Tuesday 18 July 2023 10:43 AM IST

ഉമ്മൻ ചാണ്ടിയെ പോലെ ആൾക്കൂട്ടത്തിലാണോ സുധാകരനെ പോലെ മസിൽ പവറിലാണോ വിശ്വാസം? വി.ഡി സതീശൻ അന്നുനൽകിയ മറുപടി

Vijeesh Gopinath

Senior Sub Editor

oc-satheeshan-vd

ഉമ്മൻ ചാണ്ടിയെ പോലെ ആൾക്കൂട്ടത്തിലാണോ സുധാകരനെ പോലെ മസിൽ പവറിലാണോ വിശ്വാസം? വി.ഡി സതീശൻ അന്നു നൽകിയ മറുപടകേരള രാഷ്ട്രീയം കണ്ട സൗമ്യതയുടെ ആൾരൂപം വിട പറയുകയാണ്. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ ജനമനസുകളുടെ നായകനായി കൊണ്ടാടിയ മഹായുഗത്തിന് അന്ത്യം. ഉമ്മൻ ചാണ്ടിയെന്ന അതുല്യനായ രാഷ്ട്രീയ നേതാവിനെ നാട് ഹൃദയത്തിലേറ്റുമ്പോൾ ആ ഓർമകൾക്കൊപ്പം സഞ്ചരിക്കുകയാണ് വനിതയും. ഉമ്മൻ ചാണ്ടിയിലെ പകരക്കാരനില്ലാത്ത നേതാവിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കുവച്ച വാക്കുകൾ ആദരവോടെ ഓർക്കുന്നു. രാഷ്ട്രീയ കിടമത്സരങ്ങൾക്കും വിവാദങ്ങൾക്കും അപ്പുറം ജനങ്ങൾ ഹൃദയത്തിലേറ്റിയ നേതാവിനെക്കുറിച്ച് വനിതയോട് സംസാരിക്കവേയാണ് വി.ഡി. സതീശൻ മനസു തുറന്നത്.

വി.ഡി സതീശനൊപ്പമുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗം...

ഉമ്മൻ ചാണ്ടിയെ പോലെ ആൾക്കൂട്ടത്തിലാണോ അതോ സുധാകരനെ പോലെ മസിൽ പവറിലാണോ വിശ്വാസം?

തലകുത്തി നിന്നാൽ എനിക്ക് ഉമ്മൻ ചാണ്ടി സാർ ആകാൻ പറ്റില്ല. അത്രയ്ക്ക് ജനകീയനാകാനുള്ള കഴിവ് എനിക്കില്ല. ആൾക്കൂട്ടത്തിന്റെ ആളല്ല ഞാൻ. ഏതു വിഷയത്തെക്കുറിച്ചും പഠിച്ച്, കണക്കുകൾ നിരത്തി പ്രസംഗിക്കാനാണ് ഇഷ്ടം. പ്രസംഗിക്കാന്‍ തീരുമാനിച്ച വിഷയത്തിൽ നിന്ന് മാറുന്നത് ഇഷ്ടവുമല്ല.

അതുപോലെ സുധാകരൻ‌ കടുത്ത നിലപാട് എടുക്കുന്ന ആളാണ്. എടുത്ത തീരുമാനം നടപ്പിലാക്കാൻ ഏതറ്റം വരെയും പോകും. ആ യാത്രയിൽ സുധാകരന് യുക്തി ഒന്നുമില്ല. കണ്ണുംപൂട്ടി പാർട്ടിക്കാർക്കൊപ്പം നിൽക്കും. എനിക്ക് അങ്ങനെ നിൽക്കാനാകില്ല. എല്ലാ വശവും ആലോചിച്ചേ ഞാൻ എന്തും ചെയ്യൂ.

പൊതുപ്രവർത്തകൻ കരയുന്നതു പോലും വോട്ടിനു വേണ്ടിയാണെന്നു ചിന്തിക്കുന്നവരില്ലേ?

ആർദ്രത എന്നൊരു വികാരം മനസ്സിലുണ്ടാകണം. അത് വറ്റിക്കഴിഞ്ഞാൽ‌ പൊതുപ്രവർത്തകന്, രാഷ്ട്രീയക്കാരന് പിന്നെ ജനങ്ങൾക്കിടയിൽ നിൽക്കാനാകില്ല എന്നാണ് എന്റെ വിശ്വാസം, ഒപ്പമുള്ളവരോട് ഞാൻ പറയും, സങ്കടങ്ങൾ കേൾക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്. ആ വിഷമങ്ങള്‍ കേട്ടാൽ നമ്മുടെ കണ്ണു നിറയണം. കണ്ണു നിറഞ്ഞില്ലെങ്കിൽ‌ നിങ്ങൾക്കുള്ളിലെ പൊതുപ്രവർത്തകന് എ ന്തോ സംഭവിച്ചു എന്ന് തിരിച്ചറിയാനാകണം.

ജനങ്ങളുടെ സങ്കടങ്ങൾ കണ്ട് കുറ്റബോധം തോന്നിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ തീരപ്രദേശങ്ങളിൽ പരിതാപകരമായ ജീവിതാവസ്ഥയാണ്. മത്സ്യസമ്പത്തു കുറഞ്ഞു, തീരം കടലെടുത്തുകൊണ്ടേയിരിക്കുന്നു. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർ...

ഒരു പുനരധിവാസ ക്യാംപിൽ ചെന്നു, കുഞ്ഞു മുറി. നിറയെ ആൾക്കാർ. എല്ലാവരും വീട് നഷ്ടപ്പെട്ടവർ. അവരിൽ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുണ്ട്. വീടു കടലെടുത്തു പോയതറിയാതെ കുട്ടികൾ കളിക്കുന്നുണ്ട്. ഉണ്ടാക്കി വച്ച ഭക്ഷണത്തിൽ ഈച്ചയാർക്കുന്നു.

ഞങ്ങളെ കണ്ടതും മുതിർന്നവർ കൂട്ടക്കരച്ചിലായി. പ്രതിപക്ഷത്താണ് ഞങ്ങൾ, ചെയ്യുന്നതിൽ പരിധിയുണ്ട്. എ ന്നാലും ഞങ്ങളും ജനപ്രതിനിധികളല്ലേ? ആ കുറ്റബോധം മനസ്സിലുണ്ടായി. നാലു വർ‌ഷമായി ആ പാവങ്ങൾ അവിടെ നരകിക്കുകയാണ്. കഷ്ടപ്പാടിൽ നിന്ന് രക്ഷിക്കാൻ ഇ നിയും എത്ര ദിവസം എടുക്കും എന്നോർത്തപ്പോൾ വല്ലാത്ത വിഷമമായി.

ഒരു ഫോൺ കോളിൽ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നൊക്കെ തോന്നും. പക്ഷേ, ജനപ്രതിനിധിയാ ണെങ്കിലും പലതും പരിഹരിക്കപ്പെടാനാകാതെ നിസ്സഹായനായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നം നിയമസഭയിൽ അവതരിപ്പിച്ചപ്പോഴും കണ്ണുകൾ നിറഞ്ഞു.

നെട്ടൂരാണ് ജനിച്ചതെങ്കിലും പറവൂരാണ് മണ്ഡലമെങ്കിലും വി.ഡി. സതീശൻ ജീവിക്കുന്നത് ആലുവ ദേശത്ത്. വീട്ടിലേക്ക് കാര്‍ പായുമ്പോൾ സ്കൂളിലേക്കുള്ള യാത്രകളെക്കുറിച്ചാണ് വി.ഡി. സതീശൻ പറഞ്ഞു കൊണ്ടിരുന്നത്.

രാഷ്ട്രീയക്കൊടി എന്നാണ് മനസ്സിൽ നാട്ടിയത്?

വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്. ആറുമക്കൾ. അ ച്ഛൻ ദാമോദര മേനോൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മ വിലാസിനിയമ്മ. ഇടത്തരം കുടുംബമായിരുന്നു. പക്ഷേ, ആഗ്രഹിച്ചതെല്ലാം കയ്യിൽ കിട്ടിയ കുട്ടിക്കാലമൊന്നുമല്ല.

രാവിലെ അമ്മ മുറ്റത്തേക്കിറങ്ങും. തിരിച്ചു വരുമ്പോൾ ഒരു കറിക്കുള്ള വിഭവം കയ്യിലുണ്ടാകും. ചക്ക, മാങ്ങ, ചേമ്പ്, ചേന, വാഴക്കൂമ്പ്... അങ്ങനെ എന്തും കറിയാകും. ഇ ന്നും മുന്നിൽ‌ ഒരുപാടു വിഭവങ്ങൾ നിരന്നാൽ കഴിക്കാൻ ബുദ്ധിമുട്ടാണ്.

ആറാം ക്ലാസ്സ് വരെ നെട്ടൂർ എസ്.‌വി.‌ യു.പി. സ്കൂളിലാണ് പഠിച്ചത്. പിന്നെ, പനങ്ങാട് ഹൈസ്ക്കൂളിൽ. കൂട്ടുകാരുമൊത്ത് ജാഥയായാണ് പോകുന്നത്. ദിവസം എട്ടു കിലോമീറ്റർ നടത്തം. ചെരിപ്പൊന്നും ഇല്ല. അതൊക്കെ അന്ന് ആർഭാടമാണ്.

കുട്ടിക്കാലം മുതൽക്കേ പത്രം വായിക്കും. വീട്ടിൽ എല്ലാവർക്കും പത്രം കിട്ടുമ്പോൾ തന്നെ വായിക്കണം. അങ്ങനെ രണ്ടു പേജുള്ള ഷീറ്റ് ഒാരോ പേജുകളായി കീറും. എന്നിട്ട് ഒാരോരുത്തരായി വായിക്കും. അങ്ങനെ കുട്ടിക്കാലത്തേ രാഷ്ട്രീയ ബോധത്തോടെയാണ് വളർന്നത്. സ്കൂൾ ലീഡറായിരുന്നു. പക്ഷേ, രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് തേവര എസ്എച്ച് കോളജിൽ വച്ചാണ്.

ഇരുപത്തഞ്ചു വർഷമായി നിയമസഭയിൽ. മന്ത്രിയാകാത്തതിൽ ചെറിയൊരു വിഷമം ഇല്ലേ?

രണ്ടായിരത്തി പതിനൊന്നിൽ ഞാൻ മന്ത്രിയാകും എന്ന് പലരും പറഞ്ഞു. കേട്ടുകേട്ട് ഞാനും ആഗ്രഹിച്ചു. എന്നെ സംബന്ധിച്ചിടത്തോളം കൃത്യമായ സമയം ആയിരുന്നു. ജനങ്ങൾക്കായി എന്തൊക്കെ ചെയ്യണം എന്നതിന്റെ മാസ്റ്റർ പ്ലാൻ പോലും കൈയിലുണ്ട്. അഞ്ചു വർഷം കൊണ്ട് ജനമനസ്സുകളിൽ കൈയൊപ്പിട്ട് നിൽക്കണമെന്നും ചിന്തിച്ചു. പക്ഷേ, രാഷ്ട്രീയമല്ലേ? പല കാരണങ്ങൾകൊണ്ട് അവസാന നിമിഷം ലിസ്റ്റിൽ നിന്ന് പുറത്തായി.

കുറച്ചു നാൾ കഴിഞ്ഞപ്പോൾ‌ പാർട്ടിയിലെ പ്രധാനപ്പെട്ട നേതാവ് ‘പുനസംഘടനയ്ക്കായി ശബ്ദമുയർത്തണം’ എന്നു പറഞ്ഞു. ‘നിങ്ങളെ മന്ത്രിയാക്കാനാണ്’ അത് ചെയ്യുന്നതെന്നും സൂചന നൽകി. പക്ഷേ, ഞാൻ ഇല്ലെന്ന് തീർത്തു പറഞ്ഞു. മന്ത്രിയാകാനുള്ള ലിസ്റ്റിൽ‌ നിന്ന് എന്റെ പേര് വെട്ടിയത് അത്ര നിരാശപ്പെടുത്തിയിരുന്നു.

ആ സംഭവം പദവികളിൽ നിന്ന് മാറി നിൽക്കാനുള്ള കരുത്തു തന്നു. ഇപ്പോൾ പദവികളിൽ നിന്ന് മാനസികമായി അകലെയാണ് ഞാൻ.

വിജീഷ് ഗോപിനാഥ്

ശ്രീകാന്ത് കളരിക്കൽ