Thursday 14 February 2019 06:38 PM IST

കെഎസ്ആർടിസിക്ക് കല്യാണവണ്ടിയെന്ന പേരു വീണതിങ്ങനെ; പ്രണയ സാഫല്യത്തിന്റെ കഥപറഞ്ഞ് അഞ്ച് ജോഡികൾ

Nithin Joseph

Sub Editor

ksrtc ഫോട്ടോ: ബേസിൽ പൗലോ, വിഷ്ണു നാരായണൻ

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് സ്ഥലം മാറി വന്ന കണ്ടക്ടർ സ്‌റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി. ‘സാർ എനിക്ക് ഈയാഴ്ച രണ്ടു പെണ്ണുകാണലുണ്ട്. കുറച്ച് ദിവസം ലീവ് വേണം.’ ഉടനെയെത്തി സ്‌റ്റേഷൻ മാസ്റ്ററുടെ മറുപടി. ‘എടോ, കല്യാണം കഴിക്കാനാണെങ്കിൽ താൻ ആ കുയിലിമല റൂട്ടിലെ ബസിൽ ഒരാഴ്ച പോയാൽ മതി. അതാകുമ്പോ തന്റെ കല്യാണവും നടക്കും, ഇവിടത്തെ ജോലിയും മുടങ്ങില്ല.’

ബസിൽ കയറിയാൽ കല്യാണം നടക്കുമെന്ന് പറഞ്ഞാൽ ആരുമൊന്ന് നെറ്റി ചുളിക്കും. പക്ഷേ, സംഗതി സത്യമാണ്. മൂന്നാറിൽനിന്ന് കുയിലിമലയിലേക്കുള്ള കെഎസ്ആർടിസി

ബസിന്റെ പേരു തന്നെ ‘കല്യാണവണ്ടി’ എന്നാണ്. കഴിഞ്ഞ 16 വർഷത്തിനിടെ ഈ ബസ്സിൽ ജോലി ചെയ്ത ആറു കണ്ടക്ടർമാർ ജീവിതസഖിയായി കൂടെ കൂട്ടിയത് ഇതേ ബസിലെ യാത്രക്കാരികളെ. അവയോരോന്നും സംഭവബഹുലമായ കഥകൾ.

തുളച്ചുകയറുന്ന തണുപ്പ് സഹിക്കാൻ തയാറാണെങ്കിൽ രാവിലെ ഏഴു മണിക്ക് കല്യാണവണ്ടിയിൽ കേറിക്കോ, മൂ ന്നാറിൽനിന്ന് കുയിലിമലയിലേക്കുള്ള സവാരിക്ക്.

മഞ്ജൂ, മുഖത്ത് കുറച്ചു കൂടി ‘ഇൻക്രഡുലെസ്നെസ്’ വേണം; പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേട്ട് പകച്ചു പോയത് ലൂസിഫർ ടീം, ട്രോളൻമാർക്ക് ചാകര

2

നീക്കം ചെയ്തിട്ടും വൃക്കയിൽ വീണ്ടും മുഴ; പരീക്ഷണങ്ങളിൽ പിടഞ്ഞ് പൈതൽ; കാണാതെ പോകരുത് ഈ കണ്ണീർ

പ്രളയനാളിലെ വഴികാട്ടി ഇനി ജീവിത സഖി; സ്നേഹയുടെ കഴുത്തിൽ ഈ ഡോക്ടർ ചെക്കൻ മിന്നുചാർത്തും; ഹൃദ്യം ഈ പ്രണയകഥ

കുടുംബം കലക്കി, കാമുകി, കുലസ്ത്രീ, എന്തുവേണമെങ്കിലും വിളിക്കാം; ഗോപി സുന്ദറുമായുള്ള ബന്ധം വെളിപ്പെടുത്തി അഭയ; കുറിപ്പ്

ആദ്യകാഴ്ചയിൽ തോന്നിയ ഇഷ്ടം

ഡബിൾ ബെല്ലടിച്ചതും ബസ് നീങ്ങി. പ്രളയം പാഞ്ഞ വ ഴിയിലൂടെ പള്ളിവാസലും ആനച്ചാലും കടന്ന് അടിമാലിയിലേക്ക്. അടിമാലി വരെ വല്യ തിരക്കില്ല വിശാലമായി വിസ്തരിച്ചിരുന്ന് കഥ കേൾക്കാം.

പതിനാറു വർഷത്തിനു മുൻപുള്ള കഥയാണ്. മൂന്നാർ ‍ടൗണിൽ നിന്ന് കുയിലിമലയിലേക്ക് കെഎസ്ആർടിസി സർവീസ് തുടങ്ങി. മൂന്നാർ ഡിപ്പോയിലേക്കു സ്ഥലംമാറ്റം കിട്ടിയെത്തിയ മൂവാറ്റുപുഴക്കാരൻ രാജുവാണ് ബസിലെ കണ്ടക്ടർ.

കുയിലിമലയിലേക്കുള്ള ബസിലെ പ്രധാന യാത്രക്കാർ മുരിക്കാശ്ശേരി പാവനാത്മ കോളജിലെ വിദ്യാർഥികളാണ്. രാവിലെയും വൈകിട്ടും ട്രിപ്പുകളിൽ ഇതൊരു കോളജ് ബസ് ആണോയെന്ന് തോന്നും. എന്നും കാണുന്ന ഒരുപാട് മുഖങ്ങളിൽ ഒന്ന് മാത്രം കണ്ടക്ടർ രാജുവിന്റെ മനസ്സിൽ കയറി.

‘‘പാവനാത്മ കോളജില്‍ ബി.കോമിന് പഠിക്കുകയായിരുന്നു സിജി. കണ്ടപ്പോൾ തോന്നിയ ഇഷ്ടം മൂന്നാലു മാസത്തിനുള്ളിൽ അവളോടങ്ങ് പറഞ്ഞു. പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്. ‘എന്റെ വീട്ടിൽ വന്ന് ആലോചിച്ചോളൂ, അവർ സമ്മതിച്ചാൽ എനിക്കും സമ്മതമാണെ’ന്ന മറുപടി കിട്ടി.’’

1

സിജിയോട് ഇഷ്ടമാണെന്നു പറയും മുൻപ് അനുഭവിച്ച കുഞ്ഞു കൺഫ്യൂഷന്റെ കഥ പറയുമ്പോൾ രാജുവിന്റെ വാക്കുകളിൽ ചിരി പടരുന്നു.

‘‘സിജിക്ക് എന്നെക്കാൾ പൊക്കമുണ്ടോ എന്നൊരു സംശയം. പിറ്റേ ദിവസം ഡിപ്പോയിൽ നിന്ന് സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപേ ഞാൻ ബസിൽ എന്റെ പൊക്കം അടയാളപ്പെടുത്തി. അവൾ സ്ഥിരമായി നിൽക്കുന്ന ഭാഗത്താണ് അടയാളമിട്ടത്. ചിന്നാറിലെത്തിയപ്പോൾ സിജി കയറി, പതിവ് സ്ഥലത്ത് തന്നെ നിന്നു. ഒന്നുമറിയാത്ത മട്ടിൽ ഞാൻ അവളെ നോക്കി. പിന്നെ, ആരുമറിയാതെ ബസിൽ മാർക്ക് ചെയ്തിരുന്ന അടയാളവും. ആശ്വാസമായി, പൊക്കം കുറവാണ്. പിന്നെയും രണ്ടുമൂന്നു ദിവസം മനക്കോട്ട കെട്ടി നടന്നു. ഒടുവിൽ ഇഷ്ടം തുറന്നു പറഞ്ഞു. അവൾ പറഞ്ഞതു പോലെ വീട്ടുകാർ തമ്മിൽ ആലോചിച്ചു വിവാഹം നടത്തി. രണ്ട് മക്കളുണ്ട്, മൂത്തയാൾ ബെൻ, എട്ടിൽ പഠിക്കുന്നു. ഇളയവൻ ഇമ്മാനുവൽ ഒന്നിലും.’’

കഥ തീർന്നപ്പോഴേക്കും അടിമാലി എത്തി. തിരക്കൊരൽപം കൂടിയോന്നൊരു സംശയം ഇല്ലാതില്ല. പലതരം യൂണിഫോമുകളുടെ ഒരു ഘോഷയാത്ര. ഇടയ്ക്കോരോ ഡയലോഗും, ‘ചേട്ടാ, ഈ ബാഗൊന്ന് പിടിക്കാവോ.’ വിദ്യാർഥികളുടെ ചിരിക്കും ബഹളത്തിനുമൊപ്പം ബസ് നീങ്ങി.

കളിക്കൂട്ടുകാരിയെ തിരികെ കിട്ടിയ കഥ

അടുത്ത കഥ തുടങ്ങുന്നതും അടിമാലിയിലാണ്. റൈറ്റിലേക്ക് ഇൻഡിക്കേറ്ററിട്ട് കിടിലൻ സൗണ്ടിൽ ഹോ ണടിച്ച് ബസ് കല്ലാർകുട്ടിക്ക് തിരിഞ്ഞതും കഥ തുടങ്ങി.

അടിമാലിയിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് എ റണാകുളം നോർത്ത് പറവൂരുകാരൻ ഉമേഷ് ആദ്യമായി ചിത്രയെ കാണുന്നത്. അച്ഛന്റെ സുഹൃത്തിന്റെ മകൾ. പലവട്ടം പരസ്പരം കണ്ടു, സംസാരിച്ചു. പക്ഷേ, ആ അടുപ്പം പ്രണയത്തിലേക്ക് തിരിയാതെ മുന്നോട്ടു പോയി. പഠനം പൂർത്തിയാക്കി ഉമേഷ് കെഎസ്ആർ‍ടിസിയിൽ കണ്ടക്ടറായി ജോലിക്ക് കയറി. രണ്ടു വർഷങ്ങൾക്കു ശേഷം മൂന്നാറിലേക്ക് ട്രാ ൻസ്ഫർ.

മൂന്നാർ Ð കുയിലിമല റൂട്ടിൽ കണ്ടക്ടറായി കയറിയ ഉമേഷിനെ കാത്ത് ദാ, വരുന്നു സർപ്രൈസ്. രാവിലത്തെ ട്രിപ്പിൽ ചിന്നാറിൽ നിന്ന് പഴയ കൂട്ടുകാരി ബസിൽ കയറി, അടിമാലിക്ക് ടിക്കറ്റെടുത്തു.

‘‘ചിത്ര അടിമാലിയിൽ പ്രീഡിഗ്രിക്ക് പഠിക്കുകയാണ്. വർഷങ്ങൾക്കു ശേഷം കണ്ടതിന്റെ സന്തോഷം ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. രണ്ടാളുടെയും ഉള്ളില്‍ ഇഷ്ടം നേരത്തേ തോന്നിയതാണെങ്കിലും പരസ്പരം പറഞ്ഞിരുന്നില്ല. കുറച്ച് വർഷം തമ്മിൽ കാണാതായപ്പോൾ എല്ലാം മറന്നു തുടങ്ങിയതാണ്. അപ്രതീക്ഷിതമായി സംഭവിച്ച കണ്ടുമുട്ടലിലൂടെ കഥ വീണ്ടും മാറി.’’

ബസിൽ വച്ചാണ് ഉമേഷ് തന്റെ ഇഷ്ടം ചിത്രയോട് പറഞ്ഞത്. മറുപടി എന്താകുമെന്ന് ഉമേഷിന് അറിയാമായിരുന്നു. രണ്ടു പേരുടെയും വീട്ടില്‍ വിഷയം അവതരിപ്പിച്ചപ്പോൾ നൂറുവട്ടം സമ്മതം. നിശ്ചയം കഴിഞ്ഞ് ഒരു വർഷമെടുത്തു, കല്യാണത്തിന്.

‘‘ഞങ്ങൾ രണ്ടുപേർക്കും കുറച്ചുകൂടി പ്രായമായിട്ട് മതി കല്യാണമെന്ന് വീട്ടുകാർക്ക് തോന്നിയതുകൊണ്ടാണ് ഒരു വർഷം നീട്ടി വച്ചത്. ഞാൻ ഇരുപത്തിയൊന്നാം വയസ്സിലാണ് ജോലിക്കു കയറുന്നത്. ഇരുപത്തിയാറാം വയസ്സിൽ കല്യാണം നടന്നു.’’

‘‘ഉമേഷേട്ടൻ ഈ ബസിൽ കണ്ടക്ടറായി വന്നില്ലെങ്കിൽ ഒരു പക്ഷേ, ഞങ്ങൾ വീണ്ടും തമ്മിൽ കാണില്ലായിരുന്നു. ജീവിതം വേറെ രീതിയിൽ ആയേനെ. എന്നും ബസ്സിൽവച്ച് തമ്മിൽ കാണും, സംസാരിക്കും. ഇന്നത്തെപ്പോലെ അന്ന് പരസ്പരം സംസാരിക്കാൻ മൊബൈൽ ഫോണൊന്നും ഇല്ലല്ലോ. നേരിട്ടുള്ള സംസാരം മാത്രമായിരുന്നു.’’

5

വർഷങ്ങൾ പലത് ഓടിമറഞ്ഞു. ഉമേഷ് ഇപ്പോഴും മൂന്നാർ ഡിപ്പോയിലെ കണ്ടക്ടറാണ്. ഇരുവർക്കും രണ്ടു മക്കൾ, മൂ ത്ത മകൻ ആദിത്യകൃഷ്ണ നോർത്ത് പറവൂർ ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഇളയയാൾ പ്രികെജി വിദ്യാർഥി ഭഗത് കൃഷ്ണ

‘‘സ്ഥിരം യാത്രക്കാരായ കുട്ടികളുമായി ഞാൻ നല്ല കമ്പനിയാണ്. ചില വിരുതൻമാർക്ക് ബസിൽ വരുന്ന പെൺകുട്ടികളോട് ഇഷ്ടമുണ്ടെങ്കിലും പറയാൻ പേടിച്ചു നിൽക്കുന്നത് കാണാം. ചിലർ ചോദിക്കും, ‘ചേട്ടാ, എനിക്ക് ആ കുട്ടിയെ ഇഷ്ടമാണെന്ന് അവളോട് ഒന്ന് പറയാമോ.’ എന്റെ തടി കേടാകാതെയുള്ള സഹായങ്ങൾ ചെയ്തു കൊടുക്കും. നമ്മളും ഈ അവസ്ഥയൊക്കെ കഴിഞ്ഞ് വന്നതല്ലേ.’’

കല്ലാർകുട്ടി കടന്ന് ബസ് കമ്പിളികണ്ടത്ത് എത്തിയതും ഇറങ്ങിയതിന്റെ ഇരട്ടി ആളുകൾ കയറി. ലോഡ് കൂടിയതും വണ്ടിയുടെ പുള്ളിങ് അൽപം കുറഞ്ഞോന്നൊരു സംശയം.

ഒന്നര രൂപയിൽ തുടങ്ങിയ പ്രേമം

‘പതിനാറാംകണ്ടത്തു നിന്ന് തടിയമ്പാട്ടേക്കുള്ള ടിക്കറ്റ് ചാർജ് എട്ടര രൂപയല്ലേ ചേട്ടാ. പിന്നെയെന്തിനാ പത്തു രൂപേടെ ടിക്കറ്റ്. എന്റെ ഒന്നര രൂപ തിരിച്ചുതന്നേ.’ സൂചി കുത്താൻ ഇടമില്ലാത്ത ബസിനകത്ത് കഷ്ടപ്പെട്ട് ടിക്കറ്റ് കൊടുക്കുമ്പോഴാണ് രാജേഷ് ആദ്യമായി ആ ശബ്ദം കേട്ടത്. ഡ്രൈവറുടെ തൊട്ടു പിന്നിലെ സീറ്റിൽ തട്ടമിട്ടൊരു പെൺകുട്ടി.

‘സോറി, കുട്ടീ, മുരിക്കാശ്ശേരിയിൽനിന്ന് കയറിയതാണെന്ന് വിചാരിച്ചു. സാരമില്ല, ഞാൻ വേറെ ടിക്കറ്റ് തരാം.’ അതായിരുന്നു അവർക്കിടയിലെ ആദ്യത്തെ സംസാരം.

‘‘തടിയമ്പാട് കർഷക ക്ഷേമനിധി ഓഫിസിലെ താൽക്കാലിക ജീവനക്കാരിയാണ് അന്ന് ഷെമീറ. രാവിലെ വീട്ടിൽനിന്ന് ഓഫിസിലേക്ക് പൊയ്ക്കൊണ്ടിരുന്നത് പ്രൈവറ്റ് ബസ്സിലാണ്. രാവിലത്തെ രണ്ട് ബസുകളിൽ ആദ്യത്തേതിൽ കയറിയാൽ ഒരുപാട് നേരത്തെ എത്തി ഓഫിസ് തുറക്കുന്നതു വരെ കാത്തിരിക്കണം. രണ്ടാമത്തേതിൽ കയറിയാൽ ലേറ്റാകും. ഇ തിനിടയിൽ മൂന്നാറിൽനിന്ന് വരുന്ന കെഎസ്ആർടിസി ബ സിൽ കേറിയാൽ കൃത്യ സമയത്ത് എത്താം. അങ്ങനെയാണ് 2009ൽ ഈ ബസിനുള്ളിൽ ഞങ്ങൾ തമ്മിൽ കാണുന്നത്.’’

ഒന്നര രൂപയിൽ തുടങ്ങിയ പരിചയം പതിയെ സൗഹൃദവും പ്രണയവുമായ കഥ പറയുകയാണ് രാജേഷും ഷെമീറയും.

‘‘ദിവസവും ബസ്സിൽ കയറുന്ന പരിചയം വച്ച് പരസ്പരം സംസാരിച്ചു തുടങ്ങി. ഞാൻ ഒരു ദിവസം ഇവളോട് മൊബൈൽ നമ്പർ ചോദിച്ചു. പക്ഷേ, തന്നില്ല. ഒരു മാസം പുറകെ നടന്ന് ചോദിച്ചതിനു ശേഷം തന്നു. പിന്നീട് ഫോണിലൂടെയായി സംസാരം. അധികം വൈകാതെ ഞാൻ ഇഷ്ടം അറിയിച്ചു. ആദ്യം മറുപടിയൊന്നും കിട്ടിയില്ല. പിന്നെ അവളും തിരിച്ച് ഇഷ്ടമാണെന്ന് പറ‍ഞ്ഞു. ഞങ്ങളുടെ പ്രണയം മൊട്ടിട്ടതും പൂത്തതും തളിർത്തതുമെല്ലാം ഈ ബസ്സിലാണ്.’’

4

പ്രണയം വിപ്ലവവും കലാപവുമായത് ഒരുമിച്ചുള്ള ആദ്യത്തെ യാത്രയ്ക്കു ശേഷമാണെന്ന് ഷെമീറ.

‘‘എനിക്ക് കട്ടപ്പനയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചി ൽ പോകേണ്ട ആവശ്യം വന്നപ്പോൾ രാജേഷേട്ടനും ഒപ്പം വ ന്നു. പ്രൈവറ്റ് ബസിലാണ് പോയത്. ആ ബസ്സിലെ കണ്ടക്ടർ ഇക്കാര്യം എന്റെ വീട്ടിൽ അറിയിച്ചു. വീട്ടിൽ വലിയ വഴക്കാ യി. മതമായിരുന്നു ഞങ്ങളുടെ പ്രേമത്തിലെ തടസ്സം. പക്ഷേ, ആ പേരിൽ മനസ്സിലുള്ള ഇഷ്ടം വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ. അങ്ങനെ ഞാൻ ഇവളെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോന്നു. കൂട്ടുകാരുടെ സഹായത്തോടെ 2012 ജനുവരി 19ന് കല്യാണം റജിസ്റ്റർ ചെയ്തു. രണ്ട് മക്കളുണ്ട്. മൂത്ത മകൻ ആദിത്യരാജ്, ഇളയവൻ അശ്വിൻരാജ്.’’

ഷെമീറ അടിമാലിയിൽ ലോട്ടറി സബ് ഓഫിസിലെ ജീവനക്കാരിയാണ്. രണ്ട് മക്കളുമായി ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവച്ച് സന്തോഷത്തോടെ ജീവിക്കുന്നു ഈ ദമ്പതികൾ.

സംഭവബഹുലം, ഈ പ്രണയം

കമ്പിളികണ്ടത്തുനിന്ന് ബസ് ചിന്നാറിൽ എത്തുമ്പോഴാണ് അടുത്ത കഥ തുടങ്ങാൻ പറ്റിയ സമയം. അതിന്റെ പിന്നിലൊരു കാരണവുമുണ്ട്.

‘ഡീ, ആ കെഎസ്ആർടിസിയിലെ കണ്ടക്ടർ ചേട്ടന് എന്നെ ഇഷ്ടമാണെന്നു തോന്നുന്നു. ഇടയ്ക്കിടെ ഇങ്ങോട്ട് നോക്കുന്നുണ്ട്.’ കൂട്ടുകാരിയുടെ ഡയലോഗ് കേട്ടപ്പോൾ ചിരിയാണ് വന്നത്. കണ്ടക്ടർ ചേട്ടൻ നോക്കുന്നത് കൂട്ടുകാരിയെ അല്ല, തന്നെയാണെന്ന് രേഷ്മയ്ക്ക് നന്നായറിയാം.

അപ്രതീക്ഷിത ട്വിസ്റ്റുകൾ അടിമുടി നിറ‍ഞ്ഞ കിടിലനൊരു പ്രേമം. തുടങ്ങുന്നത് വർഷങ്ങൾക്കപ്പുറം. രേഷ്മ അന്ന് മുരിക്കാശ്ശേരി പാവനാത്മ കോളജില്‍ ബി.കോം വിദ്യാർഥി. ഈ സമയത്താണ് സിജോ എന്ന സുന്ദരൻ മൂന്നാറിൽനിന്ന് കുയിലിമലയ്ക്കുള്ള കെഎസ്ആർടിസി ബസിൽ കണ്ടക്ടറായി എത്തുന്നത്. അദ്യകാഴ്ചയിൽ തന്നെ പ്രേമത്തിന്റെ സ്പാർക് സിജോ മനസ്സിലറിഞ്ഞു.

‘‘അടിമാലിക്കടുത്ത് അഞ്ചാം മൈൽ എന്ന സ്ഥലത്തുനിന്ന് പതിനൊന്ന് പെൺകുട്ടികൾ ഒരുമിച്ചാണ് എന്നും ബസിൽ കയറുന്നത്. എല്ലാവരുടെയും ടിക്കറ്റ് ഒരുമിച്ച് എടുക്കുന്നത് രേഷ്മ. അങ്ങനെയാണ് അവളെ ശ്രദ്ധിച്ചു തുടങ്ങിയത്. ഉള്ളിലൊരു ഇഷ്ടം തോന്നിയപ്പോൾ കൂട്ടുകാരനായ രാജേഷിനോട് പറഞ്ഞു. ഇക്കാര്യത്തിൽ അവനാണല്ലോ മുൻഗാമി. അവൻ പിറ്റേന്ന് എനിക്കു വേണ്ടി രേഷ്മയോട് കാര്യം പറഞ്ഞു. അതിനു ശേഷമാണ് ഞാൻ സംസാരിച്ചത്.’’

ഇതിനിടയിൽ സിജോ പോലും അറിയാത്ത മറ്റൊരു ട്വിസ്റ്റ് വെളിപ്പെടുത്തുകയാണ് രേഷ്മ.

‘‘എന്റെ കൂട്ടുകാരിക്കും ചേട്ടായിയെ ഇഷ്ടമായിരുന്നു. എ ന്നെ നോക്കുമ്പോൾ അവളുടെ വിചാരം അവളെയാണ് നോക്കുന്നതെന്നാണ്. ചേട്ടായി ഒരു പേപ്പറിൽ മൊബൈൽ നമ്പർ എഴുതിയിട്ട് എന്റെ കയ്യിൽ തന്നു. രണ്ടു ദിവസത്തേക്ക് ഞാൻ വാങ്ങിയില്ല. ഉടൻ കൂട്ടുകാരി ‘നീ നമ്പർ വാങ്ങിയില്ലെങ്കിൽ ഞാൻ വാങ്ങും’ എന്ന് പറഞ്ഞു. അവളോട് ചെറിയ കുശുമ്പ് തോന്നി എനിക്ക്. അടുത്ത ദിവസം ഞാൻ നമ്പർ വാങ്ങി. രണ്ടര വർഷം അങ്ങനെ പോയി. എല്ലാ ദിവസവും ബസിൽ വച്ച് കാണും. ചില ദിവസങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞിട്ട് എന്നെ കോളജിൽനിന്ന് വീട്ടിൽ കൊണ്ടു വിടും.’’

പ്രണയം സിജോയുടെ വീട്ടിൽ അവതരിപ്പിച്ചപ്പോൾ ആർക്കും എതിർപ്പുണ്ടായില്ല. ‘‘എന്റെ വീട്ടുകാർ‍ രേഷ്മയുടെ വീട്ടിൽ പോയി കാര്യം സംസാരിച്ചപ്പോൾ ആദ്യം അവർ കല്യാണം നടത്തി തരാമെന്ന് പറ‍ഞ്ഞു. പിന്നെ, ഒരു ബന്ധുവിന്റെ വീട്ടിലേക്ക് അവളെ മാറ്റി. ഒരു മാസം ഒരു വിവരവുമറിയാതെ കടന്നു പോയി. മകളെ ഉപദേശിച്ച് മനസ്സ് മാറ്റാനുള്ള അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. തിരിച്ച് സ്വന്തം വീട്ടിലെത്തിയ ഉടനെ രേഷ്മ എന്നെ ഫോണിൽ വിളിച്ചു. വീട്ടിൽനിന്ന് ഇറങ്ങിയെന്ന് പറ‍ഞ്ഞു. ഞാൻ ചെന്ന് വിളിച്ചു കൊണ്ടു പോന്നു. റജിസ്റ്റർ വിവാഹം നടത്തി. കുറച്ച് നാൾ കഴിഞ്ഞ് വീട്ടുകാരുടെ പിണക്കം മാറി പള്ളിയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. അതുവരെഎന്റെ ബന്ധുവിന്റെ വീട്ടിലായിരുന്നു രേഷ്മ. ഇപ്പോൾ പാതിവഴിയിൽ നിന്ന ബി.കോം പഠനം പൂർത്തിയാക്കിയ രേഷ്മ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.’’

3

പപ്പയും അമ്മയും ചേർന്ന് പറഞ്ഞു തീർത്ത സംഭവബഹുലമായ കഥയുടെ ക്ലൈമാക്സ് കേട്ട് കണ്ണുമിഴിച്ച് ഇരിക്കുന്നുണ്ട് യുകെജിക്കാരൻ റയാൻ. നാലുവർഷത്തോളം നീണ്ട പ്രണയകാല ഓർമകളിൽ ആദ്യം മനസ്സിൽ വരുന്നത് ഏതെന്ന് ചോദിച്ചാൽ സിജോ പറയും,

‘‘ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും ബസിൽ ഭയങ്കര തിരക്കാണ്. ചിന്നാറിനും മുരിക്കാശ്ശേരിക്കുമിടയിൽ വലിയൊരു കയറ്റമുണ്ട്. ഇത്രയും ആളുകളെ വച്ചുകൊണ്ട് ബസ് കയറ്റം കയറില്ല. കയറ്റം തീരുന്നതു വരെ അര കിലോമീറ്ററോളം ദൂരം കുറെപ്പേർ ഇറങ്ങി നടക്കണം. സ്ഥിരം നടക്കുന്നത് രേഷ്മയുൾപ്പെടെയുള്ള സ്റ്റുഡന്റ്സാണ്. ഞാനും ഇറങ്ങും, ഒപ്പം നടക്കാൻ.’’

കഥ തീർന്നതും സിജോയുടെ പ്രണയകഥയിലെ കയറ്റമെത്തി. ഇപ്പോ, മനസ്സിലായില്ലേ ഇക്കഥ പറയാൻ പറ്റിയ സ്ഥലം ഇതാണെന്ന്. വേഗം ഇറങ്ങി നടന്നോ, ബസിനു മുൻപേ കയറ്റം കയറിത്തീർക്കണം.

പെണ്ണുകാണലിലെ സർപ്രൈസ്

ബസ്സിലെ സ്ഥിരം യാത്രക്കാരിയെ പല തവണ കണ്ട്, ഇഷ്ടപ്പെട്ട്, പ്രണയിച്ച് കല്യാണം കഴിച്ച കണ്ടക്ടർമാർക്കിടയിൽ അൽപം വ്യത്യസ്തമാണ്, ശ്രീജിത്തിന്റെയും ആരിതയുടെയും കഥ. മുരിക്കാശ്ശേരി സ്വദേശിയായ ശ്രീജിത്ത് പെണ്ണു കാണാൻ പോയപ്പോഴാണ് ശ്രദ്ധിച്ചത്, ‘ഈ കുട്ടിയെ ഇതിനു മുൻപ് കണ്ടിട്ടുണ്ടല്ലോ’ എന്ന്. ദിവസവും തോക്കുപാറയിൽ നിന്ന് ബസിൽ കയറി അടിമാലിയിൽ ഇറങ്ങുന്ന ആരിതയെ ശ്രീജിത്ത് കണ്ടിട്ടുണ്ടെങ്കിലും തമ്മിൽ പരിചയമില്ല, സംസാരിച്ചിട്ടില്ല. പേരു പോലും അറിയില്ല.

പാറത്തോട് എസ്.എൻ കോളജിൽ ടീച്ചറായിരുന്നു ആരിത. ‘‘രാവിലെ ബസിൽ ഭയങ്കര തിരക്കാണ്. യാത്രക്കാർ അധികവും സ്കൂളിലും കോളജിലും പഠിക്കുന്ന കുട്ടികളും, പിന്നെ ടീച്ചർമാരും. എല്ലാവർക്കും ടിക്കറ്റ് കൊടുക്കുന്നതു തന്നെ ഭയങ്കര സാഹസികമായ ജോലിയാണ്. അതിനിടയിൽ സംസാരിക്കാൻ എവിടെ സമയം.’’

‘‘പെണ്ണു കാണലിനു ശേഷം ഒരു വർഷമെടുത്തു, കല്യാണത്തിന്. അതിനിടെ ദിവസവും ബസിൽ വച്ചു തമ്മിൽ കാണും. അത്യാവശ്യമായി ചോദിക്കാനോ പറയാനോ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം മിണ്ടും. അതല്ലാതെ വലിയ സംസാരമൊന്നും ഉണ്ടായിട്ടില്ല.’’ മൂന്നു വയസ്സുള്ള മകൾ അവന്തികയെ മടിയിലിരുത്തി ആരിത പറയുന്നു.

2015ലായിരുന്നു ഇവരുടെ വിവാഹം. കല്യാണശേഷവും പഴയതുപോലെ ആരിത ബസ്സിലെ യാത്രക്കാരിയായി, ശ്രീജിത്ത് കണ്ടക്ടറും. വീട്ടുകാർ തമ്മിൽ ആലോചിച്ചുള്ള പെണ്ണു കാണലിനും വിവാഹത്തിനും മുൻപേ കാണാൻ വേദിയായ ബസ് ഇവർക്കെന്നും പ്രിയപ്പെട്ടതു തന്നെ.

സമയം കൃത്യം പത്തായതും വണ്ടി ലക്ഷ്യത്തിലെത്തി. ‘കുയിലിമലയെത്തി, കുയിലിമല. എല്ലാരും വേഗം ഇറങ്ങിക്കോ.’കണ്ടക്ടർ പറയേണ്ട താമസം സീറ്റിൽ സ്ഥാനം പിടിച്ച് ഇരുന്നവരെല്ലാം പരക്കം പാഞ്ഞിറങ്ങി.

യാത്രക്കാരിയെ സ്വന്തമാക്കിയ കണ്ടക്ടർമാരുടെ കഥകൾ മാത്രമാണ് ഇവിടെ തീരുന്നത്. ഈ കല്യാണവണ്ടിയിൽ യാ ത്രക്കാരായി വന്ന് പരസ്പരം കണ്ട്, പ്രണയിച്ചവരുടെയും വിവാഹം കഴിച്ചവരുടെയും ലിസ്റ്റ് ആറിലോ അറുപതിലോ ഒ തുങ്ങില്ല. അതങ്ങനെ നീണ്ടുപോകും. പ്രണയം പോലെ.