കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയായ രീതിയില്‍ നടക്കുന്നതിന് പോഷകാഹാരത്തിന്റെ പങ്ക് വളരെ വലുതാണ്. ആദ്യ നാളുകളില്‍ കുഞ്ഞിനെ സംബന്ധിച്ച് ഏറ്റവും സമ്പൂര്‍ണമായ ആഹാരമാണ് മുലപ്പാല്‍. കുഞ്ഞിന് ആദ്യ ആറു മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുക. ശരിയായ രീതിയിലുള്ള മുലയൂട്ടലിലൂടെ കുഞ്ഞിന് നല്ല പോഷണവും അസുഖങ്ങളില്‍ നിന്ന് സംരക്ഷണവും പ്രതിരോധവും ലഭിക്കുന്നു.
മുലപ്പാലിനോടൊപ്പം ഭക്ഷണം കൊടുത്തു തുടങ്ങുവാനുള്ള ഏറ്റവും നല്ല പ്രായം കുഞ്ഞിന് ആറ് മാസം തികയുമ്പോഴാണ്. ഈ പ്രായത്തില്‍ കുഞ്ഞിന് പതുക്കെ കട്ടി ആഹാരം (weaning food) കൊടുത്തു തുടങ്ങാം. ആറ് മാസത്തിന് ശേഷം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, മിനറല്‍സ്, അയണ്‍, സിങ്ക് തുടങ്ങിയവയെല്ലാം കുഞ്ഞിന് ലഭിക്കണമെങ്കില്‍ മുലപ്പാലിനോടൊപ്പം മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊടുത്തു തുടങ്ങേണ്ടതാണ്.
ആദ്യമായി കുഞ്ഞിന് ആഹാരം കൊടുക്കുമ്പോള്‍ പോഷകഗുണങ്ങളുള്ളതും എന്നാല്‍ പെട്ടെന്നു ദഹിക്കുവാന്‍ പറ്റുന്നതുമായ ആഹാരം വേണം നല്‍കുവാന്‍. ആദ്യമായി പുതിയ ആഹാരം കൊടുക്കുമ്പോള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം ആഹാരം കൊടുത്തു തുടങ്ങുക. ആഹാരപദാര്‍ത്ഥങ്ങള്‍ രാവിലെ (10-11 മണിക്ക്) കൊടുക്കുന്നതാണ് നല്ലത്. ആദ്യ ആഴ്ച്ചയില്‍ ഒരു നേരം മാത്രം (രാവിലെ) ആഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ന്നുള്ള മറ്റു സമയങ്ങളിലെല്ലാം രണ്ട് മണിക്കൂറിടവിട്ട് മുലപ്പാല്‍ മാത്രം നല്‍കുക. ആദ്യ ആഹാരം കൊടുത്തു പഠിപ്പിച്ച് രണ്ടാഴ്ച്ച കഴിയുമ്പോള്‍ രണ്ട് നേരം കുഞ്ഞിന് ആഹാരം നല്‍കാവുന്നതാണ് (രാവിലെ 10-11 മണിക്കും വൈകുന്നേരം 3-4 മണിക്കും). കുഞ്ഞിന് 7 മാസം തികയുമ്പോള്‍ 3 നേരം (രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം) ആഹാര പദാര്‍ത്ഥങ്ങള്‍ കൊടുത്തു തുടങ്ങാം.
ആദ്യമായി ആഹാരം കൊടുത്തു തുടങ്ങുമ്പോള്‍ കുറുക്ക് / purees പോലുള്ള ആഹാരം പാകം ചെയ്ത് കൊടുക്കാം. ആദ്യ ദിവസങ്ങളില്‍ 1-2 ചെറിയ സ്പൂണ്‍ മാത്രം ആഹാരം കുഞ്ഞിന് കൊടുക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഹാരത്തിന്റെ അളവ് പതുക്കെ, പതുക്കെ കൂട്ടി ഒരാഴാച്ചയ്ക്കുള്ളില്‍ ഒരു ചെറിയ ബൗള്‍ എന്ന കണക്കിന് ആഹാരം കൊടുക്കാവുന്നതാണ്. ഏതൊരാഹാരപദാര്‍ത്ഥവും ആദ്യമായി കുഞ്ഞിന് നല്‍കുമ്പോള്‍ 3-4 ദിവസം തുടര്‍ച്ചയായി ആ ആഹാരം തന്നെ കൊടുത്തു ശീലിപ്പിക്കുക. ഇങ്ങനെ കൊടുക്കുന്നതിലൂടെ ആ ആഹാരം കുഞ്ഞിന് അലര്‍ജി ഉണ്ടാക്കുന്നുണ്ടോ എന്ന് നമ്മുക്ക് കണ്ടുപിടുക്കാന്‍ സാധിക്കും.
ഒന്നില്‍ കൂടുതല്‍ പുതിയ ആഹാരം ഒരേ ദിവസം കുഞ്ഞിന് കൊടുക്കരുത്. ചില ആഹാരപദാര്‍ത്ഥങ്ങള്‍ കുഞ്ഞിന് അലര്‍ജി ഉണ്ടാക്കും. ഒന്നില്‍ കൂടുതല്‍ പുതിയ ആഹാരം ഒരേ ദിവസം കുഞ്ഞിന് നല്‍കിയാല്‍ ആ ദിവസം കുഞ്ഞിന് അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഏത് ആഹാരമാണ് കുഞ്ഞിന് അലര്‍ജി ഉണ്ടാക്കിയതെന്ന് കണ്ട്പിടിക്കുക അസാധ്യമാണ്.
ആഹാരത്തിലൂടെ കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന അലര്‍ജിയുടെ ലക്ഷണങ്ങള്‍:-
* ചുവന്ന പാടുകള്‍/ ചെറിയ കുരുക്കള്‍
* ഛര്‍ദി
* വയറിളക്കം
* മലബന്ധം
കുഞ്ഞിന് ആഹാരം കൊടുത്തുതുടങ്ങുമ്പോള്‍ മേല്‍ പറഞ്ഞ അലര്‍ജി ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ആ ആഹാരം കുഞ്ഞിന് കൊടുക്കരുത്. കുഞ്ഞുന് അലര്‍ജി ലക്ഷണങ്ങള്‍ കൂടുതലായി വന്നാല്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കുക.
ആദ്യനാളില്‍ കുഞ്ഞിന് കൊടുക്കാവുന്ന ആഹാരം:-
(a) ധാന്യങ്ങള്‍
കുവരക്, അരി, നുറുക്ക് ഗോതമ്പ്
(b) പഴവര്‍ഗ്ഗങ്ങള്‍
ഏത്തപ്പഴം, ആപ്പിള്‍
(c) പച്ചക്കറികള്‍
കാരറ്റ്, ഉരുളക്കിഴങ്ങ്, മത്തങ്ങ, വെള്ളരിക്ക
(d) പയറുവര്‍ഗ്ഗങ്ങള്‍
മഞ്ഞ പരിപ്പ്്് (ചെറുപയര്‍ പരിപ്പ്്്)
മേല്‍പറഞ്ഞ ആഹാരപദാര്‍ത്ഥങ്ങള്‍ നല്ലതുപോലെ വേവിച്ച് ഉടച്ച് കുഞ്ഞിന് നല്‍കാനായി പ്രത്യേകം ശ്രദ്ധിക്കുക. ആഹാരത്തിനോടൊപ്പം ഒന്നോ രണ്ടോ തുള്ളി നെയ്യ് ചേര്‍ത്ത് കൊടുക്കുന്നത് കുഞ്ഞിന് തൂക്കം കൂട്ടാന്‍ സഹായിക്കും. കുഞ്ഞിന്റെ ആഹാരത്തില്‍ മധുരം ചേര്‍ക്കേണ്ട ആവശ്യമില്ല. കുഞ്ഞുങ്ങള്‍ക്ക് മധുരത്തിന്റെ രുചി അറിയില്ലല്ലോ. നമ്മള്‍ ആഹാരം ഏത് രീതിയിലാണോ കൊടുക്കുന്നത് ആ രുചിയോട് കുഞ്ഞ് ശീലമാകും. മധുരം കൊടുക്കുന്നുണ്ടെങ്കില്‍ പനംകല്‍ക്കണ്ടം ആല്ലെങ്കില്‍ കരുപ്പെട്ടി കൊടുക്കാവുന്നതാണ്, പഞ്ചസാര ഒഴിവാക്കുക.
ഒരേ ഇനം ആഹാരപദാര്‍ത്ഥം കുറേനാള്‍ അടുപ്പിച്ച് കൊടുക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ആ ആഹാരത്തിനോട് മടുപ്പുവരാന്‍ കാരണമാകും. അതിനാല്‍ ആഹാരപദാര്‍ത്ഥങ്ങളില്‍ മാറ്റം വരുത്തി കൊടുക്കാവുന്നതാണ്. 7 മാസം പ്രായമാകുമ്പോള്‍ 2 തരം ആഹാരപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കൊടുക്കാവുന്നതാണ്. (eg:- ചോറ് + പരിപ്പ്, ചോറ് + കാരറ്റ്). കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും വീട്ടില്‍ പാകം ചെയ്യുന്ന ആഹാരം കൊടുക്കുന്നതാണ് ഉത്തമം. കുഞ്ഞിനുള്ള ആഹാരം പാകം ചെയ്യുന്നതിനായി പുതിയ പാത്രം ഉപയോഗിക്കുക. കുഞ്ഞുന് ആഹാരം കൊടുക്കുന്ന പാത്രം നല്ലപോലെ കഴുകി 15 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇറക്കിവെച്ചതിനു ശേഷം ഉപയോഗിക്കുക.
കുഞ്ഞിന് ആഹാരം കൊടുത്തു തുടങ്ങുമ്പോള്‍ വെള്ളവും കൊടുത്തു തുടങ്ങാം. ആഹാരം കൊടുത്തതിനു ശേഷം 1-2 ചെറിയ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളം കുഞ്ഞിന് കൊടുക്കുക. ഇങ്ങനെ കൊടുക്കുന്നതിലൂടെ കുഞ്ഞിന്റെ ദാഹം മാറാനും, വായ വൃത്തിയാകുവാനും സഹായിക്കുന്നു.
ഷീന്‍ എല്‍. ബി
ചൈല്‍ഡ് ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്
എസ്. യു. ടി ഹോസ്പിറ്റല്‍, പട്ടം
തിരുവനന്തപുരം