Friday 04 March 2022 03:13 PM IST : By മനോരമ ആരോഗ്യം ആർകൈവ്

മണിക്കൂറുകൾ മൊബൈൽ ഗെയിം കളിച്ചു; കണ്ണിൽ നിന്നു വിരയെ പുറത്തെടുത്തു: വിഡിയോദൃശ്യത്തിനു പിന്നിൽ

fvgert4d

ഒരാളുടെ കണ്ണിൽ നിന്നും നീളമുള്ള ഒരു വിരയെ പുറത്തെടുക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകണ്ടിരുന്നു. സ്മാർട്ട്ഫോണിൽ മണിക്കൂറുകളോളം ഗെയിം കളിച്ച ഒരാളുടെ കണ്ണിൽ ഉണ്ടായ വിരയെ പുറത്തെടുക്കുന്നു എന്നായിരുന്നു വിഡിയോയ്ക്ക് ഒപ്പമുള്ള സന്ദേശം. അമിതമായ ഫോൺ കാണൽ കണ്ണിൽ വിര വളരാൻ ഇടയാക്കുമോ?

യഥാർഥത്തിൽ വൈറലായ വിഡിയോ 2013ൽ  കേരളത്തിലെ ഒരു പ്രശസ്തമായ കണ്ണാശുപത്രിയിൽ  നടന്ന ഒരു നേത്ര ശസ്ത്രക്രിയയുടേതാണ്. ലോവ ലോവ എന്ന എട്ടിഞ്ചു നീളമുള്ള ഒരു വിരയെയാണ് പുറത്തെടുത്തത്. ചിലതരം ഈച്ചകളാണ് (fleas) ഈ വിരബാധയ്ക്ക് കാരണം. കണ്ണിൽ മാത്രമല്ല തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നുവേണ്ട ചർമത്തിനടിയിൽ പോലും ഇവ വളരാം.  വിഡിയോദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നത്. 

 ‘‘ചിലർ ഞങ്ങളുടെ ആശുപത്രിയിൽ നടന്ന നേത്രശസ്ത്രക്രിയയുടെ വിഡിയോ ഭാഗം മൊബൈൽഫോണുകളുമായി ബന്ധപ്പെടുത്തി പരിഭ്രാന്തി പരത്താൻ ഉപയോഗിച്ചതായി കണ്ടിരുന്നു. പക്ഷേ, മൊബൈലിൽ ഗെയിം കളിച്ചതുകൊണ്ടാണ് കണ്ണിൽ വിരയുണ്ടായത് എന്ന പരാമർശം തികച്ചും തെറ്റാണ്. ടിലതരം ഈച്ചകൾ മൂലമാണ് ഈ വിരബാധ വരുന്നത്. 

 ഹ്രസ്വദൃഷ്ടി പോലെ റിഫ്രാക്ടീവ് എറേഴ്സ് വർധിക്കുവാൻ മൊബൈൽഫോണുകൾ കാരണമായേക്കാം. പക്ഷേ, മുകളിൽ പറഞ്ഞ തരത്തിലുള്ള പാരസൈറ്റ് അണുബാധയ്ക്ക് സ്മാർട്ട്ഫോൺ ഇടയാക്കുകയില്ല. ’’ കോഴഞ്ചേരി മുളമൂട്ടിൽ ഐ ഹോസ്പിറ്റിലിലെ ഡോ. ആഷ്ലി പറയുന്നു. 

‘‘നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗം കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടാക്കാം.  തുടർച്ചയായ ഗെയിംകളി ശാരീരികമായും മാനസികമായും പ്രശ്നങ്ങളുണ്ടാക്കാം. പക്ഷേ, ഇതൊക്കെകൊണ്ട് കണ്ണിൽ വിരകൾ വളരുമെന്നു പറയുന്നത് വെറും അബദ്ധമാണ്. ’’മുതിർന്ന നേത്രരോഗവിദഗ്ധൻ ഡോ. ടോണി ഫെർണാണ്ടസ് (ആലുവ) പറയുന്നു.

Tags:
  • Daily Life
  • Manorama Arogyam