Tuesday 05 December 2023 09:31 AM IST : By സ്വന്തം ലേഖകൻ

കാലിലേക്കു പടരുന്ന നടുവേദനയും രാത്രി ഉറക്കാത്ത നടുവേദനയും അപായസൂചനകൾ; നടുവേദന അപകടകരമാകുമ്പോൾ...

backp45435

നമ്മുടെ വാരിയെല്ല് തീരുന്ന ഭാഗം മുതൽ നിതംബത്തിന്റെ താഴെ വരെ ഉള്ള ഭാഗത്തിന് ഉണ്ടാകുന്ന വേദനയാണ് നടുവേദന അഥവാ 'ബാക്ക് പെയ്ൻ' എന്ന് ഉദ്ദേശിക്കുന്നത്. അടുത്ത കാലത്തായി നടുവേദനയുള്ളവരുടെ എണ്ണം കൂടാനുള്ള പ്രധാന കാരണം കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾക്കു മുന്നിലുള്ള അമിതമായ ഇരിപ്പും വ്യായാമത്തിന്റെ കുറവും തന്നെയാണ്.

ഒരാളുടെ ജീവിത കാലയളവിൽ നടുവേദന വരാനുള്ള സാധ്യത 85% ആണ്. അതായത് 85% ആളുകൾക്കും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നടുവേദന അനുഭവപ്പെടാം. അതിൽ തന്നെ 20 ശതമാനത്തിന്, ഇത് മൂന്നുമാസത്തിലധികം നീണ്ടു നില്ക്കുന്ന (ക്രോണിക് ) നടുവേദനയായി പരിണമിക്കാറുണ്ട്. 35- 55 പ്രായത്തിൽ പെട്ടവർക്കാണ് നടുവേദന ഏറ്റവും കൂടുതലായി കാണുന്നത്. ഈ  പ്രായത്തിൽ ജോലിക്ക് പോകാൻ കഴിയാത്തതിന് തടസ്സമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് നടുവേദന.

എന്തുകൊണ്ട് വേദന ?

നടുവേദനയിൽ 85- 90 ശതമാനവും നമ്മുടെ ജോലി, വ്യായാമക്കുറവ്, അമിതവണ്ണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയാൽ ഉണ്ടാകുന്നതാണ്. ശേഷിക്കുന്നവരിലെ നടുവേദനയ്ക്ക് അണുബാധ, സന്ധിരോഗം പോലുള്ള മറ്റ് അസുഖങ്ങളും കാരണമാകാം.

മൂന്നു മാസത്തിലധികം നില്ക്കുന്ന നടുവേദനയാണ് ക്രോണിക് ലോ ബാക്ക് ഏയ്ക്ക് (Chronic low back ache) എന്നു പറയുന്നത്. ജീവിതശൈലിമുതൽ പല കാരണങ്ങൾ കൊണ്ടും ഇത് വരാറുണ്ട്. പെട്ടെന്നുണ്ടാകുന്ന നടുവേദന (Acute Low Back Ache) കൃത്യസമയത്ത് ചികിത്സിക്കാതെയിരിക്കുന്നതാണ് ഒരു സാധാരണ കാരണം. അപകടങ്ങളോ രോഗങ്ങളോ കാരണം കൂടുതൽ കാലം വിശ്രമം എടുക്കുന്നതു കൊണ്ടും വരാം.

മാത്രമല്ല പെട്ടെന്നുണ്ടാകുന്ന നടുവേദനയ്ക്കു ശേഷം ചെയ്യേണ്ട വ്യായാമം ഉൾപ്പെടെയുള്ള പുനരധിവാസ ചികിത്സ ചെയ്യാത്തതിനാലും ക്രോണിക് നടുവേദന വരാം. ജോലിയുടെ സ്വഭാവത്തിന് അനുസരിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ (Ergonomics) അതായത് കംപ്യൂട്ടർ തുടങ്ങിയവ ഉപയോഗിക്കുന്നവർക്കും നടുവേദനയുണ്ടാകാം. അതുപോലെ സന്ധിവേദനയും മറ്റസുഖങ്ങളും നടുവേദനയ്ക്കു കാരണമാകാറുണ്ട്.

പെട്ടെന്നുള്ള വേദന

പെട്ടെന്ന് ഉണ്ടാകുന്ന നടുവേദനയുടെ കാരണങ്ങൾ പലതാണ്. പേശികൾക്കുണ്ടാകുന്ന ക്ഷതങ്ങൾ, മസിൽ സ്പ്രെയ്ൻ (ഉളുക്ക് ), ഡിസ്കിനുണ്ടാവുന്ന പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, മൂത്രത്തിൽ കല്ല് ഉണ്ടാവുക, കുടലുമായി ബന്ധപ്പെട്ട അസുഖങ്ങൾ, ഗർഭപാത്രത്തിലെ
പ്രശ്നങ്ങൾ ഇവയൊക്കെ നടുവേദനയ്ക്കു കാരണമാകാറുണ്ട്.

ഭൂരിഭാഗം പേരിലും ഇത്തരം നടുവേദന 2-4 ആഴ്ചയിൽ ഭേദമാകാറുണ്ടെങ്കിലും. ചിലരിൽ ഇത് മൂന്നു മാസം വരെ നീണ്ടു നിൽക്കാം.

പെട്ടെന്നുണ്ടാകുന്ന ഈ അക്യൂട്ട് ലോ ബാക്ക് പെയ്ൻ (LBA) ഉള്ള രോഗികൾക്ക്, ഡോക്ടറുടെ നിർദേശ പ്രകാരം മരുന്നുകൾ കഴിച്ചും വീട്ടിൽ വിശ്രമിച്ചും മാറ്റിയെടുക്കാം. എന്നാൽ ചില അപകട സൂചനകൾ (Red flag signs) ഉള്ളവരെ, വിശദമായ പരിശോധനകൾക്കും ടെസ്റ്റുകൾക്കും വിധേയാക്കേണ്ടതുണ്ട്.

അപായ സൂചനകൾ

നടുവേദനയിലെ അപായ സൂചനകൾ കണ്ടാൽ (Red flag signs) ഉടൻ തന്നെ വിദഗ്ധ ചികിത്സ തേടണം. അത്തരത്തിലുള്ള സൂചനകൾ:

∙ 20 വയസിൽ താഴെയുള്ളവർക്കോ 55 വയസിന് മേലുള്ളവർക്കോ ആദ്യമായി അനുഭവപ്പെടുന്ന നടുവേദന.

∙ നടുവേദന കാലിലേക്കു പടർന്നു വരുന്ന അവസ്ഥയോ,  കാലിൽ തരിപ്പ്; ബലക്കുറവ് എന്നിവയോ ഉണ്ടാകുന്നതായി കണ്ടാൽ.

∙ നടുവേദനയ്ക്ക് ഒപ്പം മൂത്രവും മലവും പോകാനുള്ള പ്രയാസം അല്ലെങ്കിൽ  വിസർജ്യങ്ങൾ നിയന്ത്രണം ഇല്ലാതെ പോകുക.

∙  നന്നായി വിശ്രമിച്ചിട്ടും ഒട്ടും സമാധാനം കിട്ടാത്ത വേദന, രാത്രിയിൽ വേദനയോടു കൂടി ഉണരൽ.

∙  കാൻസർ രോഗികളിൽ വരുന്ന നടുവേദന.

∙ നടുവേദനയോടൊപ്പം പനിയുണ്ടാകുക, അല്ലെങ്കിൽ ശരീരഭാരം പെട്ടെന്നു കുറയുക.

∙ അധിക ഡോസിൽ ഉള്ള സ്റ്റിറോയ്ഡ്  മരുന്നുകൾ ദീർഘകാലമായി ഉപയോഗിക്കേണ്ടിവരുന്നവരിൽ വരുന്ന നടുവേദന.

∙ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർക്ക്, എയ്ഡ്സ് രോഗികൾ, അവയവ മാറ്റത്തിനു വിധേയരായ ഇമ്യൂണോസപ്രസന്റ് മരുന്നുകൾ എടുക്കുന്നവർ തുടങ്ങിയവരിൽ വരുന്ന നടുവേദന.

ഇക്കൂട്ടർ അടിയന്തരമായി ചികിത്സ തേടണം

വിശ്രമം എങ്ങനെ വേണം?

നടുവേദനയ്ക്കു കിടന്നുള്ള വിശ്രമത്തിൽ പലർക്കും പല സംശയങ്ങളുമുണ്ട്. ഏതു കട്ടിലിൽ കിടക്കണം എന്ന കാര്യത്തിൽ പൊതുവെ ആളുകൾക്കിടയിൽ പല  തെറ്റിധാരണകളുമുണ്ട്. തടിക്കട്ടിലിൽ കിടക്കണം, തറയിൽ കിടക്കണം തുടങ്ങിയ വാദങ്ങൾക്ക്  ഒന്നും തന്നെ ശാസ്ത്രീയ അടിത്തറയില്ല. പഞ്ഞിക്കിടക്ക, ചകിരി നിറച്ച മെത്ത (കയറു കൊണ്ട് കെട്ടിയ കട്ടിലല്ല ) തുടങ്ങിയവ ഉപയോഗിക്കാം. അതായത്, മിതമായി ഉറപ്പുള്ള (firm) പ്രതലങ്ങൾ ആണ് ഉത്തമം. കുഷ്യൻ മെത്തകൾ നല്ലതല്ല.

വീട്ടിൽ തീർക്കാം വേദന

അപായ സൂചനകളൊന്നുമില്ലാത്ത, അപകടകരമല്ലാത്ത നടുവേദനയ്ക്കു വീട്ടിൽ തന്നെ പരിഹാരം കാണാവുന്നതേയുള്ളൂ. അതിൽ ഏറ്റവും പ്രധാനമാണ് വിശ്രമം. പെട്ടെന്നുണ്ടാവുന്ന നടുവേദനയ്ക്കു രണ്ടു ദിവസം മുതൽ രണ്ടു ആഴ്ചവരെയാണ് പരമാവധി വിശ്രമം നിർദേശിക്കാറുള്ളത്.

ദീർഘ കാലം റെസ്റ്റ് എടുത്താൽ നമ്മുടെ പേശികൾക്ക് ശോഷണം സംഭവിക്കാനും  അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകാനും ഭാരം കൂടാനും സാധ്യതയുണ്ട്. അതിനാലാണ് പുതിയ ചികിത്സാ രീതിയനുസരിച്ച്  വളരെക്കുറച്ച് സമയം മാത്രം റെസ്റ്റ് മതി എന്ന് പറയുന്നത്. അതിന്റെ കൂടെ,  കൃത്യമായ ഔഷധ സഹായം കൂടിയുണ്ടെങ്കിൽ വേദന കുറച്ച് പഴയ നിലയിലേക്കെത്തിക്കാനാവും.

ഏതു  പൊസിഷൻ?

നല്ല നടുവേദനയുണ്ടെങ്കിൽ സാധാരണ ഉപദേശിക്കാറുള്ളത് , " രോഗിക്ക് ഏത് പൊസിഷനിൽ കിടക്കുമ്പോൾ ആണോ  വേദന കുറവുള്ളതായി തോന്നുന്നത് അങ്ങനെ കിടക്കുക" എന്നാണ്. വേദന ഉണ്ടെങ്കിൽ, ഏറ്റവും നല്ലത് നേരെ മലർന്ന് കിടന്ന ശേഷം മുട്ടിന്റെ അടിവശത്ത് ഒന്നോ രണ്ടോ തലയണ വെച്ച് മുട്ടൊന്നു മടങ്ങിയിരിക്കുന്നത് ആണ്. തലയ്ക്ക് തലയണ ഒഴിവാക്കേണ്ടതില്ല. കാലുമടക്കി വശങ്ങളിലേക്ക് ചെരിഞ്ഞിട്ട് രണ്ടു മുട്ടിനുമിടയ്ക്ക് തലയണ വച്ചും കിടക്കാം.

തുടക്കത്തിൽ തണുപ്പുവയ്ക്കാം

വേദന ഉള്ള സ്ഥലത്ത്,  തുടക്കത്തിൽ തണുപ്പ് കൊള്ളിക്കണം. ഐസ് പായ്ക്ക് ഇല്ലെങ്കിൽ ഫ്രീസ

റിൽ വച്ചിട്ടുള്ള പാൽ പായ്ക്കറ്റ് ആയാലും മതി. വേദനയുള്ള ഭാഗത്ത്  രണ്ടോ മൂന്നോ മണിക്കൂറിനിടയിൽ അഞ്ച് മിനിട്ടു  വീതം തണുപ്പ് കൊള്ളിക്കാം. വേദന തുടങ്ങി, ആദ്യത്തെ 48 മണിക്കൂർ വരെ ഇങ്ങനെ ചെയ്യാം. ഐസ് പാക്ക് നേരിട്ട് ശരീരത്തിൽ തട്ടുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. ഒരു നേർത്ത ടവ്വൽ വേദനയുള്ള ഭാഗത്ത് വെച്ചിട്ട്, അതിന്റെ പുറത്ത് ഐസ് പാക്ക് വെക്കാം.

48 മണിക്കൂറിനു ശേഷം ചൂടു വയ്ക്കുന്നതാണ് ഉത്തമം. വേദനയുണ്ടെങ്കിൽ മൂന്നോ നാലോ പ്രാവശ്യം ചൂടുപിടിക്കാം, ചൂടുപിടിച്ച ശേഷം ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ഓയിന്റ്മെന്റുകൾകൂടി പുരട്ടിയാൽ കൂടുതൽ ഫലം ലഭിക്കും.

ഡോക്ടറുടെ നിർദേശ പ്രകാരം, വേദനയ്ക്കുള്ള മരുന്നും പേശികളുടെ അയവിനുള്ള ഗുളികകളും ആവശ്യാനുസരണം കഴിക്കാം.

ഡോ. റോയ് ആർ. ചന്ദ്രൻ

അസോ. പ്രഫസർ

ഫിസിക്കൽ മെഡിസിൻ &

റീഹാബിലിറ്റേഷൻ

ഇൻ–ചാർജ്, ഒബിസിറ്റി ക്ലിനിക്,

ഗവ. മെഡി.കോളജ്, കോഴിക്കോട്