Monday 14 March 2022 12:06 PM IST : By സരസ്വതി ശ്രീധർ

കൊച്ചുകുട്ടികൾക്ക് താളമിടാവുന്ന പാട്ടുകൾ; പൊട്ടിത്തെറിക്കുന്ന കൗമാരത്തിനു മെലഡികൾ: സംഗീതചികിത്സയുടെ ഗുണങ്ങൾ അറിയാം

sswe3r

സംഗീതം എന്നത് ആസ്വാദകഹൃദയങ്ങളെ ആനന്ദിപ്പിക്കുന്ന ഒരു കല മാത്രമല്ല, വ്യാധികൾക്കു സാന്ത്വനമേകുന്ന ഒൗഷധം കൂടിയാണെന്നു ലോകം തിരിച്ചറിയുന്ന കാലമാണിത്. പ്രത്യേകിച്ചു കുട്ടികളുടെയും കൗമാരക്കാരുടെയും ഒട്ടേറെ രോഗാവസ്ഥകളി ൽ സംഗീതത്തിനു ഗുണപരമായി ഇടപെടാനാകും. മ്യൂസിക് തെറപ്പിയുടെ ആ സൗഖ്യസാധ്യതകളെ വിശദമായി അറിയാം.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ മുറിവേറ്റ പട്ടാളക്കാരുടെ അരികിലേക്കും ആശുപത്രികളിലേക്കും പാടാനും സംഗീതോപകരണങ്ങൾ വായിക്കുവാനുമായി സംഗീതജ്ഞർ കടന്നുചെല്ലുകയുണ്ടായി. സംഗീതം ശ്രവിച്ചവർ മരുന്നിനോടു വളരെ ഫലപ്രദമായി പ്രതികരിച്ചു. മനസ്സിന്റെ മുറിവുകൾ ഉണങ്ങി അവർ പുതുജീവിതത്തിലേക്കു തിരികെ വന്നെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

ഇവിടെ നിന്നാണ് ആരോഗ്യപരിപാലനത്തിന് ഏറെ പ്രയോജനപ്പെടുമെന്നു ക്ലിനിക്കൽ ആയി തെളിയിക്കപ്പെട്ട ആധുനിക സംഗീത ചികിത്സയുടെ ഉത്ഭവം. സംഗീതമെന്ന സുകുമാരകല രോഗശമനോപാധി എന്ന നിലയിലേക്ക് ഉയർന്നതും ലോകമാകെ ആധുനിക സംഗീത ചികിത്സകർ രൂപപ്പെടുന്നതും ഇതിനു ശേഷമാണ്.

എന്താണ് സംഗീത ചികിത്സ?

വ്യക്തികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും പുനർനിർമിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടി വിദഗ്ധ സംഗീത ചികിത്സകരിലൂടെ സംഗീതം ഉപയോഗിച്ചു നടത്തുന്ന ചികിത്സാരീതിയാണ് മ്യൂസിക് തെറപ്പി അഥവാ സംഗീത ചികിത്സ.

രോഗമില്ലാത്തവർക്കും ഉപയോഗിക്കാം. പ്രധാനമായും രണ്ടുതരം ചികിത്സാരീതികളാണുള്ളത്.

∙ പ്രധാനമായും സംഗീതം കേൾപ്പിച്ചു കൊണ്ടു നടത്തുന്ന രീതി.

∙ രോഗി നേരിട്ടു പങ്കെടുത്തു നടത്തുന്ന ചികിത്സാരീതി (ആക്ടീവ് മെത്തേഡ്). ഇതു കൂടാതെ ഗ്രൂപ്പ് തെറപ്പിയും വ്യക്തിഗത തെറപ്പിയും ഉണ്ട്.

സംഗീതം പ്രവർത്തിക്കുന്നത്

സംഗീതത്തിന് നമ്മുടെ അടിസ്ഥാന വികാരങ്ങളായ സന്തോഷം, ദുഃഖം എന്നിവയെ കൂടുതൽ അനുഭവവേദ്യമാക്കാനുള്ള കഴിവുണ്ട്. സന്തോഷവും പൊസിറ്റീവ് ചിന്തകളും നമ്മിൽ നിറയ്ക്കുന്ന ഡോപമിൻ എന്ന ഹോർമോൺ തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്നതു കൊണ്ടാണ് ഇഷ്ട സംഗീതം കേൾക്കുമ്പോൾ നമുക്ക് സന്തോഷം അനുഭവപ്പെടുന്നത്. ശ്രുതിമധുരമായ സംഗീതം ഹൃദയമിടിപ്പ് താളാത്‌മകമാക്കുകയും ശ്വസന പ്രക്രിയയെ ക്രമീകരിക്കുകയും ചെയ്യുന്നു. സംഗീതം കേൾക്കുമ്പോൾ തലച്ചോറിനുള്ളിലെ ഓഡിറ്ററി കോർട്ടെക്സിൽ മാത്രമല്ല മറ്റു പല ഭാഗങ്ങളും ഒരേ സമയത്ത് വളരെ പൊസിറ്റീവായി പ്രതികരിക്കുന്നു എന്ന് ആധുനിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി സെൽഫ് എക്സ്പ്രഷനു പ്രാധാന്യം നൽകുന്ന ക്രിയേറ്റീവ് ആർട്ട് തെറപ്പി വിഭാഗത്തിലാണു സംഗീത ചികിത്സ ഉൾപ്പെടുന്നത്.

കുട്ടികളിൽ ഫലപ്രദം

കുട്ടികളിൽ ഗ്രോസ് മോട്ടോർ, ഫൈൻ മോട്ടോർ സ്കില്ലുകൾ വളർത്തിയെടുക്കാൻ മ്യൂസിക് തെറപ്പി ഉപയോഗിക്കാം. ആദ്യം കുറച്ച് ഉച്ച സ്ഥായിയിലുള്ളതും ആകർഷണീയമായ താളം ഉള്ളതുമായ പാട്ടുകൾ ഇതിനായി തിരഞ്ഞെടുക്കാം. ഇത്തരം പാട്ടുകൾ കുട്ടികളുടെ കൈകാലുകൾ താളാത്മകമായി ചലിപ്പിക്കുന്നതിനു സഹായകമാകും. അതിനു ചില ഉദാഹരണങ്ങളാണ്, ‘ഓൾഡ് മക് ഡൊണാൾഡ് ഹാഡ് എ ഫാം...’, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ...’, ‘ദി വീൽസ് ഓൺ ദി ബസ് ഗോ...’ എന്നിവ. കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടുന്ന ചില മലയാളം പാട്ടുകൾ ഇവയാണ് Ð ‘കുക്കുരു കുക്കു കുറുക്കൻ....’, ‘ആരു പറഞ്ഞു മ്യാവൂ...’, ‘കിം കിം കിം....’, ‘ഐ ലവ് യൂ മമ്മി...’, ‘സൈക്കിൾ വന്നു ബെല്ലടിച്ചു....’ എന്നിവ. കുട്ടികളുടെ ഫൈൻ മോട്ടോർ സ്കില്ലുകൾ വികസിപ്പിക്കാൻ ‘മായാമാളവഗൗള’, ‘ശങ്കരാഭരണം’ എന്നീ രാഗങ്ങളിലുള്ള സംഗീത വരിശകൾ പല വേഗതയിൽ ശ്രുതിയോടു കൂടി പാടുന്നത് ഉത്തമമാണ്. മറ്റ് ഉദാഹരണങ്ങളാണ് ‘രാമ ജനാർദ്ദന...’, ശക്തി സാഹിത ഗണപതി...’ എന്നിവ.

ഓട്ടിസത്തിനു ഗുണകരം

ഓട്ടിസം സ്പെക്ട്രം ഡിസോഡർ ഉള്ള കുട്ടികളെ ഏതെങ്കിലും പ്രത്യേക രാഗങ്ങൾ, പാട്ടുകൾ എന്നതിലുപരി അവർ ഇഷ്ടപ്പെടുന്ന പാട്ടുകൾ കേൾപ്പിച്ച് ഏറ്റു പാടിപ്പിച്ചു സജീവമാക്കാനാകും. ശ്രുതിമധുരമായ സംഗീതം അവർക്കു വേണ്ടി തിരഞ്ഞെടുക്കാം. ചെറിയ വാദ്യോപകരണങ്ങൾ വായിക്കുന്നത് ഇവർക്കു നല്ലതാണ്.

ഇത്തരം സെഷനിലൂടെ കുഞ്ഞുങ്ങൾ പാട്ടിനോട് പൊസിറ്റീവായി പ്രതികരിക്കുകയും, വാക്കുകൾ കൂട്ടി പറയാൻ തുടങ്ങുകയും, താളം അടിക്കാൻ ആരംഭിക്കുകയും, പാട്ടുപാടുകയും ചെയ്യുന്നു.

ലണ്ടനിൽ നിന്നുള്ള കീബോർഡ് ജീനിയസ് എന്നറിയപ്പെടുന്ന ഡെറിക് പരവചീനി, ഇന്ത്യയിൽ നിന്നുള്ള വരുൺ എന്നിവർ ഏതാനും ചില ഉദാഹരണങ്ങളാണ്. ഓട്ടിസ്റ്റിക് ആയ കുട്ടികൾ സംഗീത ചികിത്സയിലൂടെ സ്വയം അറിയുകയും തങ്ങളുടെ പ്രശ്നങ്ങൾ മറ്റുള്ളവരോടു പങ്കുവയ്ക്കുകയും ചെയ്യാൻ തുടങ്ങുന്നു. ബെംഗളൂരുവിലെ അതി പ്രശസ്തമായ നിംഹാൻസ് ഹോസ്പിറ്റലിൽ ഒരു വർഷം ഏറ്റവും കുറഞ്ഞത് 100 കുട്ടികൾക്ക് എങ്കിലും മ്യൂസിക് തെറപ്പി ട്രീറ്റ്മെന്റ് നിർദ്ദേശം ലഭിക്കുന്നുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. ഓട്ടിസമുള്ള കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള ബന്ധം വളരെയധികം മെച്ചപ്പെടാനും, സാമൂഹ്യ ഇടപെടൽ കൂട്ടുവാനും ഇതു സഹായിക്കുന്നുണ്ട്.

സംഗീതം ആദ്യമായി പഠിക്കുന്ന കുട്ടികളിൽ നാലു മുതൽ ആറു മാസം വരെ വളരെ സാവധാനം ഉള്ള മാറ്റങ്ങൾ കാണാം. ഈ മാറ്റം അഞ്ചു മുതൽ 12 വയസുവരെയുള്ള കുട്ടികളിൽ വളരെ പ്രകടമാണ്. ഓരോ കുഞ്ഞുങ്ങൾക്കും സംഗീതത്തോടുള്ള ഇഷ്ടം, പാടാനുള്ള കഴിവ്, സംഗീത പാരമ്പര്യം എന്നിവയുടെ അടിസ്ഥാനത്തിൽ പഠനവേഗത കുറയുകയും കൂടുകയും ചെയ്യാം. സാധാരണ ഒരു കുട്ടി സംഗീതം ചിട്ടയായി പഠിക്കുമ്പോൾ ക്ഷമ, ശ്രദ്ധ, നിരീക്ഷണപാടവം, ഓർമശക്തി എന്നിവ വളരെയധികം കൂടുന്നതായി കാണുന്നു.

ഹൈപ്പർ ആക്റ്റീവ് കുട്ടികളിൽ

ഹൈപ്പർ ആക്‌റ്റീവ് ആയ കുട്ടികളി ൽ 8 മുതൽ 12 മാസങ്ങൾ വരെയുള്ള കാലാവധിയിലൂടെ മാറ്റങ്ങൾ വരുത്താൻ സാധിക്കും. ഇവരിൽ സംഗീത പഠനത്തിനു മുൻപും ശേഷവും ഉള്ള വ്യത്യാസം ഏവരെയും അത്ഭുതപ്പെടുത്തും. ശ്രദ്ധ വളർത്തിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ഇതിലൂടെ നേടിയെടുക്കാൻ കഴിയുന്ന ഗുണം. നിരീക്ഷണപാടവം വികസിപ്പിക്കാനും ആലോചിച്ചു പ്രവർത്തിക്കാനുള്ള കഴിവ് വളർത്താനും ഹൈപ്പർ ആക്ടീവ് കുട്ടികളിൽ സംഗീത പഠനത്തിലൂടെ കഴിയുന്നു. ഈ കുട്ടികൾ ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരു മ്യൂസിക് ലിസണിങ് സെഷൻ നൽകിയാൽ ഏറെ ഗുണം ചെയ്യുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

സംഗീതം കൗമാരക്കാരിൽ

കൗമാരപ്രായത്തിലുള്ളവർ പല പ്രശ്നങ്ങളിലൂടെയാണു കടന്നുപോകുന്നത്. അതിൽ നിന്ന് ഒന്നു മാറി നിൽക്കാനും സർഗാത്മക കഴിവുകൾ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കുവാനും ഉള്ള ഏറ്റവും നല്ല സമയമാണിത്. സമൂഹത്തിന്റെ പലതരം കളിയാക്കലുകൾ, ഡിപ്രഷൻ, എന്തിനോടും പെട്ടെന്നു പ്രതികരിക്കുന്ന പെരുമാറ്റം, അപകടകരമായ മത്സരബുദ്ധി ഇവയെല്ലാം ഈ പ്രായക്കാർക്കു മറി കടക്കേണ്ടതുണ്ട്. ഇതോടൊപ്പമാണ് സൈബർ അഡിക്‌ഷൻ, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാപ്രവണത എന്നിവ. ഇവയ്ക്കെല്ലാം മറുമരുന്നാണ് മെലഡി അടിസ്ഥാനമാക്കിയുള്ള മ്യൂസിക് തെറപ്പി.

സംഗീതപഠനത്തിലൂടെ പുതിയ ടാസ്ക്കുകൾ സെറ്റ് ചെയ്യുകയും അ തിനു വേണ്ടി സമയം ചെലവഴിക്കുകയും ചെയ്യുന്നതിലൂടെ ഏകാന്തത, അക്രമവാസന എന്നിവയെ മറികടക്കാം. ക്രിയേറ്റീവ് ആയി ചിന്തിച്ചു ഒ രു പുതിയ ലോകം തനിക്ക് ചുറ്റും സൃഷ്ടിക്കാനും കഴിയും.

മികവുറ്റ രാഗാനുഭവങ്ങൾ

വ്യത്യസ്ത രാഗങ്ങളിൽ ഉള്ള ഗീതങ്ങൾ, കീർത്തനങ്ങൾ, വരിശകൾ എ ന്നിവ പാടുമ്പോൾ ഒരാൾ അനുഭവിക്കുന്ന വിവിധ മാനസിക അവസ്ഥകളെക്കുറിച്ച് അറിയുമ്പോൾ സംഗീതത്തിന്റെ തെറാപ്യൂട്ടിക് ഗുണങ്ങൾ എത്രത്തോളം ഉണ്ടെന്ന് നമുക്ക് ബോധ്യമാകും. ‘ആരഭി’ എന്ന രാഗം പാടുമ്പോൾ വളരെ ചലഞ്ചിങ് ആയ ഒരു കാര്യം ചെയ്തു വിജയിക്കുന്നു എന്നു ഒരു ഫീൽ ഉണ്ടാകുന്നുവെന്നും ‘സാവേരി’ രാഗം മനസ്സിനെ വളരെയധികം ശാന്തമാക്കുന്നു എന്നും അഭിപ്രായമുണ്ട്. ‘മായാമാളവഗൗള’, ‘രേവഗുപ്തി’ എന്നീ രാഗങ്ങൾ മനസ്സിനു ബാലൻസ് കൊണ്ടുവരാൻ സഹായിക്കുന്നുണ്ടത്രെ. ‘കല്യാണി’ രാഗം കേൾക്കുമ്പോഴും പാടുമ്പോഴും സന്തോഷം, പ്രതീക്ഷ, ദൈനംദിന കാര്യങ്ങൾ ചെയ്യുവാനുള്ള ഉന്മേഷം, കെയർÐഫ്രീ ആയി എന്ന തോന്നൽ എന്നിങ്ങനെ വളരെ പൊസിറ്റീവായ തെറാപ്യൂട്ടിക് അനുഭവങ്ങൾ അവർ പങ്കുവയ്ക്കുന്നു. ഭക്തിയും ആരാധനയും നിറഞ്ഞ ധ്യാനാവസ്ഥ ‘ശങ്കരാഭരണം’ രാഗം മനസ്സിലേക്ക് കൊണ്ടു വരുമ്പോൾ, മോഹനരാഗം ഏറ്റവും കൂടുതല്‍ സന്തോഷം പ്രദാനം ചെയ്യുന്നു എന്നും പറയുന്നു.

സംഗീതം പഠിച്ച വിദ്യാർത്ഥികൾ തനിയെ സംഗീതം രൂപപ്പെടുത്തി പല താളത്തിൽ അതു പാടി നോക്കുമ്പോൾ അവർക്കു ധൈര്യവും ആത്മവിശ്വാസവും വർധിക്കുന്നുവെന്നും, അതിലുപരി ഓരോ ദിവസവും വളരെ ഇൻവോൾവ്ഡ് ആയിരിക്കാനും മുൻപ് ഒരിക്കലുമില്ലാത്ത രീതിയിൽ സാധാരണ പഠനത്തിലൂടെ ലഭിക്കാതിരുന്ന ഒരു ഗ്യാപ്പ് ഫില്ലിങ് അനുഭവപ്പെടുന്നുവെന്നുമാണ് കൗമാരക്കാരിലെ സർവേ ഫലം കാണിക്കുന്നത്.

പ്രായമായവരിലും കിടപ്പു രോഗികളിലും

വയോജനങ്ങളിലെ അമിത ഉത്കണ്ഠ, വിഷാദം, മാനസിക സമ്മർദം, തനിച്ചായി എന്ന തോന്നൽ ഇവയ്‌ ക്കെല്ലാം ഫലപ്രദ പരിഹാരമാണ് സംഗീത ചികിത്സ. പ്രായമായവർക്കു സംഗീതചികിത്സ നൽകുമ്പോൾ അവർ ബാല്യÐകൗമാര കാലത്തു പാടി നടന്നതും കേട്ടു മറന്നതുമായ പാട്ടുകൾ കേൾപ്പിക്കുന്നതും അവയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്‌ക്കാൻ പ്രേരിപ്പിക്കുന്നതും, പലവിധ മാനസിക അ സ്വസ്ഥതകളിലൂടെ കടന്നു പോകുന്ന ഇവർക്ക് വളരെ പ്രയോജനം ചെയ്യും

ഒരു വ്യക്തി തന്റെ 12 മുതൽ 22 വ യസ്സു വരെയുള്ള പ്രായത്തിനിടയിൽ കേൾക്കുന്ന പാട്ടുകൾക്ക് വളരെ ആഴത്തിലുള്ള ഹൃദയബന്ധം സ്ഥാപിക്കാൻ കഴിയുന്നുണ്ടെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. ചെറുപ്രായത്തിലേക്ക് തിരികെ യാത്ര ചെയ്യാൻ ഏറ്റവും ലളിതവും ഫലപ്രദവുമായ വ ഴി സംഗീതമത്രേ.

സംഗീതം ജോലിസ്ഥലങ്ങളിൽ

തൊഴിലിടങ്ങളിലെ സ്ട്രെസ് മാനേജ്മെന്റിനു സംഗീതം ഉപയോഗിക്കുക ഉത്തമമാണ്. നിയന്ത്രിത ശബ്ദഅളവിൽ വാദ്യോപകരണ സംഗീതം ആണ് ഇതിന് അത്യുത്തമം. ഇത് ജോലിസമയങ്ങളിൽ കേൾക്കാം. സാധാരണ കേൾക്കുന്ന വരികൾ അടങ്ങിയ പാട്ടുകൾ (വായ്പാട്ടുകൾ) ജോലിയിലെ ശ്രദ്ധയെ മാറ്റി തീർത്തും നെഗറ്റീവായ ഫലം നൽകാം. ഓരോരുത്തർക്കും അവരുടെ ഇഷ്ടഗാനം ലഞ്ച് ബ്രേക്ക്, ടീ ബ്രേക്ക്, ജോലി കഴിയുന്ന അവസാന മണിക്കൂറിൽ കുറച്ചു നേരം എന്നീ സമയങ്ങളിൽ ഹെഡ് ഫോണിലൂടെ കേൾക്കുവാനും, ഒരു ഗ്രൂപ്പായി തിരിഞ്ഞ് ഒരുമിച്ച് ആസ്വദിക്കുവാനും ഉള്ള സൗകര്യം ഒരുക്കാം. ഇത് ടീം വർക്കിനെ പ്രോത്സാഹിപ്പിക്കുവാൻ ഏറെ സഹായകമാകും. ഉത്പാദനക്ഷമതയും കൂടും.

സരസ്വതി ശ്രീധർ

സംഗീതജ്ഞ, വിജയവാഡ

Tags:
  • Manorama Arogyam
  • Health Tips