ADVERTISEMENT

സാരിയുടുക്കുമ്പോൾ ഏതു പരീക്ഷണം നടത്തിയാലും യൂത്തിനു മതിവരില്ല. സാരിക്കൊപ്പം ക്രോപ് ടോപ്പും ഫുൾ ലെങ്ത് ബ്ലൗസുമൊക്കെ കയറിയിറങ്ങിപ്പോയ അവരുടെ ബക്കറ്റ് ലിസ്റ്റിലെ പുത്തൻ താരമാണു കോർസെറ്റ് ബ്ലൗസ്.

വ്യത്യസ്തമായ ലുക്കും ആറ്റിറ്റ്യൂഡും മാത്രമല്ല, ഏതു സന്ദർഭത്തിലും സ്റ്റാറാക്കുന്ന ലുക്കും കോർസെറ്റ് ബ്ലൗസിനു മാത്രം സ്വന്തം. ഈ വെഡ്ഡിങ് സീസണിൽ പരീക്ഷിക്കാം സിംപിൾ കോർസെറ്റ് ബ്ലൗസ് ഡിസൈൻ. ഈ ബ്ലൗസിനൊപ്പം സാരി മുതൽ ജീൻസു വരെ ഇണങ്ങുമെന്നതാണു ഹൈലൈറ്റ്.

കോർസെറ്റ് ബ്ലൗസിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ടോപ് ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്).

അളവുകൾ മാർക് ചെയ്യാം

മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള  തുണിയും ലൈനിങ്ങും വെവ്വേറേ മടക്കിയിട്ട് അളവുകൾ മാർക്ക് ചെയ്യുക. ഷോൾഡർ, കഴുത്തകലം, ബ്ലൗസ് ഇറക്കം, കൈക്കുഴി, നെഞ്ചളവ്, ഇടുപ്പളവ് എന്നിവ മാർക് ചെയ്യണം. 

മുൻഭാഗത്തു കർവ് ഷേപ്പിൽ വരുന്നതിനാൽ ചിത്രത്തിലുള്ളതുപോലെ അഞ്ച് ഇഞ്ച് ഇറക്കം കൂട്ടിയിട്ട് മാർക്കിങ് നൽകണം.തയ്യൽ തുമ്പുകൾ കൂടി നൽകിയ ശേഷം വെട്ടാം.

ബോണിങ് വച്ചു പിടിപ്പിക്കാനായി നടുവിലും ഇരുവശങ്ങളിലൂമായി മൂന്നു മാർക്കിങ്ങും നൽകാം. (ബോണിങ്ങിന്റെ എണ്ണം കൂട്ടണമെന്നുള്ളവർക്ക് അങ്ങനെ ചെയ്യാം.) 

ഈസിയായി തയ്ക്കാം 

മുൻഭാഗത്തെയും പിൻഭാഗത്തെയും പീസുകൾ ലൈനിങ്ങുമായി അറ്റാച്ച് ചെയ്തു തയ്ക്കണം. അതിനു ശേഷം ബോണിങ് പിടിപ്പിക്കുന്നതാണു പ്രധാന ഘട്ടം. ബോണിങ്ങിനു വേണ്ടി ഒരിഞ്ച് വീതിയിലുള്ള നീളൻ പീസ് പൈപ്പിങ് പോലെ തയ്ച്ചെടുക്കണം. ലൈനിങ്ങിൽ ബോണിങ്ങിനായി മാർക്ക് ചെയ്ത ലൈനിലൂടെ ഇത് തയ്ച്ചു പിടിപ്പിക്കണം. ഇനി ഇതിനുള്ളിലൂടെ ബോണിങ് കടത്തി വച്ച് അഗ്രഭാഗങ്ങൾ ഉറപ്പിക്കണം.

മൂന്നു ബോണിങ്ങും അറ്റാച്ച് ചെയ്ത ശേഷം ഷോൾഡറുകൾ തമ്മിൽ കൂട്ടിതയ്ക്കാം. ഇനി കഴുത്തും കൈക്കുഴിയും ക്രോസ് പീസ് വച്ചു കവർ ചെയ്തു തയ്ക്കണം. മുൻഭാഗത്തെ കർവ് ഭാഗത്തും ക്രോസ് പീസ് വച്ചു കവർ ചെയ്തു തയ്ക്കണം. പിൻഭാഗത്തിന്റെ അടിവശവും കവർ ചെയ്ത ശേഷം വശങ്ങൾ അറ്റാച്ച് ചെയ്യാം. ഒരു വശത്തു സിബ് ഓപ്പണിങ് കൂടി നൽകിയാൽ കോർസെറ്റ് ബ്ലൗസ് റെഡി.

കടപ്പാട്: നയന ശ്രീകാന്ത്, Nayana Srikanth Fashion Studio, കാക്കനാട്, കൊച്ചി

ADVERTISEMENT