Monday 01 January 2024 03:52 PM IST : By സ്വന്തം ലേഖകൻ

മുഖത്തു നെല്ലിക്കയുടെ വലുപ്പത്തിൽ വന്ന തടിപ്പ്, മൂന്നു വർഷത്തിനിടെ 5 ശസ്ത്രക്രിയകൾ! കാൻസറിനെ അതി‍ജീവിച്ച് വിനോദ്

vinod-cancer

വലതു കവിളിൽ നെടുനീളത്തിൽ മുറിവുണങ്ങിയ പാടു കാണുമ്പോൾ ഫയർമാൻ വിനോദ് ടൈറ്റസിനോട് ആളുകൾ ചോദിക്കും, എന്തു പറ്റിയതാണെന്ന്. ‘ഒരു ആക്സിഡന്റ്’. വിനോദിന്റെ മറുപടി രണ്ടു വാക്കിൽ ഒതുങ്ങും. 22–ാം വയസ്സിൽ മരണദൂതുമായി എത്തിയ കാൻസറിനെ ആത്മവിശ്വാസം കൊണ്ടു തോൽപിച്ച വിനോദ് മൂന്നു വർഷത്തിനിടെ മുഖത്തു നടത്തിയ 5 ശസ്ത്രക്രിയകളുടെ കഥ അധികമാരോടും പറയാറില്ല.

കൊല്ലം കിഴക്കേ കല്ലട ശിങ്കാരപ്പള്ളി കൊട്ടിവിളയിൽ സി.എം. ടൈറ്റസിന്റെയും പരേതയായ വിക്ടോറിയയുടെയും മകനാണ് വിനോദ്. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം ടിടിസിക്കു പഠിക്കുമ്പോൾ 2006 ലാണ് മുഖത്തു നെല്ലിക്കയുടെ വലുപ്പത്തിൽ തടിപ്പു പ്രത്യക്ഷപ്പെട്ടത്. ‘ബയോപ്സി’യിൽ മുഖത്തു കാൻസറാണെന്നു സ്ഥിരീകരിച്ചു. അതോടെ ജീവിതം വീടിനും തിരുവനന്തപുരം ആർസിസിക്കും ഇടയിലുള്ള അലച്ചിലായി മാറി. 

മൂക്കിലും കൈകളിലും വയറിലും നിറയെ ട്യൂബുകൾ ഘടിപ്പിച്ചു ‘ജീവനുള്ള ശവം പോലെ’ ആശുപത്രിയിൽ കഴിച്ചുകൂട്ടിയ ദിനരാത്രങ്ങൾ ഓർക്കുമ്പോൾ ഇന്നും വിനോദ് നടുങ്ങും. ആർസിസിയിൽ ചികിത്സ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു കാൻസർ രോഗി കൺമുന്നിൽ ട്രെയിനിൽ നിന്നു ചാടി മരിച്ചതും വിനോദിനെ ഉലച്ചു. 

തുടർച്ചയായി നടന്ന ശസ്ത്രക്രിയകളുടെ മുറിവുകൾ മൂലം മുഖം വികൃതമായതിനാൽ ബന്ധുക്കളെ പോലും കാണാൻ മടിച്ചിരുന്ന കാലമുണ്ടായിരുന്നു വിനോദിന്റെ ജീവിതത്തിൽ. അവിടെ നിന്നാണ് ദുരന്ത മേഖലകളിലെ ഊർജസ്വലനായ രക്ഷാപ്രവർത്തകനായി ഈ നാൽപതുകാരൻ മാറിയത്. വേദന കൊണ്ടു പുളയുമ്പോഴും ഡോക്ടർമാർ പകർന്ന പ്രത്യാശയും മനോധൈര്യവും ഒരിക്കൽ അവസാനിച്ചുവെന്നു കരുതിയ ജീവിതത്തെ വീണ്ടും സ്നേഹിക്കാനും പഠിക്കാനും പ്രചോദനമായി. തുടർന്ന് ഇംഗ്ലിഷിൽ എംഎയും ബിഎഡും പാസായി.

25 പിഎസ്‌സി ടെസ്റ്റുകൾ എഴുതി. എക്സൈസ് ഇൻസ്പെക്ടറുടേത് അടക്കമുള്ള റാങ്ക് ലിസ്റ്റുകളിൽ വന്നു. 2010ൽ കെഎസ്ആർടിസി വൈക്കം ഡിപ്പോയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചു. 2012ൽ അഗ്നിരക്ഷാസേനയിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസറായി നിയമനം ലഭിച്ചപ്പോൾ അങ്ങോട്ടു മാറി. കഴിഞ്ഞ ജൂലൈ മുതൽ ആലുവ ഫയർ സ്റ്റേഷനിൽ പ്രവർത്തിക്കുന്നു. കൊല്ലം കണ്ടച്ചിറ സ്വദേശി വർഷയാണ് വിനോദിന്റെ ഭാര്യ. 2 മക്കൾ. എട്ടും മൂന്നും വയസ്സുള്ള ഐവയും ഐഡയും. കീഴടക്കാൻ ഇനിയും ഉയരങ്ങൾ ബാക്കിയുണ്ടെന്നു വിശ്വസിക്കുന്ന വിനോദ് കാൻസറിനെ തോൽപിച്ചിട്ടു 17 വർഷം പിന്നിട്ടിരിക്കുന്നു.

Tags:
  • Spotlight
  • Motivational Story