Thursday 01 December 2022 11:49 AM IST : By സ്വന്തം ലേഖകൻ

‘എയ്ഡ്സ് ബാധിതന്റെ രക്തം നിറച്ച സിറിഞ്ചും സിനിമാ തീയറ്ററിലെ സീറ്റും’; എയ്ഡ്സ് മിത്തുകളും യാഥാർഥ്യവും

എയ്ഡ്സ്– മിത്തുകളും യാഥാർഥ്യവും

എയ്ഡ്സ് ബാധിതന്റെ രക്തം നിറച്ച സിറിഞ്ചുകളെ പേടിച്ച് ആളുകൾ സിനിമാ തിയറ്ററുകളിൽ പോക്ക് കുറച്ചിരുന്ന കാലമുണ്ടായിരുന്നു. ഇത്തരം തെറ്റിധാരണകളാണ് എയ്ഡ്സ്ഭീതി കൂട്ടുന്നത്. എന്നാൽ പലപ്പോഴും ഇത്തരം കഥകളിൽ യാഥാർഥ്യം തരിമ്പുമുണ്ടാവില്ല.

∙ മുട്ടിയുരുമ്മിയിരുന്നാലോ ഒരേ കട്ടിലിൽ കിടന്നാലോ ഹസ്തദാനം ചെയ്ത്ാലോ എയ്ഡ്സ് പകരില്ല.

∙ എച്ച്ഐവി ബാധിതന്റെ മൂത്രം, വിയർപ്പ്, മൂക്കിലെ ശ്ലേഷ്മം, കണ്ണീർ , മലം എന്നിവ പുരണ്ടാലും എയ്ഡ്സ് പിടിപെടില്ല.

∙ എച്ച്ഐവി അണു വായുവിൽ നിലനിൽക്കില്ല. രോഗബാധയുള്ളവരുടെ ചുമ, തുമ്മൽ, തുപ്പൽ എന്നിവ വഴിയും രോഗം പടരില്ല.

∙ നീന്തൽക്കുളം, കുളിമുറികൾ എന്നിവ വഴിയോ കുടിവെള്ളം വഴിയോ പകരില്ല. ടോയ്‌ലറ്റ് സീറ്റുകൾ, വാതിൽപ്പടി, ടവൽ, തോർത്ത് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലും അണു തങ്ങിനിൽക്കില്ല.

∙ ശരീരത്തിനു പുറത്ത് വളരെക്കുറച്ചു നേരമേ ഈ അണുക്കൾ നിലനിൽക്കൂ. അതുകൊണ്ട് കൊതുകു വഴിയോ മറ്റു പ്രാണികൾ വഴിയോ പകരില്ല.

∙ സാധാരണ ചുംബനം അപകടമുണ്ടാക്കില്ല. എന്നാൽ വായിൽ മുറിവുകളോ മോണയിൽ നിന്നു രക്തസ്രാവമോ ഉള്ളപ്പോൾ ചുണ്ടും നാവും ചേർത്തുള്ള ചുംബനം അപകടകരമാണ്.