Saturday 03 February 2018 03:44 PM IST

‘കലിപ്പടക്കണം, കപ്പടിക്കണം.’; സൗഹൃദ വിശേഷങ്ങളുമായി സി.കെ. വിനീതും റിനോ ആന്റോയും

Nithin Joseph

Sub Editor

vineeth002 ഫോട്ടോ: ശ്യാം ബാബു, കോസ്റ്റ്യൂം കടപ്പാട്: അർഷിയ നൈന ഡിസൈനർ ബുട്ടിക്, കൊച്ചി

കളിയുടെ ഗതി മാറാൻ വെറും ഇരുപത്തിനാല് മിനിറ്റ് ധാരാളമായിരുന്നു. ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ പാസ്  മുൻകൂട്ടി കണ്ടിട്ടെന്ന പോലെ വലതു വിങ്ങിലൂടെ ഓടിയെത്തിയ റിനോ ആ ന്റോ നൽകിയ അത്യുഗ്രൻ ക്രോസ് നേരെ സി.കെ.വിനീതിലേക്ക്. പറവയെപോലെ ഉയരത്തിൽ പറന്ന്, പാഞ്ഞടുത്ത പന്തിനെ വെടിയുണ്ട കണക്കെ വലയ്ക്കുള്ളിലേക്ക് ഹെഡ് ചെയ്യാൻ വിനീതിന് ഇമ ചിമ്മുന്ന നേരം മതിയായിരുന്നു.

സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറെ സാക്ഷിയാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോൾ‌വല കുലുങ്ങി. േഗാാാ...ൾ... ആരാധകർ ആവേശത്തിൽ ആറാടി. ഗാലറിയിൽ ആർത്തിരമ്പി മഞ്ഞക്കടൽ. ആ തിരയിളക്കത്തിനു നടുവിൽ നെഞ്ചും വിരിച്ചു നിന്നു കേരളത്തിന്റെ ചുണക്കുട്ടികൾ വിനീതും റിനോയും. രണ്ടുവട്ടം ബ്ലാസ്‌റ്റേഴ്സിന്റെ വിരൽത്തുമ്പിൽനിന്ന് വഴുതിപ്പോയ കപ്പിൽ മുത്തമിടാൻ കലിപ്പോടെ പോരാടുന്ന താരങ്ങൾ ഒരുമിക്കുന്നു, കളിയും അൽപം കാര്യവുമായി.

കളിക്കളത്തിലെ കൂട്ടുകെട്ട് വീണ്ടും വിജയം കണ്ടിരിക്കുന്നു?

വിനീത്: ആദ്യ മൂന്നു കളികൾ സമനിലയായി, നാലാമത്തേതിൽ തോൽവി. ടീമിനും ഫാൻസിനും ആത്മവിശ്വാസം വീണ്ടെടുക്കാൻ വിജയം അനിവാര്യമായിരുന്നു. ഇവന്‍ തന്ന ക്രോസ് ഗോളാക്കി മാറ്റാൻ സാധി ച്ചത് വലിയ സന്തോഷം തരുന്നു.

ഈ സൗഹൃദത്തിന്റെ പിന്നിലെ കഥ?

റിനോ: ഞാൻ സാൽഗോക്കറിൽ കളിക്കുന്ന സമയത്ത് എന്റെ കോച്ചായിരുന്ന ബി നു എപ്പോഴും വിനീതിനെക്കുറിച്ച് പറയുമായിരുന്നു, നല്ല സ്പീഡുള്ള പ്ലെയറാണ്, എന്നൊക്കെ. പക്ഷേ, അന്നൊന്നും തമ്മിൽ സംസാരിച്ചിട്ടില്ല.

വിനീത്:  2013 ലാണ് ബാംഗ്ലൂർ എഫ്.സിയിൽ എത്തിയത്. അവിടെ മലയാളികൾ  ഞങ്ങള്‍ രണ്ടു പേർ മാത്രം. അന്നു തുടങ്ങിയ കൂട്ടാണ്. ഐ.എസ്.എൽ രണ്ടാം സീസ ണിൽ ഇവൻ ബ്ലാസ്‌റ്റേഴ്സിൽ വന്നപ്പോൾ ഞാൻ  കൊൽക്കത്ത ടീമിലായിരുന്നു. മൂന്നാം സീസണിൽ വീണ്ടും ബ്ലാസ്‌റ്റേഴ്സിൽ ഒന്നിച്ചു.

റിനോ: ബെംഗളൂരുവിൽ എത്തിയ കാലം മുതലേ ഞങ്ങളെ ര ണ്ടു പേരെയും ആരും തനിച്ച് കണ്ടിട്ടില്ല. ഒരാളുണ്ടെങ്കില്‍ മറ്റേ ആളും കൂടെ ഉണ്ടാകും. ചിലരൊക്കെ കളിയാക്കുമായിരുന്നു, നിങ്ങളെന്താ ഭാര്യയും ഭർത്താവും  ആണോ എന്ന് ചോദിച്ച്. എ.എഫ്.സി കപ്പ്  നടക്കുന്ന സമയത്ത് പരുക്ക് മൂലം ഞാൻ ഒരു കളിയിൽ ഇറങ്ങിയില്ല. അന്ന് ഗാലറിയിൽ ഇരുന്ന് കളി ക ണ്ടു. ആ കളിയിൽ ഇവൻ ഗോളടിച്ച ഉടനെ ഗാലറിയിലേക്ക് ഓടിക്കയറി വന്ന്, എന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു. ആവേശം മൂത്തപ്പോള്‍ ഉമ്മ വച്ചത് ചുണ്ടിൽ. അതിന്റെ പേരിലും കിട്ടി, കുറേ കളിയാക്കൽ.

സൗഹൃദം കളിക്കളത്തിൽ എങ്ങനെ സഹായിക്കുന്നു?

വിനീത്: ഗ്രൗണ്ടില്‍ ഇറങ്ങുമ്പോൾ ഒരു ടെലിപതിക് ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടാകാറുണ്ട്. ബോള്‍ ഞങ്ങളിലൊരാളുടെ കാലിൽ വരുമ്പോൾ എങ്ങോട്ടാണ് പാസ് ചെയ്യുന്നത് എന്ന് മറ്റേ ആള്‍ക്ക് കൃത്യമായി അറിയാം. കളിക്കളത്തിനു പുറത്തും  അതേ സൗഹൃദം ഉണ്ട്. ലൈഫിൽ എന്ത് കാര്യം നടന്നാലും, അത് സന്തോഷം ആണെങ്കിലും സങ്കടം ആണെങ്കിലും രണ്ടു പേർക്കും ഒരു പോലെയാണ്. ചുറ്റുമുള്ള എല്ലാവർക്കും ഈ സൗഹൃദത്തെക്കുറിച്ച് അറിയാം. റൂം ബുക്ക് ചെയ്യുമ്പോള്‍ പോലും  ഞങ്ങൾക്ക് ഒരുമിച്ചാണ്  ചെയ്യുന്നത്. ഇത്തവണ ഐ.എസ്.എല്ലിൽ ടീമുകൾക്ക് കളിക്കാരെ തിരഞ്ഞെടുക്കാൻ ഡ്രാഫ്റ്റിങ് എന്ന പുതിയ രീതിയായിരുന്നു. എന്നെ നേരത്തെ തന്നെ ബ്ലാസ്‌റ്റേഴ്സിലേക്ക് എടുത്തിരുന്നു. ഇവൻ ഏത് ടീമിലാണെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു മനസ്സിൽ.

റിനോ: ആദ്യത്തെ റൗണ്ടിൽ തന്നെ എന്നെ ബ്ലാസ്‌റ്റേഴ്സ് വിളിച്ചു. ഉടനെ ഇവൻ വിളിച്ചു. ഫോണെടുത്തപ്പോ കേട്ടത് ‘അളിയാ, വീണ്ടുമൊന്നിച്ച് വന്നെടാ’ എന്നായിരുന്നു.‌
വിനീത്: ഐ.എസ്.എല്ലിൽ ഏതൊരു താരവും  കളിക്കാൻ ആ ഗ്രഹിക്കുന്ന ടീം  ബ്ലാസ്‌റ്റേഴ്സ് ആയിരിക്കും. അതിനു കാരണം നമ്മുടെ ആരാധകർ കളിക്കാർക്ക് കൊടുക്കുന്ന പിന്തുണയാണ്. അരലക്ഷം വരുന്ന കാണികളുടെ ആർപ്പുവിളികളെ സാക്ഷി നിർത്തി പന്തു തട്ടാൻ ആരാണ് മോഹിക്കാത്തത്.

ഏറ്റവും പ്രിയപ്പെട്ട ജേഴ്സി?

വിനീത്: ഈ ചോദ്യം ലോകത്തിലെ ഏത് കളിക്കാരനോട് ചോദിച്ചാലും ഒറ്റ ഉത്തരമേ കിട്ടൂ. നൂറ്റിയിരുപത്തിയൊന്ന് കോടി ആളുകളുടെ ആഗ്രഹവും സ്വപ്നവുമാണ് ആ നീലക്കുപ്പായം. അതിട്ടുകൊണ്ട് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ അത്രയും പേരുടെ പ്രതീക്ഷകളാണ് നമ്മൾ വഹിക്കുന്നത്. സന്തോഷം  മാത്രമല്ല, പ റഞ്ഞറിയിക്കാൻ വയ്യാത്തൊരു ആവേശവും അഭിമാനവുമാണ്. അർഹതയിലുപരി, ഭാഗ്യമാണത്. ഇന്ത്യൻ ടീമിൽ എന്റെ ആദ്യത്തെ കളി പാകിസ്ഥാനെതിരെ കൊച്ചിയിൽ വച്ചായിരുന്നു. ഇവൻ ആദ്യം കളിച്ചത് ഒമാനെതിരേ ബെംഗളൂരുവിൽ.

റിനോ: ഗ്രൗണ്ടിൽനിന്ന് ദേശീയ ഗാനം കേൾക്കുമ്പോഴുള്ള ഫീൽ, ആ രോമാഞ്ചം, അപാരമാണ് അത്. ഒരു കുട്ടി ചെറിയ പ്രായത്തിൽ കളിക്കാൻ തുടങ്ങുമ്പോൾ മുതൽ മനസ്സിലെ സ്വപ്നം നാഷനൽ ടീമിനു വേണ്ടി കളിക്കുക എന്നതാണ്. അതിനു മുകളിലേക്ക് ഒന്നുമില്ല. വേറേതെങ്കിലും  ടീമിനു വേണ്ടി കളിക്കുമ്പോൾ ആയിരക്കണക്കിനാളുകൾ നമുക്കു വേണ്ടി ആർപ്പു വിളിക്കുന്നതിനേക്കാൾ ആവേശം ഒരു കാണി പോലും ഇല്ലാതെ ഇന്ത്യൻ ജേഴ്സിയിൽ കളിക്കുമ്പോൾ തോന്നും.

വിനീത്:  ഞങ്ങളെ ഞങ്ങളാക്കിയത് ബാംഗ്ലൂർ എഫ്.സിയെന്ന ക്ലബ്ബാണ്. ജീവിതത്തിൽ ഒരുപാട് നന്മകൾ തന്നൊരു ടീമായിരുന്നു അത്. പക്ഷേ, കളിക്കളത്തിൽ അവർക്കെതിരെ ഇറങ്ങുമ്പോള്‍ ബാക്കിയെല്ലാം മറക്കും, മറന്നേ പറ്റൂ. അവിടെ അവർ എതിരാളികള്‍ മാത്രം.

റിനോ: നാളെ ചിലപ്പോൾ കേരള ബ്ലാസ്‌റ്റേഴ്സ് വിട്ട് മറ്റൊരു ടീമിലേക്ക് പോകേണ്ടി വരാം. അന്ന് ചിലപ്പോൾ ഇതിലധികം സങ്കടമുണ്ടാകും. പക്ഷേ, ഇത് നമ്മുടെ ജോലിയാണ്. ഏത് ടീമിലായാലും മികച്ച രീതിയിൽ കളിക്കുക മാത്രമാണ് ലക്ഷ്യം.

vineeth003

എങ്ങനെയാണ് ഫുട്ബോളിലേക്ക് വന്നത്?

വിനീത്: നവോദയ സ്കൂളിലാണ് പഠിച്ചത്. പത്താം ക്ലാസ് വ രെ കണ്ണൂരിലും അതിനു ശേഷം കാസർകോടുമായിരുന്നു. അവിടെ വച്ചാണ് ഫുട്ബോളാണ് എന്റെ വഴി എന്ന് തിരിച്ചറിയുന്നത്. അങ്ങനെ കളി സീരിയസായി തുടങ്ങി. സായ് സെലക്‌ഷൻ കിട്ടിയതോടെ പഠനം സൈഡിലായി. രണ്ട് വർഷം സായ്‌യിൽ പരിശീലകൻ വേലായുധൻ സാർ ആയിരുന്നു. പിന്നെ, കണ്ണൂർ എസ്.എൻ കോളജിൽ എത്തി. അവിടെ ആറു വർഷത്തോളം ഭരതൻ സാർ ആയിരുന്നു കോച്ച്. ഇക്കണോമിക്സിലാണ് ഡിഗ്രിയും പി.ജിയും. കളികളുടെ തിരക്കിൽ എം.എ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആ സമയത്ത് തന്നെയാണ് സന്തോഷ് ട്രോഫിയിലും  വിവാ കേരളയിലും കളിച്ചത്. പിന്നെ, കൊൽക്കൊത്ത, ബാംഗ്ലൂർ, ബ്ലാസ്‌റ്റേഴ്സ്, നാഷനൽ ടീം. അങ്ങനെ കരിയർ വളർന്നു.

റിനോ: ഫുട്ബോളിലേക്കുള്ള എൻട്രി വളരെ സാഹസികമായിരുന്നു. കുര്യച്ചിറ സെന്റ് ജോസഫ് സ്കൂളിൽ എട്ടാം ക്ലാസ്സി ൽ പഠിക്കുന്ന സമയം. നല്ല പനിയുണ്ടായിരുന്നു. വിശ്രമിക്കേണ്ട സമയമാണെങ്കിലും കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളി തന്നെ പരിപാടി. ഞാനടിച്ച ‌പന്ത് കൊണ്ട് ഒരു ടീച്ചറിന്റെ കണ്ണട പൊട്ടി, മുഖത്തുനിന്ന് ചോര വന്നു. കൂട്ടുകാരെല്ലാം സ്കൂട്ടായി. ഞാൻ നേരെ ചെന്ന് ടീച്ചറോട് സോറി പറഞ്ഞു. അങ്ങോട്ട് ചെന്ന് പിടി കൊടുക്കുന്നതു പോലെയായിരുന്നു അത്.

അപ്പനെ സ്കൂളിലേക്ക് വിളിപ്പിച്ചിട്ട് ടീച്ചർമാർ ചോദിച്ചത് ഇങ്ങനെയാണോ മക്കളെ വളർത്തുന്നത് എന്നാണ്. വീട്ടിലെത്തി അപ്പൻ എന്നെ പൊതിരെ തല്ലി. തല്ല് കൊണ്ടിട്ട് എന്റെ പുറത്തുനിന്ന് ചോര വന്നു. അറിയാതെ സംഭവിച്ച തെറ്റിന് എന്തിനാ എന്നെ ഇത്രേം തല്ലിയതെന്ന് ഞാൻ ചോദിച്ചു. പനിയായിട്ട് ഡോക്ടർ വെയിലത്ത് ഇറങ്ങരുതെന്ന് പറഞ്ഞിട്ടും  അത് അനുസരിക്കാത്തതിനായിരുന്നു ആ കഠിനശിക്ഷ.

പിറ്റേ ദിവസം വീണ്ടും അപ്പൻ സ്കൂളിൽ വന്ന് ടീച്ചർമാരോട് ഒരു മാസ് ഡയലോഗ്, ‘എന്റെ മകനെ ഞാൻ തല്ലുകൊള്ളിയായിട്ടല്ല വളർത്തുന്നത്’. ടീച്ചർമാർ ഫ്ലാറ്റ്. കളിയോടുള്ള താൽപര്യം കണ്ട് അപ്പന്റെ കൂട്ടുകാരൻ ജോയി മാഷാണ് പറഞ്ഞത്, ഫുട്ബോൾ ക്യാംപിൽ ചേർക്കാൻ. അവിടെ നിന്ന് അണ്ടർ 16 കേരള ടീമിൽ കളിച്ചു. അടുത്ത വർഷം കേരള ടീമിന്റെ ക്യാപ്റ്റനായി. ടാറ്റ ഫുട്ബോൾ അക്കാദമിയില്‍ സെലക്ഷൻ കിട്ടിയത് കരിയറിൽ വഴിത്തിരിവായി. ഇന്ത്യൻ അണ്ടർ 19, അണ്ടർ 23, സീനിയർ ടീമുകളിൽ കളിച്ചു. പിന്നീട് മോഹൻ ബഗാനിലും സാൽഗോക്കറിലും ബാംഗ്ലൂർ എഫ്.സിയിലും ബ്ലാസ്റ്റേഴ്സിലും.

കുടുംബം?

വിനീത്: എന്റെ വീട് കണ്ണൂർ കൂത്തുപറമ്പിലാണ്. അച്ഛൻ വാസു, അമ്മ ശോഭന. ഭാര്യ ശരണ്യ. ചേട്ടൻ ശരത്.

റിനോ: തൃശൂരിലാണ് വീട്. അപ്പൻ ആന്റോ, അമ്മ റീന. അപ്പൻ തൃശൂരിൽ പൗൾട്രി ഫാം നടത്തുന്നു. ഭാര്യ ബഫീറ, മകൻ ലിയാൻഡ്രോ. ഞങ്ങൾ നാല് മക്കളാണ്. ചേട്ടൻ റിന്റോ, ചേച്ചി റിയ, അനിയൻ ജോസഫ്.

രണ്ടുപേരുടേതും പ്രണയ വിവാഹമായിരുന്നോ?

വിനീത്: എന്റേത് പ്രണയവിവാഹമാണോ എന്ന് ചോദിച്ചാൽ, ആണെന്നും അല്ലെന്നും പറയാം. കോളജിൽ പഠിക്കുമ്പോഴാണ് ശരണ്യയെ കാണുന്നത്. എനിക്ക് അവളോട് ഇഷ്ടം തോന്നിയപ്പോൾ അതവളെ അറിയിച്ചു. എന്നാൽ അവൾ മറുപടിയൊന്നും പറഞ്ഞിരുന്നില്ല. സ്വന്തമായി ജോലിയൊക്കെ കിട്ടിയതിനു ശേഷം അവളുടെ വീട്ടിൽ പോയി അന്തസ്സായിട്ടങ്ങ് പെണ്ണ് ചോദിച്ചു. പിന്നെ, വീട്ടുകാരുടെ അനുവാദത്തോടെ രണ്ടര വർഷം പ്രേമിച്ചു. എന്നിട്ട് കല്യാണം കഴിച്ചു.

റിനോ:  മേഘാലയക്കാരിയാണ് എന്റെ ഭാര്യ. പേര് ബഫീറ. ബെംഗളൂരുവിൽ ആയിരിക്കുമ്പോൾ സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. അവൾ ബെംഗളൂരുവിൽ  ഒരു അമേരിക്കൻ ബാങ്കില്‍ ജോലി ചെയ്യുന്നു. സൗഹൃദം പ്രണയമായി, അത് പിന്നീട് വിവാഹത്തിലെത്തി. ഒരു മകനുണ്ട്, പേര് ലിയാൻഡ്രോ. ഒന്നര വയസ്സായി. അവർ ബെംഗളൂരുവിലാണ്.

vineeth001

ഐ.എസ്.എൽ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം?

വിനീത്: ഞാൻ ഒരു അധ്യാപകന്റെ മകനാണ്. അച്ഛന് കൃഷി ഇഷ്ടമാണ്. ഇപ്പോഴും വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ പാടത്ത് പണിയെടുക്കുന്നുണ്ടാവും. ഞാനും വീട്ടിലുള്ളപ്പോൾ അതു തന്നെയാണ് ചെയ്യുന്നത്. അതൊന്നും വലിയ കാര്യങ്ങളല്ല. കഴിഞ്ഞ സീസണിൽ അഞ്ച് ഗോള്‍ അടിച്ചതുകൊണ്ട് ഞാൻ പാടത്തിറങ്ങുന്നതും വിളവെടുക്കുന്നതുമെല്ലാം വാർത്തയായി. മുൻപ് ഒന്നുമല്ലാതിരുന്ന കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കഞ്ഞിയും  പയറുമായിരുന്നു. കഴിഞ്ഞ കൊല്ലവും  ഇക്കൊല്ലവും  അടുത്ത കൊല്ലവുമെല്ലാം എന്റെ  ഇഷ്ടഭക്ഷണം അതു തന്നെയാണ്. ഒരു സീസണിൽ പ്രകടനം മോശമായാൽ പിന്നെ, ആരും എന്നെക്കുറിച്ചോ എന്റെ ഇഷ്ടങ്ങളെക്കുറിച്ചോ ആലോചിക്കില്ല.

റിനോ: ഞങ്ങൾ കാർ വാങ്ങിയതും  വാർത്തയായി. ആദ്യം കാർ വാങ്ങിയത് ഇവനാണ്. പിന്നീട് ഞാനും അതേ മോഡലിൽ അ തേ നിറത്തിലുള്ള വണ്ടി വാങ്ങി. ഇവന്റെ വണ്ടിയുടെ നമ്പറും ജേഴ്സി നമ്പറും പതിമൂന്നാണ്. കാറിന്റെ നമ്പർ സി.കെ 13. എ ന്റെ ജേഴ്സി നമ്പർ 31, വണ്ടിയുടെ നമ്പർ 3113. ഫുട്ബോൾ കഴിഞ്ഞാൽ വിനീതിന്റെ പാഷൻ ഫൊട്ടോഗ്രഫിയാണ്.

വിനീത്: ക്യാമറയോടുള്ള ഇഷ്ടം ചെറുപ്പത്തിലേ തുടങ്ങിയതാണ്. നവോദയ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇന്റർ സോണൽ മാച്ചുകൾ കളിക്കാൻ യാത്രകൾ പോകുമ്പോൾ ഒരു ക്യാമറ വേണമെന്ന് വീട്ടിൽ പറഞ്ഞെങ്കിലും  വാങ്ങിത്തന്നില്ല. പോക്കറ്റ്‌മണി മിച്ചം പിടിച്ച് ട്രെയിനിൽനിന്ന് വില കുറ‍ഞ്ഞ ഫിലിം ക്യാമറ വാങ്ങി. പിന്നെ സ്വന്തമായി നല്ലൊരു ക്യാമറ വാങ്ങി. ഒരുപാട് യാത്രകൾ ചെയ്യണമെന്നുണ്ട്. കുറെ ചിത്രങ്ങളെടുക്കണം. അതാണ് വലിയൊരു ആഗ്രഹം.

റിനോ: കുടുംബവുമൊത്തുള്ള യാത്രകളാണ് എനിക്കേറെ ഇഷ്ടം. സ്വിറ്റ്സർലൻഡാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ വലിയ താൽപര്യമില്ല. ഫാമിലി ഒപ്പമുണ്ടെങ്കിലേ ഒരു സുഖമുള്ളൂ. പിന്നെ, ബൈക്ക് ഓടിക്കാൻ വലിയ ആഗ്രഹമാണ്. പക്ഷേ, വീട്ടിലാരും സമ്മതിക്കില്ല. അവർക്കു ഭയങ്കര പേടിയാണ്.

വിനീത്: എനിക്ക് ഇഷ്ടം  ഇന്ത്യയിൽ തന്നെയുള്ള, ഇതു വരെ കാണാത്ത സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകാനാണ്.

ഒരാൾ കടുത്ത മമ്മൂട്ടി ഫാൻ, മറ്റേ ആളോ?

റിനോ: ചെറുപ്പം മുതൽക്കേ ഏറ്റവുമധികം കണ്ടിട്ടുള്ളത് മൂന്ന് നടൻമാരുടെ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി. ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും. പക്ഷേ, ഇവനോട് ചോദിച്ചാൽ ഒറ്റ ഉത്തരമേ കിട്ടൂ.

വിനീത്: ഞാന്‍ ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ ‘ഒരു മറവത്തൂർ കനവാ’ണ്. അമ്മമ്മയ്ക്കൊപ്പമാണ് പടം കണ്ടത്. അന്നേ തുടങ്ങിയ ഇഷ്ടമാണ് മമ്മൂക്കയോട്. ഐ.എസ്.എൽ രണ്ടാം സീസൺ കഴിഞ്ഞപ്പോൾ പാലക്കാട് ലൊക്കേഷനിൽ പോയി മൂപ്പരെ കണ്ടു. സംസാരിക്കാനൊന്നും പറ്റിയില്ല.

റിനോ: അതിനു ശേഷം കഴിഞ്ഞ സീസണിൽ പുത്തൻപണത്തിന്റെ ലൊക്കേഷനിൽ മമ്മൂക്കയെ കാണാൻ ഇവന്റെയൊപ്പം ഞാനുമുണ്ടായിരുന്നു. മമ്മൂക്ക ഞങ്ങൾക്ക് ഭക്ഷണമൊക്കെ തന്നു. ഇത്തവണ ഐ.എസ്.എല്ലിന്റെ ഉദ്ഘാടനത്തിന് മമ്മൂക്കയും ഉണ്ടായിരുന്നു. ഇവനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു. അതു കഴിഞ്ഞിട്ട് പിന്നെ, ചെക്കൻ നിലത്തു നിന്നിട്ടില്ല.

വിമർശനങ്ങൾ തളർത്താറുണ്ടോ?

വിനീത്: എല്ലാവർക്കും മെസ്സിയേയും റൊണാൾഡോയേയും പോലെ  കളിക്കാൻ പറ്റില്ല. നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യുന്നു. ജയിക്കുമ്പോള്‍ കൂടെ ആരുമില്ലെങ്കിലും വിഷമമുണ്ടാകില്ല. പക്ഷേ, തോൽക്കുമ്പോൾ പ്രിയപ്പെട്ടവരുടെ സപ്പോർട്ട് ഉണ്ടെങ്കിലേ വീണ്ടും എഴുന്നേൽക്കാൻ സാധിക്കൂ.

റിനോ: ഫെയ്സ്ബുക്കിലെ ചില കമന്റുകൾ കാണുമ്പോൾ സങ്കടം തോന്നും. തോൽക്കാൻ വേണ്ടി ആരും  കളിക്കില്ലല്ലോ.

ഫുട്ബോളർ ആയില്ലായിരുന്നുവെങ്കിൽ?

റിനോ: എങ്കിൽ ഞാനിപ്പോള്‍ മിക്കവാറും അപ്പന്റെ പൗൾട്രി ഫാമിൽ ചിക്കൻ വെട്ടി പാഴ്സലാക്കുന്നുണ്ടാകും.

വിനീത്: കണ്ണൂരിൽനിന്ന് കൊച്ചിയിൽ കളി കാണാൻ വരുന്ന ആയിരക്കണക്കിന് ആരാധകരിൽ ഒരാളായി മ‍ഞ്ഞക്കുപ്പായമിട്ട് ആർപ്പു വിളിക്കാൻ ഞാനുമുണ്ടാകും.

ഈ വർഷത്തെ കളിയെക്കുറിച്ചുള്ള പ്രതീക്ഷകൾ?

‘കലിപ്പടക്കണം, കപ്പടിക്കണം.’