Monday 09 August 2021 04:16 PM IST : By സ്വന്തം ലേഖകൻ

കുട്ടികളിൽ വാക്സീൻ ഇന്ത്യയിൽ എന്നുവരും? വിദഗ്ധാഭിപ്രായം അറിയാം

kidsvacc

കുട്ടികളിലും മുതിർന്നവരിലെ പോലെ തന്നെയാണ് കോവിഡ് വരാനുള്ള സാധ്യത. രോഗപ്പകർച്ച മുതിർന്നവരുടേതിനു സമാനമാണെങ്കിലും പലപ്പോഴും കുട്ടികളിൽ ലക്ഷണമില്ലാതെ കോവിഡ് വന്നുപോക‌ാം. വളരെ ചുരുക്കം കുട്ടികളിലേ തീവ്രലക്ഷണങ്ങളോടെ വരൂ. എന്നാൽ മറ്റ് രോഗങ്ങളുള്ള (ടൈപ്പ് 1 പ്രമേഹം, ജന്മനായുള്ള ഹൃദ്രോഗം) കുട്ടികളിൽ കഠിനമായ അണുബാധയ്ക്ക് സാധ്യതയുണ്ട്. തന്നെയുമല്ല ചില കുട്ടികളിൽ കോവിഡ് മുക്തരായ ശേഷം ഹൃദയത്തെ പോലും മാരകമായി ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം പോലുള്ള ഗുരുതര പ്രശ്നങ്ങളുണ്ടാകുന്നതായി കാണുന്നു.

കുട്ടികൾക്ക് വാക്സീൻ എന്നുവരും?

അമേരിക്കയിലും കാനഡയിലും 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ ഇപ്പോൾ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ 12 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കിടയിൽ വാക്സിൻ പരീക്ഷണം നടന്നുവരുന്നുണ്ട്. കോവാക്സീനാണ് ഇപ്പോൾ പരീക്ഷണം നടക്കുന്നത്. അധികം വൈകാതെ കുട്ടികൾ വാക്സിനേഷൻ തുടങ്ങിയേക്കാം. ഇന്ത്യൻ നിർമ്മിതമായ ഒരു വാക്സീൻ കൂടി കുട്ടികളിൽ പരീക്ഷണം നടത്തുന്നുണ്ട്. സൈഡസ് കാഡിലയുടെ ഡിഎൻഎ വാക്സീനാണ് പരീക്ഷണം നടത്തുന്നത്. അതും ഉടൻ തന്നെ വിപണിയിൽ ലഭ്യമായേക്കാം എന്നാണ് അറിയുന്നത്. ഈ വാക്സീൻ എല്ലാം 12 മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ ആണ് നൽകുന്നത്.

കോവിഡ് വന്ന കുട്ടികളിൽ മറ്റു വാക്സീൻ എപ്പോഴെടുക്കാം?

കോവിഡ് വന്നുപോയ കുട്ടികൾക്ക് കോവിഡ് മുക്തമായി ഒരു മാസത്തിനുശേഷം സാധാരണ കുത്തിവെപ്പുകൾ, പ്രായത്തിനനുസരിച്ചുള്ളവ തുടരാവുന്നതാണ്. എന്നാൽ, കോവിഡ് മുക്തരായ കുട്ടികളിൽ മൂന്നുമാസത്തിനു ശേഷം മാത്രമേ കൊവിഡ് വാക്സീൻ കൊടുക്കാൻ സാധിക്കുകയുള്ളൂ.

12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ തൽക്കാലം ഉടൻ വാക്സീൻ ഉണ്ടാവില്ല. പക്ഷേ, ചില വിദേശരാജ്യങ്ങളിൽ 12 വയസ്സിനു താഴെയുള്ള കുട്ടികളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. യുഎഇ 3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ വാക്സീൻ പരീക്ഷണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ചൈന 3 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ സിനോവാക് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിക്കഴിഞ്ഞു.

കോവിഡ് മൂലമുള്ള അപകടസാധ്യതകളെ അപേക്ഷിച്ച് കൂടുതലാണ് വാക്സിനേഷൻ കൊണ്ടുള്ള ഗുണങ്ങൾ എന്നതുെകാണ്ട് അമേരിക്കൻ ആരോഗ്യ വിദഗ്ധ സമിതിയായ സിഡിസി 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകണമെന്ന് നിർദേശിക്കുന്നു. നിലവിൽ 16 വയസ്സിനു താഴെയുള്ള കുട്ടികളിൽ ലോകാരോഗ്യസംഘടന വാക്സിനേഷൻ നിർദേശിക്കുന്നില്ല.

ഡോ. ജിസ്സ് തോമസ് പാലൂക്കുന്നേൽ

ഹെഡ്, കൺസൽറ്റന്റ് പീഡിയാട്രീഷൻ

മാർ സ്ലീവ മെഡിസിറ്റി, പാല

Tags:
  • Manorama Arogyam
  • Kids Health Tips