Friday 20 December 2024 05:09 PM IST : By Manorama Arogyam Research Desk

ആദ്യ 1000 ദിവസങ്ങളിൽ മധുരം കുറച്ചാൽ പ്രമേഹം തടയാം, പഠനം പറയുന്നത്...

newborn44

ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിലെ പോഷണം പിന്നെയുള്ള ഉപാപചയ ആരോഗ്യത്തെ സ്വാധീനിക്കുമെന്നു പറയാറുണ്ട്. അതുകൊണ്ടാണു നവജാതരെ സംബന്ധിച്ച് അവരുടെ ആദ്യ  1000 ദിവസത്തെ പോഷണത്തിനു വലിയ പ്രാധാന്യം നൽകണമെന്നു വിദഗ്ധ സമിതികൾ നിർദേശിക്കുന്നത്. ഗർഭിണി ആകുന്നതു മുതൽ കുഞ്ഞിനു രണ്ടു വയസ്സു വരെയുള്ള  കാലത്തെയാണു കുഞ്ഞിന്റെ ആദ്യ 1000 ദിവസമായാണു കണക്കാക്കുന്നത്.

ഇപ്പോഴിതാ,  ഈ കാലയളവിലെ ഗർഭിണിയുടെയും നവജാത ശിശുവിന്റെയും ഭക്ഷണത്തിലെ മധുര നിയന്ത്രണം  കുട്ടിക്കു ഭാവിയിൽ ടൈപ്പ് 2 പ്രമേഹം  വരാനുള്ള സാധ്യത  35 ശതമാനത്തോളം കുറയ്ക്കുമെന്നു പഠനത്തിൽ തെളിഞ്ഞിരിക്കുന്നു. ഈ നവംബറിൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. പ്രമേഹസാധ്യത മാത്രമല്ല രക്തസമ്മർദം വർധിക്കാനുള്ള സാധ്യത 20 ശതമാനമായും കുറയ്ക്കുമത്രെ.  

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തു മധുരത്തിന്റെയും മധുരപലഹാരങ്ങളുടെയും ലഭ്യത കുറവായിരുന്നതിനാൽ ബ്രിട്ടനിൽ ഉൾപ്പെടെ കർശനമായ മധുരനിയന്ത്രണം നടപ്പാക്കിയിരുന്നു.  ഈ കാലയളവിൽ, ഗർഭാവസ്ഥയിലോ നവജാത ഘട്ടത്തിലോ മധുരനിയന്ത്രണത്തിനു വിധേയരായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു നടത്തിയ പരീക്ഷണത്തെ തുടർന്നാണു ഗവേഷകർ ഇങ്ങനെയൊരു കണ്ടെത്തലിലേക്കെത്തിയത്. 1942 ൽ തുടങ്ങിയ നിയന്ത്രണം 1945 വരെ തുടർന്നു.  ആഴ്ചയിൽ രണ്ട് ഔൺസ് മധുരം (മധുരം അല്ലെങ്കിൽ ചോക്‌ലറ്റ്)  മാത്രമാണ് ആദ്യഘട്ടങ്ങളിൽ സമയത്തു ലഭ്യമായിരുന്നത്. 

നിലവിലുള്ള ഡയറ്ററി ഗൈഡ്‌ലൈനുകളും ആദ്യ 1000 ദിവസങ്ങളിൽ മധുരം കുറയ്ക്കണമെന്നു തന്നെയാണു പറയുന്നത്.  പക്ഷേ, പലപ്പോഴും ഗർഭാവസ്ഥയിൽ അമ്മയുടെ ഭക്ഷണത്തിൽ നിന്നും,  മുലപ്പാൽ വഴിയും കുറുക്കുകളിലും മറ്റും ആവശ്യത്തിലധികം മധുരം കുഞ്ഞുങ്ങൾക്കു ലഭിക്കുന്നതായാണു കാണുന്നത്. 

ആറു മാസം വരെ മുലപ്പാൽ മാത്രം; ആറു മാസത്തിനു ശേഷം നൽകാം കുറുക്കുകൾ: പൊടിക്കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിവസത്തെ ഭക്ഷണം ഇങ്ങനെ വേണം....

Tags:
  • Manorama Arogyam