പരിശോധനയ്ക്കു ശേഷം തിരഞ്ഞെടുത്തവരുടെ വീടുകളില്‍ ശിശുസംരക്ഷണ സമിതിയിൽ നിന്നുള്ള ജീവനക്കാർ നേരിട്ടു പോയി കാര്യങ്ങൾ ബോധ്യപ്പെടുകയും വിവരങ്ങൾ ശേഖരിച്ചു റിപ്പോർട്ട് തയാറാക്കുകയും ചെയ്യും. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് ഓഫിസർ സമർപ്പിക്കുന്ന റിപ്പോർട്ടിന്മേൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് തീരുമാനമെടുക്കുന്നത്.

ശിശുസംരക്ഷണ സമിതി ചെയർമാന്റെ ഉത്തരവിൽ മാതാപിതാക്കൾ ഒപ്പു വച്ചതിനു ശേഷം ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ കുട്ടിയെ ബന്ധപ്പെട്ടവർക്ക് കൈമാറും. തുടർന്നും മാതാപിതാക്കളെ കൃത്യമായി നിരീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്യും. രക്ഷിതാക്കൾ കുട്ടികളുടെ പേരോ ഫോട്ടോയോ മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധപ്പെടുത്താൻ പാടില്ല എന്നും നിയമമുണ്ട്. - സുധീഷ് ടി. ഓഫീസർ, ജില്ലാ ശിശുസംരക്ഷണസമിതി , േകാഴിക്കോട്.