Monday 05 February 2024 03:18 PM IST : By സാദിഖ് കാവിൽ

ഡോക്ടറെ അഭിമുഖം ചെയ്യാന്‍ പോയി; കണ്ടെത്തിയത് സ്വന്തം ശരീരത്തിലെ അർബുദം! ദുബെയിലെ യുട്യൂബര്‍ ഷീബ ബൈജുവിന്റെ കഥ

canccc5677

ഡോക്ടറെ തിരഞ്ഞു ചെന്നത് അർബുദ ബോധവത്കരണത്തേക്കുറിച്ച് അഭിമുഖം നടത്തി വിഡിയോ ചെയ്യാന്‍. പക്ഷേ, തിരിച്ചറിഞ്ഞത് സ്വന്തം ശരീരം പേറുന്ന രോഗാണുക്കളെ. തുടർന്ന് കാൻസർ ചികിത്സയുടെ കഠിന ദിനങ്ങളിലൂടെ കടന്നുപോകുമ്പോഴും ആ വേദനയെല്ലാം ഒരു പരിധി വരെ മറികടന്നത് കേരളം മുഴുവൻ സഞ്ചരിച്ച് വിഡിയോ ചെയ്തും. ദുബായിലെ വീട്ടമ്മയും യുട്യൂബറുമായ തിരുവനന്തപുരം സ്വദേശിനി ഷീബാ ബൈജു (48) വിനാണ് ലോക അർബുദ ദിനത്തിൽ (ഫെബ്രുവരി 4) വ്യത്യസ്തമായ അനുഭവങ്ങൾ പറയാനുള്ളത്. സ്തനാർബുദത്തിൽ നിന്ന് കരകയറി വരുന്ന ഷീബ കുടുംബത്തിന്റെ പിന്തുണയും ആത്മധൈര്യവുമുണ്ടെങ്കിൽ എല്ലാ പ്രതിസന്ധികളെയും പ്രയാസമില്ലാതെ നേരിടാമെന്ന് പറയുന്നു.

കോവിഡ് കാല വിരസതയകറ്റാൻ വ്ലോഗറായി

കോവിഡ്19 കാലത്ത് പുറത്തൊന്നും പോകാനാകാതെ ഇരുന്നപ്പോഴാണ് ദുബായിൽ ബിസിനസുകാരനായ ഭർത്താവ് ബൈജുവും  മകൾ ശ്രദ്ധയും  മകളുടെ ഭർത്താവ് ഹാൻസെനും എന്തുകൊണ്ട് വ്ലോഗ് ചെയ്തുകൂട എന്ന് ആരാഞ്ഞത്. അതേക്കുറിച്ച് കാര്യമായ അറിവൊന്നുമില്ലായിരുന്നെങ്കിലും പാചക വിഡിയോ രണ്ടുമൂന്നെണ്ണം ചെയ്തപ്പോൾ ആത്മവിശ്വാസം വന്നു. പിന്നീട് കോവിഡ് ഏതാണ്ട് അകന്ന സമയം വീടിന്റെ നാല് ചുമരുകൾ വിട്ടിറങ്ങി. 

വിവിധ വിഷയങ്ങളിൽ ആഴ്ചയിൽ 2 വിഡിയോ വീതം ചെയ്തു. ക്യാമറാമാൻ ജോവി ജോ, എഡിറ്റർ ലൈജു എന്നിവർ എല്ലാത്തിനും കട്ടയ്ക്ക് കൂടെ നിന്നു. എക്സ്പോ 2020 ആയിരുന്നു ഇത്തരത്തിൽ ആദ്യം ചെയ്ത വിഡിയോ. ആദ്യ വിഡിയോയുടെ ഇൻട്രോ എടുക്കാൻ 81 ടെയ്ക്കുകൾ വേണ്ടി വന്നത് ഷീബ പുഞ്ചിരിയോടെ ഒാർക്കുന്നു. 

എന്തുകൊണ്ട് വൈകിപ്പോകുന്നു?

ഇന്ന് അർബുദം വ്യാപകമായ സാഹചര്യത്തിൽ സ്തനാർബുദത്തെക്കുറിച്ച് ഒരു ബോധവത്കരണ വിഡിയോ ചെയ്യാനായിരുന്നു ദുബായ് ആസ്റ്ററിലെ ഡോക്ടറും കൂട്ടുകാരിയുമായ പ്രീത വിനോദിനെ സമീപിച്ചത്. ചിത്രീകരണമൊക്കെ കഴിഞ്ഞ് മടങ്ങാൻ നേരം ഷീബ പരിശോധന നടത്തിക്കോളൂ എന്ന് ഡോ. പ്രീത നിർദേശിച്ചെങ്കിലും പിന്നീടാകാമെന്ന് കരുതി മടങ്ങി. ദിവസങ്ങൾക്ക് ശേഷം പരിശോധിച്ചേക്കാം എന്ന് കരുതി ഡോ. പ്രീതയുടെ മാർഗനിർദേശത്തോടെ ആശുപത്രിയിൽ ചെന്ന് പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർ ചോദിച്ചത്, എന്താ വൈകിപ്പോയത് എന്നായിരുന്നു. വിവിധ പരിശോധനകളിലൂടെ ഷീബയ്ക്ക് അർബുദം ഉറപ്പിച്ചു. 

ആദ്യം കേട്ടപ്പോഴത്തെ ഞെട്ടലിൽ തലകറങ്ങി. ചുറ്റും ഇരുട്ടുപകർന്നു. അപ്പോൾ അവരുടെ കൈകളെ സാന്ത്വനത്തിന്റെ സ്പർശമുള്ള കരുത്തുറ്റ കൈ അമർത്തിപ്പിടിച്ചു. ഭർത്താവ് ബൈജുവിന്റേതായിരുന്നു അത്. തുടർന്ന് നാട്ടിലേക്കു പോയി തിരുവനന്തപുരത്ത് ചികിത്സ നടത്തുമ്പോഴൊക്കെയും ഭർത്താവിന്‍റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വിവരണാതീതമായിരുന്നുവെന്ന് ഷീബ മനോരമ ഒാൺലൈനോട് പറഞ്ഞു. എത്ര ചെലവ് വന്നാലും നമ്മുടെ സമ്പാദ്യമെല്ലാം ഉപയോഗിച്ച് ചികിത്സ നടത്തുമെന്നായിരുന്നു താൻ വാക്കു കൊടുത്തതെന്ന് ബൈജു പറഞ്ഞു.

പൂര്‍ണ്ണമായും വായിക്കാം.. 

Tags:
  • Spotlight
  • Motivational Story