Saturday 01 April 2023 12:59 PM IST : By സ്വന്തം ലേഖകൻ

‘20 വയസുള്ള വിദ്യാർഥി, ആർത്തവം ക്രമം തെറ്റിവരുന്നു, ബ്ലീഡിങ്ങും കൂടുതൽ’: ഇത് എന്തിന്റെ സൂചന? ഡോക്ടറുടെ മറുപടി

menstrual-period-s

Q 20 വയസുള്ള എഞ്ചിനീയറിങ് വിദ്യാർഥിയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എന്റെ ആർത്തവം ക്രമത്തിനല്ല. 22 ദിവസം മുതൽ 38 ദിവസം വരെ മാറിമറിഞ്ഞാണു സംഭവിക്കുന്നത്. ഇതു കൊണ്ടുതന്നെ മാസത്തിലെ പകുതി ദിവസവും സാനിട്ടറിപാഡ് ഉപയോഗിക്കേണ്ടിവരുന്നു. ബ്ലീഡിങ്ങും കൂടുതലാണ്. ഇതു വരെ ഡോക്ടറെ കണ്ടില്ല. ഇതു ഗൗരവമുള്ള പ്രശ്നമാണോ?

രേഖ, ഡൽഹി

A ആർത്തവ ക്രമത്തെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും തെറ്റിധാരണകൾ ഏറെയാണ്. കൃത്യമായി 28 ദിവസം ആർത്തവ ചക്രത്തിനു വേണമെന്നാണു പലരും ധരിക്കുന്നത്. എന്നാൽ 21 മുതൽ 35 വരെ ദിവസം ദൈർഘ്യമുള്ള ആർത്തവ ചക്രത്തെ സാധാരണ നിലയിൽ നോർമലായ ആർത്തവകാലമായാണു കണക്കാക്കുക. അതുപോലെ ആർത്തവ ദിനങ്ങളും നാലുമുതൽ ഏഴു ദിവസം വരെ നീളാം.

ഡോക്ടറെ കാണേണ്ട സാഹചര്യം മേൽ വിവരിച്ച അളവുകളിൽ മാറ്റം വരുക, അമിതമായ രക്തസ്രാവം കാണുക, രണ്ടോ മൂന്നോ മാസം ആർത്തവം വരാതിരിക്കുക, അസാധാരണമായ വേദന, ചിലർക്കു ഛർദി തുടങ്ങിയവ ഉണ്ടായാൽ അവ ആർത്തവ ക്രമക്കേടിന്റെ സൂചനകളാണ്.

ചിലർക്കു ദുർഗന്ധത്തോടു കൂടിയ ഡിസ്ചാർജ്, ബ്ലഡ് സ്പോട്ടിങ് എന്നിവയുമുണ്ടാകാം. അടിവയർവേദന, കടുത്ത പനി തുങ്ങിയ അണുബാധാ ലക്ഷണങ്ങളും വരാം. ഈ പറഞ്ഞ സാഹചര്യങ്ങളിൽ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുകയും ആവശ്യമായ പരിശോധനകൾക്കു വിധേയമാവുകയും ചെയ്യണം.

കാരണങ്ങൾ തിരുത്താം

ആർത്തവ സംബന്ധമായ ക്രമക്കേടുകൾക്കു ഒട്ടേറെ കാരണങ്ങളുണ്ട്. ശരീരം ഭാരം കൂടൽ, മെലിയാൻ വേണ്ടി നടത്തുന്ന കർശന ഭക്ഷണനിയന്ത്രണവും പെട്ടെന്നുള്ള മെലിച്ചിലും, അമിതമായ വ്യായാമം എന്നിവയും ആർത്തവ ക്രമക്കേടുകൾ വരുത്താം. ശരീരത്തിന് അതിയായ ക്ഷീണം ഉണ്ടാക്കുന്ന ആയാസകരമായ യാത്രകൾ പോലും ആർത്തവ ക്രമത്തിൽ മാറ്റം വരുത്താം.

അതു പോലെ മാനസികാവസ്ഥയും ആർത്തവചക്രത്തെ സ്വാധീനിക്കാറുണ്ട്. കടുത്ത പിരിമുറുക്കമുണ്ടാക്കുന്ന പരീക്ഷാക്കാലം, മറ്റു മാനസിക സമ്മർദങ്ങളൊക്കെയും ആർത്തവത്തെ ബാധിക്കും. ജീവിതശൈലിയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾക്കു പുറമേ ശരീരത്തിലെ പ്രത്യേകിച്ചും ഗർഭപാത്രത്തിലെ ഹോർമോൺ മാറ്റങ്ങളും സ്വാധീനം ചെലുത്താം.

ആർത്തവത്തിനു മുൻപ് വേദന

ആർത്തവാരംഭത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപു ചിലർക്കു കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ഈ വേദന ചിലപ്പോൾ രക്തസ്രാവം കഴിഞ്ഞാലും തുടരാം. ഈ സാഹചര്യങ്ങളിൽ എൻഡോമെട്രിയോസിസ് ആവാം കാരണം. അതിനുള്ള ചികിത്സ സ്വീകരിക്കണം. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസും അണുബാധയും അധികമായ വേദനയും ആർത്തവ ക്രമക്കേടുകളും വരുത്തും.

അമിത രക്തസ്രാവം

ഗർഭപാത്രത്തിലെ പോളിപ്പുകൾ, ഫൈബ്രോയ്ഡുകൾ തുടങ്ങിയവ അധിക മായ രക്തസ്രാവത്തിനു കാരണമാകും. പിസിഒഡി യും ആർത്തവപ്രശ്നങ്ങൾക്ക് ഇടയാക്കും.

കത്തിലെ സൂചനകളിൽ നിന്നും ഗുരുതരമായ ആർത്തവപ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ രക്തസ്രാവം കൂടുതലുണ്ട് എന്നു പറഞ്ഞിരിക്കുന്നതിനാൽ ഒരു ഗൈനക് ചെക്ക് അപ് അഭികാമ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ്  ഗൈനക്കോളജിസ്റ്റ്,  
േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,
തിരുവനന്തപുരം.
ഡയറക്ടർ ആൻഡ് പ്രഫസർ
(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,
െമഡിക്കൽ േകാളജ്, തിരുവനന്തപുരം