ആയിരം ഗർഭങ്ങളിൽ ഒരെണ്ണത്തിലേ അർബുദം വരുന്നുള്ളൂ. ഇത്രയും അപൂർവമായതിനാൽ തന്നെ പൊതുവായ ഒ രു സ്ക്രീനിങ് ഒന്നും നിർദേശിക്കാറില്ല. എന്തുകൊണ്ടാണ് ഗർഭകാലത്ത് അർബുദം വരുന്നതെന്നതിനു കൃത്യമായ കാരണം പറയാനാകില്ല. എങ്കിലും രണ്ടു സാധ്യതകളെ തള്ളിക്കളയാനുമാകില്ല- ഒന്ന്, ആദ്യപ്രസവം ഇപ്പോൾ വൈകിയ പ്രായത്തിലാണു നടക്കുന്നത്. രണ്ട്, അർബുദരോഗം നേരത്തെതന്നെ വന്നുതുടങ്ങുന്നു.
ഗർഭകാലത്ത് ലിംഫോമ, ലുക്കീമിയ പോലുള്ള അർബുദങ്ങൾക്കാണു സാധ്യത കൂടുതലുള്ളത്. എന്നാൽ പൊതുവേ ഏറ്റവും കൂടുതൽ ഒപിയിൽ വരുന്നത് സ്തനാർബുദമാണ്.ഗർഭകാലത്ത് ഹോർമോൺ മാറ്റങ്ങൾ വരുന്നതിന് അനുസരിച്ചു സ്തനങ്ങൾ വലുപ്പം വയ്ക്കാറുണ്ട്. ഈ സമയത്തു ചെറിയൊരു മുഴ വന്നാൽ ഗർഭിണി തിരിച്ചറിയാൻ സാധ്യത കുറവാണ്. ഡോക്ടർമാരാണെങ്കിലും ഈ സമയത്തു സ്കാനും മറ്റും കഴിയുന്നത്ര ചെയ്യാതിരിക്കാനാണു നോക്കുക. ഗർഭകാലത്തു സഹജമായുള്ള മാറ്റമാകും എന്നു കരുതും. ഗർഭകാലത്തു രോഗനിർണയ പരിശോധനകളും ചികിത്സയുമൊക്കെ ചെയ്യുന്നതിനു പരിമിതികളുമുണ്ട്. എക്സ് റേയും സിടി സ്കാനുകളും മാമ്മോഗ്രഫിയുമൊന്നും ചെയ്യാ ൻ പാടില്ല. ഇക്കാരണങ്ങൾ കൊണ്ട് അസുഖം കണ്ടുപിടിക്കാൻ വൈകാം.
ഗർഭകാലത്ത് അൾട്രാസൗണ്ട് സ്കാൻ ചെയ്യാം. തീരെ ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ പ്രത്യേകരീതിയിൽ എംആർഐ ചെയ്യാം. ബയോപ്സി നടത്തുന്നതിനും പ്രശ്നം ഇല്ല. ഗർഭകാലത്തെ ആദ്യ മൂന്നുമാസമാണു ഗർഭസ്ഥശിശുവിന്റെ അവയവങ്ങൾ രൂപപ്പെടുന്നത്. 2Ð15 ആഴ്ചവരെ പ്രധാനഅവയവങ്ങളുടെ വളർച്ചയും വികാസവും നടക്കുന്നു. അതുകൊണ്ട് ആദ്യ മൂന്നുമാസം സർജറിയല്ലാതെ മറ്റ് അർബുദചികിത്സകളൊന്നും സാധാരണ ചെയ്യാറില്ല.
രണ്ടും മൂന്നും ട്രൈമെസ്റ്ററിൽ കീമോതെറപ്പി നൽകാം. പക്ഷേ, ചികിത്സയുടെ ആപത് സാധ്യതയും അതുകൊണ്ടുള്ള ഫലവും താരതമ്യം ചെയ്തു നോക്കണം. അപൂർവമായി അടിയന്തര ഘട്ടങ്ങളിൽ റേഡിയേഷനും നൽകാറുണ്ട്.
ഗൈനക്കോളജിസ്റ്റ്, നിയോനെറ്റോളജിസ്റ്റ്, ഒാങ്കോളജിസ്റ്റ് എന്നിവരുടെയെല്ലാം കൂട്ടായ ചിന്തയിലൂടെയും തീരുമാനത്തിലൂടെയും വേണം ചികിത്സ മുന്നോട്ടു കൊണ്ടുപോകാൻ.
പെട്ടെന്നു വ്യാപിക്കുന്ന, മൂന്നുമാസം പോലും കാത്തിരിപ്പു സാധ്യമല്ലാത്ത അർബുദങ്ങളിൽ പ്രാഥമിക പരിഗണന അമ്മയ്ക്കു നൽകി ചികിത്സ തുടങ്ങേണ്ടതായി വരും.
ഡോ. മാത്യൂസ് ജോസ്
ഹെഡ്& കൺസൽറ്റന്റ്,
മെഡിക്കൽ ഒാങ്കോളജി
സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, പരുമല
mathewsj7979@gmail.com